എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 16, 2011

പ്രേമലേഖനം - ഒരാസ്വാദനക്കുറിപ്പ്


"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.
സാറാമ്മയോ?
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.......”
കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ നല്കുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്കരിക്കുന്നു. കേശവന്‍ നായരുടെ പ്രണയം സാറാമ്മയുടെ മനസ്സില്‍ തട്ടുന്നുണ്ടെങ്കിലും സാറാമ്മ അത് പ്രതിഫലിപ്പിക്കുന്നത് കഥാവസാനത്തില്‍ മാത്രമാണ്. തനിക്കൊരു ജോലിവേണമെന്ന സാറാമ്മയുടെ ആവശ്യത്തെ കേശവന്‍ നായര്‍ നേരിടുന്നത് തന്നെ പ്രണയിക്കുക എന്ന ജോലിനല്‍കിക്കൊണ്ടാണ്. എന്നാല്‍ പ്രണയിക്കുക എന്ന ഫുള്‍ടൈം ജോലിക്ക് മാന്യമായ ശമ്പളം സ്വീകരിച്ചുകൊണ്ടാണ് സാറാമ്മ ജോലി ഏറ്റെടുക്കുന്നത്. ലോകസാഹിത്യത്തില്‍ തന്നെ ശമ്പളത്തിനുവേണ്ടി പ്രണയിക്കുന്ന ഒരു നായികയെ നമുക്ക് ഒരിടത്തും കണ്ടെത്താനാവില്ല. നോവലിന്റെ അവസാനം കേശവന്‍ നായര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ സാറാമ്മയും കേശവന്‍ നായരോടൊപ്പം പോകുന്നു. തീവണ്ടിയില്‍ വച്ച് പ്രണയജോലിക്ക് താന്‍ വാങ്ങിയ ശമ്പളം മുഴുവന്‍ സാറാമ്മ കേശവന്‍ നായര്‍ക്ക് തിരികെ നല്‍കുന്നു. പ്രണയമെന്നത് യാഥാര്‍ത്ഥ്യനിഷ്ഠമായ അനുഭവമാണ് സാറാമ്മയ്ക്ക്. യഥാര്‍ത്ഥ പ്രണയം കാപട്യമോ വഞ്ചനയോ നിറഞ്ഞതല്ലെന്ന് സാറാമ്മ തെളിയിക്കുന്നു.
രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേമലേഖനം എന്ന നോവലില്‍ കടന്നുവരുന്നു. സ്ത്രീകളുടെ തലയ്ക്കുള്ളില്‍ 'നിലാവെളിച്ചം' ആണെന്ന കേശവന്‍ നായരുടെ വാക്കുകള്‍ക്ക് സാറാമ്മ കഥയിലുടനീളം മറുപടി നല്‍കുന്നു. സാറാമ്മ കേശവന്‍ നായര്‍ നല്‍കുന്ന പ്രേമലേഖനം ചുരുട്ടിക്കൂട്ടി എറിഞ്ഞുകളയുകയും "വേറെ വിശേഷമൊന്നുമില്ലല്ലോ" എന്നാരായുകയും ചെയ്യുന്നു. പിന്നീടൊരിക്കല്‍ തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന കേശവന്‍ നായരോട് ശീര്‍ഷാസനം ചെയ്തുകാണിക്കാനാണ് സാറാമ്മ ആവശ്യപ്പെടുന്നത്. കേശവന്‍ നായര്‍ അതനുസരിക്കുകയും ചെയ്യുന്നു.
തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന മക്കള്‍ക്ക് എന്തുപേരിടുമെന്ന ചര്‍ച്ച ആകാശമിഠായി എന്ന പേരിലാണ് എത്തിനില്‍ക്കുന്നത്. ജാതിക്കതീതമായ ഇന്‍ഡ്യ, സഹാറ, സിമ്പോളിസം, കുള്‍ട്ടാപ്പന്‍, ഗദ്യകവിത, തീനാളം, നക്ഷത്രം തുടങ്ങി അനവധി പേരുകളില്‍ നിന്നും തിരഞ്ഞെടുത്ത 'ആകാശമിഠായി' എന്ന പേര് ബഷീര്‍ ഭാഷയുടെ പ്രതീകമായി നില്‍ക്കുന്നു.
