എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 30, 2010

അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?

 

ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളിലൊന്നാണല്ലോ മാധ്യമങ്ങള്‍. ജനാധിപത്യം നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നതാണല്ലോ ഇതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും അങ്ങനെ തന്നെയായിരിക്കാനാഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്.
മലയാളിയുടെ ആധുനിക അവബോധ രൂപീകരണത്തെ സ്വാധീനിച്ച പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പത്രപ്രവര്‍ത്തനം. രാവിലെ എഴുന്നേറ്റാല്‍ നമ്മേ കാത്തിരിക്കുന്ന കാക്കത്തൊള്ളായിരം പത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഉള്ളത്ര സ്ഥാനം മറ്റെങ്ങും കാണില്ല. ആദ്യകാലപത്രങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു. എന്നാല്‍ ഇന്നത് വിവിധ തലത്തില്‍, നിലവാരത്തില്‍ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനത്തിന്റെ വേദിയാണ്. അധികാര കേന്ദ്രങ്ങളെ നേര്‍വഴിയ്ക്ക് നടത്തുന്നതിനും വേണ്ടിവന്നാല്‍ ചെവിയ്ക്ക് പിടിച്ച് തിരുത്തിക്കുന്നതിനും പത്രങ്ങള്‍ക്ക് സാധിക്കുന്നു. പൊതുസമൂഹത്തിനു മുമ്പില്‍ ശരിതെറ്റുകളെ വിശകലനം ചെയ്യാനുള്ള അവസരം പത്രങ്ങള്‍ക്ക് വേണ്ടുവോളം ലഭിക്കുന്നതുകൊണ്ടാണത്.
മലയാളത്തില്‍ ഇതിന് തുടക്കം കുറിച്ചത് കെ. രാമകൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ നടത്തിയ കേരള ദര്‍പ്പണം, കേരള പത്രിക, കേരളന്‍, സ്വദേശാഭിമാനി എന്നീ പത്രങ്ങള്‍ വഴിയാണ് അദ്ദേഹമിതു സാധിച്ചത്.
പത്രധര്‍മ്മം, രാഷ്ട്രമീമാംസ, അധികാരം, സാമൂഹ്യ പ്രശ്നങ്ങള്‍, അഴിമതി, ദേശീയ സാര്‍വദേശീയ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗഹനങ്ങളായ പഠനങ്ങളും വിമര്‍ശനങ്ങളുമാണ് സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍. പത്രധര്‍മ്മം, പത്രപ്രവര്‍ത്തകരുടെ അവസര സേവകത്വം, തനിയ്ക്കെതിരെ മറ്റു ചില പത്രങ്ങള്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ എന്നിവയടക്കം ആറു മുഖപ്രസംഗങ്ങള്‍ പത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയിട്ടുണ്ട്. നാടുകടത്തലിനും ഒരു വര്‍ഷം മുമ്പ് തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടു കടത്താന്‍ രാജകല്പനയായി എന്നു വ്യാജ പ്രചരണം നടത്തിയ പത്രങ്ങള്‍ക്കെതിരേ അദ്ദേഹമെഴുതിയ "പത്രധര്‍മ്മമോ?"എന്ന മുഖക്കുറിപ്പും അവസരവാദികളായ പത്രപ്രവര്‍ത്തകരെ തൊലിയുരിച്ചു കാട്ടുന്ന 'വിദ്യുജ്ജിഹ്വാന്‍മാര്‍" എന്ന കുറിപ്പും പ്രത്യേകം സ്മരണീയമാണ്. ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം കൂടിയ അളവില്‍ നമ്മുടെ നാട്ടില്‍ ഇന്നു നിലനില്‍ക്കുന്നുണ്ടെങ്കിലും വേണ്ടവിധം അവ കൈകാര്യം ചെയ്യാത്തത് ദീപസ്തംഭം മഹാശ്ചര്യം .......എന്ന ചിന്ത കൊണ്ടല്ലേ?
