അക്ഷരം പഠിച്ച കുട്ടിയല്ലേ.....
അല്പം എന്തെങ്കിലും എഴുതിയാലെന്താ...?
അഞ്ചു വയസ്സേ ആയിട്ടുള്ളൂ എങ്കിലും ഒരു കുറവും വരരുത്
അതാണു ഞാന്‍ പ്രത്യേകം ടീവിയും കമ്പ്യൂട്ടറും വാങ്ങിത്തന്നത്
അടുത്ത മുറി നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും .
അത്രക്കുണ്ട്,
അച്ഛനായ എനിക്ക് നിന്നോടുള്ള ശ്രദ്ധ
അറിയാമോ നിനക്ക്..?
അറിവുണ്ടാകാന്‍ സംശയങ്ങള്‍ ജനിക്കണം
അല്ലെങ്കില്‍ എന്തിനു നിന്നെ പറയുന്നു
അമ്മയെ പോലെ തന്നെ മകളും
***************************************
എന്റെ മുറിയിലെ ജനാല തുറന്നാല്‍, അങ്ങ് താഴെ--
പഴന്തുണി വലിച്ചുകെട്ടിയ,
ചിതലരിക്കുന്ന മേല്‍ക്കൂരയുള്ള
ഇളം കാറ്റില്‍ പോലും വിറകൊള്ളുന്ന,
ഒരു കുടില്‍ കാണുന്നില്ലേ...?
അവിടെ-- ഊന്നുവടിയില്‍ നടക്കുന്ന,
രണ്ടു കാലുമില്ലാത്ത,എപ്പോഴും ചുമയ്ക്കുന്ന ഒരു അങ്കിള്‍ ഉണ്ടല്ലോ
കീറിത്തുന്നിയ ഉടുപ്പിട്ട,
ചിരട്ടക്കളിപ്പാട്ടം വച്ച് കളിക്കുന്ന,
വലിയ വായില്‍ കരയുന്ന,
അസ്ഥിക്ക് കുപ്പായമിട്ട പോലൊരു കുഞ്ഞിനേയും അച്ഛന്‍ കണ്ടിട്ടില്ലേ?
എന്നും സന്ധ്യയാകുമ്പോള്‍
വെളുത്തു ചുമന്ന ഒരു ആന്റി
പലവീടുകളിലെ പണിയും കഴിഞ്ഞു
കറുകറുപ്പായി വന്നു കയറും
മുറ്റത്തെ ചെങ്കല്ലടുപ്പില്‍ തീ കൂട്ടി കഞ്ഞി വയ്ക്കും
അടുപ്പിലെ തീയ്ക്കും ആന്റിയുടെ മുഖത്തിനും
ഒരേ നിറമാണെന്ന് അച്ഛന്‍ പറയാറില്ലേ
എന്നും വൈകുന്നേരം എന്റെ മുറിയില്‍ വന്നു
കാറ്റു കടക്കട്ടെ എന്നു പറഞ്ഞു ജനാല തുറക്കുന്നതെന്തിനാ അച്ഛാ?
ഇടയ്ക്കു--വിശപ്പ് സഹിക്കാതെ ആ കുഞ്ഞു വിങ്ങി വിങ്ങി കരയും
അത് കേട്ട് അടുപ്പത് തിളയ്ക്കുന്ന കഞ്ഞി കോരി
കുഞ്ഞുമായി ആന്റി അകത്തു പോകും
അപ്പോള്‍, കുഞ്ഞിനെ നോക്കി അരിശത്തോടെ
പല്ലുകടിക്കുന്നതെന്തിനാ അച്ഛാ?
ഇനിയുമുണ്ട് സംശയങ്ങള്‍
ചോദിക്കട്ടെ അച്ഛാ?
അനിതാ ശരത്
എച്ച്. എസ്. എ. മലയാളം
ഗവ. എച്ച്. എസ് .കാലടി
തിരുവനനന്തപുരം
12 comments:
കവിത മനോഹരമായിരിക്കുന്നു. സ്ത്രീപക്ഷ രചനയെന്ന ഒരു ലേബലില്‍ ഈ കവിതയെ ഒതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരു ജീവിത ഗന്ധിയായ കവിത.......അത്രമാത്രം.
കവിത മനോഹരമായിരിക്കുന്നു.
സംശയങ്ങള്‍ ഒരു മാറാവ്യാധിയാണ് പലപ്പോഴും. പക്ഷെ, ഈ കുഞ്ഞിന്റെ സംശയങ്ങള്‍ക്ക് ആര് മറുപടി നല്‍കും.
Thank you for all the comments.
സ്ത്രീകള്‍ എന്തെഴുതിയാലും അതിന് പക്ഷംകണ്ടെത്തത്തുന്നത് (ഉണ്ടെന്നും ഇല്ലെന്നും) ശരിയല്ല മാഷേ.ജനറല്‍ സീറ്റിലും ഞങ്ങള്‍ ഒന്നു മത്സരിച്ചോട്ടെ പ്ലീസ്...സ്...സ്....
കുഞ്ഞ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ നൂറു പൊള്ളുന്ന ചോദ്യങ്ങള്‍ മനസ്സിലവശേഷിപ്പിക്കുന്ന കവിത.
നല്ല കവിതകള്‍ ........................അഭിനന്ദനങള്‍ .
പഠനം പ്രശ്നാധിഷ്ഠിതമായതുകൊണ്ടാണോ ടീച്ചര്‍മാരുടെ കവിതയിലെല്ലാം പ്രശ്നം നിറഞ്ഞുനില്‍ക്കുന്നത്?
ഇതൊരു പെണ്ണിന്റെ സംശയമോ?
ആണിന്റെ കൊതിയോ?
athra pora
moinudeen mash
നല്ല ഒരു കവിത ആണ്. ഇനിയും എഴുതണം. ഈ കവിത എനിക്ക് ഇഷ്ടപ്പെട്ടൂ.......
G.V.H.S.S VAZHATHOPE ലെ കൂട്ടികള്‍ ......
Post a Comment