Nov 30, 2010
അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?
Nov 26, 2010
അര്‍ദ്ധവിരാമം

Nov 24, 2010
ലക്ഷത്തിന്റെ നിറവില്‍..

നമ്മുടെ വിദ്യാരംഗം ബ്ലോഗ് ലക്ഷം പേരുടെ സന്ദര്‍ശനം കൊണ്ടു തിളങ്ങിയ ദിനമാണിന്ന്. അക്കാദമിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ ബ്ലോഗില്‍ ഒട്ടേറെപ്പേര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ നമുക്കായത്. ഇത് സന്തോഷത്തോടൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമാണെന്നു ഞങ്ങള്‍ക്കറിയാം. കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ ഞങ്ങളാല്‍ കഴിയുംവിധം നല്കാന് ഞങ്ങള്‍ തയ്യാറുമാണ്. എന്നാല്‍ കഴിവുള്ള ഒട്ടേറെ വ്യക്തികള്‍ കാണികളായി പുറത്തു നില്ക്കുന്നതായി ഞങ്ങള്‍ക്കറിയാം. അവര്‍ കൂടി നമ്മോടു കണ്ണി ചേര്‍ന്നാല്‍ ഈ ചങ്ങല കൂടുതല്‍ ദൃഢമാകും. ഫലമോ അതിശയിപ്പിക്കുന്നതും.
മറ്റൊരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത് ബ്ളോഗ് സന്ദര്‍ശകരോടാണ്. നിങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങളാണ് നമ്മുടെ ഓരോ പോസ്റ്റുകളുടേയും വിലയിരുത്തലിനു സഹായിക്കുന്നത്. തുടര്‍ന്നുള്ള പ്രയാണത്തിനുള്ള ഇന്ധനവും അതുതന്നെ. പ്രതികരണങ്ങള്‍ പക്ഷേ ഇപ്പോള്‍ വേണ്ടത്രയില്ലതന്നെ. സജീവ ചര്‍ച്ചയ്ക്കു വിധേയമാകേണ്ട പാഠഭാഗങ്ങള്‍ അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചാവിധേയമാകുന്നില്ല. അതു നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ബ്ളോഗ് സന്ദര്‍ശിച്ചാല്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം, അത് എന്തുമാകട്ടെ, അയക്കുകയാണെങ്കില്‍ അതീ പ്രശ്നത്തിനു പരിഹാരമാകും. സര്‍ഗ്ഗാത്മക രചനകള്‍ നടത്തുന്നവര്‍ അവരുടെ അക്കാദമിക പ്രാഗത്ഭ്യം കൂടി ഞങ്ങള്‍ക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ക്രിക്കറ്റു ഭാഷയില്‍ പറഞ്ഞാല്‍, ലക്ഷം ക്ളബ്ബില്‍ അംഗത്വം നേടിയ നമ്മുടെ ബ്ളോഗിനെ അങ്ങനെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഒത്തൊരുമിച്ചു നയിക്കാം.
Nov 22, 2010
ദൈനംദിനാസൂത്രണം
ഒമ്പതാം തരം നാലാം യൂണിറ്റിലേക്ക് പ്രവേശിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനത്തിനായി തയ്യാറാക്കിയ ടീച്ചിങ്ങ് മാനുവല്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഏറ്റവും പുതിയ സാമഗ്രികള്‍ ഉപയോഗിച്ച് ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുള്ള അനുഭൂതി പങ്ക് വെക്കപ്പെടേണ്ടതാണെന്ന് തോന്നിയതിനാലാണ് ഇത് പോസ്റ്റുചെയ്യുന്നത്.
Nov 20, 2010
പ്രിസൈഡിങ് ദണ്ഡകം

ഡ്യൂട്ടീനിയോഗമതു കിട്ടീ, തമാശ വഴി –
മുട്ടീ, യശാന്തിയണപൊട്ടീ
ശരണമിനി നീയേ, സകലജനതായേ,
മമ തനുവി-ലതിലുപരി മനസി-യൊരു മുറിവേതു –
മിയലാതെ തുണ ചെയ്ക മായേ !
