പാരമ്പര്യത്തെയും പുതുമയേയും ഇഴചേര്‍ത്തുകൊണ്ട് ജീവിതാനുഭവങ്ങള്‍ക്ക് പുതിയ സാക്ഷ്യം രചിക്കുന്ന കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്. ആഖ്യാനപരത റഫീക്കിന്റെ കവിതകളുടെ സവിശേഷതയാണ്. ആഖ്യാനത്തില്‍ നിന്നുടലെടുക്കുന്ന വാങ്മയചിത്രങ്ങള്‍ പലപ്പോഴും നൊമ്പരങ്ങളുടെ ശൃംഖലകളാകുന്നു. വാക്കുകള്‍ അനുഭവങ്ങളുടെ നേര്‍രേഖകളാകുന്നു.
പഴയ മാതൃകകളില്‍നിന്നും പുതിയ കവിത അതിലംഘനത്തിന്റെ കാഴ്ചയൊരുക്കുന്നു. നിസ്സംഗതയോടും നിര്‍മമതയോടും ലോകാവസ്ഥയെ പലകവികളും നോക്കികാണുമ്പോള്‍ അതില്‍നിന്നും ഭിന്നമായി അനുഭവങ്ങളുടെ സൂക്ഷ്മസ്ഥലികളെ റഫീക്കിന്റെ കവിതകള്‍ അടയാളപ്പെടുത്തുന്നു.
ഒരിക്കലും ഒടുങ്ങാത്ത മാതൃത്വത്തിന്റെ തീവ്രനൊമ്പരമാണ് റഫീക് അഹമ്മദിന്റെ തോരാമഴ. തന്റെ ഓമനമകളായ ഉമ്മുക്കുലുസുവിന്റെ മരണത്തില്‍ ഉമ്മയ്ക്കുണ്ടാവുന്ന തീഷ്ണവേദനയാണ് ഈ കവിതയില്‍ കോറിയിട്ടിരിക്കുന്നത്. മകളുടെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഉമ്മയുടെ മാനസികസംഘര്‍ഷവും ധര്‍മ്മസങ്കടവും അവരുടെ പെരുമാറ്റത്തില്‍ തെളിയുന്നു. യാഥാര്‍ത്ഥ്യത്തിനപ്പുറം ഭ്രാന്തമായ ദുഃഖമാണ് ഉമ്മയെ ഭരിക്കുന്നത്. പെട്ടെന്നുപെയ്ത പെരുമഴയില്‍ തന്റെകുഞ്ഞുമകള്‍ മണ്ണിനടിയില്‍ മരിച്ചുകിടക്കുകയല്ല, തനിച്ചുകിടക്കുകയാണ് എന്ന തിരിച്ചറിവാണ് ഉമ്മയെ മകളുടെ വില്ലൊടിഞ്ഞ പുള്ളിക്കുടയുമായി പള്ളിപ്പറമ്പിലേക്കോടാന്‍ പ്രേരിപ്പിക്കുന്നത്. അവിടെ പുതിയതായി വെട്ടിയ മണ്ണട്ടിമേല്‍ മകള്‍ നനയാതിരിക്കാന്‍ കുടനിവര്‍ത്തി വയ്ക്കുന്ന ഉമ്മയുടെ ദുഃഖത്തിന് മറ്റൊന്നും പകരമാവില്ല.
മരണാനന്തരം എല്ലാവരും വീടൊഴിയുമ്പോഴും മകളുടെ ചെരിപ്പും പിഞ്ഞിയ ഉടുപ്പും ഉമ്മയുടെ മനസ്സില്‍ അവളുടെ സാന്നിദ്ധ്യമറിയിക്കുന്നു. വില്ലൊടിഞ്ഞെന്ന് ഉമ്മുകുലുസു എന്നും പരാതി പറയുമായിരുന്ന പുള്ളിക്കുടയുമായി പള്ളിപ്പറമ്പിലേക്ക് ഓടിപ്പോകുന്ന ഉമ്മ അസഹനീയമായ തീവ്രവേദന ഉള്ളില്‍ പേറുന്ന യാഥാര്‍ത്ഥ്യമാണ്.
