എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 7, 2011

ഒരു സ്ത്രീ, ഒരുപുരുഷന്‍ - കഥ




അയാള്‍ ആലോചിക്കുകയായിരുന്നു.
അവളും.
പക്ഷെ, എവിടെയാണ്...
എന്നാണ്...
പെട്ടന്നയാള്‍ എരിയുന്ന സിഗരട്ട്
ആഷ്ട്രെയില്‍ എറിഞ്ഞു.
"വരൂ...അവിടെ നില്‍ക്കുന്നതെന്തിനാ.....?''
അപ്പോള്‍ അവളും വിചാരിച്ചു, എത്ര നേരമായി ചുമരും ചാരി ഇങ്ങനെ നില്‍ക്കുന്നു.
ഇടുപ്പില്‍ തിരുകിവച്ചിരുന്ന താക്കോല്‍ക്കൂട്ടം കൈയിലെടുത്തു അയാള്‍ക്കരികില്‍ ചെന്ന് അവള്‍ ആ കാലുകളില്‍ കെട്ടിപ്പിടിച്ചു.
"ഞാനൊരു ചുഴലി ദീനക്കാരിയാ സര്‍...
എന്നെരക്ഷിക്കണം ''
പെട്ടെന്നയാള്‍ ചാടിയെഴുന്നേറ്റു.
"നിര്‍ത്തെടീ...നിന്റെ അഭിനയം. ഞാനോര്‍ക്കുന്നു. നന്നായി ഓര്‍ക്കുന്നു നിന്നെ. വര്‍ഷങ്ങള്‍ അഞ്ചാണ് കടന്നു പോയത്.. അന്നും ഈ കോവളം കടപ്പുത്തെ ഹോട്ടലിലെ നൂറാം നമ്പര്‍ മുറിയില്‍ വച്ച് ഇതേ അടവ് കാട്ടി നീയെന്നെ പറ്റിച്ചു.
ചികിത്സക്കായി ഞാന്‍ രണ്ടായിരം രൂപയാണ് നിനക്ക് തന്നത്."
അയാള്‍ അവളുടെ മുടിക്കുത്തില്‍ ചുറ്റിപ്പിടിച്ചു.
തോവാളത്തോട്ടം ചുറ്റി വരുന്ന പുലരിക്കാറ്റിന്റെ സുഗന്ധത്തോടെ അത് അഴിഞ്ഞുലഞ്ഞു വീണു.
"നീയിപ്പോള്‍ കൂടുതല്‍ സുന്ദരിയായി. നന്നായി മലയാളം പറയുന്നു.
അന്ന് നീയെന്നെ തമിഴ് പറഞ്ഞാണ് പറ്റിച്ചത്, ഭയങ്കരി!" അയാള്‍ നിന്ന് കിതച്ചു.
അവള്‍ ശബ്ദിച്ചില്ല.
പകരം അനുസരണയോടെ കട്ടിലില്‍ ഇരുന്നുകൊണ്ട്
അയാളെ നോക്കി.
"വരൂ സര്‍"
"വേണ്ട. നിനക്കെത്ര രൂപയാ ഇന്ന് വേണ്ടത്?"
അവളുടെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു. താക്കോല്‍ കൂട്ടം തറയില്‍ നിന്നെടുത്തു അയാള്‍ അവളെ ഏല്പിച്ചു ."
പിന്നെ ഒരു ചെറിയ കെട്ട് നോട്ടെടുത്ത് അവളുടെ മുന്‍പിലിട്ടു. .
"എടുത്തുകൊണ്ടു പോടീ..."
താക്കോല്‍ക്കൂട്ടം ഇടുപ്പില്‍ തിരുകി, സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അവള്‍ എഴുന്നേറ്റു.
"ഞാന്‍ ഇറങ്ങുന്നു സര്‍. എനിക്ക് രൂപ വേണ്ട."
"എന്തായാലും ഈ പാതിരാത്രി ഒറ്റയ്ക്ക് പോകണ്ട. നേരം വെളുക്കട്ടെ."
ഒറ്റയ്ക്കല്ല സര്‍. മണല്‍പ്പരപ്പില്‍ എവിടെയെങ്കിലും അയാള്‍ കാണും. ഒന്ന് ടോര്‍ച്ചു മിന്നിച്ചാല്‍ വന്നോളും."
"അയാളെയും നീ പറ്റിക്കുമോടീ...കാശുകൊടുക്കാതെ?"
"ഇല്ല സര്‍. അയാള്‍ എന്നെ കൊന്നുകളയും. തല്ലിച്ചതച്ചാ പറഞ്ഞു വിടുന്നത്. എന്നാലും എനിക്കയാള്‍ ദൈവമാ. എന്റ ഭര്‍ത്താവായിപ്പോയില്ലേ...?
അവള്‍ ഭക്തിയോടെ താലിച്ചരട് കണ്ണില്‍വച്ചു.
"ഭര്‍ത്താവോ...! ഭ്രാന്ത് പറയുന്നോടീ....കള്ളി..! പഠിച്ച കള്ളി!"
കരണത്ത് അയാളുടെ അടിയേറ്റ്, കൊടുങ്കാറ്റില്‍ ഒരു പൂച്ചെടി പിഴുതുവീഴുംപോലെ അവള്‍ തറയിലിരുന്നുപോയി.
