എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 3, 2011

കുറത്തി - കഥ


ഒഴിവുകാലം കളിച്ചു തന്നെ തീര്‍ക്കണമെന്ന പക്ഷക്കാരനാണ് ചിക്കു. മദ്ധ്യ വേനലവധിയുടെ ആഘോഷത്തിമിര്‍പ്പിലാണ് അവന്‍. ക്രിക്കറ്റ് കളിച്ചു കൊണ്ടാണ് അവന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വീടിന്റെ അല്പം മാറി വടക്കുഭാഗത്തായി ഒരു പള്ളി ശ്മശാനമാണ്. പള്ളിശ്മശാനം രണ്ടായി പകുത്തുകൊണ്ട് ഒരു ഊടു വഴി നീണ്ടു പോകുന്നു. ശ്മശാനത്തിന്റെ അപ്പുറമാണ് ചിക്കു ദിവസവും ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന പഞ്ചായത്ത് മൈതാനം. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയുംനട്ടുച്ചയ്ക്ക് ശ്മശാനത്തിലൂടെയുള്ള യാത്ര മുത്തശ്ശി വിലക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും നട്ടുച്ചയ്ക്കും നട്ടപ്പാതിരക്കും പ്രേതങ്ങളിറങ്ങി നടക്കുമെന്നാണ് മുത്തശ്ശിയുടെ വിശ്വാസം. ചിക്കുവിനെ ഭയപ്പെടുത്താന്‍ നിരവധി കഥകളും മുത്തശ്ശി തട്ടിവിടാറുണ്ട്. അതില്‍ നട്ടുച്ചയ്ക്ക് ശ്മശാനത്തിലൂടെ നടന്ന് ഭ്രാന്തിളകിയ ഭ്രാന്തന്‍ കുഞ്ഞിരാമന്റെയും ഭ്രാന്തന്‍ മമ്മുവിന്റെയും കഥകളുമുണ്ട്. മമ്മുവും കുഞ്ഞിരാമനും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച് കൊണ്ട് ഇപ്പോഴും ഗ്രാമത്തില്‍ വിലസി നടക്കുന്നു. ഇതില്‍ കുഞ്ഞിരാ മന്റെ വിശ്രമ സ്ഥലം പുരാണത്തിലെ നാറാണത്തു ഭ്രാന്തനെപ്പോലെ ശ്മശാനം തന്നെയാണ്.ഇടയ്ക്ക് ശ്മശാനത്തില്‍ നിന്നും ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കേള്‍ക്കാം. പരിചയമില്ലാത്ത നാട്ടുകാരാണെങ്കില്‍ ശരിക്കും ഭയന്ന് പോകും.ഇങ്ങനെയൊക്കെയാണെങ്കിലും ചിക്കുവിന് ശ്മശാനത്തെയോ പ്രേതങ്ങളെയോ ഒരു കാലത്തും ഭയം തോന്നിയിട്ടില്ല.ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭയങ്കരരല്ല പ്രേതങ്ങള്‍ എന്നാണ് അവന്റെ വിശ്വാസം. എപ്പോഴെങ്കിലും ഒരു പ്രേതത്തെ നേരില്‍ കാണണമെന്ന ഒരാഗ്രഹം അവന്റെ മനസ്സിലുണ്ട്.ശ്മശാനത്തില്‍ ഭ്രാന്തന്‍ കുഞ്ഞിരാമനെയല്ലാതെ വേറെയാരെയും അവനിതുവരെ കണ്ടിട്ടില്ല. പള്ളിയില്‍ നിന്ന് സുബഹി ബാങ്കും അസര്‍ ബാങ്കും കൊടുക്കുമ്പോള്‍ പൂര്‍വ്വജന്മകഥകളോര്‍‍ത്തിട്ടെന്ന പോലെ പള്ളിപ്പറമ്പില്‍നിന്നും കുറുക്കന്‍മാര്‍ ഓരിയിടാറുണ്ട്. ചിക്കു അന്നും പതിവു പോലെ രാവിലെ തന്നെ ക്രിക്കറ്റ് ബാറ്റുമായി വീട്ടില്‍ നിന്നുമിറങ്ങി. കറുത്തമീസാന്‍ കല്ലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളി ശ്മശാനത്തിലൂടെ അവന്‍ നടന്നു.
