പുരാണകഥയിലെ രാമന് ധീരനും സത്യസന്ധനും ദൈവാവതാരവുമാണങ്കില് മണിരത്നത്തിന്റെ ദൃശ്യഭാഷയായ ആധുനിക 'രാവണ'നില് രാവണകൃപയാല് മാത്രം ജീവന് രക്ഷിക്കുന്ന രാമന് തീര്‍ത്തും സഹതാപാര്‍ഹനാകുന്നു. അതുകൊണ്ടുതന്നെ രാമായണകഥയുടെ ആധുനിക ഭാഷ്യം കൗതുകമുളവാക്കുന്നു.
രാമന്, രാവണന്, കുംഭകര്ണ്ണന്, വിഭീഷണന്, സീത തുടങ്ങി പുരാണരാമായണത്തിലെ പ്രധാനികളെല്ലാം ഈ സിനിമയിലുണ്ട്. വിവാഹനാളില്‍ത്തന്നെ മാനഭംഗത്തിനിരയാകേണ്ടിവന്ന സഹോദരിയുടെ ആത്മഹത്യകൂടി കാണേണ്ടിവന്ന വീരയാണ് രാവണന്. എന്‍കൗണ്ടര്‍ വിദഗ്ദ്ധനായ എസ്.പി.യുടെ ഭാര്യയെ അയാള്‍ ബന്ദിയാക്കുന്നു. ധീരത(?) പ്രകടിപ്പിക്കുന്ന അവരെ വധിക്കുവാന്‍ വീരയ്ക്കാവുന്നില്ല. ഗ്രാമവാസികളുടെ ആരാധനാപാത്രമായ വീരയുടെ ഒരോ കുറ്റകൃത്യത്തിന്റെയും പിന്നിലെ കഥയറിയുമ്പോള്‍ എസ്.പി.യുടെ ഭാര്യയ്ക്ക് വീരയോടുള്ള വെറുപ്പ് ഇല്ലാതെയാകുന്നു. ഒടുവില്‍ തന്നെ വീണ്ടെടുക്കുമ്പോഴും ചാരിത്ര്യശുദ്ധിയില്‍ സംശയിക്കുമ്പോഴും വീരയോടുള്ള സ്നേഹം മറ്റൊരു തലത്തിലെത്തുന്നു. എസ്.പി.യുടെ തോക്കിന് കുഴലില്‍നിന്ന് രക്ഷപെടുത്താന്‍ ഭാര്യ ശ്രമിക്കുമ്പോള്‍ ആത്മസംതൃപ്തിയോടുകൂടിയ മരണമാണ് വീര വരിക്കുന്നത്.
ലക്ഷ്മണനാല്‍ അംഗഭംഗയായ ശൂര്‍പ്പണഖയാണ് പുരാണത്തിലെങ്കില് രാമന്റെ (എസ്.പി.-പൃഥ്വീരാജ്) അനുജരാല് (പോലീസുകാരാല്‍) മാനഭംഗത്തിനിരയാവുകയാണ് രാവണന്റെ (വിക്രം) സഹോദരി (പ്രിയാമണി). സഹോദരിയുടെ വിവാഹവേളയില്‍ തന്നെ രാവണനെ പോലീസുകാര്‍ വെടിവച്ചുകൊല്ലാന്‍ നോക്കി. വിവാഹവേളയില്‍ത്തന്നെ അവള് മാനഭംഗത്തിനിരയായി. ഇതുരണ്ടും കാരണം രാവണന് കേരളത്തിലെ ആതിരപ്പിള്ളി വനാന്തരങ്ങളെ കോട്ടയാക്കി സീതയെ ബന്ദിയാക്കുന്നു. രാമനിലെ പൂര്‍ണ്ണ വിശ്വാസം മൂലം ഭയമില്ലാത്തവളായ പുരാണത്തിലെ സീതയെപ്പോലെ സിനിമയിലെ സീതയും നിര്‍ഭയയാണ്. ആ പാതിവ്രത്യത്തെ ഒരിക്കലും പരീക്ഷിക്കാത്ത രാവണന് എങ്ങനെയാണ് വില്ലനാവുക? കാര്‍ത്തിക് എന്ന നടന് ജീവന് നല്കിയ ഹനുമാന് എന്ന ഫോറസ്റ്റ് ഗാര്‍ഡ് യഥാര്‍ത്ഥ വഴികാട്ടിയായി രാമസൈന്യം (എസ്.പി.യും പോലീസുകാരും) കോട്ട വളയുന്നു. സന്ധിസംഭാഷണത്തിനുചെന്ന തന്റെ അനുജനെ ചതിയില്‍പ്പെടുത്തി വെടിവച്ചുകൊന്ന രാമനോട് എങ്ങനെയാണ് രാവണന് പൊറുക്കാന്‍ കഴിയുക? രാവണന്റെ ഓരോ ക്രൂരകൃത്യത്തിന്റെയും പിന്നിലെ കാരണമറിഞ്ഞ സീതയ്ക്ക് എങ്ങനെയാണ് രാവണനെ ഇഷ്ടപ്പെടാതിരിക്കാനാവുക? ദൈവതുല്യനായ രാമന് പക്ഷേ, സീതയെ തിരികെ ലഭിച്ചതിനുശേഷവും രാവണനെ തിരയുന്നു. പതിന്നാലുദിവസം രാവണനൊപ്പം കഴിഞ്ഞതില്‍ സംശയിക്കുന്ന രാമന് നമ്മില്‍നിന്ന് വേറിടുന്നതെങ്ങനെ?
