എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 14, 2010

വീണ്ടും ചില ശിശുദിന ചിന്തകള്‍



വീണ്ടുമൊരു ശിശുദിനം കൂടി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. എല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നു. മാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനം. മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്. കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കും. ഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള്‍ അപ്രത്യക്ഷമാക്കും.

കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. സ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍, ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍, മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേ, നൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂ. ആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.

പ്രതീക്ഷ പോലെ തന്നെ ഉയര്‍ന്ന ഉദ്യോഗം നേടുന്ന അവന്‍ പണ്ട് തനിക്ക് കിട്ടിയതിലും മെച്ചമായ ഒരു ഡേകെയര്‍(വൃദ്ധ സദനം) അച്ഛനമ്മമാര്‍ക്കായി കരുതി വയ്ക്കുമ്പോള്‍ എന്തിനു നാം വിഷമിക്കണം? കൊടുക്കുന്നതല്ലേ തിരിച്ചു കിട്ടൂ. പലിശ കൂടിയാകുമ്പോള്‍ തകര്‍ന്നു പോകുന്നതെന്തിന്? തന്റെ ബാല്യത്തെ, കുട്ടിത്തത്തെ കവര്‍ന്നെടുത്തവരോടു ഇനി അവര്‍ പ്രതികരിക്കുക കൂടുതല്‍ കടുത്ത രീതിയിലായിരിക്കും. അതു താങ്ങാനുള്ള കരുത്ത് സര്‍വശക്തന്‍ (അവരും മല്‍സരത്തിലാണ്!) നമുക്കേകട്ടെ എന്നു മാത്രമേ ഈ ശിശുദിനത്തില്‍ പറയാനുള്ളൂ.

-ബി. കെ. എസ്.

4 comments:

Anonymous said...

Very good

Sreekumar Elanji said...

സന്ദര്‍ഭോചിതം.........

lisa said...

ഇത്രയും കടുത്ത ഭാഷ വേണമായിരുന്നോ ? ചങ്കിനു വേദനയായി

arun chettikulangara said...

സത്യം പറയുമ്പോള്‍ വേദനിക്കുക സ്വാഭാവികം. വേദനിക്കുന്ന സത്യങ്ങള്‍ മറച്ചുവച്ചതാണ് ഇതുവരെ നമുക്കുപറ്റിയ തെറ്റ്. ഇനിയും അതു തുടരാതിരിക്കുന്നതാണ് നല്ലത്. ബി. കെ. എസി.ന് അഭിവാദ്യങ്ങള്‍, സുഹൃത്തേ ധീരതയോടെ മുന്നോട്ട്.