സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന, ഏതുതരം വൈദേശികാധിപത്യത്തേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിക്ക്. |
ഒന്ന്
മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.
കാത്തുവച്ചൊരു കരുത്തിനെ
കാക്കകൊത്തിപ്പറക്കുമ്പോള്‍
ചെറുക്കുവാന്‍ കഴിവില്ലാത്തോര്‍
കുതറുവാന്‍ വഴിയില്ലാത്തോര്‍
ചിന്തയ്ക്കു ബലിച്ചോറു നല്കിയവര്
അറിയാതെ പറയുന്നു
മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.
രണ്ട്
തമ്പ്രാന് വന്നു
ഒരു പുത്തനാം തമ്പ്രാന് വന്നു
തലവച്ചുകൊടുക്കാം
ചവിട്ടിത്തേച്ചരയ്ക്കുവാന്
കൈക്കുമ്പിളൊരുക്കാം
കാര്‍ക്കിച്ചുതുപ്പുവാന്‍
നെഞ്ചൊരുക്കി കൊടുക്കാം
ചവിട്ടിക്കയറുവാന്‍
ഇടം ചെവി കാട്ടിടാം
ചെകിട്ടടി കിട്ടുവാന്‍
തമ്പ്രാന് വന്നു
ഒരു പുത്തനാം തമ്പ്രാന് വന്നു
അക്ഷരം മറക്കുവാന്‍ തന്നൊരു
തല്ലിനെ പൂന്തെന്നലായി തലോടാം
പുലഭ്യം പുലമ്പുന്ന നാവിനെ
വാഗ്ദേവിയായിപ്പുകഴ്ത്താം
നാഭിക്കുഴിയില്‍ ചവിട്ടുന്ന കാലടി
ശിവലിംഗമായി സ്തുതിക്കാം.
തമ്പ്രാന് വന്നു
ഒരു പുത്തനാം തമ്പ്രാന് വന്നു
മണ്കുഴികളൊരുക്കാം
കരിങ്കാടികിട്ടുവാന്
നടുമ്പുറം കാട്ടിടാം
ചാട്ടവാറടി കിട്ടുവാന്‍
വലംതോളുകുനിക്കാം
നുകം വച്ചുകെട്ടുവാന്‍
തമ്പ്രാന് വന്നു
ഒരു പുത്തനാം തമ്പ്രാന് വന്നു
പെണ്ണിനെയൊരുക്കാം
തമ്പ്രാനു കൊടുക്കുവാന്‍
സര്‍വ്വതും സമര്‍പ്പിക്കാം
തമ്പ്രാന് മെതിക്കട്ടെ
സര്‍വ്വതും സമര്‍പ്പിക്കാം
തമ്പ്രാന് മെതിക്കട്ടെ
മൂന്ന്
മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.
മണ്ണിളകുന്നു
വീണ്ടും കാല്‍ച്ചുവട്ടിലെ
മണ്ണിളകുന്നു.
'അനന്തകൃഷ്ണത്തമ്പുരാന്‍'
ലക്ചറര്‍
ഗവ. ടി.ടി.ഐ
ഏറ്റുമാനൂര്‍, കോട്ടയം
4 comments:
കുഞ്ചന്റെ കാവ്യ പാരമ്പര്യം വേരറ്റുപോയിട്ടില്ല എന്നുതെളിയിക്കുന്ന കവിത. കവിയ്ക്ക് അധിനന്ദനങ്ങള്‍ !!!
മലയാളിയുടെ പൊയ്മുഖം പിച്ചിച്ചീന്താന്‍ ഈ കൊച്ചുപിച്ചാത്തിയ്ക്കാവുമോ മാഷേ....
ഒരു കൊടുവാളോ കോടാലിയോ വേണ്ടിവന്നേക്കും.
ഏതായാലും താങ്കളുടെ ഉദ്യമം നല്ലതുതന്നെ.
ശുഭാശംസകള്‍..........
Arun Chettikulangara
കാല്‍ച്ചുവട്ടിലെ മണ്ണിടിഞ്ഞാലെന്ത് മടിക്കുത്തുനിറയെ പുത്തനുള്ളപ്പോള് മലയാളി എന്തും വിലയ്ക്കുവാങ്ങും. നാളെ കവിയ്ക്കും അവര്‍ വിലപറഞ്ഞേക്കും. കൊട്ടേഷന്‍ കൊടുക്കാനും മതി.
കരുതിയിരിക്കുക
Post a Comment