അങ്ങനെയിതാ എനിക്കും ഒരു ജന്മദിനമുണ്ടായി. അതേ അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യമായി എന്റെ ജന്മദിനം ലോകരറിഞ്ഞു. അല്ല ഞാനറിഞ്ഞു. ഞാനതിലലിഞ്ഞു. ജില്‍സി എന്ന പതിനൊന്നാം ക്ലാസ്സുകാരിയായിരുന്നു അതിനു നിമിത്തമായത്. ഒന്നും പ്രതീക്ഷിച്ചല്ല ബേബി ബേക്കറിയില്‍ നിന്നും രണ്ടു കേക്കുകള്‍ വാങ്ങിയത്. ഹോസ്റ്റലിലെ ഒരു പതിവ്. അതുമുടക്കണ്ട. കുട്ടികള്‍ക്കൊരു സന്തോഷവും. അത്താഴമൂണിനു ശേഷമാണ് ഉല്ലാസമണിക്കൂര്‍. ആദ്യത്തെ കേക്ക് മഠത്തിലമ്മയ്ക്ക്. രണ്ടാമത്തേത് മഠത്തിലെ മക്കള്‍ക്ക്. കേക്കുമായി ഉല്ലാസമുറിയിലെത്തിയപ്പോള്‍ മദറിന് തലേന്നാളിലെ സ്വന്തം ഫീസ്റ്റിന്റെ ഓര്‍മ്മ. "ഞാനും ടീച്ചറും ജ്യേഷ്ഠാനുജത്തിമാര്‍. ഞാനിന്നലെ. ടീച്ചര്‍ ഇന്ന്". ഉല്ലാസത്തിനുത്സവമേകാന്‍ ജിയോമരിയാമ്മ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മധുരം വിളമ്പി. ആയുരാരോഗ്യസൗഖ്യമരുളുന്ന സുന്ദരഗാനം സായിപ്പിന്റെ ഭാഷയില്‍ അലടിച്ചു. തൂവാലയില്‍ പൊതിഞ്ഞ കൊന്തയുമായി വന്ന് മറിയത്തിന് 'മറിയ'ത്തെ മദര്‍ തന്നെ സമ്മാനിച്ചു.
അപ്പോഴേയ്ക്കുമിതാ പുതുവയസ്സിലേയ്ക്കാനയിക്കാന്‍ അന്തേവാസികളുടെ അംഗരക്ഷക മേഴ്സി സിസ്റ്ററെത്തി. കണ്ണിപൊത്തി കണികാണും മുറിയിലേയ്ക്ക് എന്നെ എതിരേറ്റുകൊണ്ടുപോകാന്‍ തുനിഞ്ഞ മോളി മിസ്സിന്റെ ശ്രമം പൊക്കക്കുറവിനാല്‍ തടസ്സപ്പെട്ടപ്പോള്‍ ആ ജോലി ജില്‍സി ഏറ്റെടുത്തു. അകത്തുകടന്നതും അമിട്ടുപൊട്ടും പോലെ ബലൂണുകള്‍ പൊട്ടി. പൂത്തിരി ഉയര്‍ന്നു താഴും പോലെ വര്ണ്ണക്കടലാസുകള് പാറിപ്പറന്ന് താഴ്ന്നിറങ്ങി തറയില്‍ മൊസൈക്കുപാകി. പാട്ടും കൊട്ടും തിരുതകൃതി. നായികയുടെ തിരിയണയ്ക്കലും കേക്കുമുറിക്കലും കാണികള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആരാദ്യം തരും എന്ന മട്ടില്‍ അന്തേവാസികളുടെ മധുരം തീറ്റിക്കലിന്റെ മത്സരത്തിനിടയില്‍ ജന്മദിനക്കാരിക്ക് ശ്വാസം കഴിക്കാന്‍ പോലും സമയം കിട്ടാതെ വാതുറക്കേണ്ടി വന്നതുകൊണ്ട് മതിയെന്നു പറയാന്‍ കഴിഞ്ഞില്ല. എന്നാല്‍ പങ്കാളികളെല്ലാം ആശയടക്കമുള്ളവരായിരുന്നതിനാല്‍ കേക്കിന്റെ ബാക്കി കഷണങ്ങള്‍ക്ക് പാത്രത്തിലല്പം വിശ്രമം തരപ്പെട്ടു.
പിന്നീടങ്ങോട്ട് ജില്‍സിയുടെ 'വാല്‍ക്കണ്ണാടി' പ്രകടനമായിരുന്നു. പാടാനറിയാത്ത മറിയം 'ആലായാല്‍ തറവേണം' പാടി 'തറ'യായി. ഏതു രാവിനും ഒരു പകലുണ്ടല്ലോ. ഈ പാട്ടുകേട്ടുറങ്ങിയ മഹതികളെ ഉണര്‍ത്താന്‍ അനീഷ 'നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്നിങ്ങനെ നാടന്‍ ശീലില് പാട്ടിന്റെ പ്രഭ ചൊരിഞ്ഞു. തുടര്‍ന്ന് 'മറക്കാനാവാത്ത സംഭവം' എന്ന രണ്ടാം ഘട്ടമായിരുന്നു. മേഴ്സി സിസ്റ്റര്‍ ഒരു ടൗവ്വല് സമ്മാനിച്ചത് മുഖം മറയ്ക്കാനും വേര്‍പ്പ് ഒപ്പാനുമൊക്കെ തരപ്പെട്ടു. സ്റ്റാര്‍ സിംഗറാകാന്‍ ശ്രമിച്ചു പരാജിതയായ ഞാന്‍ തീവണ്ടികണ്ടു് ചരിത്രം സൃഷ്ടിച്ച കഥ വിവരിച്ചപ്പോള്‍ വിജയത്തിന്റെ ആദ്യപടിയായി. വാല്‍ക്കണ്ണാടിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷണമായിരുന്നു പിന്നീട് അരങ്ങേറിയത്. Yes or No ചോദ്യോത്തരങ്ങളിലൂടെ യഥാര്‍ത്ഥ നിധിയുടെ പേരു കണ്ടെത്തണമത്രേ. പരാജയം മുന്‍കൂട്ടി സമ്മതിക്കാനും ആ കൊച്ചുകൂട്ടുകാര്‍ സമ്മതിച്ചില്ല. പരീക്ഷ തുടങ്ങി നാലാം ചോദ്യത്തോടെ ശരിയായ ഉത്തരം പറഞ്ഞ് ഞാന്‍ വിജയകിരീടം ചൂടിയപ്പോള്‍ ജിന്‍സി സമ്മാനിച്ചത് കൈയക്ഷരം നല്ലതാക്കുവാനുള്ള ഒരു ഉപകരണമായിരുന്നു. അവളുണ്ടോ അറിയുന്നു എന്റെ കൈയക്ഷരം നന്നാക്കുന്തോറും മോശമാകുന്നതാണെന്ന സത്യം.
