
സ്കൂള്‍ തുറന്നപ്പോള്‍ നല്ല വെയിലായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. നാം കാതിരുന്നപോലെ മഴ വന്നു. അതും പെരുമഴ. ഇത് ആദ്യമായൊന്നുമല്ല സ്കൂള്‍ തുറക്കുമ്പോള്‍ മഴ വരുന്നത്. ഞങ്ങളുടെ കുട്ടിക്കാലം മുതലേ ജൂണ്‍ മാസത്തിലെ മഴയും വെള്ളപ്പൊക്കവും ഒരു പതിവു കാഴ്ചയാണ്. പിന്നെന്താണ് ഇപ്പോള്‍ ഒരു ചിന്താകുഴപ്പം എന്നല്ലേ. പറയാം. ചിന്ത മറ്റൊന്നുമല്ല, ജൂണ്‍ മാസത്തില്‍ നനഞ്ഞൊലിച്ചു ക്ലാസ് മുറിയിലേക്ക് കയറി ചെന്നപ്പോള്‍ മനസിലുണ്ടായ ചില സംശയങ്ങള്‍ പൂത്തോട്ട KPMHSS - ലെ അനില്‍ സാര്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. മേയ് ജൂണ്‍ മാസങ്ങളില്‍ ഏറ്റവും അധികം ചൂടും മഴയും കേരളത്തെ വിഴുങ്ങുന്നു. ഈ സമയത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പല സ്കൂളുകളും മാറുന്നു.അത്തരം സ്കൂളുകളില്‍ ആദ്യയന ദിവസം കുറയുന്നു. കുട്ടികള്‍ പനി പോലുള്ള അസുഖത്തെ തുടര്‍ന്നു ക്ലാസ്സില്‍ വരാതിരിക്കുന്നു. ഇത്തരത്തില്‍ ക്ലാസ് മുറികള്‍ പലപ്പോഴും അസുഖങ്ങള്‍ പടരാന്‍ സഹായകമായ ഇടങ്ങളായി മാറുന്നു. കേരളം ഒഴികെയുള്ള പല അന്യ സംസ്ഥാനങ്ങളിലും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്‍കുന്നു.(കേരളത്തില്‍ പോലും കേന്ദ്ര സിലബസ് സ്കൂളുകള്‍ പലതും ഈ മാസങ്ങളില്‍ കുട്ടികള്‍ക്ക് അവധി നല്‍കുന്നു). ഇത്തരം ചില ചോദ്യങ്ങള്‍ അനില്‍ സാര്‍ ഉന്നയിക്കുമ്പോള്‍ പലപ്പോഴും അവധിക്കാലം മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഒന്ന് ചിന്തിച്ചു പോകാറില്ലേ? എന്തുകൊണ്ട് ഇവിടെയും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്കിക്കൂടാ?. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അത് ഒരാശ്വാസമാകില്ലേ ? പുതിയ വിദ്യാഭ്യാസ ബില്ലിലൂടെ പഠനാന്തരീക്ഷം ആകെ മാറാന്‍ പോകുന്ന ഈ വേളയില്‍ നമുക്കും ഒന്ന് ചിന്തിക്കാം, "അവധിക്കാലവും മാറേണ്ടതല്ലേ ?"
No comments:
Post a Comment