എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 1, 2010

കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര.........


നവംബര്‍ ഒന്ന്. കേരളപ്പിറവി. നമ്മുടെ കൊച്ചു കേരളത്തിന് 54 വയസ്സു തികയുന്നു. പോയ53 വര്‍ഷങ്ങള്‍ അത്ര ചെറിയ ഒരു കാലയളവല്ല. മലയാളിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഇക്കാലം കൊണ്ട് നേടേണ്ട പുരോഗതികള്‍ നേടാനും നേടിയവ നിലനിര്‍ത്താനും നമുക്കു സാധിച്ചിട്ടുണ്ടോ?
എവിടെത്തിരിഞ്ഞാലും വികസനം വികസനം എന്ന മുറവിളി മുറയ്ക്കു കേള്‍ക്കാം. വികസനത്തിന്റെ അപ്പോസ്തലന്മാര്‍ ഞങ്ങളാണെന്ന് എല്ലാവരും ഭാവിക്കുന്നുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോടിതെത്രമാത്രം അടുത്തു നില്‍ക്കുന്നു? മലയാള ഭാഷയുടെ കാര്യം തന്നെ എടുക്കാം. ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട നമ്മുടെ നാട്ടില്‍ ഏറ്റവും അവഗണന നേരിടുന്നതും വിലയില്ലാത്തതുമായത് നമ്മുടെ മലയാള ഭാഷയല്ലേ? കേരളപ്പിറവി ദിനത്തില്‍ സ്ക്കൂളുകളില്‍ നടത്തുന്ന മലയാള ഭാഷാ സംരക്ഷണ പ്രതിജ്ഞ, നമ്മുടെ തനതു കലകളും സംസ്ക്കാരവും സംരക്ഷിക്കുമെന്നുള്ള ഉറച്ച തീരുമാനമെടുക്കല്‍, ഇങ്ങനെ കുറേ പരിപാടികള്‍.. ഒറ്റ ദിവസം.. എല്ലാം തീര്‍ന്നു. അന്യനാട്ടിലെ ജോലിയും കനത്ത ശമ്പളവും അതുവഴിയുണ്ടാകുന്ന ജീവിതസൗകര്യങ്ങളും സ്വപ്നം കാണുന്ന മലയാളിയ്ക്ക്, ഒരു മേസ്തിരിയ്ക്ക് ദിവസം കിട്ടുന്ന 500രൂപയുടെ സുരക്ഷിതത്വം, വേണ്ട 100 രൂപയെങ്കിലും മലയാള പഠനം വഴി ജോലി കിട്ടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുമോ? ഭരണവര്‍ഗ്ഗത്തിനാത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒറ്റ ഉത്തരവില്‍ ഭരണഭാഷ മലയാളമാക്കി ഭരണരംഗത്തെ മുഴുവന്‍ ആശയവിനിമയവും മാതൃഭാഷയായ മലയാളത്തിലാകുമായിരുന്നില്ലേ? മലയാള ഭാഷാ പഠനത്തിന് കീഴാളരും ഇംഗ്ളീഷ് വിദ്യാഭ്യാസം മേലാളര്‍ക്കുമെന്ന തെറ്റായ സന്ദേശം ഇവിടെ ഉറച്ചു കഴിഞ്ഞില്ലേ? മലയാളത്തിനു ലഭിക്കേണ്ട ക്ളാസ്സിക്ക് ഭാഷാപദവിയും അതുവഴി നടക്കേണ്ടിയിരുന്ന പഠനങ്ങളും ഭാഷാവികസന സാദ്ധ്യതകളും നമ്മുടെ അനാസ്ഥമൂലം ഇല്ലാതായില്ലേ? ആരും സംസാരിക്കാത്ത സംസ്കൃതഭാഷയ്ക്കു വേണ്ടി ഇവിടെ ഒരു സര്‍വ്വകലാശാല തന്നെയുണ്ട്. മലയാളത്തിനു മാത്രം ങ്ഹേ..ഹേ.
കാര്‍ഷിക സംസ്ക്കാരം നാം ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ഭക്ഷ്യവിളകളുടെ കൃഷിയിടങ്ങള്‍ മലയാളഭാഷാപഠനമെന്നപോലെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. അന്യസംസ്ഥാനക്കാരന്റെ ഔദാര്യത്തിലല്ലേ നമ്മുടെ കഞ്ഞികുടി? അല്ലെങ്കില്‍ റബര്‍പാല്‍ കൊണ്ടെന്തെങ്കിലും ഭക്ഷ്യ പദാര്‍ത്ഥമുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിക്കേണ്ടി വരും.
ആരോഗ്യരംഗത്തു മേഡിക്കല്‍ വിദ്യാഭാസം പൊടിപൊടിക്കുന്നുണ്ടെങ്കിലും പുതിയ പുതിയ രോഗങ്ങള്‍ കടന്നു വരുന്നു.ശക്തമായി പ്രതിരോധിക്കാന്‍ പണ്ടത്തേപ്പോലെ നമുക്കാവുന്നുണ്ടോ?സേവന സന്നദ്ധതയല്ല മെഡിക്കല്‍ സീറ്റുകള്‍ക്കായുള്ള ഓട്ടത്തിനു കാരണമെന്നതിന് ഉദാഹരണമല്ലേ ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരെ കിട്ടാത്തത്?
ലോകം ഒരു കൈക്കുമ്പിളിലേക്കൊതുങ്ങുമ്പോള്‍ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ മലയാളിയ്ക്ക് സ്വത്വബോധം നഷ്ടപ്പെടുന്നുവോ? സ്ക്കൂള്‍ വിദ്യാഭ്യാസ രംഗത്തു മുതല്‍ തുടങ്ങുന്ന അസമത്വങ്ങള്‍ എല്ലാത്തിനും അടിസ്ഥാന കാരണമാകുന്നുണ്ടോ? വിപണിയില്‍ നിന്നും വിദ്യാഭ്യാസ രംഗത്തെയെങ്കിലും പിന്‍വലിക്കാനുള്ള കരുണ അധികാരികള്‍ ഭാവിയിലെങ്കിലും കാട്ടുമോ? ഈ സുദിനത്തില്‍ ഇത്തരം ചില(ദുര്‍)ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ട് കേരളപ്പിറവി ആഘോഷങ്ങളില്‍ നമുക്കും പങ്കാളികളാവാം.