കേശവന്‍ നായര്‍ സാറാമ്മയെ 'എടീ' എന്നു വിളിക്കുമ്പോള്‍ 'മിസ്റ്റര്‍ കേശവന്‍ നായര്‍' എന്ന് സാറാമ്മ മറുവിളി വിളിക്കുന്നു. കേശവന്‍ നായരുടെ പ്രണയസങ്കല്പത്തെ കീഴ്മേല്‍മറിച്ച പ്രണയിനിയാണ് ഇവിടെ സാറാമ്മ. പ്രണയത്തിന് ശമ്പളം ചോദിച്ചും പ്രണയിയെ തലകീഴായി നിര്‍ത്തിയും പ്രണയസങ്കല്പത്തെ മാറ്റിമറിക്കുകയാണ് സാറാമ്മ ചെയ്തത്. പ്രണയമെന്നത് പരസ്പരസ്നേഹത്തിലധിഷ്ഠിതമായ, സമഭാവന പുലര്‍ത്തുന്ന, വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ട വ്യവസ്ഥിതികൂടിയാണെന്ന ബഷീറിന്റെ കാഴ്ചപ്പാട് പ്രേമലേഖനത്തില്‍ കാണാം. യഥാര്‍ത്ഥസ്നേഹമെന്നത് സ്ത്രീയുടെ അവകാശമാണെന്ന ദര്‍ശനവും ഈ നോവല്‍ പുലര്‍ത്തുന്നു.
ബഷീര്‍ ഭാഷയുടെ ലാവണ്യവും ലാളിത്യവും ഫലിതാത്മകതയും പുത്തന്‍ പദപ്രയോഗങ്ങളും ഈ നോവലിലുണ്ട്. ആഖ്യയും ആഖ്യാതവുമില്ലാത്ത ലഘുവാക്യങ്ങള്‍ സംഭാഷണഭാഷയുടെ കരുത്തുപകരുന്നു. ലേഡീസ് ബാഗിനു 'ഡുങ്കുടുതഞ്ചി' എന്നും കേശവന്‍ നായരുടെ ശീര്‍ഷാസനത്തെ 'സ്റ്റൈലാഗ്രാം' എന്നും പ്രേമത്തെ 'ചപ്ലാച്ചിസാധന'മെന്നും സ്ത്രീകളെ 'തനിഡുക്കുഡു' എന്നും വിശേഷിപ്പിക്കുമ്പോള്‍ ബഷീര്‍ ഭാഷയുടെ വ്യത്യസ്തത അനുഭവവേദ്യമാകുന്നു.
സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ഈ നോവലില്‍ ബഷീര്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീധനമെന്ന സമ്പ്രദായത്തെക്കുറിച്ച് സാറാമ്മ പറയുന്നതിപ്രകാരമാണ്. "!... എന്നെ അങ്ങു കെട്ടിക്കൊണ്ടുപോയാല്‍പ്പിന്നെ എന്റെ തീറ്റച്ചെലവിനും, ഉടുപ്പുകെട്ടിനും, തേച്ചുകുളിക്കും, പൗഡറിനും, സ് പ്രേയ്ക്കും സെന്റുകുപ്പിക്കും, പേറിനും പെറപ്പിനും എന്റെ ചാവടിയന്തിരത്തിനും പണം വേണ്ടേ? അതു ഞാന്‍ നേരത്തേ തന്നാലേ എന്നെ കെട്ടിക്കൊണ്ടുപോകൂ!” എന്ന വാക്കുകള്‍ സ്ത്രീധനമെന്ന വ്യവസ്ഥിതിയെ ആക്ഷേപഹാസ്യത്തോടെ വിമര്‍ശന വിധേയമാക്കുന്നതാണ്.
സര്‍വ്വ ജീവജാലങ്ങളേയും ഭൂമിയുടെ അവകാശികളായിക്കാണുന്ന, ലോകാസമസ്താസുഖിനോഭവന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ബഷീര്‍ ജാതിമതഭേദമെന്യേ പുലര്‍ത്തുന്ന വിശാലമായ കാഴ്ചപ്പാട് 'പ്രേമലേഖ'നത്തിലും കാണാം. അവനവന്റെ ഇഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും ഒരുമിച്ചുജീവിക്കാനും കഴിയണമെന്ന കാഴ്ചപ്പാടും ഈ നോവല്‍ പുലര്‍ത്തുന്നുണ്ട്. ഒരു സാധാരണ പ്രണയത്തെ ഭാഷകൊണ്ടും ആഖ്യാനശൈലികൊണ്ടും സ്ത്രീപക്ഷചിത്രീകരണംകൊണ്ടും അസാധാരണ പ്രണയമാക്കിമാറ്റുന്ന രസതന്ത്രമാണ് 'പ്രേമലേഖനം'.