കാലത്തിനൊത്ത പല കോലങ്ങളാടുവതു
ശീലപ്പെടേണ,മതിനാലേ
അഴലകലെയാക്കീ കരളു ദൃഢമാക്കീ
യമശമനപദഭജനമതിലുഴറി ദിവസങ്ങ –
ളിവനൊരുവിധം തള്ളിനീക്കീ
ആലസ്യമറ്റു നിശി ചേലഞ്ചിടുന്നപടി
‘ബാലറ്റ്സൊ’രുക്കി വഴിപോലേ
പുലരിയിലൊരുങ്ങീ ജനതതി നിരങ്ങീ
വിവശജനനികരനിര ‘ചുമലു’കളിലെത്തി ബത !
‘പോളിങ്’ നടത്താന്‍ ഞെരുങ്ങീ
ആജന്മശത്രുതയി’ലേജന്റ്സു’ തമ്മിലടി –
യോജസ്സണഞ്ഞിവനു ബേജാര് :
ഇതുവിധമെതിര്ക്കും പരനൊടു കയര്‍ക്കും
കൊടിയ വിഷമിയലുമിവരുടെയിടയിലന്തി വരെ –
യമരുകിലഹം മരണമേല്ക്കും !
athippattaravi@gmail.com
Nov 18, 2010
പ്ലാസ്റ്റിക് വരമ്പ്

വ്യക്തികള്‍ കടന്നുവരുന്നു. കണ്ണും മൂക്കും കൈയ്യും കാലും ഉള്ള മനുഷ്യരൂപങ്ങള്‍. ഈ രൂപങ്ങള്‍ ക്രമേണ രൂപപരിണാമം വന്ന് ഒരു കവിതയായി, നോവലായി, ഇതിഹാസമായി മാറുന്നു. ഇതിഹാസത്തിനുമുന്നില്‍ അന്തിച്ചുനില്ക്കുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഒട്ടകത്തിന് ഇടം കൊടുത്തവന്റെ അവസ്ഥയിലേയ്ക്ക്.... കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്ന പഴഞ്ചൊല്ല് പതിരായിപ്പോകുന്നു. കണ്ടിട്ടും കൊണ്ടിട്ടും അറിവുമാത്രം കടന്നുവരുന്നില്ല. എനിക്കെന്നാണിനി അറിവു കൈവരിക? എന്നാണെന്റെ ബുദ്ധി നേരെയാവുക? എന്റെ പരിദേവനം കേട്ട് മനസ്സലിഞ്ഞ ഒരു സുഹൃത്ത്, വ്യക്തികള്‍ കവിതയാകുന്ന രാസപ്രക്രിയയ്ക്കിടയില്‍ വയ്ക്കാന്‍ ഒരു പ്ലാസ്റ്റിക് വരമ്പ് തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
റംല മതിലകം
മലയാളം അദ്ധ്യാപിക
ജി.എച്ച്.എസ്.പുതിയകാവ്
Nov 16, 2010
മൂന്നാമതെത്താന്‍ കൊതിക്കുന്നവര്‍ - ചലച്ചിത്രാസ്വാദനം

ഏതൊരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഒന്നാം സ്ഥാനത്തിനാണ് കൊതിക്കുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തിനു കൊതിക്കുന്ന, അതിനു വേണ്ടി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കുന്ന ഒരു കുട്ടിയുടെ മനസ്സിലെന്തായിരിക്കും? ഒന്നാം സ്ഥാനം നേടി തളര്‍ന്നു വീഴുമ്പോള്‍ തനിയ്ക്ക് മൂന്നാം സ്ഥാനമില്ലേ എന്ന് ആകാംക്ഷയോടെ അവന് ചോദിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മൂന്നാം സ്ഥാനം കിട്ടാത്തതില്‍ നിരാശനായി തലകുനിച്ചു വീട്ടിലെത്തുന്ന ഒരു ബാലന്! ഒന്നാം സ്ഥാനത്തിന്റെ വിലയറിയാത്ത, ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയല്ല അവന്. പിന്നെയുമെന്തേ അവനിങ്ങനെ? മജീദ് മജീദി എന്നയാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇറാനിയന്‍ ചലച്ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആണ് ഇത്തരമൊരു കഥ പറയുന്നത്.
