മനുഷ്യന് കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ മഹാന് പ്രസ്താവിച്ചതോര്‍ക്കുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്. പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്. യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്. ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനായി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി.... "കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...” എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ.
ഈയുള്ളവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍, പണ്ട് തോപ്രാംകുടി ഗവണ്മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ് ടീച്ചര്‍ മാന്യശ്രീ കരുണാകരന്‍സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി. ദേഹം തിരുവനന്തപുരത്ത് ഒരു ജവുളിക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു. ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായ ദൈനംദിന യാത്രയില്‍ സ്ഥിരം വിശ്രമകേന്ദ്രമായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്. ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന് ടോമിയാണ് ഒപ്പിടല്‍ വിദഗ്ദ്ധന്. അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം മുജ്ജന്മ സുകൃതമോ കുട്ടികളുടെ സുകൃതക്ഷയമോ ജീവിതോപായത്തിനായി തെരഞ്ഞെടുത്തത് ഗുരുവേഷമാണ്. അധ്യാപകനായുള്ള ആദ്യാനുഭവം ഒരു മാനേജുമെന്റുസ്കൂളിന്റെ എട്ടാംക്ലാസിലാണ്. ടോട്ടോച്ചാനൊക്കെ വായിച്ച് ത്രില്ലടിച്ചു നില്ക്കുന്ന കാലം. അന്ന് നമ്മുടെ പൗലോ ഫ്രെയിലറെപ്പറ്റിയൊന്നും കേട്ടുതുടങ്ങീട്ടില്ല. കരുണാകരന് സാറിനെ റോള്‍മോഡലായി സ്വീകരിക്കാത്തതുകൊണ്ട് എന്നും ക്ലാസ്സില്‍ ഹാജരാണ്. കുട്ടികളെയൊക്കെ ഒരു നിലയിലെത്തിക്കാനുറച്ചു തന്നെയാണ് നീക്കം. അങ്ങനെ ഓണപ്പരീക്ഷ കഴിഞ്ഞു. ക്ലാസിലെ നാല്പത്തിയാറു കുട്ടികള്‍ക്കുമുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കുറച്ചു പാടുപെട്ട് മനോഹരമായ കൈപ്പടയില്‍ തന്നെ തയ്യാറാക്കി. തോറ്റ വിഷയങ്ങളുടെ അടിയില്‍ 'റെഡ് ഇങ്ക്'' ഉപയോഗിച്ച് കലാപരമായി തന്നെ വരയൊക്കെ പൂശി. കൂടാതെ തൃപ്തികരം, സാമാന്യം തൃപ്തികരം, വളരെ മോശം തുടങ്ങിയ പരമ്പരാഗത ലേബലുകള്‍ ഓരോരുത്തന്റെയും വിധിയനുസരിച്ച് ആലേഖനം ചെയ്തു. ഇതിനുവേണ്ടി പുതിയൊരു പേന വാങ്ങിക്കാന്‍ പോലും ഞാന്‍ മടിച്ചില്ല.
പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ തിരികെ വാങ്ങുന്ന ദിനമെത്തി. തനിയെ ഒപ്പിട്ടവനെയൊക്കെ മനസിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. കാരണം കള്ളന് ബിരിയാണിയുണ്ടാക്കി കൊടുത്തിട്ടള്ളവനാണല്ലോ ഈ ഞാന്‍. അവസാനം കാര്‍ഡുമായെത്തിയത് 'കൊച്ചുമോന് ജോസഫെ'ന്ന പയ്യനാണ്. പുഴുപ്പല്ലുകാട്ടി ചിരിക്കുന്ന ഗ്രഹണിയുടെ അസുഖമുള്ള കൊച്ചുമോനോട് എനിക്കെന്തോ വലിയ വാല്‍സല്യമാണ്. പണ്ട് വിപ്ലവത്തിന്റെ അസുഖം ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം അവന്റെ ചിരി കാണുമ്പോള്‍ എന്റെ പഴേ ആചാര്യനെ എനിക്കോര്‍മ്മ വരും. പക്ഷേ അവന് കൊണ്ടുവന്ന കാര്‍ഡുകണ്ട് ഞാന്‍ ഞെട്ടി. കണക്ക്, ഫിസിക്സ്, ഇംഗ്ളീഷ് തുടങ്ങിയവയുടെ മാര്‍ക്കെഴുതിയിരുന്ന സ്ഥലത്ത് ഓരോ ദ്വാരങ്ങള്‍ മാത്രം. ടി.വിഷയങ്ങള്‍ക്ക് മേപ്പടിയാന് ചെമന്ന അടിവരയിട്ട മനോഹരമായ മുട്ടയാണ് കരസ്ഥമാക്കിയിരുന്നത്. തല്പരകക്ഷിചെമന്ന വരയും പൂജ്യവും ബ്ലേഡിനാല്‍ ചുരണ്ടിമാറ്റി മറ്റൊരു മാര്‍ക്കെഴുതി വീട്ടില്‍ കാണിച്ചിട്ട്, വീണ്ടും ചുരണ്ടി മുട്ട പുനസ്ഥാപിക്കാനുള്ള മായ്ക്കല്‍ശ്രമത്തിനിടെയാണ് കാര്‍ഡില്‍ തുളകള്‍ വീണത്. ദ്വാരാലംകൃതമായ ആ കാര്‍ഡും കൊച്ചുമോനും ഹെഡ് മാഷിന്റെ സമക്ഷം ഹാജരാക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം, "അപ്പനെ വിളിച്ചോണ്ടു ഇനി ക്ലാസില്‍ വന്നാല്‍മതി" എന്ന കഠിനശിക്ഷ വിധിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു.
പിറ്റെ ദിവസം കൊച്ചുമോനെ ക്ലാസില്‍ കണ്ടില്ല. മൂന്നാമത്തെ ബഞ്ചില്‍ ഭിത്തിയുടെ സൈഡില്‍ തലതാഴ്ത്തിയിരിക്കാറുള്ള കൊച്ചുമോനെ കാണാത്തതില്‍ അസ്വസ്ഥനായ ഞാന്‍ ഹെഡ്മാസ്റ്ററുടെ മുന്നിലെത്തി. കാര്യങ്ങള്‍ "സ്ട്രിക്റ്റായി" കാണുന്ന അദ്ദേഹം അരകല്ലിനു കാറ്റുപിടിച്ചപോലെ നിലകൊള്ളുകയാണ്. ഉച്ചകഴിഞ്ഞ ഇന്റര്‍വെല്‍ സമയം "ആരാടാ എട്ട് ഇ-യിലെക്ലാസ് സാര്‍" എന്ന അലര്‍ച്ചയോടെ രൗദ്രഭാവം പൂണ്ട ഒരു സ്ത്രീ സ്റ്റാഫ് റൂമിലേയ്ക്കു കയറിവന്നു. "ദാ ഇരിക്കുന്നു വില്‍സണ്‍മാഷ് " സരളഹൃദയായ ഓമന ടീച്ചര്‍ എന്നെ ഒറ്റിക്കൊടുത്തതും അവര്‍ എന്റെ മുന്നില്‍ വന്ന് "നീ മുടിഞ്ഞുപോകുമെടാ സാറെ" എന്ന് ഒരു കിടിലന്‍ കോംപ്ലിമെന്റ് എനിക്കു തന്നു. മോങ്ങാനിരുന്ന സാറിന്റെ തലേല് വരിക്കച്ചക്ക