എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 3, 2011

പുതിയ ആകാശത്തിന്നുടമകള്‍ - കവിതാസ്വാദനം


പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍ നിന്നും യാതനകളും പീഡനങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്ന ഒരു വര്‍ഗ്ഗത്തിന്നായി നീളുന്ന അഭയഹസ്തമാണ് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി. സാമൂഹികപരിഷ്കരണരംഗത്തും,പ്രകൃതിസംരക്ഷണരംഗത്തും വിലപ്പെട്ട സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കൂടിയാണ് ശ്രീമതി സുഗതകുമാരി. അന്നും ഇന്നും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് അവരുടെ "ഇവള്‍ക്കു മാത്രമായി "എന്ന കവിത.
ഇവള്‍ക്കുമാത്രമായ്,കടലോളം കണ്ണീര്‍
കുടിച്ചവള്‍,ചിങ്ങവെയിലൊളി പോലെ
ചിരിപ്പവള്‍,ഉള്ളില്‍ കൊടുംതീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവള്‍"
ഭൂമി, സര്‍വ്വംസഹയാണ്.ഇവിടെ,സ്ത്രീയുടെ സവിശേഷതകളെല്ലാം കവയിത്രി പ്രകൃതിഭാവങ്ങളോടു ചേര്‍ത്തുവയ്ക്കുന്നു. അവളുടെ നിസ്സഹായത, അതിനോടുള്ള അവളുടെ മൃദുവായ പ്രതികരണങ്ങള്‍ എല്ലാം കവയിത്രി ആലങ്കാരികമായി പറഞ്ഞുവച്ചിരിക്കന്നു.കടലോളം കണ്ണീര്‍ കുടിച്ചവളെങ്കിലും; അവള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ചിങ്ങവെയിലൊളി പോലുള്ള ചിരിയുമായി പ്രത്യക്ഷപ്പെടുന്നു.ഭൂമിയെപ്പോലെ അവളുടെയുള്ളിലും തീയാണ്. ആത്മസംഘര്‍ഷങ്ങള്‍ മറച്ചുവച്ച്, വിളര്‍ത്തചുണ്ടത്ത് നിലാച്ചിരിയമായി അവള്‍ മറ്റുള്ളവരില്‍ പ്രകാശം നിറയ്ക്കുന്നു.
സമൂഹം ,സ്ത്രീയെ പലവിധത്തില്‍ കാണുന്നു.ചിലര്‍ മര്‍ദ്ദിക്കുന്നു.മറ്റുചിലര്‍ പരക്കെ പുച്ഛിക്കുന്നു.ഇനിയും ചിലര്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി പൂജിക്കുന്നു.എന്നിട്ടും,അവള്‍ അവര്‍ക്കുവേണ്ടി സ്വന്തം ജീവിതം മുഴുവനായി സമര്‍പ്പിക്കുന്നു. ഭര്‍ത്താവിനു് തുണയാകാനും, മക്കളെ പോറ്റുവാനായും മാത്രം ഒരു ജന്മം! നെറ്റിത്തടത്തിലെ കുങ്കമപ്പൂവിന്‍റ ബലമാണ് അവളെ അടിമയാക്കുന്നത്.
"വിളര്‍ത്ത ചുണ്ടത്തുനിലാച്ചിരി,ഹൃത്തിന്‍
വിളക്കുമാടത്തിലൊരു കെടാത്തിരി"
സ്ത്രീ,അവള്‍ ഒരുപാട് ദു:ഖങ്ങള്‍ അനുഭവിച്ചു കഴിഞ്ഞെന്നും, അവളുടെ കണ്ണീര്‍ വറ്റിയെന്നും 'ചിരി' അവളുടെ ദു:ഖത്തിനു പുറമെയുള്ള നേര്‍ത്ത കവചമാണെന്നും, 'വിളര്‍ത്ത ചുണ്ടത്തെ നിലാച്ചിരി' വ്യക്തമാക്കുന്നു. എങ്കിലും തന്റെ ഹൃദയം ഒരു വിളക്കുമാടമായി അവള്‍ സൂക്ഷിക്കുന്നു. കുടുംബത്തിനു് അഭയമായി, സമൂഹത്തിനു് വഴികാട്ടിയായി, തലമുറകള്‍ക്ക് വെളിച്ചമായി എന്നും ഒരു കെടാത്തിരിയായി അവളിവിടെയുണ്ട്.
ഇവള്‍ ദൈവത്തിനും മുകളില്‍ സ്നേഹത്തെ
ഇരുത്തിപ്പൂജിപ്പോള്‍,ഇവള്‍ കാലത്തിന്റെ
കരങ്ങളില്‍ മാത്രം സമാശ്വസിക്കുവോള്‍"
