വാര്‍ദ്ധക്യത്തെ ആഹ്ലാദകരമായ അനുഭവമാക്കുന്ന നിരവധി വിദേശീയരെ നമുക്കുമാണാനാകും. ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ജീവിത സായാഹ്നങ്ങളെ ആനന്ദകരമാക്കാന്‍ പുറപ്പെടുന്ന വിദേശവിനോദസഞ്ചാരികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളിക്ക് അങ്ങനെയൊരു ശീലമുണ്ടോ? അവര്‍ക്കെങ്ങനെ സന്തോഷകരമായ ഒരു ജീവിതം നയിക്കാനാകും? ഈ ചോദ്യത്തിന് വ്യത്യസ്ഥമായ ഒരു ഉത്തരം നല്‍കാനാണ് "ഒരു ചെറുപുഞ്ചിരി" എന്ന സിനിമയിലൂടെ എം. ടി. ശ്രമിക്കുന്നത്. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ 'മിഥുനം' എന്ന കഥയാണ് ഈ ചലച്ചിത്രത്തിനാധാരം.
വൃദ്ധ ദമ്പതിമാരായ കുറുപ്പും അമ്മാളുവും തനിച്ച് ഒരു ഗ്രാമത്തില്‍ താമസിക്കുന്നു. മക്കളെല്ലാം ദൂരസ്ഥലങ്ങളില്‍ ജോലിക്കും വിവാഹം കഴിച്ചും പോയിരിക്കുന്നു. കൃഷിയെ സ്നേഹിക്കുന്ന കുറുപ്പും അയാളെ എല്ലാവിധത്തിലും പിന്‍തുണയ്ക്കുന്ന അമ്മാളുവും കൂടിയുള്ള വാര്‍ദ്ധക്യകാലജീവിതവും അവരുടെ സൗന്ദര്യപ്പിണക്കങ്ങളും പറയാതെ പറയുന്ന സ്നേഹവുമെല്ലാംകൂടിയതാണ് ഈ സിനിമ.
ഒറ്റനോട്ടത്തില്‍ മുരടനെന്നു തോന്നിക്കുന്ന കുറുപ്പില്‍ ദയയുടെ കടലിരമ്പുന്നുണ്ടെന്ന് സിനിമ പലപ്പോഴും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
കണ്ണനെന്ന നിസ്സഹായനായ ബാലനെ പഠിപ്പിക്കുമ്പോഴും ജാനുവിന് ജോലി വാങ്ങിക്കൊടുക്കുവാന്‍ ശുപാര്‍ശചെയ്യുമ്പോഴും മാലതിയുടെ വിവാഹത്തിന് സഹായിക്കുമ്പോഴുമെല്ലാം ഈ കടലിന്റെ തിരതല്ലല്‍ നാമറിയുന്നു. ചെടികളോടും മരങ്ങളോടുമുള്ള കുറുപ്പിന്റെ സംഭാഷണം അയാളുടെ സമഭാവനയെയാണ് വെളിവാക്കുന്നത്. യൗവ്വനം ശരീരത്തിലല്ല മനസ്സിലാണ് എന്നതുകൊണ്ടാണല്ലോ കണ്ണന്റെ വിസിലൂതിക്കളിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. സ്വത്തെന്തെങ്കിലും എഴിതിവയ്ക്കുമെന്ന് മാത്രം പ്രതീക്ഷിച്ച് തന്നെ നോക്കാനെത്തുന്ന സ്വന്തക്കാരിയെക്കുറിച്ച് ഗോവിന്ദേട്ടന്‍ പറയുമ്പോള്‍ ആ അനാഥത്വം നമുക്ക് ഉള്ളില്‍ത്തട്ടുകതന്നെ ചെയ്യും.
മലയാളിയുടെ കുടുംബജീവിതത്തില്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ നമുക്ക് ഈ സിനിമയില്‍ കാണാനാകും. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അമ്മാളു പറയുന്നത് എല്ലാസ്ത്രീകളെപ്പോലെ 'മംഗല്യത്തോടെ മരിക്കുക' അവരുടെപ്രാര്‍ത്ഥന ആയിരുന്നില്ല എന്നാണ്. കുറുപ്പിന്റെ രീതികള്‍ അമ്മാളുവിനോളം മറ്റാര്‍ക്കറിയാനാണ്. കഷ്ടപ്പെടാതെ പോയ ഭാഗ്യത്തില്‍ അവര്‍ ആശ്വാസംകൊള്ളുന്നു. സ്നേഹത്തിന്റെ ഉന്നതമായ ഒരവസ്ഥയില്‍ മാത്രമേ ഈ ചിന്ത ഉയരൂ. പുണ്യാത്മാക്കള്‍ക്ക് വിധിച്ചതാണല്ലോ അനായാസമരണം. സദ്യയുണ്ട് ഭാര്യയുടെ ഇല്ലാത്ത കല്യാണാലോചനയുടെ സത്യാവസ്ഥയറിഞ്ഞ് പൊട്ടിച്ചിരിച്ച് ഉച്ചയുറക്കത്തില്‍ കുറുപ്പ് മരണം വരിക്കുന്നു.