വീണെന്നു പറഞ്ഞതുപോലെ ഞനൊന്നു ഞരങ്ങി. ആരാണാവോ ഈ അഭിനവ കണ്ണകി.. കരച്ചിലിന്റെ അകമ്പടിയോടെ മൂര്‍ച്ചയേറിയ കുറെ വാക്കുകള്‍ കൂടി പുറത്തുവന്നപ്പോ ചിത്രം വ്യക്തമായി. കൊച്ചുമോന്റെ അമ്മച്ചിയാണ്. കൊച്ചുമോന് ഇന്നലെ ഒളിച്ചുപോയിരിക്കുന്നു. ബിജിടീച്ചറും ഓമനടീച്ചറും ചേര്‍ന്ന് കോപാക്രാന്തയായ ആ മാതൃഹൃദയത്തെ ഏറെക്കുറെ ശാന്തയാക്കി. അപ്പോഴേക്കും പൂതപ്പാട്ടിലെ പൂതത്തെപ്പേലെ ഞാന്‍ സറണ്ടറായി നില്‍ക്കുകയാണ്. അരമണിക്കൂര്‍ നേരത്തെ വൈബ്രേഷനു ശേഷം, ചാര്‍ജുപോയ മൊബൈല്‍ പോലെ കൊച്ചുമോന്റെ അമ്മ ശാന്തയായി. ഞാന്‍ പറഞ്ഞു "ചേടത്തി..നമുക്ക് എട്ടുനോമ്പെടുത്ത് മണര്‍കാട്പള്ളീല്‍ പോകാം”. എന്താണെങ്കിലും ഞങ്ങടെ നേര്‍ച്ച ഫലിച്ചു. മൂന്നാം ദിവസം കൊച്ചുമോന് തിരിച്ചെത്തി......
21 comments:
ഈ കൊച്ചുമോന് ആണോ ഇത് എഴുതുന്നത്?
കൊള്ളാം. നല്ല ശൈലി. നല്ല അവതരണം. കൊച്ചുമോനിലൂടെ പണ്ടത്തെ സ്കൂള്‍ ജീവിതം ഓര്‍ത്തു. അത്ര മെച്ചമാല്ലാതിരുന്ന എന്റെ പ്രോഗ്രെസ് റിപ്പോര്‍ട്ടും . ഇഷ്ടമില്ലാത്ത കുറെ വിഷയങ്ങള്‍ പഠിക്കേണ്ടി വന്നതിനാലാവാം സ്കൂള്‍ ഇഷ്ടപ്പെടാതെ ഞാന്‍ കോളേജ് ഇഷ്ടപ്പെട്ടത്. വിത്സണ് സാറിന്റെ നര്‍മ്മം രസിച്ചു തന്നെ വായിച്ചു.
പ്രോഗ്രസ് കാര്‍ഡിന്റെ കാര്യം മറന്നിട്ട് വര്‍ഷങ്ങളായി.ഇപ്പോളാണെങ്കില്‍ സമ്പൂര്‍ണയുടെ തിരക്ക് അങ്ങു കഴഞ്ഞതേ ഉള്ളൂ.സര്‍ക്കാരു മാറി.സെമസ്റ്ററുമാറി,ഓണപ്ഫരീക്ഷയും വന്നു.പേപ്പറു നോക്കി ഓണാവധി കഴിഞ്ഞ ഉടനെ ചൂടോടെ കൊടുത്തു.എവിടെ പിള്ളേര്‍ക്ക് ശൂ ന്നെരു മട്ട്.ഇക്കാലത്തു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പഠിപ്പിക്കാനെങ്കിലും കഴിയുന്നതു ഭാഗ്യം തന്നെ.സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രോഗ്രസുകാര്ഡില് അപ്പന്റെ ഒപ്പിട്ടിരുന്ന പലരെയും എനിക്കറിയാം.അവരെക്കെ ഇപ്പോള്‍ വിദേശത്ത് വാഴുന്നു.വിത്സണ് സാറിന്റെ ലേഖനം നന്നായി ആസ്വദിച്ചു.സ്കൂള്‍ പഠനകാലത്തിന്റെ നൊസ്റ്റാള്ജിയയിലേയ്ക്ക് സാറിന്റെ ലേഖനം കൊണ്ടുപോയി.നല്ല ശൈലി.അഭിനന്ദനങ്ങള്‍.തുടര്‍ന്നും എഴുതുക
"കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...” എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ... ഹോ അതി വിസ്മയം... സൂപ്പര്‍
സാറിന്റെ ഈ നര്മ്മലേഖനം വളരെ നന്നായിരുന്നു.
