സഹൃദയരായ വായനക്കാര്‍ മാത്രമല്ല സകല മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബന്യാമിന്റെ ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് എന്നല്ല ചോര വാരുന്ന ജീവിതമാണ് ഇതിലുള്ളത്. പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ നോവലാണ് ആടുജീവിതം. ബഹറിനില്‍ താമസക്കാരനായ പത്തനംതിട്ട കുളനട സ്വദേശി ബെന്നി ഡാനിയേല്‍ എന്ന ബന്യാമിനാണ് നോവലിസ്റ്റ്. യൂത്തനേസിയ, ബ്രേക്ക് ന്യൂസ്, പെണ്മാറാട്ടം, ഗെസാന്റെ കല്ലുകള്‍, ഇരുണ്ട വനസ്ഥലികള്‍, അബീശഗില്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്റെ രണ്ടാംപുസ്തകം, ആടുജീവിതം എന്നിവയാണ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബന്യാമിന്റെ കൃതികള്‍.
തികച്ചും യാഥാസ്ഥിതികമായ നസ്രാണികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബന്യാമില് പഴയനിയമകഥകളില്‍ അഭിരമിച്ച് മഞ്ഞുമലകളില്‍ ആട്ടിന്‍കൂട്ടത്തെ തെളിയ്ക്കുന്ന ആട്ടിടയനാകുന്നത് സ്വപ്നംകണ്ടിരുന്നു. കുടുംബസുഹൃത്തിന് ജോലിക്കായി വന്ന വിസ ബന്യാമിനേയും വഹിച്ച് ബഹറിനുപറക്കുകയായിരുന്നു. അങ്ങനെ മറ്റൊരാളുടെ നിയോഗം പേറി ഗള്‍ഫിലെത്തിയ കഥാകൃത്ത് പ്രവാസികളുടെ പച്ചയായജീവിതം (നാട്ടില്‍ കാണുന്ന പുറംപൂച്ചിന്റെ മുഖമല്ല) കഥയിലാക്കാനുള്ള വെമ്പലിലാണ് യാദൃശ്ചികമായി നജീബിനെ കണ്ടുമുട്ടുന്നത്. നജീബ് സ്വന്തം കഥയുമായി ബന്യാമിന്റെ മുന്നില്‍ ചെന്നു പെട്ടു. നജീബിന്റെ അനുഭവങ്ങള്‍ ബന്യാമിന്റെ അനുഭവങ്ങളായി മാറി. നജീബും നോവലിസ്റ്റും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. നജീബ് റിയാദില്‍ കാലുകുത്തുന്ന അതേദിവസമാണ് ( 1992 ഏപ്രില്‍ 4) ബന്യാമിനും ബഹറിനിലെത്തുന്നത്. അഞ്ചാം തരംമാത്രം വിദ്യാഭ്യാസമുള്ള നജീബാകട്ടെ ഗള്‍ഫിന്റെ മോഹനമുഖം സ്വപ്നം കണ്ടാണ് അവിടെയെത്തിയത്. നജീബിനും യാത്രയില്‍ കൂട്ടുകാരനായിക്കിട്ടിയ ഹക്കീമിനും റിയാദില്‍ തങ്ങളുടെ സ്പോണ്‍സറെ കണ്ടത്താനായില്ല. പകരം എത്തപ്പെട്ടത് മസറയുടെ ഉടമസ്ഥനായ ഒരു കാട്ടറബിയുടെ അധീനതയിലും. അറബാബ് തനിക്കായി എത്തിയ ജോലിക്കാരനെ തിരഞ്ഞു നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് കണ്ടവനെ അപരനാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം കൊണ്ടുപോവുകയായിരുന്നു.
അറബാബ് ഒരു കുടുസുവണ്ടിയില്‍ അവരെയും കൊണ്ട് ഇരുട്ടിലൂടെ മൈലുകളോളം യാത്രചെയ്തു. ഒരു വെളിപ്രദേശത്ത് കൂട്ടാളിയായ ഹക്കീമിനെ ഇറക്കി. വീണ്ടും യാത്ര. ഒടുവില്‍ ഏതോ ഇരുട്ടറയില്‍ നജീബിനെ എത്തിച്ചു, മസറയിലെ ആടുജീവിത്തിലേയ്ക്ക്. അറബാബിന്റെ മര്‍ദ്ദനമേറ്റ് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് ഹീനസാഹചര്യങ്ങളില്‍ ദുരിത ജീവിതമാണ് നജീബിനെ മസറയില്‍ കാത്തിരുന്നത്.