മക്കളുടെ മരണം അനുഭവിക്കേണ്ടിവരിക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ മരണത്തോളം നീണ്ടുനില്‍ക്കുന്ന വേദനയാണ്. സ്വന്തം ശരീരത്തിന്റെ ഭാഗമായി കൊണ്ടുനടന്നതിനാലാവാം അമ്മമാര്‍ക്ക് മക്കള്‍ വേര്‍പെടുകയെന്നത് തോരാത്ത സങ്കടമഴയായി മാറുന്നത്.
ഈ കവിതയിലെ അന്തീക്ഷ കല്പനകള് ഉമ്മയുടെ ദുഃഖത്തിന് തീവ്രത പകരുന്നു. ഉമ്മുക്കുലുസുവിന്റെ കുഞ്ഞുചെരുപ്പില് ഉരുമ്മി കല്ലുവെട്ടാങ്കുഴിയിലേക്ക് ഓടിയകലുന്ന പുള്ളിക്കുറിഞ്ഞിയും പിഞ്ഞിയകുഞ്ഞുടുപ്പില് ചുറ്റിക്കറങ്ങി മരക്കൊമ്പിലേക്ക് ചേക്കേറിയ കാറ്റും കവിതയിലെ ദുഃഖത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഉമ്മുക്കുലുസു നട്ട ചെമ്പകച്ചോട്ടിലെ ഇരുളും ചിമ്മിനിവിളക്കിന്റെ കണ്ണീര്വെള്ളിച്ചവും ഉമ്മയുടെ തീരാസങ്കടങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. വാക്കുകള്‍ക്കതീതമായ സങ്കടം പങ്കുവയ്ക്കാന്‍ ഈ ഭാവനകള്‍ക്ക് കഴിയുന്നു. കാറ്റും മഴയും വെയിലും റഫീക്കിന്റെ കവിതകളില്‍ ആവര്‍ത്തിക്കുന്ന കല്പനകളാണ്.
"വെളിച്ചത്തിന്റെ ജലവിവര്‍ത്തനം മഴ
മഴയുടെ സൂര്യവിവര്‍ത്തനം വെയില്
ഉറക്കം മൃത്യുവിന് സ്വതന്ത്രതര്‍ജ്ജമ"എന്നെഴുതുമ്പോള്‍ പ്രകൃതിയുടെ വിവര്‍ത്തനമായി റഫീക്കിന്റെ കവിതമാറുന്നു. പ്രകൃതിയും അമ്മയും ഒത്തുചേരുന്ന മാതൃസങ്കല്‍പ്പം തോരാമഴയിലുമുണ്ട്.
മരച്ചില്ലകളിലും ഇലച്ചാര്ത്തുകളിലുമെല്ലാം എത്തിനോക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന കാറ്റിന്റെ ഏകാന്തത 'കാറ്റ് അറിയുന്നു' എന്ന കവിതയിലും കാണാം.
“ചില്ലയിലിലച്ചാര്ത്തില് പച്ചിലപ്പാഴ് പൊന്തയില്‍
ചെല്ലുമതിടയ്ക്കിടെയെങ്കിലും കലപില-
ക്കൂട്ടത്തിലൊറ്റപ്പെട്ട് പിന്നെയും തനിച്ചാവും.”എന്ന് കാറ്റിന്റെ ഏകാന്തത ആവിഷ്കൃതമാകുന്നു. 'തോരാമഴ'യില്‍ കാറ്റ് ഉമ്മുക്കുലുസുവിന്റെ കുഞ്ഞുടുപ്പില്‍ സൗഹൃദം തേടുകയും വീണ്ടും നഷ്ടബോധത്തോടെ ഏകാന്തതയിലേക്ക് അഭിരമിക്കുകയുമാണ്. “വെയിലിപ്പോള്‍ വേപ്പുമരത്തിന്റെ അടുത്തെത്തി കസേര നീക്കിയിട്ടു" എന്നെഴുതുമ്പോള്‍ സചേതനമെന്നും അചേതനമെന്നുമുള്ള വേര്‍തിരിവുകള്‍ ഇല്ലാതാവുകയാണ്.