സ്നേഹം തന്നെയാണ് അവള്‍ക്ക് ദൈവം.ഒരു പക്ഷെ, ദൈവത്തിനുംമുകളില്‍ അവള്‍ സ്നേഹത്തെ കാണുന്നു. എങ്കിലും അവള്‍ക്ക് അഭയകേന്ദ്രം കാലത്തിന്റെ മടിത്തട്ട് മാത്രമാണ്.അവളുടെ എല്ലാ ദു:ഖങ്ങള്‍ക്കം യാതനകള്‍ക്കും അറുതിയാവുക മരണമെത്തുമ്പോള്‍ മാത്രമാണെന്ന സൂചന ആധുനികസമൂഹത്തില്‍ സ്ത്രീ എത്രമാത്രം അരക്ഷിതയും നിസ്സഹായയും ആണെന്ന് വെളിപ്പെടുത്തുന്നു. ഇവിടെ കവയിത്രിയും നിസ്സഹായയാവുകയാണ്.
ഇവള്‍ക്കുമാത്രമായൊരു ഗാനം പാടാ-
നെനിക്കു നിഷ്ഫലമൊരു മോഹം,സഖീ.......!”
അവള്‍ക്കുവേണ്ടി മാത്രമായ് ഒരുഗാനം പോലും പാടാന്‍ കഴിയാത്ത നിസ്സഹായത.
വളരെ ലളിതമായ, ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ഭാഷയാണ് ഈ കവിതയില്‍ സ്വീകരിച്ചിട്ടുള്ളത്. വൈകാരികതയും സംഗീതാത്മകതയും ഒരു ഭാവഗീതത്തിന്റെ വികാരതീവ്രതയോടെയുള്ള ആവിഷ്ക്കാരവും അനുവാചകമനസ്സിന്റെ ആഴങ്ങളില്‍ ആധുനികസ്ത്രീയുടെ ദൈന്യത വരച്ചിടാന്‍ സഹായിക്കുന്നു.
സ്ത്രീയുടെ കണ്ണീരിന് ലോകം ഉണ്ടായ കാലത്തോളം പഴക്കമുണ്ട്. കാലം മാറിയിരിക്കുന്നു. വിവിധ തൊഴില്‍മേഖലകളില്‍, വിദ്യാഭ്യാസത്തില്‍, പൊതു ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യം വര്‍ദ്ധിച്ചിരിക്കുന്നു. ഭരണഘടന ലിംഗസമത്വം ഉറപ്പുനല്കുന്നു.എങ്കിലും,സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായ് കാണുന്നു. അവളുടെ വ്യക്തിത്വം അംഗീകരിക്കപ്പടുന്നില്ല. അടുക്കളയ്ക്ക് വെളിയില്‍ അവള്‍ക്കൊരു സ്ഥാനവും ഇല്ല.ഒരു സ്ത്രീ സ്വന്തമായി കാര്യം നടത്തിയാല്‍ അവള്‍ തന്നിഷ്ടക്കാരിയും അച്ചടക്കമില്ലാത്തവളുമായി വിശേഷിപ്പിക്കപ്പെടുന്നു. കാലാകാലങ്ങളായി തുടരുന്ന ഈ പ്രവണതയ്ക്ക് ആരാണ് ഉത്തരവാദി ?
സ്കൂളിന്നകത്തും പുറത്തും, വീട്ടിന്നകത്തും പുറത്തും എന്തിന്; അമ്മിഞ്ഞപ്പാലിന്റെ മണം മാറാത്ത പിഞ്ചുപൈതങ്ങള്‍പോലും പെണ്ണായിപ്പിറന്നതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്ന നിഷ്ഠൂരമായ പീഡനങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടു് നമ്മുടെ പത്രമാധ്യമങ്ങള്‍ നിറയുകയാണ്. 'പിതൃത്വം' എന്ന ഭാവത്തിന്റെ പതനം അവളുടെ അരക്ഷിതാവസ്ഥയെ എത്രമാത്രം ഭീകരമാക്കുന്നുവെന്ന് പറവൂരും കോതമംഗലവുമൊക്കെ തെളിയിക്കുന്നു. 'പെണ്‍കുഞ്ഞ് 90' വീണ്ടും വീണ്ടും പാടേണ്ടിവരുന്നു.
പി.കെ.പാറക്കടവിന്റെ 'അടുക്കള', അരവിന്ദ് വട്ടംക്കുളത്തിന്റെ 'അമ്മ', വിജയലക്ഷ്മിയുടെ 'ഭാഗവതം', സാവിത്രി രാജീവന്റെ 'പ്രതിഷ്ഠ' തുടങ്ങിയ കവിതകള്‍ ഈ കവിതയോട് ചേര്‍ത്തുവായിക്കാവുന്ന കൃതികളാണ്.
അടുക്കളയില്‍ തളച്ചിടേണ്ടവളല്ല സ്ത്രീ.എല്ലാവിധത്തിലും അവള്‍ക്ക് പുരുഷനോളം സ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കേണ്ടതുണ്ട്. അതിലേയ്ക്ക് അവളെ നയിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ”ഇരുചിറകുകളൊരുമയിലങ്ങനെ" നീങ്ങേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനവളെ സഹായിക്കേണ്ടത് പുരുഷന്റെ ധര്‍മ്മവുമാണ്. എല്ലാറ്റിനുമുപരിയായി അവള്‍ സ്വയം തിരിച്ചറിയുകയും വേണം.