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ അഭിനയ പ്രതിഭ കൃഷ്ണക്കുറുപ്പിലൂടെ പുറത്തുവന്നപ്പോള്‍ ആ മഹാനടന് കേരള സര്‍ക്കാര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി ആദരിച്ചു. അമ്മാളുവിന്റെ വേഷം നിര്‍മ്മലാ ശ്രീനിവാസന്‍ ജീവസ്സുറ്റതാക്കി. നാടകരംഗത്തെ വേണുക്കുട്ടന്‍ നായര്‍ അവതരിപ്പിച്ച ഗോവിന്ദന്‍, കണ്ണന്റെ വേഷമിട്ട വിഘ്നേഷ്, എഡിറ്റിംഗ് നിര്‍വ്വഹിച്ച ബീനാ പോള്‍ സര്‍വ്വോപരി എം.ടി.യുടെ തിരക്കഥയും സംവിധാനവും. ചിത്രം നന്നാവാന്‍ മറ്റെന്തുവേണം.
* * * * * * *
ബിജോയി കെ.എസ്.
ടീച്ചര്‍
ഗവ. വി. എച്ച്.എസ്.
ഈസ്റ്റ് മാറാടി
6 comments:
ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു ചെറുപുഞ്ചിരി പുസ്തകത്തിലുണ്ടല്ലോ. കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇത് പ്രയോജനപ്പെടും. അല്പംകൂടി വിശദമാക്കായിരുന്നു. സിനിമയുടെ സാങ്കേതികവശങ്ങള്‍ കൂടി അടുത്തതവണ ഉള്‍പ്പെടുത്തണേ...
ബിജോയിസാറിന് പ്രത്യേകം നന്ദി
arun chettikulangara
ഒരു ചെറുപുഞ്ചിരിയെക്കുറിച്ചെഴുതിയത് നന്നായിരിക്കുന്നു. ആസ്വാദനംതയ്യാറാക്കുമ്പോള്‍ സ്റ്റുഡന്റ്സിന് ഇതു മാതൃകയായി നല്‍കിയാല്‍ നല്ലതാണെന്നുതോന്നുന്നു.
കുറുപ്പിന്റെ സ്വഭാവം അല്പം കൂടി വിശദമാക്കായമായിരുന്നു. കഥാപാത്രനിരുപണം വേണ്ടിവരുമല്ലോ. ബിജോയിക്കും ബ്ലോഗ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!
valare nannayirikkunnu
ഉദ്യമത്തിന് അഭിനന്ദനങ്ങള്‍. എങ്കിലും ചില പരിമിതികള്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ ഉണ്ട്. ആദ്യം അധ്യാപക സഹായി ശ്രദ്ധാപൂര്‍വ്വം വായിക്കൂ... വാര്‍ദ്ധക്യം എന്ന പഠനപ്രമേയം കൈകാര്യം ചെയ്യുന്ന 'കാണക്കാണെ' എന്ന യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന സമഗ്രമായ വിശദീകരണങ്ങള്‍ അവിടെയുണ്ട്. അതില്‍ ചെറുപുഞ്ചിരിയുടെ മേന്മയെന്തെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും എത്രയോ ഉയര്‍ന്ന തരത്തിലുള്ള വിശദീകരണങ്ങള്‍, സൂചനകളുടെ - ദൃശ്യങ്ങളുടെ വ്യാഖ്യാനം, കഥാപാത്ര നിരൂപണം എന്നിവ അതില്‍ നല്‍കിയിട്ടുണ്ട്. അതിലെ തന്നെ ചില കാര്യങ്ങളാണ് ഇവിടെ കോപ്പി ചെയ്തിരിക്കുന്നത്. സര്‍ഗാത്മകമായി ചെയ്യാന്‍ ശ്രമിക്കൂ. ആശംസകള്‍.
ടീച്ചറുടെ സഹായത്തോടെ എനിക്കൊരു ആസ്വാദനം എഴുതാൻ പറ്റി. ടീച്ചർക്ക് നന്ദി
നന്നായിരിക്കുന്നു
Post a Comment