എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 20, 2011

കഥയും കവിതയും ക്രോസ് ചെയ്യുന്ന ജീവിതക്കുരിശ് - കഥാസ്വാദനം

 
പ്രമോദ് രാമന്റെ റെഡ് ക്രോസ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 46) ജീവിത സമയങ്ങളെ അപശകുനഋതുക്കളാക്കുന്ന മലയാളിയുടെ ഉയര്‍ത്തിപ്പിടിച്ച മുതുകിനുനേരെയുള്ള മാരക പ്രഹരമായി മാറി. ജുറാസിക് പാര്‍ക്ക് എന്ന ബിംബകല്പനയിലാരംഭിക്കുന്ന കഥ ബിംബങ്ങളിലുടെ വളരുന്നു. നവീനകവികള്‍ ബുദ്ധിമുട്ടി ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന ബിംബകല്പനകളേക്കാള്‍ ഹൃദയഭേദകമായ പ്രയോഗങ്ങള്‍ കഥയിലുടനീളമുണ്ട്. ഇത്തരം കഥകളുടെ പിറവി നവീനകവിതയുടെ കൂമ്പടച്ചുകളയുമോ എന്ന് ന്യായമായും പുതുകവികളെങ്കിലും ആശങ്കപ്പെടണം. ഉദാഹരിക്കുന്നില്ല, അത്രയ്ക്കുണ്ട് അവ ഈ കഥയില്‍. കുറുകെയുള്ള ഭാഗം കവിതയും നേരെയുള്ളത് കഥയും ചേര്‍ത്താണ് ഉദ്വേഗപൂര്‍ണ്ണമായ ഈ കഥയുടെ ചെങ്കുരിശ് പണിതിരിക്കുന്നത്.
കര്‍ത്താവും ക്രിയയും കര്‍മവും യാദൃശ്ചികമായി ഒന്നിക്കുന്ന നിമിഷങ്ങളില്‍ ആണത്തം ഉണരുന്നു. ജുറാസിക് യുഗങ്ങള്‍ക്കപ്പുറത്തുനിന്നുപോലുമുള്ള ആണ്‍കോയ്മയുടെ നാനാവതാരങ്ങള്‍ വേഷം കെട്ടിയാടുമ്പോള്‍ സ്ഥലകാലങ്ങള്‍ അലസിപ്പോകുന്ന തദേവസ്സുമാര്‍ ജനിക്കുന്നു. ബിയാട്രീസുമാരുടെ ഉടല്‍ രക്തം ചീറ്റുന്നു. ഓരോ സ്ത്രീയും കാലാന്തരങ്ങളിലേയ്ക്ക് പതിക്കുന്ന ചെങ്കുരിശ്ശായി മാറുന്നു. ജീവിതക്കുറിശേന്തുന്ന എല്ലാ ഭാര്യമാരും ഒരിടത്ത് ഘനീഭവിച്ചതാകുന്നു ബിയാട്രീസ്, വയസ്സറിയിക്കുന്ന പെണ്‍മക്കളുള്ള അമ്മമാരുടെ ആധി രൂപമെടുത്തതാകുന്നു ബിയാട്രീസ്, വിശന്നു വിശന്ന് സിംഹഗന്ധംപൂണ്ട് ഭ്രാന്തിയായി അടുക്കളകളില്‍ ഒടുങ്ങിത്തീരുന്ന പ്രസവിക്കുന്ന പാത്രങ്ങളുടെ ആകെത്തുകയാകുന്നു ബിയാട്രീസ്.
പരപീഡനവും കാമാതുരതയും സ്വേച്ഛാധികാരവും അലങ്കോലമാക്കിയ മലയാളിമനസ്സിന്റെ ഉടലില്‍ കുത്തിത്തുളച്ച് ചീറ്റിയ ജനിതകമഷികൊണ്ടാണ് പ്രമോദ് രാമന്‍ ഈ ചെങ്കുരിശ് നമ്മുടെയെല്ലാം ചുമലിലേറ്റുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഒരാള്‍ക്കു കുറുകെ മറ്റൊരാള്‍ എന്നവിധം കുരിശ്ശായിത്തീരുന്ന ജീവിതാദ്ധ്യായങ്ങളാണ് നമുക്കുചുറ്റും. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് ഈ കഥ നല്‍കിയത്.

രവി നാദാപുരം
മലയാളം അദ്ധ്യാപകന്‍
കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍
പുറമേരി പി. .
കോഴിക്കോട്

5 comments:

shamla said...

മരണതോലമെത്തുന്ന പെണ്ണിന്റെ ജീവിതസഹനത്തെ റെഡ്ക്രോസ് ഓര്‍മിപ്പിച്ചു. മകളുടെ വളര്‍ച്ചയുടെ ഞെട്ടല്‍ ഉറക്കം കെടുത്തുന്ന ഒരുപാട് അമ്മമാരില്ലേ നമുക്ക് ചുറ്റും? പെണ്ണിന്റെ പക്ഷത് നിന്നും നോക്കാന്‍ കഴിഞ്ഞതിനാലാണ് ഈ കഥ അനുഭവതീവ്രമായത്. സുഭാഷ്‌ ചന്ദ്രന്റെ ഗുപ്തം ഒരു തിരക്കഥ ഒന്ന് വായിച്ചു നോക്കു. ഉറകം നഷ്ടപ്പെടുത്താന്‍ തയ്യാറാണെങ്കില്‍

rajeev kanjiramattom said...

ഇത്തരം സാഹിത്യ ചര്‍ച്ചകളിലൂടെ നമ്മുടെ ബ്ലോഗ്‌ കൂടുതല്‍ പ്രയോജന പ്രദമാകട്ടെ. ഷംല ടീച്ചറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും നമ്മെ സാഹിത്യ ചര്‍ച്ചകളിലേക്ക് കൊണ്ടു ചെല്ലുന്നു എന്നതില്‍ സന്തോഷം.

Unknown said...

thangalude lekhanem vayichu tharekkedilla malayalamfontil type chaiyyan prayasamanu


sasneham mohandas

mohanatten@gmail.com mohanattenblogspot.com

ജാനി said...

അടുത്ത കാലത്ത് വായിച്ച കഥകളില്‍ വാക്കുകളിലേക്ക് പകരാനാവാത്ത ഒരളവുകളിലും ഒതുങ്ങാത്ത അങ്കലാപ്പ്,അത് മറ്റേതൊരു വികാരത്തെയും മറികടക്കും വിധം ചിന്തയില്‍ പെരുത്ത് കൊണ്ടേയിരിക്കുന്നു.പ്രമോദ് രാമന് അഭിനന്ദനങ്ങള്‍.ആകെയിളകും വിധത്തിലുള്ള പിടിച്ചു കുലുക്കലിന്.....

jollymash said...

ഒരിക്കല്‍ 'കൊമാല'യും മാതൃഭൂമിയുടെ മുഖ ചിത്രമായിരുന്നു . പ്രതിഭകളെ കണ്ടെത്താനുള്ള കഴിവും തിരിച്ചറിയണം ...
'റെഡ്ക്രോസ് ' -അതിന്റെ വന്യമായ ഭാഷയും ,തീഷ്ണമായ ജീവിതാനുഭവങ്ങളും, അന്തരീഷവും , 'റെഡ്ക്രോസ് '-നെ
ഈ വര്‍ഷത്തെ മികച്ച കഥ ആക്കിയിരിക്കുന്നു . 'ഭയം നട്ടെല്ലില്‍ നക്കുന്ന' വായനാനുഭവം .