കാലം തെറ്റിവന്ന തുലാവര്‍ഷത്തില്‍ നനഞ്ഞ ഒരു പകല്‍. പഠിച്ചു മടുത്ത മകള്‍, ബന്യാമിന്റെ 'ആടുജീവിത'ത്തെക്കുറിച്ചുള്ള ലേഖനം വായിച്ചുകൊണ്ട് എന്റെ അരുകില്‍ ചേര്‍ന്നുകിടന്നു; കെട്ടിപ്പിടിച്ചു. "എന്തു രസാ അമ്മേ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍"
അറിയാതെയാണങ്കിലും മനസ്സ് കുട്ടിക്കാലത്തിലേയ്ക്ക്. വീട്ടിലും തൊടിയിലും നിറസാന്നിദ്ധ്യമായിരുന്ന അമ്മ. അച്ഛന്റെ അസാന്നിദ്ധ്യത്തില്‍ പാടത്തും പറമ്പിലും വേണ്ട പണികള്‍ ചെയ്യിക്കുവാന്‍ ഓടി നടന്നിരുന്ന അമ്മ. പകല്‍ ഒരിടത്തും ഒരിക്കലും അമ്മയെ ഇരുന്നു കണ്ടിട്ടേയില്ലല്ലോ? വീടിന്റെ ഐശ്വര്യം! അച്ഛന്റെ ആയുസ് - അമ്മയുടെ ജാതകഫലം. തിരുവോണം നിറഞ്ഞ നാളാണത്രേ!
വെളുപ്പിനെഴുനേറ്റ്, കുളിച്ച് നിലവിളക്കുകൊളുത്തി 'പച്ചക്കല്ലൊത്ത തിരുമേനിയും' എന്ന കീര്‍ത്തനം അമ്മ ചൊല്ലുന്നതു കേട്ടുണരുന്ന ഞങ്ങള്‍. നേരത്തേ സ്ക്കൂളിലെത്താനായി ഭക്ഷണം കഴിക്കാതെ ഓടുന്ന ഞങ്ങളുടെ പിന്നാലെ വയല്‍ വരമ്പുവരെ ആഹാരവും കൊണ്ടുവന്ന് ഊട്ടുന്ന അമ്മയുടെ ഓര്‍മ്മകള്‍ ഉള്ളതിനാല്‍ എന്റെ മകളുടെ ആഹാരകാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചുപോരുന്നു.
വീട്ടില്‍ ആണ്‍കുട്ടികള്‍ക്ക് പ്രാധാന്യമുള്ള കാലമായിരുന്നിട്ടും പെണ്‍കുട്ടികള്‍ പഠിക്കണം, ജോലിക്കാരാകണം എന്നു ശഠിച്ച വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന, ജോലിയുടെ വിലയറിയുന്ന പഠിക്കാത്ത 'വീട്ടമ്മ' മാത്രമായിരുന്ന അമ്മ. വഴക്കുപറയുന്നതിനും വാത്സല്യം കാണിക്കുന്നതിനും ഒരേ ഈണം, ഒരേ താളം. ആധുനിക മനശ്ശാസ്ത്രം അറിയില്ലെങ്കിലും കൗതുകത്തോടെ ഞങ്ങളുടെ സ്ക്കൂള് വിശേഷങ്ങള്‍ കേള്‍ക്കുന്ന ജിജ്ഞാസു. അസുഖമായിരിക്കുമ്പോള്‍ സാന്ത്വനത്തിന്റെ നനുത്ത സ്പര്‍ശം. അതിനായി മാത്രം ഇടയ്ക്കൊക്കെ അസുഖം വരണേ എന്ന പ്രാര്‍ത്ഥന. (എന്റെ മക്കള്‍ക്ക്, തിരക്കുപിടിച്ച യാന്ത്രിക ജീവിതത്തിനിടയിലും കഴിയുന്നത്ര സ്നേഹവാത്സല്യങ്ങളും സാമീപ്യവും നല്കാന് ഞാന്‍ ശ്രദ്ധിക്കുന്നത് അമ്മയുടെ സ്വാധീനംകൊണ്ടാണ്.)