മാമ്പൂ തല്ലിക്കൊഴിച്ചതിന് ശകാരം കേട്ട മകന് മാമ്പഴം പഴുത്തപ്പോഴേയ്ക്കും അമ്മയെ പിരിഞ്ഞതിന്റെ ദുഃഖം എല്ലാ അമ്മമനസ്സുകളിലും ആഴത്തില്‍ പതിപ്പിച്ച വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത തോരാമഴയുമായി സമാനത പുലര്‍ത്തുന്നു. മാമ്പഴവുമായി വിളിക്കുമ്പോഴും പണ്ട് പിണങ്ങിനില്ക്കുമ്പോള് അമ്മയുടെ വിളികേട്ട് കുണുങ്ങിക്കുണുങ്ങി വരാറുള്ളതുപോലെ തന്റെ ഉണ്ണി എത്തിയിരുന്നുവെങ്കിലെന്ന് ഈ അമ്മ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. നീ ഈ മാമ്പഴം നുകര്‍ന്നാലേ അമ്മയ്ക്കുസുഖമാവൂ എന്ന് മതൃഹൃദയം തപിക്കുന്നു. ഇവിടെയും മരണമെന്ന പ്രഹേളികയ്ക്കുമുമ്പില് മാതൃത്വത്തിന്റെ നിസ്സഹായത അനുവാചകരുടെ കണ്ണു നനയ്ക്കുന്നു.
അമ്മ മാമ്പഴമെടുത്ത് കുഞ്ഞിന്റെ ശവകുടീരത്തില്‍ വയ്ക്കുമ്പോള്‍ കാറ്റായ് വന്ന് കുഞ്ഞിന്റെ പ്രാണന് അമ്മയെ ആശ്ലേഷിച്ചു എന്നാണ് വൈലോപ്പിള്ളി പകര്‍ത്തുന്നത്. ഇവിടെയും മകന്റെ സാന്നിദ്ധ്യം പ്രകൃതിയുടെ സാന്ത്വനത്തിലൂടെ അമ്മ അനുഭവിക്കുന്നു. മാമ്പഴക്കാലം മറ്റുള്ളവര്‍ക്ക് വസന്തോത്സവമാകുമ്പോള് അമ്മയ്ക്ക് കണ്ണീരിനാല്‍ അന്ധമായ വര്‍ഷകാലമായി പരിണമിക്കുന്നു. അമ്മയുടെ കണ്ണീര് മഴയും ഉമ്മയുടെ സങ്കടമഴയും ഒന്നുതന്നെയാകുന്നു.
രണ്ടുകവിതയിലും മാതൃദുഃഖമാണ് പ്രമേയമെങ്കിലും മാമ്പഴം വിവരണാത്മകതയ്ക്ക് പ്രാധാന്യം നല്കുമ്പോള് തോരാമഴ ധ്വന്യാത്മകതയ്ക്ക് മുന്‍തൂക്കം നല്കുന്നു. അമ്മയുടെ കണ്ണില്‍നിന്നും ഉതിര്‍ന്നുവീഴുന്ന ചുടുകണ്ണീര്‍ത്തുള്ളികള്‍ മാമ്പഴത്തില്‍ പ്രത്യക്ഷമാകുമ്പോള്‍ തോരാമഴയില്‍ ഉമ്മയുടെ മാനസികവ്യഥ കാച്ചിക്കുറുക്കിയ നൊമ്പരമായി വായനക്കാര്‍ അനുഭവിക്കുന്നു.
അകാലത്തില്‍ പൊലിയുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആധിയും വ്യഥയും 'തോരാമഴ'യും 'മാമ്പഴ'വും പങ്കുവയ്ക്കുമ്പോള്‍ തന്റെ മക്കള്‍ മുഴവന്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം ഇടശ്ശേരിയുടെ 'പണിമുടക്കം' എന്ന കവിത ആവിഷ്കരിക്കുന്നു. ജന്മിയുടെ ഭാര്യയ്ക്ക് സന്താനസൗഭാഗ്യത്തിനായി പായസം കഴിക്കുകയും ദിവസങ്ങളായി പട്ടിണി അലട്ടിയ കോരന്റെ മക്കള്‍ വയര്‍ നിറഞ്ഞുപൊട്ടുംവരെ പായസം കുടിക്കുകയും ദഹനവ്യവസ്ഥ തകിടം മറിഞ്ഞ് ഓരോരുത്തരായി മരണമടയുകയും ചെയ്യുന്നു. മക്കള്‍ നഷ്ടപ്പെട്ട രൗദ്രമൂര്‍ത്തിയായ അമ്മയുടെ ഭ്രാന്തമായ നിലവിളി ദയനീയമായ കാഴ്ചയാകുന്നു. ആത്മാവിന്റെ ഭാഗമായ ഉണ്ണിയുടെ വേര്‍പാടില്‍ സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്തു പൂതത്തിനു സമര്‍പ്പിക്കുന്ന അമ്മയുടെ ദുഃഖവും 'പൂതപ്പാട്ടി'ല്‍ ഇടശ്ശേരി വരച്ചിട്ടിട്ടുള്ളതും ഇവിടെ സ്മരണീയമാണ്.