ഉബൈസ്.
10.,
ജി.എച്ച്.എസ്സ്.എസ്സ് കുമ്പള
കാസര്‍ഗോഡ്.

10 comments:

SHAMLA TEACHER AND STUDENTS 10 C A J J M G G H said...

കിട്ടിയതിനാല്‍ ഏറെ പ്രയോജനമായി
നന്നായിട്ടുണ്ട് ഉബയിസ് , മലയാളം

hari said...

ചേട്ടായീ, സംഗതി അടിപൊളി.........

Ancy Jose said...

thikachum avasarochithamaya post.Ubais nu abhinandhanagal.....

രമേശന്‍ പുന്നത്തിരിയന്‍ said...

നമുക്ക് ഉബൈസിനെപ്പോലെയുള്ള നമ്മുടെ കുട്ടികളില്‍ വിശ്വാസമര്‍പ്പിക്കാം.അവര്‍ക്ക് ശമ്പളപരിഷ്ക്കരണത്തെക്കറിച്ചോ,
ഡിഎ വര്‍ദ്ധിപ്പിക്കാത്തതിനെക്കുറിച്ചോ ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ലല്ലോ.
അഭിനന്ദനങ്ങള്‍...................
ഉബൈസിനും.......വിദ്യാരംഗത്തിനും

Praseeda Rajan said...

ubais,nannayirikkunnu.abhinandanangal

kamal said...
This comment has been removed by the author.
ESTHER said...

Ubais, you are a good student and a good citizen.India's future is very bright in your hand. CONGRATULATION.

Anonymous said...

Thank you Ubais for givig this. It is very helpful for mondaya mal exam

Sreekumar Elanji said...

അടുക്കളയില്‍ തളച്ചിടേണ്ടവളല്ല സ്ത്രീ.എല്ലാവിധത്തിലും അവള്‍ക്ക് പുരുഷനോളം സ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കേണ്ടതുണ്ട്. അതിലേയ്ക്ക് അവളെ നയിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ”ഇരുചിറകുകളൊരുമയിലങ്ങനെ" നീങ്ങേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനവളെ സഹായിക്കേണ്ടത് പുരുഷന്റെ ധര്‍മ്മവുമാണ്. എല്ലാറ്റിനുമുപരിയായി അവള്‍ സ്വയം തിരിച്ചറിയുകയും വേണം.

ഉബയസിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.....
എന്റെ ക്ലാസ്സിലെ കുട്ടികള്‍ അവര്‍ എഴുതിയതുമായി ഇതിനെ താരതമ്യം ചെയ്തു...ഉബൈസിനു എ പ്ലസ്‌ കൊടുത്തിട്ടുണ്ട്‌.
അനുമോദനങ്ങള്‍.....

jnmghss said...

പഠനം വായിച്ചു നന്നായി.
എഴുതുക വായിക്കുക വീണ്ടും എഴുതുക