അമ്മയുടെ ആഗ്രഹംപോലെ ഒരു ജോലികിട്ടി. എന്നിട്ടും എനിക്ക് തൃപ്തിയാവോളം അമ്മയ്ക്ക് ഒന്നും കൊടുക്കാന്‍ കഴിയാതിരുന്ന നിസ്സഹായത. അമ്മയോളം എന്നെ അറിഞ്ഞതാര്? മക്കളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത, കൊടുക്കുക മാത്രം ചെയ്ത മുഖംമൂടിയില്ലാത്ത സ്നേഹം! സത്യത്തിന്റെ മൂര്‍ത്തിമത്ഭാവമായ അമ്മയെ നമിക്കുന്നു, മനസ്സാ. (വൈകിയാണെങ്കിലും ആസ്നേഹം ഞാനറിയുന്നു. മനസ്സില്‍ അയവിറക്കി ആസ്വദിക്കുന്നു.) ഞങ്ങള്‍ക്കായി സ്നേഹം ചൊരിഞ്ഞ അമ്മയ്ക്ക് ഞങ്ങള്‍ അത് തിരിച്ചുകൊടുത്തുവോ? ഇല്ല, അത് അടുത്ത തലമുറയ്ക്ക് നല്കാന് ഞങ്ങള്‍ പിശുക്കിവച്ചല്ലോ.
തൊടിയിലെ കളിയും മരംകയറ്റവും തോട്ടിലെ നീന്തലും കുളിയും. സമയം അതിക്രമിക്കുമ്പോള്‍ അമ്മയുടെ ശകാരം. അങ്ങനെയങ്ങനെ..
അറിയാത്ത പ്രായത്തില്‍ ഒരു നീലക്കുപ്പിയുടെ പേരില്‍ അമ്മയോടു വഴക്കുണ്ടാക്കിയത്, അമ്മയുടെ ഭാവമാറ്റം, ഇന്നും ഉണങ്ങാത്ത മുറിവായി മനസ്സില്‍ കിടക്കുന്നു. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കുക എന്ന പാഠം അന്നു പഠിച്ചു.
ഒടുവില്‍ ഒരു കര്‍ക്കിടകത്തില്‍ വിടപറഞ്ഞ സ്നേഹം. സ്നേഹപ്രകടനത്തില്‍ പിശുക്കനായ അച്ഛന്റെ ആശാവഹമായ മാറ്റത്തിന് തണലില്‍ ഒരു വ്യാഴവട്ടത്തിനുമേല്. ആ വൃക്ഷവും വേരറ്റപ്പോള്‍ ഉണ്ടായ അനാഥത്വം. എല്ലാമെല്ലാം. അറിയാതെ അല്പം ഉറക്കെ പറഞ്ഞു പോയോ?
"അമ്മയ്ക്കു ഞാനില്ലേ; ഞങ്ങളില്ലേ?" മോളുടെ മൃദുസ്വവരം, തലോടല്‍. നനഞ്ഞുതണുത്ത പകലിലേയ്ക്ക് വീണ്ടും.
കുടുംബജീവിതം സംതൃപ്തം. എങ്കിലും എവിടെയൊക്കെയോ ആവര്‍ത്തനത്തിന്റെ വൈരസ്യം. ചേച്ചി പറയുന്നതുപോലെ:
"ദിനമപി രജനീ സായംകാലേ
ശിശിരവസന്തൗ പുനരായാതം.."