നജീബിനുമുമ്പുള്ള വേലക്കാരന് നീണ്ട അടിമപ്പണിചെയ്ത് ഒരു ഭീകരരൂപിയായി മാറിയിരുന്നു. പിന്നീട് അയാള്‍ ഓടിപ്പോയതായി പറഞ്ഞുവെങ്കിലും അറബാബ് അയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. മുഴുവന്‍ പണിയും നജീബിന്റെ തലയിലായി. ആടുകളെ മേയ്ക്കുക, പാലുകറക്കുക, ഭക്ഷണവും വെള്ളവും കൊടുക്കുക, മുട്ടനാടുകളുടെ വരിയുടയ്ക്കാന്‍ ആടുകളെ അറബാബിനെത്തിച്ചുകൊടുക്കുക ഇവയൊക്കെയായിരുന്നു മുഴുവന്‍സമയവും ജോലി. പച്ചപ്പാലും കബൂസ് എന്ന അറബി റൊട്ടിയും റേഷനായി വല്ലപ്പോഴും ലഭിക്കുന്ന വെള്ളവും മാത്രമായിരുന്നു ആഹാരം. കുളിക്കാനോ ശൗചം ചെയ്യാന്‍ പോലുമോ വെള്ളം ഇല്ല. കുളിയും പല്ലുതേപ്പുമില്ലാതെ അറബാബിന്റെ ക്രൂരമുഖമല്ലാതെ മറ്റൊരു മനുഷ്യജീവിയെ കാണാതെ നജീബ് കഴിച്ചുകൂട്ടിയത് മൂന്നുവര്‍ഷവും നാലുമാസവും ഒമ്പതുദിവസവുമാണ്.
ആടുകളും ഒട്ടകങ്ങളും മാത്രം കൂട്ടായുണ്ടായിരുന്ന നജീബ് അവരുമായി സൗഹൃദം സ്ഥാപിച്ചു. സുന്ദരിയായ മേരി മൈമുന, പോച്ചക്കാരി രമണി, ചാടിയിടിക്കുന്ന അറവുറാവുത്തര്‍, ഞണ്ടു രാഘവന്, പരിപ്പു വിജയന്, ഇണ്ടിപ്പോക്കര്‍, പുത്രതുല്യനായ നബില്‍ എന്നിങ്ങനെയുള്ള പേരുകളിട്ട് ആടുകളുമായി അയാള്‍ കൂടുതല്‍ അടുത്തു.
ജന്മനാട് മരുഭൂവിലെ മരീചികയായി മാറിയ സാഹചര്യത്തില്‍ തികച്ചും യാദൃച്ഛികമായി തൊട്ടടുത്തമസറയില്‍ ഹക്കീമിന്റെ സഹായിയായി ഒരു സൊമാലിയക്കാരന് ഇബ്രാഹിം ബാദിരി വന്നത് രക്ഷപെടലിന് വഴിയൊരുക്കി. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിലെന്നപോലെ ലക്ഷ്യത്തിലെത്തുന്നത് നജീബ് മാത്രമാണ്. ഹക്കീം പാതിവഴിയില്‍ കുഴഞ്ഞവീണുമരിച്ചു. രക്ഷയുടെ സ്വര്‍ഗ്ഗയാത്രയില്‍ പ്രവാചകനായി വന്ന ഇബ്രാഹിമിനെ ഒടുവില്‍ കണ്ടതുമില്ല. ഒടുവില്‍ അനധികൃത പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഔട്ട് പാസ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ചു. ആകെ എണ്‍പതുപേരില്‍ നജീബിന്റെ പേരും ഉണ്ടായത് ദൈവനിശ്ചയം. അവര്‍ക്കൊപ്പം ഒരു വണ്ടിയില്‍ വിമാനത്താവളത്തിന്റെ പ്രവേശനകവാടം കടക്കുമ്പോള്‍ വിലങ്ങണിഞ്ഞ എണ്‍പതാടുകളെ ഒരു മസറയിലേയ്ക്ക് കയറ്റിവിടുന്നതായും അതിലൊന്നു താനാണന്നും നജീബിനു തോന്നി.