“ആത്മാവുകള്‍ക്ക് കാവല്‍നില്‍ക്കുന്ന വിശ്വസ്ഥരായ കാവല്‍ ക്കാരെപ്പോലെയാണ് മീസാന്‍ കല്ലുകളെന്ന്"അവന് തോന്നി. മീനമാസത്തിലെ കൊടും ചൂടില്‍ കരിഞ്ഞുണങ്ങിയ കൊങ്ങണം പുല്ലും കാട്ടപ്പയും ചവുട്ടിക്കടന്ന് മൈതാനത്തിലെത്തി. കൂട്ടുകാരുമൊത്ത് ഒരുപാടുനേരം അവന്‍ കളിച്ചു.ചിക്കു ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഉച്ചയായപ്പോഴേക്കും എല്ലാവരും തളര്‍ന്നു. കൊടും ചൂടില്‍ വാടിത്തളര്‍ന്നവര്‍ ഓരോരുത്തരായും കൂട്ടമായും വീടുകളിലേക്ക് മടങ്ങി. കൂട്ടുകാരില്‍ചിക്കു മാത്രമായിരുന്നു തെക്കുഭാഗത്തുള്ളവന്‍. അതു കൊണ്ട് മടക്കയാത്ര എപ്പോഴും ഒറ്റക്കായിരുന്നു. ശ്മശാനത്തെ ചുറ്റി റോഡുണ്ടെങ്കിലും ചിക്കു ഒരിക്കലും റോഡില്‍ കൂടി പോകാറില്ല. എളുപ്പവഴി ശ്മശാനത്തില്‍ കൂടിയാണ്.വളരെ ചുരുക്കം ആളുകള്‍ മാത്രമേ അതു വഴി പോകാറുള്ളൂ. അന്നും അവനൊറ്റക്കായിരുന്നു. ഒരേക്കറോളം പരന്നു കിടക്കുന്ന ശ്മശാനം. ചിക്കു ഏതാണ്ട് ശ്മശാനത്തിന്റെ മധ്യത്തിലെത്തിക്കാണും, പെട്ടെന്നാണ് അവനതു കണ്ടത്. അല്പം ഉയര്‍ന്ന പാറക്കല്ലില്‍ ഒരു കറുത്തിരുണ്ട മനുഷ്യരൂപം. ഒരു നിമിഷം പിന്നോട്ടോടിയാലോ എന്നവന് തോന്നി. അവന്റെ ധൈര്യം എങ്ങോ ചോര്‍ന്നു പോയി. കാലുകളില്‍ തണുപ്പരിച്ചു കയറും പോലെ അവന് തോന്നി.അനങ്ങാന്‍ തോന്നിയില്ല.അപ്പോള്‍ മുത്തശ്ശിയുടെ വാക്കുകള്‍ മാത്രം കാതില്‍ മുഴങ്ങി"ഇന്ന് വെള്ളിയാഴ്ചയാണ്. ''നട്ടുച്ച നേരവും. ആ രൂപം തന്നെ മാടിവിളിക്കുകയാണ്. ചോരച്ച പല്ലുകള്‍ കാട്ടി ചിരിക്കുന്നുമുണ്ട്. പാറിപ്പറക്കുന്ന നരച്ച തലമുടി. മെലിഞ്ഞുണങ്ങിയ കൈകള്‍. വീണ്ടും അത് തന്നെ മാടി വിളിക്കുന്നു. ഏതോ അദൃശ്യശക്തി കൊണ്ടെന്ന പോലെ അവന്റെ കൈകാലുകള്‍ അവനറിയാതെ ചലിച്ചു. ഒരു പ്രേതത്തെ നേരില്‍ കാണണമെന്നത് അവന്റെ ചിരകാല അഭിലാഷമാണ്.അവനതിന്റെ തൊട്ടടുത്തെത്തി.
''കൈ നോക്കണോ''? ആ സ്ത്രീരൂപം ചോദിച്ചു. അപ്പോഴാണവന് ശ്വാസം നേരെ വീണത്. അതൊരു കുറത്തിയായിരുന്നു. അവന്‍ കൈ നീട്ടി അവരുടെ മുമ്പിലിരുന്നു. ആ സ്ത്രീ ശുഷ്കിച്ച വിരലുകള്‍ നീട്ടി അവന്റെ
കൈ നിവര്‍ത്തിപ്പിടിച്ച് കൈ രേഖകളില്‍ വിശദമായി കണ്ണോടിച്ചു. എന്നിട്ടൊരു ചോദ്യം തൊടുത്തു വിട്ടു.
''നിനക്ക് ഇഷ്ടപ്പെട്ട മരമേതാണ്?''
രണ്ടാമതൊന്നാലോചിക്കാതെ അവന്‍ പറഞ്ഞു ''കാഞ്ഞിരം''. കുറത്തി ഞെട്ടുന്നതവന്‍ കണ്ടു.
''ഇഷ്ടപ്പെട്ട പക്ഷിയേതാണ്?''
''കഴുകന്‍'' ചിക്കു വീണ്ടും ഉത്തരം പറഞ്ഞു.
കുറത്തിയുടെ കണ്ണുകളില്‍ തീയാളി പടരുന്നതവന്‍ കണ്ടു.
''ഇഷ്ടപ്പെട്ട മൃഗമേതാണ്?'' വിറയാര്‍ന്ന ശബ്ദ്ത്തില്‍ കുറത്തി വീണ്ടും ചോദിച്ചു.
''ചെന്നായ'' അവനുത്തരം പറഞ്ഞു.
പെട്ടെന്ന് കുറ്റിക്കാട്ടില്‍ നിന്നും രണ്ട് കുറുക്കന്‍മാര്‍ പിടഞ്ഞോടി. കുറത്തി എഴുന്നേറ്റു. വിശാലമായ ശ്മശാനത്തിലേക്കും അവന്റെ മുഖത്തേക്കും കുറത്തി മാറി മാറിനോക്കി. പിന്നീട് ഒരു നില വിളിയോടെ കുറത്തി തിരിഞ്ഞു നോക്കാതെയോടി.