ഏതോ സിനിമയില്‍ കണ്ടതുപോലെ ടൈം മെഷീന്റെ സഹായത്തോടെ ഭൂതകാലത്തിലേയ്ക്കും ഭാവിയിലേയ്ക്കുമെല്ലാം ഇഷ്ടം പോലെ വര്‍ത്തമാനകാലത്തുനിന്ന് സഞ്ചരിക്കാന്‍ കഴിഞ്ഞെങ്കില്‍. പ്രതീക്ഷിച്ചിരിക്കാതെ തിടുക്കത്തില്‍ കടന്നുപോകുന്ന സമയത്തിന്റെ കാലുകള്‍ ബന്ധിക്കാന്‍ കഴിഞ്ഞെങ്കില്‍! നദിപോലെ അനുസ്യൂതം ഒഴുകുന്ന ചിന്തയെ തടയാന്‍ കഴിഞ്ഞെങ്കില്‍! ഇങ്ങനെ എത്രയോ എങ്കിലുകള്‍! ജീവിതം തന്നെ എങ്കിലുകളുടെ ആകെത്തുകയല്ലേ?
"അച്ഛനെത്തി. നമുക്കിനി കാപ്പികുടിച്ചാലോ അമ്മേ!" മോളുടെ ചോദ്യം. അര്ദ്ധവിരാമത്തിലെത്തിയ ചിന്തകളെ പുറത്ത് അലറിപ്പെയ്യുന്ന മഴയ്ക്കു കൂട്ടിനുവിട്ടിട്ട് അടുക്കളയിലേയ്ക്ക് നടന്നു; ആത്മഗതത്തോടെ, "ഒരാടുജീവിതം! പോയിത്തുലയട്ടെ!"
പറയാന്‍ കൊതിക്കുന്ന മനസ്സിന്റെ പകുതി അടഞ്ഞവാതില്പ്പാളികള്ക്കിടയിലൂടെ ചിതറിവീണ നുറുങ്ങുവിചാരങ്ങള് മാത്രമാണിത്. എന്തൊക്കെയോ എന്തൊക്കെയോ മാത്രം.
ടി. എന്‍. ഗീതാകുമാരി
മലയാളം അദ്ധ്യാപിക
സമൂഹം ഹൈസ്ക്കൂള്
നോര്‍ത്ത് പറവൂര്‍.
9 comments:
"ഇത് വെറും അര്‍ദ്ധവിരാമം വാഴ്വെന്നൊ-
രിതിഹാസത്തിനില്ലവസാനം ഭദ്രേ"
"ഞങ്ങള്‍ക്കായി സ്നേഹം ചൊരിഞ്ഞ അമ്മയ്ക്ക് ഞങ്ങള്‍ അത് തിരിച്ചുകൊടുത്തുവോ? ഇല്ല, അത് അടുത്ത തലമുറയ്ക്ക് നല്കാന് ഞങ്ങള്‍ പിശുക്കിവച്ചല്ലോ."
very good !
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips
മകളിലൂടെ, നമ്മുടെ അമ്മ മനസ്സിലൂടെ, അമ്മയുടെ സ്നേഹത്തിലെക്കൊരു തിരിജു നോട്ടം ....നന്നായിരിക്കുന്നു.
റംല.
Being a full-time mother is one of the highest salaried jobs in my field, since the payment is pure love. ~Mildred B. Vermont
agood life story
Dear friends, Thank you for reading Ardhaviramam&your encouraging words showered on it. GeethaUnni
ഇന്ന് "മാതൃഭൂമിയിലെ " ബ്ലോഗീന വായിച്ചു , അതിലും ഒരു അമ്മയെക്കുറിച്ചുള്ള
കുറിപ്പുണ്ട് . "അമ്മ എത്ര മഹത്തായ പദം".....
നമ്മള് പഠിപ്പിക്കുന്നത് "ആനയെ നടക്കലെരുതനമെന്നയിരുന്നു
ആളുടെ ആഗ്രഹം ..അവസാനം അമ്മയെ നടയ്കലിരുതി
അയാള്‍ സംതൃപ്തിയടഞ്ഞു .." കാലം എത്ര മാറി ..
"മനസ്സിന്റ കോണിലെവിടെയോ ഗതകാലസ്മരണകള്‍ ഉയരുന്നു !
സ്നേഹം അതാണല്ലോ അമ്മ ! നന്നായിരിക്കുന്നു......... ഗീതാ.......... ഓര്‍മ്മക്കുറിപ്പുകള്‍
ilove it
Post a Comment