അലി എന്ന ഒന്‍പതു വയസ്സുകാരന് തന്റെ സഹോദരി ഏഴു വയസ്സുകാരി സാറയുടെ ചെരുപ്പ് നന്നാക്കാന്‍ കൊടുക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവ അലിയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ അലിയുടെ പിതാവ് (മുഹമ്മദ് അമീര്‍നജി) തുച്ഛവരുമാനക്കാരനും അമ്മ (ഫരസ്തെ സര്‍ബാന്ദി) രോഗിയുമാണ്. പുതിയ ചെരുപ്പ് വാങ്ങുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യവും. ഈ സാഹചര്യത്തില്‍ വീട്ടിലറിയിക്കാതെ അലിയുടെ ഷൂ സാറയുമായി പങ്കു വയ്ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സാറയുടെ ക്ളാസ്സിനു ശേഷം അലിയുടെ ക്ളാസ്സ് നടക്കുന്നത് ഈ തീരുമാനമെടുക്കാന്‍ സഹായകരമായി. പക്ഷേ ക്ളാസ്സില്‍ നന്നായി പഠിക്കുന്ന അലി സമയത്ത് ഷൂ കിട്ടാത്തതു കൊണ്ട് പതിവായി സ്ക്കൂളില്‍ താമസിച്ചു വരാന്‍ തുടങ്ങിയത് അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് ദീര്‍ഘദൂര ഓട്ടമല്‍സരം നടക്കുന്ന വിവരം അലി അറിഞ്ഞത്. ഒന്നാം സമ്മാനം ഹോളിഡേ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരമായിരുന്നിട്ടു കൂടി അലിയ്ക്കതില്‍ യാതൊരു താല്പര്യവും തോന്നിയില്ല. എന്നാല്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരുന്നു. തന്റെ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള അവസരമായി അലി ഇതിനെ കാണുന്നു. മൂന്നാം സ്ഥാനത്തിനായി മാത്രം മല്‍സരിക്കുന്ന അലി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് മല്‍സരമുണ്ടായപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തിയ അലിയ്ക്ക് അവന് ഒട്ടും ആഗ്രഹിക്കാത്ത ഒന്നാം സ്ഥാനമാണ് കിട്ടിയത്. പരാജിതനേപ്പോലെ സാറയുടെ മുന്നിലെത്തിയ അലി മുറിഞ്ഞ കാലുകള്‍ വെള്ളത്തിലിട്ട് ഇരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
അമീര്‍ ഫറോക്ക് ഹഷ്മിയന്‍ അവതരിപ്പിച്ച അലി, ബഹ്റെ സിദ്ദിഖിയുടെ സാറ എന്നീ കഥാപാത്രങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഷൂ നഷ്ടപ്പെടുന്ന അലിയുടേയും സാറയുടേയും ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഈ കുട്ടികള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. വീട്ടിലെ സാഹചര്യമറിഞ്ഞ് പെരുമാറുന്ന ഈ കുട്ടികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ അന്യമായ കാഴ്ചയാണ്. ഇറാനിലെ ടഹ്റാനില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം പേര്‍ഷ്യന്‍ ഭാഷയിലാണ് എടുത്തിട്ടുള്ളത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍, സ്റ്റണ്ടു സീനുകള്‍, പ്രണയ രംഗങ്ങള്‍, തുടങ്ങി കണ്ടു ശീലിച്ച പതിവു മസാലക്കൂട്ടുകള്‍ ഒന്നുമില്ലാത്ത, ഒരു സാധാരണ പ്രമേയത്തെ അടിസ്ഥാനമാക്കി അസാധാരണമാംവിധം എടുത്ത ഈ ചിത്രം സിനിമാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.
children of heaven ചലച്ചിത്രം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കെ. എസ്. ബിജോയി,
ഗവ. വി.എച്ച്.എസ്.,
ഈസ്റ്റ് മാറാടി.
Nov 14, 2010
വീണ്ടും ചില ശിശുദിന ചിന്തകള്‍
വീണ്ടുമൊരു ശിശുദിനം കൂടി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. എല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നു. മാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനം. മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്. കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കും. ഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള് അപ്രത്യക്ഷമാക്കും.
കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. സ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍, ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍, മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേ, നൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂ. ആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.