പാരിവ്രത്യലംഘനം രാവണന് നേരിട്ടുപറഞ്ഞതാണെന്ന് രാമന് സീതയോടുപറയുമ്പോള്, ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ അസഹ്യതപൂണ്ട സീത രാവണനെത്തേടി വീണ്ടും ചെല്ലുന്നു. പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച രാവണന് നിഷ്കളങ്കനാണെന്നു തിരിച്ചറിഞ്ഞ സീത അവനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ആ സമയത്ത് എത്തിച്ചേരുന്ന രാമസൈന്യത്തില് നിന്നും രാവണനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന സീതയെ ഒഴിവാക്കി, താന്‍തന്നെ ദാനം നല്കിയ ജീവനുടമയായ രാമനും സംഘവും രാവണനെ വെടിവച്ചുകൊല്ലുന്നു. സീതയുടെ സ്നേഹം തിരിച്ചറിഞ്ഞ രാവണന് സന്തോഷപൂര്‍വ്വം മരണം വരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
മലയാളത്തിലെ യുവനായകന് പൃഥ്വീരാജ് തനിക്കു ലഭിച്ച എസ്.പി.യുടെ വേഷം ആവുമ്പോലെ മികച്ചതാക്കിയിട്ടുണ്ട്. ആതിരപ്പിള്ളി വനാന്തരങ്ങളെ അതിന്റെ എല്ലാവിധ ഭംഗികളോടുംകൂടി പകര്‍ത്തിയ സന്തോഷ് ശിവന് തന്റെ പ്രതിഭ ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുന്നു. ഐശ്വര്യാറായി സീതയുടെ വേഷത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. മതവിദ്വേഷം വളരുന്ന ഇക്കാലത്ത് ഇത്തരമൊരു ചിത്രമെടുക്കാന്‍ മണിരത്നം കാണിച്ച ധീരതയും അഭിനന്ദിക്കപ്പെടേണ്ടതാണ്. രാമായണകഥയുടെ ഒരു നവദൃശ്യാനുഭവമാണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്.
ബിജോയി കെ. എസ്.
മലയാളം അദ്ധ്യാപകന്
ഗവ. വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
മൂവാറ്റുപുഴ ജില്ല.
16 comments:
സിനിമാസ്വദനം പ്രസിദ്ധീകരിച്ചത് നന്നായി. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സിനിമാസ്വദനത്തിന്റെ മാതൃക പരിചയപ്പെടാന്‍ കഴിയുന്നത് നല്ലകാര്യാമാണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒമ്പതാംക്ലാസ്സില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു യൂണിറ്റുണ്ടല്ലോ. ബിജോയി സാറിന് നന്ദി.
ചലച്ചിത്ര ആസ്വാദനം അതിന്റെ പ്രമേയത്തിലും അവതരണത്തിലും പുതുമ പുലര്‍ത്തിയിരിക്കുന്നു. ഇത് തയ്യാറാക്കിയ അധ്യാപകന് ഭാവുകങ്ങള്‍
കലക്കി സാറേ കലക്കി സാറില്‍ ഞാനൊരു കോഴിക്കോടനെ കാണുന്നു. പണ്ട് കോളേജുക്ലാസ്സുകളിലിരുന്നു നാന വായിച്ച ഒരോര്‍മ്മ ഉണരുന്നു.