തുടര്‍ന്നും എഴുതുക....
ചെറുപ്പകാലം എല്ലാവര്ക്കും ഏതാണ്ട് ഒരുപോലെ ആണെന്ന് തോന്നുന്നു മാഷേ . ഇന്നത്തെ ആധുനിക സൌകര്യങ്ങള്‍ ഇല്ലെങ്കിലും എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍ . ഒരിക്കല്‍ കൂടി ആ ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി .ഹൃദ്യമായ ശൈലി
good....
അഭിനന്ദനങ്ങള്‍
ഉഷാറായിരുന്നൂട്ടോ.....
ഞാന്‍ എരുമേലി സ്വദേശിയാണ്.
ന൪മ്മലേഖനം രസത്തോടെ വായിച്ചു. കുട്ടിയുടെ അമ്മയോട് ബഹുമാനം തോന്നുന്നു. ബാലകൃഷ്ണപിള്ളയും മകനും ചെയ്തുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചതുപോലെ അദ്ധ്യാപകനെ വെട്ടിനുറുക്കാന്‍ അവര്‍ ക്വട്ടേഷന്‍ ടീമിനെ അയച്ചില്ലല്ലോ.പിന്നെ, രണ്ടക്കം മാര്‍ക്ക് പ്രോഗ്രസ് കാര്‍ഡില്‍ കിട്ടാറില്ല എന്നത് നല്ല ലക്ഷണമാണ്.അറിയപ്പെടുന്ന പല പ്രതിഭകളു, ഇത്തരക്കാരോ, ഡോപൌട്ടുകളോ ആയിരുന്നു. ചേനപ്പാടിക്ക് ആ ലെവലിലേയ്ക്ക് വികസിക്കുവാനുള്ള പൊട്ടന്‍ഷ്യല്‍ കിടക്കുന്നുണ്ട്.
assssal !!! Chenappaadi "KUDAVIRICHAPOLE!!" . . .
Manoooooharam...!
kollaam sare ugran kadha
Wilson Mashe,Kochumon Vayichu.Very good.I think you have a lot of such experiences.Pls share it through this Blog.
kollam
അടിപൊളിയാ മാഷേ..ഇനിയും തമാശ എഴുതണേ!
കൊച്ചുമോനെ പ്രോത്സാഹിപ്പിച്ച-പഞ്ചാരക്കുട്ടന്‍,ഷല്‍മ,ലീമടീച്ചര്‍,കലി,റോസമ്മടീച്ചര്‍,സ്നേഹിതന്,ഷൈനിടീച്ചര്‍,kattil abdul nissar,
അസീസ് സാര്‍,ജോയിസാര്‍,അനോനിമസ്,സുമിന്‍,ഹരി& പച്ചതവള--എല്ലാവര്ക്കും കൊച്ചുമോന്റെ അമ്മയു
ടെയും ക്ലാസ് ടീച്ചറിന്റെയും റൊമ്പ നന്ദി....
abhinandanangal
pazhayaormakallekku odiyonnu pokan wison sir sahayichu .thanku
കാര്‍ഡാഹിനാ പരിഗ്രസ്ഥമാം ലോകവും ആലോല ചേതസാ...കാര്ഡുകളാവുന്ന പാമ്പുകളാല്‍ വിഴുങ്ങപ്പെടുന്ന ഈ ലോകത്ത് ഇത്തരം കൃതികള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു...
nalla ozhukkulla saily. veendum veendum vaayikkan thonnunna narmalekhanam.
മാഷെ കൊച്ചുമോന് ശേഷം പുതിയത് ഒന്നുമില്ലേ?സമയം പരിമിതമാണോ?താങ്കളുടെ അധ്യാപകാനുഭവങ്ങള്‍ ഒത്തിരി പേര്‍ക്ക് പ്രചോദനമാണ് .തുടര്‍ന്നും എഴുതുക .ഭാവുകങ്ങള്‍.ജോയി വാഴവര.
Post a Comment