ബന്യാമിന് നജീബിന്റെ കഥ പറയുകയല്ല, ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന് നജീബായി മാറുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസിയുടെ യാതനകളും പ്രയാസങ്ങളുമാണ് മധുരമായ ഗദ്യത്തില്‍ അനുഭവതീവ്രതയോടെ വായനക്കാരെ വിസ്മയിപ്പിക്കുന്നനോവലായി ബന്യാമിന് മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്.
ഗള്‍ഫിലെ പൊള്ളുന്ന വെയിലില്‍ ഇഷ്ടികപാകിയ വഴിത്താരയില്‍ ആരും വെള്ളം കൊടുക്കാന്‍ പോലുമില്ലാതെ ഞെരിഞ്ഞുവളര്‍ന്ന ഒരു കുഞ്ഞിച്ചെടി സൂര്യന്റെ കണ്ണിനെ നോക്കിവളര്‍ന്ന് പൂവിട്ടുനില്‍ക്കുന്ന കാഴ്ച നല്കിയ ആത്മവിശ്വാസമാണ് ബന്നി ഡാനിയേലിനെ ബന്യാമിനാക്കി വളര്‍ത്തിയത്.
ആടുജീവിതം - വിക്കിപീഡിയ ലേഖനം
ആടുജീവിതം - വിക്കിപീഡിയ ലേഖനം
കെ. പി. ശ്രീകുമാര്‍
സെന്റ് പോള്‍സ് എച്ച്. എസ്.
വെളിയനാട്
25 comments:
ട്രെയിനിംഗ് നടക്കുന്ന ഈ സമയത്ത് ഈ പരിചയം നോവല്‍ വായിക്കത്തവര്‍ക്ക് ഏറെ പ്രയോജനപ്പെടും. നജീബ് എത്തപ്പെട്ട കാലത്ത് നിന്നും ഒരുപാടു മാറ്റങ്ങള്‍ ബദുക്കളുടെ ജീവിതാവസ്ഥകളില്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണവും വെള്ളവും പാര്പിടവുമൊക്കെ അവര്‍ക്കിപ്പോള്‍ ലഭിക്കുന്നുണ്ട്. മരുഭൂമിയിലെ പൊള്ളുന്ന ചൂടും പൊടിക്കാറ്റും മടുപ്പിക്കുന്ന ഏകാന്തതയും ബാക്കിയാവുന്നു. ബെന്യാമിന്റെ ജീവിതവുമായി ബന്തിപ്പിചെഴുതിയത് നന്നായി
വായനക്കാരന്റെ മനസ്സിനെ കുത്തി മുറിവേപ്പിക്കുന്ന പ്രവാസികളുടെ അനുഭവങ്ങള്‍ യഥാതഥമായി ആവിഷ്ക്കരിച്ച ബെന്യാമന്റെ ഈ നോവല്‍ ബഷീറിന്റെ ബാല്യകാലസഖിക്കൊപ്പം സാഹിത്യലോകത്ത് സ്ഥാനം പിടിക്കും .മജീദും നജീബും പേരുകളില്‍ പോലും പൊരുത്തം ആകസ്മികമാകാം.
നല്ല സംരഭം ..ആശംസകള്‍..
good attempt
ട്രെയിനിംഗ് വേളയില്‍ പുസ്തകപരിചയത്തിനു ആദ്യ ദിനം തന്നെ തയ്യാറാക്കിയ കുറിപ്പാണിത്.
പക്ഷേ മോടുളില്‍ ആടുജീവിതം വരുന്നതിനാല്‍ പ്രകാശനത്തിന് അല്പം കാത്തിരുന്നതാണ്..
സമീപ നാളില്‍ വായിച്ച കൃതികളില്‍ ആട് ജീവിതവും എന്മകജെയും മറക്കാനാവാത്ത അനുഭവമാണ് നമുക്ക് തന്നിരിക്കുന്നത്..