സി.എന്‍- ന്റെ നാടകത്തെ കുറിച്ചു പ്രതിപാദിക്കാന്‍ സഹായകമാകുന്ന നിരൂപണം. ചിത്രം ഞാന്‍ കണ്ടില്ലെങ്കിലും ഇപ്പോള്‍ അതിനെ കുറിച്ചു പറയാന്‍ ഒരു അവബോധം എനിക്ക് നല്കിയ ബിജോയ് സാറിനു നന്ദി.
സിനിമാസ്വാദനം ഏങ്ങനെയെഴുതണം എന്നറിയാത്ത എന്നെപ്പോലുള്ള പുതുമുഖങ്ങള്‍ക്ക് ഇതൊരു മാതൃകയാണ്.
-ഒരു ഒന്നാംവര്‍ഷ ആദ്ധ്യാപിക
very good. abhinandanangal bijoy
സിനിമാ നിരൂപണം വായിക്കുന്നത് ഒരു നാണ ക്കേടാകുമെന്നു കരുതുന്നവര്‍ക്ക് ഒരു മറുപടിയാണ് പഠന ബ്ലോഗിലെ ഈ പോസ്റ്റ്. ഇന്നും പലരും സിനിമാ നിരൂപണം ഒരു സാഹിത്യ മേഖലയായി കണക്കാക്കുന്നില്ല.
aaswadanam nannayirikkunnu. iniyum iththaram aaswadanam pratheekshikkunnu.
രാവണനും രാവണനെ ഞങ്ങള്‍ക്ക് മുന്പില് അവതരിപ്പിച്ച കൂത്താട്ടുകുളത്തെ വാല്മീകിക്കും അഭിനന്ദനം.
സിനിമയും സിനിമാനിരൂപണവും തിരക്കഥയും തിരക്കഥാനിര്മ്മാണവുമെല്ലാം ക്ലാസ്സ് മുറികളില്‍ നടക്കുന്ന ഇക്കാലത്ത് സിനിമാനിരൂപണം വായിക്കുന്നത് മാനക്കേടായിക്കാണേണ്ട കാര്യമില്ല. എന്നുതന്നെയുമല്ല കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രിയ കൂട്ടുകാരേ... ഇത്തരത്തില്‍ എന്തെങ്കിലും എവിയെയെങ്കിലും കണ്ടെത്തിയാല്‍ ഇതുപോലെ ഞങ്ങള്‍ക്കുംകൂടി മടികൂടാതെ പങ്കുവയ്ക്കണേ..........
ee cinema niroopanam nannayirikkunnu. we want more !!!!
arun chettikulangara
year plan pls attach our malayalam blog
valaray nannayirikkunnu. videos,picturs yanniva ulpaytuttuka Sujithkumar GMRS KASARAGOD VELLACHAL
ഇയര്‍ പ്ലാന്‍ ഉള്‍പ്പെടുത്താമോ എന്നാല്‍ നന്നായിരിക്കും
സിനിമാനിരൂപണം ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിയ്ക്കുന്നു.എങ്കിലും ലേഖകന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നു.സാങ്കേതിക മികവും ദൃശ്യചാരുതയും മാറ്റിനിറുത്തിയാല്‍ സിനിമ നിരാശപ്പെടുത്തി.റോജ,ബോംബെ,ഇരുവര്‍-ഇവയെല്ലാം തന്ന വൈകാരികാനുഭവം രാവണ്‍ തന്നില്ല.
ദാസ് എം ഡി GHS ചെര്‍പ്പുളശ്ശേരി
സിനിമാസ്വാദനം ധാരാളം പേര് വായിക്കുന്നു എന്നുകാണുന്നതില്‍ ഏറെ സന്തോഷമുണ്ട്. ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. ബിജോയി സാറിന്റെ ഈ തുടക്കം വന്‍ വിജയമാണ് എന്നതില്‍ സംശയമില്ല. സാറിനും ആസ്വാദനം വായിച്ച് പ്രതികരണം അയച്ചവര്‍ക്കും നന്ദി.
Post a Comment