അതുല്യ മടപ്പള്ളി
9 A
ജി. ജി. എച്ച്. എസ്സ്. എസ്സ്.മടപ്പള്ളി
വടകര

c/o T K Narayanan
Teacher
G.G.H.S.S. Madappally

6 comments:

Beena teacher said...

കഥ വളരെ നന്നായി!നല്ല നല്ല കഥകള്‍ ഇനിയും ആ തൂലികത്തുമ്പില്‍ നിന്ന് വാര്‍ന്നുവീഴട്ടെ !എല്ലാവിധ ഭാവുകങ്ങളും !

shamla said...

ജീവിചിരിക്കുന്നവരെക്കള്‍ അപകടകാരികളല്ല മരിച്ചവരെന്നു നമ്മുടെ കുട്ടികളും തിരിച്ചരിയുന്നുവല്ലോ ആഖ്യാനത്തിലെ ഭ്രമാത്മകത നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

കല്യാണിക്കുട്ടി said...

nalla kadha...........

pranav said...

good story !

lathika said...

oru nalla kavitha pole ozhukunna thoolikakku orayiram asamsakal

azeez said...

മോളൂ, വളരെ നല്ല കഥ. ഇപ്പോഴേ വായിക്കുവാന്‍ കഴിഞ്ഞുള്ളൂ.തുടക്കം മുതല്‍ വളരെ ഉദ്വേഗത്തോടെയാണ് വായിച്ചത്. നല്ല കഥ പറച്ചില്‍.ചിക്കുവിനെ അവള് ‍കൊന്നുകളയുമോ എന്നു പേടിച്ചു.പക്ഷെ ചിക്കു പിശാചിനേയും പേടിപ്പിച്ചു കളഞ്ഞുവല്ലോ.
ഒക്ടോബറിലാണ് ഇവിടെ ഹാലവീന്‍ ഡെ.പിശാചു ദിനം.അപ്പോള് ഒരു മാസം മുഴുവനും ഇത്തരം ഹൊറര്‍ ഫിക്ഷനുകളാകും കുട്ടികള്‍ കൂടുതല്‍ വായിക്കുക.
അതുകൊണ്ട് ഒരു പിശാചും അവരെ ഭയപ്പെടുത്തുവാന്‍ സ്വപ്നത്തില്‍ പോലും കടന്നുവരാറില്ല.ഞങ്ങളുടെ കുട്ടിക്കാലങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന മകരച്ചൊവ്വയും വെള്ളിയാഴ്ചരാവും സന്ഡ്യാനേരത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാത്തതും ചേരപ്പാമ്പു വായപൊളിക്കുന്നതാണെന്നു പറയുന്ന കപ്പപുഴുങ്ങിയ മണവും ഇഫ്രീത്തിന്‍റെ വരവും എന്റെ പടിഞ്ഞാറെ അമ്പലത്തില്‍ നിന്നുള്ള കാര്‍ത്ത്യായനിയുടെ സഞ്ചാരവും ഒക്കെ ഇവിടെയിരുന്നുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കഥ ഉപകരിച്ചു. നന്ദി. ഇനിയും എഴുതണം.നറേഷന്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.ശരിക്കും ആ ഫീല്‍ കിട്ടും .