കൊതിച്ചൂറുന്ന കണ്ണുകള്‍ കേക്കിനെ പൊതിയുന്നതു കണ്ടപ്പോള്‍ മേഴ്സി സിസ്റ്റര്‍ ഇനി കേക്കു തിന്നിട്ടാവാം എന്നൊരു ഇടവേള നല്കി. അദ്ധ്യാപനം എന്ന തൊഴിലിനെ ഞാന്‍ പ്രണയിച്ചു സ്വായത്തമാക്കിയ കഥയും അതിലേയ്ക്ക് വഴിനടത്തിയ നാഴികക്കല്ലുകളായ ഗുരുഭൂതരേയും അനുസ്മരിച്ചുകൊണ്ടുള്ള ലഘു പ്രഭാഷണം തന്നെ നടത്തേണ്ടിവന്നുവെങ്കിലും കേഴ്വിക്കാര് അക്ഷമരായില്ല. ജിന്‍സി അവസാന കുരുക്കിട്ടത് എന്റെ നാവിനാണ്. ഒരു ഉപദേശം വേണം പോലും. കഴുതയും ഒന്നാം സമ്മാനം മേടിക്കുന്ന ഫീല്‍ഡാണെങ്കിലും പെട്ടെന്ന് കണ്ടെത്തുക പ്രയാസം. അപ്പോള്‍ ഓര്‍ത്തു, സെല്‍ഫ് ഗോളടിക്കുന്നതിലും നല്ലത് പന്ത് എതിര്‍ഭാഗത്തിന്റെ കോര്‍ട്ടിലിട്ടുകൊടുക്കലാണെന്ന്. പഠനത്തിലെ കയറ്റിറക്കങ്ങള്‍ കണ്ടെത്തി ഇറങ്ങാനെളുപ്പമായ വിഷയങ്ങള്‍ വിട്ട് കയറാന്‍ പ്രയാസമായ വിഷയക്കരിമ്പാറകളില്‍ അള്ളിപ്പിടിച്ച് കയറണമെന്ന് താങ്ങിക്കൊടുത്തു. അപ്പോഴതാ എട്ടുദിക്കും പൊട്ടുമാറ് കലാശക്കൊട്ട്. പൂരപ്പറമ്പിലെന്നപോലെ ബലൂണ്‍ പടക്കങ്ങള്‍ ചടപടാപൊട്ടിക്കേറി. കാതടയ്ക്കുന്ന ശബ്ദത്തിലും ആനന്ദത്തിന്റെ മധുരിമ തിങ്ങിനിറഞ്ഞു. നിറഞ്ഞ മനസ്സും ചിരിച്ചു നനഞ്ഞ കണ്ണുമായി ആ നിമിഷങ്ങള്‍ എന്നോടു വിടവാങ്ങി.
കെ. വി. മറിയം
മലയാളം അദ്ധ്യാപിക
ഗവ. മോഡല്‍ ഹൈസ്ക്കൂള്
പാലക്കുഴ
4 comments:
പരിചയമുള്ള ഒരു നല്ല അധ്യാപികയുടെ രചനയ്ക്കായി ഇത്ര നാള് കാത്തിരിക്കേണ്ടി വന്നു!ഇനി അതൊരു പുഴയായി ഒഴുകട്ടെ.അമ്പത്തിമൂന്നിന്റെ മാധുര്യത്തിലുല്ലസിക്കുന്ന ടീച്ചര്‍ക്ക്, വൈകിയെങ്കിലും,ജന്മദിനത്തിന്റെ മംഗളം നേരുന്നു ഞാന്‍.....
മറിയം ടീച്ചറെ ഇതെവിടെ ഒളിപ്പിച്ചു വെച്ചു!കൊള്ളാമല്ലോ! ഇനി തുടരെ തുടരെ പോരട്ടെ!ബ്ലോഗ് വായനക്കാര്‍ കാത്തിരിക്കും!നിരാശപ്പെടുത്തല്ലേ!
മറിയം ടീച്ചറിന് വന്ദനം ...അഭിനന്ദനം..ചന്തമുള്ള കുഞ്ഞിപ്പെന്നായി ബ്ലോഗില്‍ എന്നും ഉണ്ടാകണം.
മനോഹരമായ ഭാഷ.
മറിയം ടീച്ചര്‍ക്കും കുട്ടികള്‍ക്കും ആശംസകള്‍
ഷരീഫ് കുരിക്കള്‍, കാസര്‍കോട്
Post a Comment