ഫാത്തിമ അഫ് സല്‍

ഒമ്പത് ബി

ഭവന്‍സ് ന്യൂസ് പ്രിന്റ് വിദ്യാലയ

വെള്ളൂര്‍

27 comments:

rajaneesh said...

വളരെ നന്നായിരിക്കുന്നു.

Anonymous said...

ഇത്ര ചെറുപ്പത്തിലെ ഇങ്ങനൊക്കെ എഴുതാന്‍ കഴിയുക ഒരു ഭാഗ്യമാണ്. തുടര്‍ന്നും എഴുതുക.

അമ്പിളി കൃഷ്ണന്‍ said...

സാഹിത്യം എന്നാല്‍ കഥയും കവിതയും മാത്രമല്ല , ആസ്വാദനം കൂടി ഉള്‍പ്പെടുന്നതാണ് അത്. ഈ വിധം രചനകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഷിജു മോന്‍ said...

ഉജ്വലമായ ഒരു പ്രവര്‍ത്തനം കാഴ്ച വച്ച ഫാത്തിമയ്ക്ക് അഭിനന്ദനങ്ങള്‍.

Anonymous said...

നന്നായിരിക്കുന്നു.

മോളി ജോണ്‍ said...

ആസ്വാദനം നിലവാരം പുലര്‍ത്തുന്നു.

rajeev kanjiramattom said...

എത്രയോ തവണ വായിച്ച കൃതി , എങ്കിലും ഇപ്പോളും വായിക്കുമ്പോള്‍ പുതുമ നഷ്ടപെടുന്നില്ല

Sreekumar Elanji said...

സര്‍വ്വ ജീവജാലങ്ങളേയും ഭൂമിയുടെ അവകാശികളായിക്കാണുന്ന, ലോകാസമസ്താസുഖിനോഭവന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ബഷീര്‍ ജാതിമതഭേദമെന്യേ പുലര്‍ത്തുന്ന വിശാലമായ കാഴ്ചപ്പാട് 'പ്രേമലേഖനത്തിലും കാണാം. അവനവന്റെ ഇഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും ഒരുമിച്ചുജീവിക്കാനും കഴിയണമെന്ന കാഴ്ചപ്പാടും ഈ നോവല്‍ പുലര്‍ത്തുന്നുണ്ട്. ഒരു സാധാരണ പ്രണയത്തെ ഭാഷകൊണ്ടും ആഖ്യാനശൈലികൊണ്ടും സ്ത്രീപക്ഷചിത്രീകരണംകൊണ്ടും അസാധാരണ പ്രണയമാക്കിമാറ്റുന്ന രസതന്ത്രമാണ് 'പ്രേമലേഖനം'.

ഫാത്തിമ അഫ് സല്‍ എഴുതിയ പുസ്തകാസാദനം മറ്റുകുട്ടികള്‍ക്കു പ്രചോദകമാകും ..തീര്‍ച്ച.
അധ്യാപകര്‍ ഇതിനു് ശ്രമം നടത്തണം.
അഫ്സലിനു് എല്ലാവിധ ആശംസകളും....

rajeev kanjiramattom said...

അസീസ്‌ മാഷിന്റെയും ഷംല ടീച്ചറിന്റെയും സാബിത ടീച്ചറിന്റെയും മനോഹരന്‍ സാറിന്റെയും അങ്ങനെ ധാരാളം ആസ്വാദകരുടെ അഭിപ്രായങ്ങള്‍ വരാനുണ്ടല്ലോ? എവിടെ എല്ലാവരും? പുതിയ രചനകളുടെ പണിപ്പുരയിലാവാം എങ്കിലും, ഈ കുട്ടിയെ ഒന്ന് കണ്ടിട്ട് പോണേ...................

shamla said...

ഫാത്തിമയെ കാണാതിരുന്നിട്ടല്ല സര്‍ . വീക്ഷണത്തിലും ശൈലിയിലും മികച്ച നിലവാരം പുലര്‍ത്താന്‍ ഇനിയും ഫാത്തിമക്ക് കഴിയട്ടെ . സ്വന്തം ശബ്‌ദം വേറിട്ട്‌ കേള്‍പ്പിക്കാനും . ബഷീറിന്റെ നോവലുകളില്‍ എന്നെ ഒരുപാടു ആകര്‍ഷിച്ച ഒന്നാണ് പ്രേമലേഖനം . ബഷീര്‍ ശൈലിയുടെ എല്ലാ സവിശേഷതകളും ഈ കുഞ്ഞു നോവലിലുണ്ട്. അതിലുപരി ബഷീറിന്റെ സ്ത്രീ സങ്കല്പത്തിന്റെ വിശാലതയും ഈ നോവല്‍ പങ്കു വെക്കുന്നുണ്ട്.അഭിപ്രായം. രേഖപ്പെടുത്താന്‍ അല്പം വൈകിയപ്പോള്‍ തന്നെ ചൂണ്ടിക്കാണിച്ചതിനു രാജീവ്സാറിനു പ്രത്യേകം നന്ദി

Azeez . said...