പ്രതീക്ഷ പോലെ തന്നെ ഉയര്‍ന്ന ഉദ്യോഗം നേടുന്ന അവന് പണ്ട് തനിക്ക് കിട്ടിയതിലും മെച്ചമായ ഒരു ഡേകെയര്‍(വൃദ്ധ സദനം) അച്ഛനമ്മമാര്‍ക്കായി കരുതി വയ്ക്കുമ്പോള്‍ എന്തിനു നാം വിഷമിക്കണം? കൊടുക്കുന്നതല്ലേ തിരിച്ചു കിട്ടൂ. പലിശ കൂടിയാകുമ്പോള്‍ തകര്‍ന്നു പോകുന്നതെന്തിന്? തന്റെ ബാല്യത്തെ, കുട്ടിത്തത്തെ കവര്‍ന്നെടുത്തവരോടു ഇനി അവര്‍ പ്രതികരിക്കുക കൂടുതല്‍ കടുത്ത രീതിയിലായിരിക്കും. അതു താങ്ങാനുള്ള കരുത്ത് സര്വശക്തന് (അവരും മല്‍സരത്തിലാണ്!) നമുക്കേകട്ടെ എന്നു മാത്രമേ ഈ ശിശുദിനത്തില്‍ പറയാനുള്ളൂ.
-ബി. കെ. എസ്.
Nov 11, 2010
വൈരുദ്ധ്യാത്മകം

ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചത് ;
മക്കളേ, നിങ്ങള്‍ നാളെയുടെ നാവുകള്‍
മൂല്യച്യുതികള്‍ക്കെതിരെ പടവാളാകേണ്ടവര്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്ക്കേണ്ടവര്
വാര്‍ദ്ധക്യവേദനകള്‍ക്ക് സ്നേഹലേപനം ചെയ്യേണ്ടവര്‍
അന്ധവിശ്വാസങ്ങളെ ചവിട്ടിയുടയ്ക്കേണ്ടോര്‍
ജാതിമതഭ്രാന്തുകള്‍ക്കയിത്തം കല്പിക്കേണ്ടോര്‍
മനുഷ്യമനസ്സിലെ മതിലുകള്‍ തകര്‍ക്കേണ്ടോര്‍
ജീവിതലാളിത്യത്തെ തിരിച്ചെടുക്കേണ്ടവര്‍
സമസ്തലോകത്തിനും ക്ഷേമത്തിനായ് പ്രാര്‍ത്ഥിക്കേണ്ടോര്‍
കുട്ടിസമൂഹത്തില്‍ കണ്ടത് ;
സംഘടനകളാല്‍ ചേരിതിരിഞ്ഞ് തെറിവിളിക്കുന്ന ഗുരുഭൂതന്മാര്
പാഠഭാഗങ്ങള്‍ ബാക്കിയായി സേവനം ചെയ്യുന്നവര്‍
പഠിക്കലും പഠിപ്പിക്കലും പത്രത്താളുകളില്‍ നിറയ്ക്കുന്നവര്‍
മക്കളുടെ ജാതകം നോക്കാന്‍ രഹസ്യമായി ജ്യോത്സ്യനെ തേടുന്നവര്‍
സന്താനമൊന്നെങ്കിലും ഇരുനിലവീടിനായ് പരക്കം പായുന്നവര്‍
മക്കളെ പൊന്നില്‍ കുളിപ്പിക്കുന്നവര്‍
അന്യമതസ്ഥനെ പ്രണയിച്ച പുത്രിയെ
മനംമാറ്റാന്‍ കൂടോത്രം ചെയ്യുന്നവര്‍
സര്‍ട്ടിഫിക്കറ്റില്‍ ജാതിക്കോളം നോക്കി
ഉന്നതബന്ധമുറപ്പിക്കുന്നവര്‍
രക്ഷിതാവിന് മടിശ്ശീല നോക്കി
പ്രണയം സന്നിവേശിപ്പിക്കുന്നവര്‍
കുട്ടിപഠിച്ചത്
ദപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
Nov 8, 2010
പണയം - കവിത
"പഴയ രണ്ടുരുപ്പടികളുണ്ട്
പണയം വെയ്ക്കാന്‍
പഴയതിനെല്ലാം
നല്ല വിലകിട്ടുന്ന
കാലമാണല്ലോ !
ഒന്ന്
തനി തങ്കം
മറ്റത് മിന്നുന്നില്ലെങ്കിലും
പൊന്നാണ്.