വിജയലക്ഷ്മി 'വിട്ടുപോകൂ' എന്ന കവിതയില്‍ തന്നില്‍ നിന്നും വലുതാകുന്തോറും അകന്നുപോകുന്ന മകന്റെ ജീവിതാവസ്ഥകള്‍ രേഖപ്പെടുത്തുന്നു.
"സൂര്യനെന്തെന്നു ചോദിച്ചു, പാട്ടിലെ
പ്പൂതമെങ്ങെന്നു ചോദിച്ചു, പിന്നെയും
ഞാനറിയാത്തൊരായിരം കാര്യങ്ങള്‍.
ഞാനറിവൂ, കുറച്ചുനാള്‍, പിന്നെ നീ
നാവടക്കും, നമുക്കുതമ്മില്‍ വരും
നാമറിയാതറിയാത്ത ദൂരങ്ങള്‍" എന്ന വരികളില്‍ ഈ അകല്‍ച്ച ദൃശ്യമാകുന്നു. എന്നാല്‍ വലുതായി മകന് അവന്റെ ലോകങ്ങള്‍ തേടുമ്പോഴും പാതിരാക്കാലടികള് കുഴഞ്ഞ് മകന് എന്നെങ്കിലും മടങ്ങിയെത്തുമ്പോള്‍ ഒരു 'മഹാവൃക്ഷത്തിന്റെ വേരായി', 'കൊടുംവേനലില്‍ കരിന്തണലായി' താനിവിടെയുണ്ടാകുമെന്ന് അമ്മ ആശ്വസിക്കുന്നു. മക്കള്‍ ഭൂമിക്കുമേല്‍ ആശ്വാസമഴയായി പൊഴിയണമെന്ന മഹാമനസ്കത കാത്തുസൂക്ഷിക്കുന്ന മാതൃത്വമാണ് ഈ കവിതയില്‍. നെഞ്ചില്‍ നീറുന്ന കനലുകളുമായി മക്കള്‍ക്കായി മിടിക്കുന്ന മാതൃഹൃദയങ്ങള്‍ക്ക്, ഉപാധികളില്ലാത്ത സ്നേഹത്തിന് മക്കളുടെ വേര്‍പാട് എന്നും അസഹനീയമാണെന്ന് ഈ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആഗോളവല്ക്കരണവും മാധ്യമസംസ്കാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ചേര്‍ന്നു സൃഷ്ടിക്കുന്ന പുതിയ സാമൂഹികബോധം പുതുകവിതകളെ ഏറെ സ്വാധീനിച്ചു. ആധുനികാനന്തരകവിതകളില് ആഖ്യാനഘടന പൊളിച്ചെഴുതപ്പെട്ടു. ഗുരുവില്‍ നിന്ന് ലഘുവിലേക്ക് കവിത പരിണമിച്ചു. കവിതയുടെ വര്‍ത്തമാന സാഹചര്യങ്ങളിലും പി. പി. രാമചന്ദ്രനെപ്പോലെ ഞാനിവിടെയുണ്ട് എന്നറിയിക്കാന്‍ കുഞ്ഞുതൂവലുകള്‍ പൊഴിച്ചിടുകയാണ് റഫീക്ക് അഹമ്മദ്. ആ തൂവലുകള്‍ ഹൃദയത്തില്‍ മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നത് അനുഭവങ്ങളെ ഭാഷകൊണ്ട് വിവര്‍ത്തനം ചെയ്യുന്നതിനാലാണ്.
-ഡോ. ഷംല യു.
എ.ജെ.ജോണ്‍ മെമ്മോറിയല്‍
ജി.എച്ച്.എസ്.എസ്.,
തലയോലപ്പറമ്പ്.
10 comments:
Nalla oru vayananubhavam.....congrats.....
ശരിയാണ് ,വളരെ മികച്ച ഒരു വായനാനുഭവം ...താങ്ക്സ് ..
