എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 27, 2010

വയലാര്‍ രാമവര്‍മ്മ - കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷം


കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസ്സിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് മുപ്പത്തഞ്ചുവര്‍ഷം. അനശ്വരഗാനങ്ങളിലൂടെ അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ മഹാപ്രതിഭയ്ക്ക് പ്രണാമങ്ങള്‍.
വാചാലമായ കവിതകളുടെ കവിയായിരുന്നു വയലാര്‍. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനം തെളിഞ്ഞുകാണാമെങ്കിലും പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ ആവിഷ്കര്‍ത്താവായി അദ്ദേഹം മാറി. ഈ മാറ്റം പിന്നീടുവന്ന എല്ലാ കാവ്യ സമാഹാരങ്ങളിലും പ്രകടമാണ്. ഇസങ്ങളില്‍ അഭിരമിക്കുമ്പോഴും ആര്‍ഷസംസ്കാരത്തിന്റെ സമൃദ്ധിയില്‍ അഭിമാനിക്കുന്ന കവിയെയാണ് നാം എല്ലായിടത്തും കാണുന്നത്. ബിംബകല്പനകളിലാണ് വയലാറിന്റെ ഈ പൗരാണികാഭിമുഖ്യം തിളങ്ങിനില്‍ക്കുന്നത്. വാളിനേക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ ആദ്യന്തം പ്രകാശിച്ചു നില്‍ക്കുന്നു. 1950 -1961 കാലഘട്ടത്തില്‍ കൊന്തയും പൂണൂലും, നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം, എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചു. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ വയലാറിന്റെ കഥാസമാഹാരങ്ങളാണ്. പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രവിവരണഗ്രന്ഥവും ശ്രദ്ധേയമാണ്. വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി ആ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഇവയൊക്കെ ആ ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.

2 comments:

Beena,Mulakkulam said...

കാല്‍പ്പനിക സൗന്ദര്യത്തിന്റെ അമൃതവര്ഷം ചൊരിഞ്ഞ വയലാറിനെ അനുസ്മരിച്ചതില്‍ ബ്ലോഗിന് അഭിനന്ദനങ്ങള്‍!! കവിതകളും നാടക ചലച്ചിത്രഗാനങ്ങളും കൂടി വേണേ!!!

ബിജോയ് കൂത്താട്ടുകുളം said...

വയലാര്‍ അനുസ്മരണം നന്നായി.