തങ്കവും പൊന്നും
ഉരച്ചാല്‍ പളപളാ മിന്നും
ഉരയ്ക്കാനാളില്ലാഞ്ഞല്ലേ
പണയം ?
പണയത്തിന്
പണമൊന്നും തിരികെ വേണ്ട
പലിശയടയ്ക്കാ ത്തതിന്
നോട്ടീസും വേണ്ട
കൃത്യമൊന്നാം തീയതി
പലിശ ഡോളറായ് തരാം.
ഭാഗ്യമുണ്ടെങ്കില്‍
ഉരുപ്പടി രണ്ടും
ഒരുമിച്ച് തിരിച്ചെടുക്കാം
അല്ലെങ്കില്‍ ഓരോന്നായ്
വിധിപോലെ .
പണയമെടുക്കുന്നന്ന്
പത്രക്കാരും ചാനലുകളും വരും
നാലുകോളം വാര്‍ത്ത
ന്യൂസവര്‍
ഔദ്യോഗിക വെടി .
നിങ്ങളുടെ പണയപ്പുരയും
നാലാളറിയും
ഒന്നിനും കുറവുവരുത്തരുത്
ഡോളര്‍ ചാക്കുമായി
ഞാന്‍ പറന്നെത്തും .
സഞ്ചയനത്തിന്
വോഡ്കയില് മുങ്ങിക്കുളിച്ച്
സ്റ്റാര്‍ ഹോട്ടലില്‍ തര്‍പ്പണം .
അന്ന്
മറ്റന്തേവാസികളുമായി
വരണം
മറക്കരുത് .
സമയമുണ്ടാവില്ല
അല്ലെങ്കില്‍
പതിനാറടിയന്തിരവും
നമുക്ക്
ഗ്രാന്റാക്കാമായിരുന്നു ''.
എം. അജീഷ്
ജി.എച്ച്.എസ്.എസ്.തിരുവാലി
Nov 7, 2010
ഓര്‍മ്മയ്ക്കായ് ഒരു ജന്മദിനം - ഓര്‍മ്മക്കുറിപ്പ്
Nov 5, 2010
വെള്ളയമ്പലത്തെ ആല്‍മരം - കവിത

Nov 4, 2010
മധ്യേയിങ്ങനെ.... - കവിത
ടിവിയില്‍ കാണുന്നു
അജ്ഞാത വനങ്ങള്‍,
പക്ഷികള്‍, മൃഗങ്ങള്‍...
ട്യൂഷന് കഴിഞ്ഞ് വരാറായോ
കുട്ടികളെന്നുത്കണ്ഠ.
പത്രത്തില്‍ ദൂരദേശത്തെ
വിചിത്രമാം കൊലപാതകങ്ങള്‍...
ബസ്സുപോകുന്നതിനുമുമ്പേ
വായിച്ചുതീര്‍ക്കാനുള്ള തിരക്ക്
ഓഫീസിലെ ഒഴിഞ്ഞ കസേരയില്‍
പുതിയൊരാള്.
പരിചയപ്പെടലിന്റെ
ആവര്‍ത്തനത്തിനിടയില്‍
പലചരക്കുവാങ്ങി വീടെത്താനുള്ള തിടുക്കം.
ഇതിനിടയിലെപ്പോഴാണ്
കൗതുകം പടിയിറങ്ങിപ്പോയത്?
ഞെട്ടലും ഇറങ്ങിപ്പോയോ?
സൗഹൃദത്തിന്റെ മധുരവും
അക്കൂടെയാവാം പോയത്.
ക്ലോക്കിലിപ്പോള്‍ സൂചി
മദ്ധ്യ വയസ്സിനു നേരെ!
Nov 2, 2010
ചോദ്യപേപ്പര്‍ അവലോകനം
ഒരു ചെറുപുഞ്ചിരി | എംടി | കുറുപ്പ് |
എഴുപതുകാരുടെ യോഗം- | അശോകന് ചരുവില്‍- | അച്യുതന് മാഷ് |
മുല്ലവള്ളിയും മാന്‍കിടാവും- | കാളിദാസന്- | ശകുന്തള |
അധ്യാത്മരാമായണം- | എഴുത്തച്ഛന്- | ദശരഥന് |