അടുത്ത സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാള്‍ ജനാല തുറന്നു കടലിലേക്ക്‌ നോക്കി. ഇരുട്ടിന്റെ കോട്ട തകര്‍ക്കാന്‍ പാഞ്ഞുവരികയാണ് ലൈറ്റ് ഹൌസിലെ പ്രകാശ രശ്മികള്‍.
അവള്‍ കരഞ്ഞുകൊണ്ട്‌ പിച്ചും പേയും പറയുകയാണ് എന്നാണ് അയാള്‍ആദ്യം കരുതിയത്. ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവള്‍ പറയുകയാണ്, അവളുടെ കഥ.
അയാള്‍ കേട്ടാലും കേട്ടില്ലെങ്കിലും അവള്‍ പറയുന്നു. തോവാളയിലെ പൂവിറുപ്പുകാരില്‍ ഒരുത്തി.
പൂക്കളോടുള്ള കൌതുകം തോട്ടക്കാരനോടും തോന്നിപ്പോയി. പിന്നെപ്പിന്നെ ജീവിതക്കാറ്റിനു സുഗന്ധം കൂടി വന്നു.
ഒടുവില്‍ പൂക്കളില്‍ വീഴുന്ന കണ്ണീര്‍ത്തുള്ളികള്‍ മഞ്ഞുതുള്ളികള്‍ ആണെന്നവള്‍ മനസ്സിനെ പഠിപ്പിച്ചു.
പൂന്തോട്ടത്തില്‍ രാപ്പകല്‍ കഷ്ടപ്പെട്ടാലും കിട്ടാത്ത പണം മണിക്കൂറുകള്‍ കൊണ്ടുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് അവളുടെ കണവന്‍ തന്നെയായിരുന്നു. അവളും കണ്ടുപിടിച്ചു ഒരു സൂത്രം.
ചുഴലിദീനം എന്ന സൂത്രം.
അഞ്ചു വര്‍ഷമായി അത് അവളെ രക്ഷിക്കുന്നു.
അയാള്‍ അവളുടെ അടുത്ത് തറയിലിരുന്നു.
"കരയണ്ട. എഴുന്നേല്‍ക്ക്.'' അയാള്‍ അവളുടെ തോളില്‍ തട്ടി. "
അവള്‍ അനുസരിച്ചു.
"നീ വരുന്നോ...എന്റെ കൂടെ? എന്റെ ഭാര്യയായി?"
അവള്‍ അത്ഭുതം സ്ഫുരിക്കുന്ന ഒരു നോട്ടമയച്ചു.
പിന്നെ അയാളുടെ കൈയിലേയ്ക്കുനോക്കി .
"അവശേഷിച്ച സിഗരറ്റുകള്‍ ചുരുട്ടി ചവറ്റുകുട്ടയിലിട്ട് അവളുടെ തലയില്‍ അയാള്‍ കൈവച്ചു.
''നിര്‍ത്തി. സത്യം.''
എന്നിട്ട് അവളുടെ കണ്ണിലേക്കു ഉറ്റുനോക്കിപ്പറഞ്ഞു :
"നീ കരുതും പോലെയല്ല ഞാന്‍. ഒരു പെണ്ണിനേയും...ഞാന്‍ ഇതുവരെ...അവരുടെ കണ്ണീരില്‍ ഞാന്‍ വീണുപോകും."
അവള്‍ അയാളുടെ പാദങ്ങള്‍ തൊട്ടു കണ്ണില്‍വച്ച് പുഞ്ചിരിച്ചു.
അവളുടെ കൈയ്യില്‍പ്പിടിച്ച് ഇരുട്ടിലൂടെ പതുങ്ങി നടക്കവേ അയാള്‍ അവളുടെ കഴുത്തില്‍ ഒരു കൊലക്കയര്‍ പോലെ കിടന്ന താലിച്ചരട് വലിച്ചുപൊട്ടിച്ചു കടലിലേയ്ക്കെറിഞ്ഞു.










 
Anitha Sarath.
H.S.A.Malayalam.
Govt.H.S. Kalady.
Thiruvananthapuram.

6 comments:

jessy teacher said...

കഥയുടെ വസന്തം വീണ്ടും വന്നണയുകയാണോ?

jollymash said...

കഥ മാത്രമല്ല , അതിനു യോചിച്ച അന്തരീഷം കൂടി സുര്ഷ്ട്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു . നന്നായി ..

archa tvm said...

കാലം തെറ്റി വന്ന വസന്തം പോലെ. നവോത്ഥാനകാലകഥകളെ അനുസ്മരിപ്പിക്കുന്നു. എവിടെയോ ഒരു ബഷീറിയന്‍ ടച്ച്.

unni said...

ഈ കഥ ഏതുപക്ഷത്താണ്? സ്ത്രീപക്ഷത്തോ പുരുഷപക്ഷത്തോ അതോ ജീവിത പക്ഷത്തോ?

Anonymous said...

I have read this. It quit interesting

Sagar VIII std
SVMEMHS Nanminda

Kavitha said...

Very good story. I like it.