ധൂര്‍ത്തടിച്ചീടുന്നല്ലോ ഭൂമിതന്‍ വിഭവങ്ങള്‍
ആര്‍ത്തിയാണല്ലോ തീരാത്താര്‍ത്തി! മനുഷ്യന്മാര്ക്ക്
കമ്മട്ടപ്പശുക്കളും കറന്‍സി ചുരത്തുന്നു
അമ്മയാം ഭൂമിപോലും വില്പനച്ചരക്കല്ലോ!
കല്‍ക്കരി, പെട്രോളിയം ലോഹങ്ങള്‍ ധാതുക്കള്‍
വില്‍ക്കാനും കത്തിക്കാനും സുഖിക്കാന്‍ നശിപ്പിക്കാന്‍
ശകടാസുരന്മാര്‍ക്കു ജന്മവും നല്കിയല്ലോ
ശമിപ്പിച്ചീടാന്‍ ദാഹം ഭൂമാതാവിന്റെ രക്തം!
മണിഹര്‍മ്യങ്ങള്‍ തീര്‍ക്കാന്‍ ത്രിശങ്കുസ്വര്‍ഗം തീര്‍ക്കാന്‍
മണലും കൊള്ളചെയ്തു പുഴകള്‍ ചത്തുപോയി
മഞ്ഞലോഹവും വാരിനിറച്ചു ഖജനാവില്‍
മഞ്ഞളിച്ചുപോയല്ലോ രോഗാതുരമാം കണ്ണും
ഊറ്റി വിററീടുന്നല്ലോ ഭൂഗര്‍ഭജലംപോലും
ഊറ്റവും കുറവല്ല; ഭൂമിതന്‍ നാഥനല്ലോ!
കാടുകള്‍ വെട്ടിവിറ്റു കീശയും വീര്‍പ്പിച്ചല്ലോ
വീടുകള്‍ കുളംതോണ്ടി പലായനവും ചെയ്തു
വന്യജീവികളുടെ താവളം നശിപ്പിച്ചു
വന്യശക്തിയുംനേടി യന്ത്രത്തിന് സഹായത്താല്‍ !
കാട്ടിലെ സോദരരെ വലിച്ചിഴച്ചു നാട്ടില്‍
കുട്ടിലടച്ചിട്ടല്ലോ ആരുണ്ടുചോദിക്കുവാന്‍?
നിബന്ധിച്ചിണചേര്‍ത്തു ക്ലോണിങ്ങിന് മന്ത്രം ചൊല്ലി
നിര്‍ബാധമുല്‍പ്പാദനം; സൃഷ്ടിതന്‍ ദേവനായി !
സ്ഥിതിയും പാലനവും ദൌത്യമായ് ക്കണ്ടില്ലല്ലോ
സ്ഥിതിയോര്‍ക്കില്‍ സംഹാരം മാത്രമായ് നരധര്‍മം!
സര്‍വ്വവും നശിപ്പിക്കും സംഹാരമൂര്‍ത്തിയായ്
സര് വ്വേശ്വരനെപോലും വെല്ലുവിളിച്ചീടുന്നു!
വാരിക്കുഴികള്‍ തീര്‍ത്തു വീഴ്ത്തിക്കളഞ്ഞുവല്ലോ
വാരിധികളില്‍പ്പോലും നിറച്ചീടുന്നു വിഷം
താപ്പാനകളെ തീര്‍ത്തു അടക്കി ഭരിക്കുവാന്‍
പാപ്പനായ്ത്തീര്‍ന്നുവല്ലോ ഭൂമിയാം ഗജത്തിനും
അന്യഗ്രഹങ്ങള്‍ തേടും കശക്കിയെറിയുവാന്‍
വന്യമാം ശക്തിയോടെ കുത്തിമലര്‍ത്തുവാനും!
2 comments:
കലികാലത്തിന്റെ തേരോട്ടം വളരെ നന്നായി. ഈ ദുഃഖത്തില്‍ നിന്ന് ഇനി നമുക്ക് മോചനം ഇല്ലേ ?
ആശങ്കകള്‍ക്കും ആകുലതകള്‍ക്കും വിട നല്‍കാം .. നല്ല ആശയം
വരികളില്‍ ഒരു "പ്രത്യേക ടോണ്‍ " കാണുന്നു.
ഒഴിവാക്കാന്‍ ശ്രമിക്കുക , സ്വന്തമായി ഒരു ശൈലി ഉണ്ടാക്കുക
മൊത്തത്തില്‍ നന്നായി
ഭാവുകങ്ങള്‍
Post a Comment