8 comments:

തുളസി മുക്കൂട്ടുതറ said...

കാര്യങ്ങള്‍ ശുഭകരമല്ലാത്തപ്പോള്‍ ചിന്തയും അശൂഭകരമല്ലാതെ വയ്യല്ലോ!

Beena mulakkulam said...

മലയാളപിറവി ദിനത്തില്‍ തന്നെ മലയാളത്തെ സ്നേഹിക്കുന്നവരുടെ ചോര തിളപ്പിച്ച വിദ്യാരംഗം ബ്ലോഗിന് തീര്‍ത്താലും തീരാത്ത നന്ദി അറിയിക്കട്ടെ!!!!ഇത് ഓരോ മലയാളിയും വായിചെന്ഗില്‍ !അറിഞ്ഞെന്ഗില്‍

jollymash said...

ദയാവധം കാത്തുകിടക്കുന്ന ഭാ‍‍ഷ....
മരണശയ്യയിലായ നാട്....
തമിഴനെ കണ്ടു പഠിക്കൂ...

jollymash said...

ദയാവധം കാത്തുകിടക്കുന്ന ഭാ‍‍ഷ....
മരണശയ്യയിലായ നാട്....
തമിഴനെ കണ്ടു പഠിക്കൂ...

deendayal said...

അയ്യപ്പന്റെ കവിതകള്‍ കേള്‍ക്കാന്‍ താല്പര്യം

vidyarangam team said...

അയ്യപ്പനെക്കുറിച്ചുള്ള പോസ്റ്റ് 'വെയില്‍ തിന്നുന്ന പക്ഷി യാത്രയായി'കണ്ടുകാണുമല്ലോ.കവിത ആ പോസ്റ്റിന്റെ അടിയിലുള്ള ലിങ്കില്‍ ഉണ്ട്.

airish aramkottam said...

വയോജനങ്ങളെ തെരുവില്‍ തള്ളുന്ന മലയാളിക്ക് അവരുടെ സംഭാവന അനുഭവിക്കാനെ അറിയൂ അംഗീകരിക്കാന്‍ മടിയാണ്.
കേരളത്തില്‍ മാതൃഭാഷ യുടെ പുരോഗതിക്കു ഉണ്ടാക്കിയ സ്ഥാപനത്തിന് പോലും kerala bhasha institute എന്ന് പേരിട്ടവരാണ് നമ്മള്‍. സംസ്കൃതം ആരും സംസാരിക്കാത്ത ഭാഷയാണ്.ശരിതന്നെ.സംസ്കൃത പദം ഒഴിവാക്കി മലയാളത്തെ വിവസ്ത്രയാക്കാന്‍ നമുക്ക് ധൈര്യം വരാതിരിക്കട്ടെ.

airish aramkottam said...

വയോജനങ്ങളെ തെരുവില്‍ തള്ളുന്ന മലയാളിക്ക് അവരുടെ സംഭാവന അനുഭവിക്കാനെ അറിയൂ അംഗീകരിക്കാന്‍ മടിയാണ്.
കേരളത്തില്‍ മാതൃഭാഷ യുടെ പുരോഗതിക്കു ഉണ്ടാക്കിയ സ്ഥാപനത്തിന് പോലും kerala bhasha institute എന്ന് പേരിട്ടവരാണ് നമ്മള്‍. സംസ്കൃതം ആരും സംസാരിക്കാത്ത ഭാഷയാണ്.ശരിതന്നെ.സംസ്കൃത പദം ഒഴിവാക്കി മലയാളത്തെ വിവസ്ത്രയാക്കാന്‍ നമുക്ക് ധൈര്യം വരാതിരിക്കട്ടെ.