സംഗതി പ്രേമമായതുകൊണ്ട് ഞാന്‍ വിട്ടുനിന്നതാണ് സാര്‍.ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല .മയക്കു വശമില്ലാത്തതുകൊണ്ടാണെന്നാണ് ഞാന്‍ പിന്നീട് മനസ്സിലാക്കിയത്.എന്നാല്‍ എന്നെ ഒരുപാട് പെണ്ണുങ്ങള്‍ പറ്റിച്ചിട്ടുമുണ്ട്."ഫലപ്രാപ്തിയില്‍" എത്താറാകുമ്പോള്‍ അവര്‍ വിട്ടുകളയും. പത്തുകൊല്ലം സ്കൂളില്‍ പഠിച്ചു, ഏഴുകൊല്ലം കോളേജില്‍, ഇരുപത് കൊല്ലം ഒരു ബാങ്കില്‍ പലസ്ഥലത്ത് , ഇപ്പോള്‍ ഇവിടെ. കഷ്ടമാണ് എന്‍റെ കാര്യം.ഒരുത്തിയും! എന്തോ? അതുകൊണ്ടാണ് എന്റെ മകളുടെ പേരുള്ള ഫാത്തിമ എഴുതിയ ഈ ലേഖനം ഞാന്‍ വിട്ടുകളഞ്ഞത്.പിന്നെ ഇതിലെ ഒരു കാര്യം എനിക്ക് ഇഷ്ടപ്പെട്ടു.ശമ്പളത്തിനു പ്രേമിക്കുന്ന രീതി. എന്‍റെ ഭാര്യ ഇത് വായിക്കുന്നുണ്ടോ എന്നറിയില്ല, ഈ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ആരും പ്രേമിക്കാത്ത ഈ സങ്കടം ഒരിക്കല്‍ ഞാനെഴുതിയിട്ടുണ്ട്:

മയില്‍പീലിക്കുത്ത്:


മയൂര= നാജ്നെവാലി ഔര്‍ ഗാനേവാലി.
സപ്തവര്‍ണ്ണ ചിറകു വിടര്‍ത്തി നിന്നാടുകയും സുന്ദരകുറള്‍ ഗാനം പെയ്യുകയും ചെയ്യുന്ന മയൂരയില് നിന്നും പാര്‍ശ്വസമീപനത്തിന്റെ സൂത്രവാക്യങ്ങള്‍ പഠിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ള നിര്ഭാഗ്യവാന്മാര്‍ക്ക് കൂര്‍ത്ത പീലികൊണ്ടുള്ള പീലിക്കുത്തു കിട്ടുന്നു. ശിവസര്‍പ്പത്തിന്റെ ദംഷ്ട്രപോലെ.

FATHIMA AFSAL said...

അധ്യാപകരുടെ നല്ല വാക്കുകള്‍കും പ്രോത്സാഹനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

pbs said...

dear fathima

it is a very good presentation wish u

all success and expecting more and more presentations


sept.23- 2011

shyamala said...

dear little writter

i am proud of you
ഇത്ര ചെറുപ്പത്തിലെ ഇങ്ങനൊക്കെ എഴുതാന്‍ കഴിയുക ഒരു ഭാഗ്യമാണ്. you are a talented child, god bless you just like your mother

my good wishes

23/09/2011

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മിടുക്കി. വായിക്കുന്നതിനെ നന്നായി ദഹിപ്പിക്കുന്നവള്‍ .
ധാരാളിത്തമില്ലാത്ത ഭാഷ മികവ് കൃത്യതയുടെ ലക്ഷണം
അഭിനന്ദങ്ങള്‍ . ഇനിയും എഴുതുക ധാരാളം.

Jayakrishnan.R said...

നേരിട്ട് കണ്ടാല്‍ മകളെ നിനക്ക് ഞാന്‍ ഒരു ചായ വാങ്ങിത്തരും........

Unknown said...

Thanks Fathima eniku ithu reference nu upakarichu

Unknown said...

Thanks Fathima eniku ithu reference nu upakarichu

Unknown said...

to my friends LOVE is a great feeling naturally it is not express any words if you can you are the great lover in this word LOVE YOU TO MUCH

Unknown said...

നല്ല വായന

അമീർ റാഹ said...

Good job

അമീർ റാഹ said...

Good job

nisamacl said...

നന്നായിട്ടുണ്ട് .അഭിനന്ദനങ്ങൾ

Unknown said...

Thanks fathima. ഒരു അധ്യാപികയാവാൻ തയ്യാറെടുക്കുന്ന എനിക്ക് തന്റെ ആസ്വാദനം എന്റെ പഠനത്തിന് കൂടുതൽ സഹായകമായി
ഈ എഴുത്തുകാരിക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Unknown said...

Very nice
ഇനിയും എഴുതണം
We are with you

Unknown said...

Great fathima keep it up. . 🙌💯

Unknown said...

Orupad nannayitund