സന്ദര്‍ഭങ്ങളെ വൈദ്യുതിപോലെ കടത്തിവിടുന്ന
കവിതകളെ നന്നായി വായിച്ചെടുത്തതിനു നന്ദി.
അഭിനന്ദനങ്ങള്‍ ! പുതിയ എഴുത്തുകാരിലേക്ക്
കടക്കാത്തതെന്തേ?
vayananubhavam mathrammallla mikacha oru chinthaka kudiyanennu theliyichirikkunnu. kaviyude andara sphulinkangale nokki kothiyedutha pole
സമാന കവിതകള്‍ ഉള്‍പ്പെടുത്തിയുള്ള പഠനം നന്നായിരിക്കുന്നു.
ഷംലടീച്ചറുടെ ആസ്വാദനം ഗംഭീരമായി.
രേഷ്മ ഇതു്ഞങ്ങള്ക്കു് വായിച്ചുതന്നു.
വെളിയനാടു് സെന്റ്പോള്സു് ഹൈസ്ക്കുള് പത്തു് എ യിലെ കുട്ടികള്‍
റഫീക്ക് അഹമ്മദിന്റെ "തോരാമഴ" എന്ന കവിതയ്ക്ക് ഷംല ടീച്ചറിന്റെ ഹൃദ്യമായ ആസ്വാദനം അതിഗംഭിരം!! അഭിനന്ദനങ്ങള്‍ !!!
ബോബി മാത്യു ,
ക്ലാസ് 10
സെന്റ് പോള്‍സ് ഹൈസ്കൂള്‍ , വെളിയനാട്
കലോത്സവ തിരക്കുകള്‍ക്കിടയില്‍ ഇങ്ങോട്ടു വരാന്‍ വൈകി.
സമഗ്രമായ പഠനം.പ്രത്യേകിച്ചും മലയാള കവിതയിലെ മാതൃ വിലാപങ്ങള്‍ താരതമ്യമായി കണ്ടെത്തിയത്, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനകരമായി.
തോരാമഴ മാമ്പഴത്തിന്റെ വിദൂരത്തുപോലും എത്തില്ലെങ്കിലും
ഷംലടീച്ചറിന്റെ പഠനം ഗംഭീരമായി.
അഭിപ്രായങ്ങള്‍ക്ക് നന്ദി.തോരാമഴ മാമ്പഴത്തിന്റെ അടുത്തു പോലും എത്തില്ല എന്ന വില്‍സണ്‍ സാറിന്റെ അഭിപ്രായത്തോട് അല്പം വിയോജിപ്പും ഉണ്ട് കേട്ടോ.കഴിഞ്ഞ വര്‍ഷം മാതൃഭൂമിയില്‍ വന്നപ്പോള്‍ തന്നെ കണ്ണ് നനയിച്ച കവിതയായിരുന്നു തോരാമഴ. ഈയിടെ വന്ന വേണുഗോപാലിന്റെ 'രണ്ടു കുഞ്ഞുങ്ങള്‍'പോലെ. തീര്‍ച്ചയായും മാമ്പഴം മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.എങ്കിലും തോരമഴയേയും അതിനോട് ചേര്‍ത്ത് വയ്ക്കാനാണ് എനിക്കിഷ്ടം.
ഷംല ടീച്ചറിന്റെ കവിതാ പഠനം വളരെ നന്നായി.സമാനമായ മറ്റു കവിതകളിലെ വരികള്‍ കൂട്ടിച്ചേര്‍ത്തത് പ്രയോജനപ്പെട്ടു.വില്‍സണ്‍ സാറിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പില്ല.മാമ്പഴവും തോരാമഴയും ഒരു പോലെ ഇഷ്ടമെങ്കിലും കൂടുതല്‍ ദുഖിപ്പിച്ചത് തോരാമഴയാണ്.കുട്ടി മരിച്ചതിന്റെ തൊട്ടടുത്ത ദിവസത്തെ അമ്മയാണ് തോരാമഴയിലേത്.നാലു മാസം കൊണ്ട് ദുഖത്തെ കുറച്ചെങ്കിലും ഉള്‍ക്കൊള്ളാന്‍ മാമ്പഴത്തിലെ അമ്മയ്ക്കു സാധിച്ചിരിക്കാം.
Post a Comment