നക്ഷത്രലോകത്തെ താരങ്ങളെ നേരില്‍ കാണാനാവുക, അത് നമ്മുടെയെല്ലാം ഒരു സ്വപ്നമല്ലേ. ഈ നക്ഷത്രങ്ങള്‍ ആണ് നമ്മുടെ കുഞ്ഞുങ്ങളെങ്കിലോ? ആ ഒരു ചിന്ത നമുക്ക് ഉണ്ടോ? അതിനനുസരിച്ച് അവരെ പരിഗണിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് താരേ സമീന്‍ പര് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അമീര്ഖാന് മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേക പരിഗണന നല്കേണ്ടിവരുന്ന കുട്ടികള്‍ നമ്മുടെയെല്ലാം സ്ക്കൂളുകളിലുണ്ട്. എന്നാല്‍ കൂട്ടത്തിലോടാത്തവനെ ആരാണ് പരിഗണിക്കുന്നത്? അവന്റെ ചെറിയ കഴിവുകളെ കണ്ടറിഞ്ഞ് വേണ്ടവിധം പ്രോത്സാഹിപ്പിക്കാന്‍ നമ്മളില്‍ എത്ര അധ്യാപകര്‍ ശ്രമിക്കാറുണ്ട്? ഒരു തിരിഞ്ഞുനോട്ടത്തിന് ഈ സിനിമ വഴി അമീര്ഖാന് അവസരം നല്കുന്നു.
കച്ചവടസിനിമകളുടെ രസക്കൂട്ടുകളില്‍നിന്ന് വഴിമാറി, ഒരു നല്ല സിനിമ തയ്യാറാക്കാന്‍ ഒരു ഹിന്ദി മുന്‍നിര സിനിമാതാരത്തിനു തോന്നി. ഒരിക്കലും ഒരു മലയാളതാരത്തിനു തോന്നാത്ത കാ
ര്യം.
ഒരു ഒന്‍പതുവയസ്സുകാരനായ കുട്ടി - ഇഷാന് എന്ന ഇഷാന് ആവസ്തി-യുടെ സമൂഹവുമായുള്ള മാനസ്സിക വൈരുദ്ധ്യങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അക്ഷരങ്ങളെ തിരിച്ചറിയാനാവാത്ത ആ പാവം കുട്ടിയെ മാതാപിതാക്കള്‍ക്കടക്കം മനസ്സിലാക്കാനാവുന്നില്ല. സ്ക്കൂളിലും വീട്ടിലുമെല്ലാം ഇഷാന് നിരന്തരം പരിഹാസ്യനാകുന്നു. ജ്യേഷ്ഠനായ യോഹാന്‍ (സചെത് എന്‍ജിനീയര്‍) എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമനാകുമ്പോള്‍ അവന്റെ പേരുദോഷമാകുന്ന, എല്ലാ വിഷയങ്ങള്‍ക്കും നന്നായി തോല്‍ക്കുന്ന അനുജന് എങ്ങനെ കുടുംബത്തിനു നാണക്കേടാകാതിരിക്കും? വീട്ടിലും സ്ക്കൂളിലും എല്ലാം ഇഷാന് പ്രശ്നക്കാരനാകുമ്പോള്‍ ഏതൊരച്ഛനേയും പോലെ ഇഷാന്റെ അച്ഛനും (വിപിന്‍ ശര്‍മ്മ) പൊട്ടിത്തെറിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഒടുവില്‍ ഇഷാന് ഏറ്റവും ഭയക്കുന്ന ബോര്‍ഡിംഗ് ജീവിതം അവന്റെ കുറ്റങ്ങള്‍ക്ക് ശിക്ഷയായി വിധിക്കുന്നു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്ക്കൂളില്‍ അയക്കേണ്ടി വരുമോ എന്ന ഭയം അനുഭവിക്കേണ്ടി വരുന്ന അച്ഛനമ്മമാരുടെ വികാരവും നാം പരിഗണിക്കേണ്ടതുണ്ട്. സമൂഹം ഇവര്‍ക്ക് എപ്പോഴും സഹതാപം നല്കാന് തയ്യാറായിരിക്കും.സഹായവും സഹകരണവും നല്കാന് മടിക്കുകയും ചെയ്യും.
രണ്ടാം ഭാഗത്തില്‍ അമീര്ഖാന് ഇഷാന്റെ അധ്യാപകനായി വരുന്നതോടെ ആ കുട്ടിയുടെ പ്രകൃതത്തിനു മാറ്റം വരുന്നു. അവന്റെ പഠനവൈകല്ല്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അമീര്ഖാന് (രാം ശങ്കര്‍ നികുംഭ്) അവനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വേണ്ടുന്ന കാര്യങ്ങള്‍(ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നത്)ചെയ്യു
മ്പോള്‍ ഫലം അച്ഛനമ്മമാരെ പോലും അതിശയിപ്പിക്കുന്നതാവുന്നു. അച്ഛനമ്മമാര്‍ നല്‍കേണ്ടിയിരുന്ന സ്നേഹവും പരിഗണനയും തന്റെ അധ്യാപകനില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇഷാനില്‍ ഉണ്ടായ മാറ്റം അവസാന സീനിലെ വികാരനിര്‍ഭരമായ രംഗത്തില്‍ നിന്നും നമുക്ക് അനുഭവിക്കാവുന്നതാണ്.
ഒരു ഇഷാന് ആ ഭാഗ്യം ലഭിച്ചു.എത്ര ഇഷാന്‍മാര്‍ ഇനിയും കാത്തിരിക്കുന്നു........
ദര്‍ഷീല്‍ സഫാരിയുടെ അഭിനയം ഇഷാന് എന്ന കുട്ടിക്കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നു. തനയ് ചേദയുടെ രാജന് ദാമോദറും ടിസ്ക്കാ ചോപ്രയുടെ മായാ ആവസ്തിയും നിര്‍മ്മാണവും സംവിധാനവും മികച്ച അഭിനയവും കാഴ്ചവച്ച അമീര്‍ഖാന്റെ ഓവറോള്‍ പ്രകടനവും എല്ലാം ചിത്രത്തെ മിഴിവുള്ളതാക്കി മാറ്റുന്നു. പ്രാഥമിക വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാളും കാണേണ്ട ഒരു ദൃശ്യചാരുതയാണീ ചലച്ചിത്രം.
കെ. എസ്. ബിജോയി
ജി. വി. എച്ച്. എസ്. എസ്.,
ഈസ്റ്റ് മാറാടി