പ്രതികരിച്ചതിന് നന്ദി...
പുസ്തകപരിചയത്തിനു നന്ദി.നല്ല ശൈലിയും സാഹിത്യവും.വായിക്കുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു.
ഏതൊരു നോവലും എഴുതപ്പെട്ട കാലത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടത്.ഇപ്പോള്‍ അവസ്ഥകള്‍ മാറിയോ എന്നത് ആ നോവലിന്റെ മഹത്ത്വം കെടുത്തുന്നില്ല.കാലികള്‍ക്കു പുല്ലും വെള്ളവുമെന്നപോലെ, ഭക്ഷണവും വെള്ളവും കൊണ്ടുമാത്രമല്ലല്ലോ ഒരു ജനതയെ നിര്‍വ്വചിക്കപ്പെടേണ്ടത്. ലോകത്ത് നിലനില്‍ക്കുന്ന ഒരടിമ രാഷ്ട്രമാണ് സൌദി അറേബ്യ.ലോകം മുഴുവനും അടിമത്ത്വവ്യവസ്ഥിതി നൂറ്റാണ്ടുകള്‍ക്കു മുമ്പു അവസാനിച്ചുവെങ്കിലും ആ രാജ്യത്തില്‍ 1962 ല്‍ മാത്രമാണ് അതു നിരോധിച്ചത്.ജനാധിപത്യം ആ രാജ്യത്തു ഇപ്പോഴുമെത്തിയിട്ടില്ല.ഒരറബി രാഷ്ടത്തിലുമെത്തിയിട്ടില്ല.പ്രജകള്‍ എന്നത് ശേഖുഭരണകൂടങ്ങള്‍ക്കു ഒരു കമോഡിറ്റിയാണിപ്പോഴും.അറബി ഭരണകൂടത്തിന് ആരേയും ഒരു കാരണവുമില്ലാതെ എപ്പോഴും അറസ്റ്റു ചെയ്യാം. വിചാരണയില്ലാതെ തടവിലിടാം.പത്രസ്വാതന്ത്ര്യമില്ല .മറ്റു മതങ്ങള്‍ക്കു സ്വാതന്ത്ര്യമില്ലെന്നുമാത്രമല്ല, സൌദി സ്പെഷിലൈസ്ഡ് ബ്രാന്ഡല്ലാത്ത ഒരിസ്ലാമിനും സ്ഥാനമില്ല.
ഇതുപോലുള്ള കൂടുതല്‍ രചനകള്‍ പുറത്തുവരട്ടെ.പുസ്തകം പരിചയപ്പെടുത്തിയ സാറിനു നന്ദി.
very good
adu jeevtham malayalam teacher's nirupannam cheythu nasippikaruthu
സന്ദര്‍ഭോചിതമായി ആടുജീവിതം പരിചയപ്പെടുത്തിയ ശ്രീകുമാര്സാറിന് അഭിനന്ദനങ്ങള്‍!ഇനിയും ഇത്തരം പരിചയപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു!
Thank u very much Sreekumar Sir,
This study is very hearty and useful for teachers during this period.
ശ്രീകുമാര്‍ സാറിന്റെ പുസ്തകപരിചയം എന്ന ഈ കുറിപ്പ് ഏറെ ഹൃദ്യമായി. പ്രവാസ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന അസഹനീയമായ സംഭവങ്ങള്‍ എത്ര എഴുതിയാലും തീരുന്നതല്ല. നോവല്‍ വായിക്കാതെ തന്നെ അതിന്റെ ഉള്ളടക്കം വളരെ ശക്തമായി വായനക്കാരനില്‍ എത്തിക്കുവാന്‍ മാഷിനു കഴിഞ്ഞിട്ടുണ്ട്.ഇനിയും ഇതുപോലുള്ള കൃതികള്‍ പരിചയപ്പെടുത്തണം. ഈ സംരഭത്തിനു എന്റെ ആശംസകള്‍ ...
ആടുജീവിതം പരിചയപ്പെടുത്തിയതിന് ശ്രീകുമാര്‍ സാറിന് നന്ദി... സ്ക്കൂളു തുറക്കുന്നതിനുമുമ്പുതന്നെ ബ്ലോഗ് ഉഷാറായല്ലോ. അഭിനന്ദനങ്ങള്‍!!!