അഴിമതിക്കെതിരേയുള്ള സത്യസന്ധവും വസ്തുനിഷ്ഠവും നിര്‍ഭയവുമായ പോരാട്ടമാണ് സ്വദേശാഭിമാനിയുടെ വ്യക്തിത്വത്തിന്റെ കാതല്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും വകുപ്പ് തലവന്മാരുടേയും അഴിമതികളേക്കുറിച്ചും ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ദിവാന്‍ രാജഗോപാലാചാരി, ശങ്കരന്‍തമ്പി എന്നിവരുടെ അഴിമതികള്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ ഉദാഹരണങ്ങളാണ്.
വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തീരെ ഇല്ലാത്ത ഒരുകാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനാധിപത്യത്തിനു വേണ്ടി ജനങ്ങള്‍ നടത്തിയ ആവേശകരങ്ങളായ പ്രക്ഷോഭങ്ങള്‍ മലയാളിയെ ആദ്യമറിയിച്ച പത്രാധിപര്‍ സ്വദേശാഭിമാനിയാണ്. സാര്‍വ്വദേശീയ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന "റഷ്യന്‍ ഡൂമ”, "ലിസ്ബണിലെ ആഭ്യന്തര കലാപം”, "പോര്‍ത്തുഗലിലെ രാജവധം”, 'തുര്‍ക്കി പരിവര്‍ത്തനം" എന്നിവ ഉദാഹരണങ്ങളാണ്. അക്കാലത്തെ ദേശീയ രാഷ്ട്രീയത്തിലെ സംഭവങ്ങളുടെ പ്രതികരണമായി എഴുതിയ "ബംഗാള്‍ വിഭജനം”, "ലാലാ ലജ്പത്റായിയുടെ നാടുകടത്തലും കേസും”, "സ്വരാജ് അലയടി" തുടങ്ങിയവ രാഷ്ട്രീയരംഗത്തെ തുടിക്കുന്ന ഏടുകളാണ്.
ആഗോളവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തിലകപ്പെട്ട് യഥാര്‍ത്ഥ വാര്‍ത്തകളെ തമസ്ക്കരിച്ച്, പത്രമുതലാളിയുടെ ഇംഗിതമറിഞ്ഞ് ഭാവനയ്ക്കനുസരിച്ച് ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിക്കുന്ന ആധുനിക പത്രപ്രവര്‍ത്തകര്‍ വെറും മുപ്പത്തി എട്ടു വയസ്സുവരെ മാത്രം ജീവിച്ച കെ. രാമകൃഷ്ണപിള്ളയുടെ തൊഴില്‍ സംസ്ക്കാരം പിന്തുടര്‍ന്നാല്‍ ഇന്നത്തെ അഴിമതിവീരന്മാരും അധികാരപ്രമത്തരും നന്നാവില്ലായിരുന്നോ? ഇന്നത്തേതില്‍നിന്നു വ്യത്യസ്തമായ, നേരിനെ നേരായിക്കാട്ടിത്തരുന്ന, ഒരു മാധ്യമത്തിനായി ഇനിയമെത്ര നാള്‍ കാത്തിരിക്കേണ്ടി വരും....?


കെ. എസ്. ബിജോയി
ഗവ. വി. എച്ച്. എസ്. എസ്.
ഈസ്റ്റ് മാറാടി

8 comments:

Anonymous said...

kollam

Anonymous said...

good

Anonymous said...

helpful

ARCHA TVM said...

എല്ലാ പാഠങ്ങളെക്കുറിച്ചും ഇത്തരം ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

Ancy teacher Ernakulam said...

valare prayojanapradam.Thank u Bijoy sir....

anamika said...

nannayirikkunnu.kuttikalkku oropadu thirayendathillallo.thank u sir

valloni said...

nannayittundu.thudaruka.nandi
salomi teacher kozhikode

ramlamathilakam said...

നന്നായിരിക്കുന്നു
9B
GHSS PUTHIYAKAVU
N PAROOR