ശ്രീകുമാര്‍ സര്, ആടുജീവിതം- പുസ്തകപരിചയം വായിച്ചു.വായിച്ച ഉടനെ ഒരു കമന്റിട്ടിരുന്നു. അത് കാണുന്നില്ല.വാക്കുകളും ഓര്‍ക്കുന്നില്ല.പുസ്തകം പരിചയപ്പെടുത്തിയതിനു നല്ല സന്തോഷമുണ്ട്.നല്ല ശൈലിയും സാഹിത്യവും.മലയാളിപോലും അപൂര്‍വ്വമായ എന്റെ ഈ പ്രവാസലോകത്ത് മലയാളത്തിലിറങ്ങുന്ന ഇത്തരം പുസ്തകങ്ങളെക്കുറിച്ചറിയുന്നത് സാറിനെപ്പോലുള്ളവര്‍ അത് പരിചയപ്പെടുത്തുമ്പോഴാണ്.ഇനിയും തുടരണം.സാറിനും വിദ്യാരംഗത്തിനും നന്ദി.
sreekumar sir postaka parijayam nannayittu unndu..
ആടു ജീവിതം പുസ്തകത്തെ നന്നായി പരിചയപ്പെടുത്തി . നന്നായി . അഭിനന്ദനങ്ങള്‍
ആടുജീവിതം വായിക്കാന്‍ ഈ ലേഖനം വളരെ ഗുണം ചെയ്തു..
തികച്ചും അവസരോചിതം......
GOOD
വളരെ നല്ല നോവലാണ്
പുസ്തക പരിചയം ഗംഭീരമായീട്ടോ
പുസ്തക പരിചയം ഗംഭീരമായീട്ടോ
ഈ അവധിക്കാലത്ത് വളരെ താല്പര്യത്തോടെ വായിച്ച നോവലാണ് ആടുജീവിതം.നജീബ് അനുഭവിക്കുന്ന ദുരിതങ്ങള്‍
വാക്കുകളില്‍ ഓതുങ്ങുകില്ല.സ്വന്തം നാടുവിട്ട് വിദേശരാജ്യ
ങ്ങളില്‍ ജോലിനോക്കുന്ന നമ്മുടെ സഹോദരങ്ങളെക്കുറിച്ച്
ഒരു നിമിഷം ചിന്തിക്കാന്‍ ഈകൃതി വഴിയൊരുക്കുന്നു.ആടു
ജീവിതം പരിചയപ്പെടുത്തിയ ശ്രീക്കുമാര്സാര്....ഒരായിരം
നന്ദി
ആടുജീവിതം ഇന്നത്തെ മനുഷ്യ സമൂഹത്തിന്റെ വേദനകളെ വരച്ചുകാട്ടുന്നു. പ്രവസജീവിതതിന്ടെ നേര്‍ക്കാഴ്ച ഇതില്‍ പ്രതിഫലിയ്ക്കുന്നു.
നോവലിന്റെ സാരാംശം മനസിലാക്കാന്‍ പോസ്റ്റ് സഹായിച്ചു .
ഈ അവധിക്കാലത്ത് അതീവ ശ്രദ്ധയോടെ ആസ്വാദനം വായിച്ചു അഭിപ്രായം അറിയിച്ച അധ്യാപകര്‍ക്കെല്ലാം നന്ദി......
അറബി നാട്ടില്‍ നിന്ന് അവധിക്കു നാട്ടിലെത്തിയ എന്റെ ഒരു പ്രിയ സുഹൃത്ത് എത്തിച്ച ഖുബൂസ് അധ്യാപക പരിശീലന സമയത്ത് എല്ലാവരേയും കാണിച്ചിരുന്നു..
ഇപ്പോഴും കുറെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ട്.. അന്നെടുത്ത കുറെ ചിത്രങ്ങള്‍ വിദ്യാരംഗത്തിന് അയച്ചിരുന്നു.
അവ പോസ്റ്റ് ചെയ്യാന്‍ മറക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു...
പത്തിലെ സമഗ്രാസൂത്രണവും.എവിടെ പോയി?
Varale nanayirunnu
Post a Comment