എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 19, 2011

ബഷീര്‍ കാലത്തിനപ്പുറത്തേയ്ക്ക് - ബഷീര്‍ അനുസ്മരണം


ബഷീര്‍ ഒരു പുഴയാണ്. സമസ്ത ജീവിതാനുഭവങ്ങളേയും ലയിപ്പിച്ചുകൊണ്ട് കാലഘട്ടത്തിന്റെ കരകള്‍ക്കുപോലും ഉര്‍വ്വരത നല്‍കിക്കൊണ്ട്, നിര്‍വ്വചനങ്ങള്‍ നിസാരമാക്കിക്കൊണ്ട്, സംസ്കാരം സൃഷ്ടിച്ച പുഴ. ബഷീറിന്റെ ഓരോ വാക്കും ഇന്നും നമുക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്നു. അങ്ങനെ ബഷീര്‍ കാലത്തിനപ്പുറത്തേയ്ക്കു കടക്കുന്നു.
1908 ജനുവരി 19 ന് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. അനന്തമായ യാത്രയായിരുന്നു ബഷീറിന്റെ ജീവിതം. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത് - അച്ഛന്‍ തല്ലിയതിന്റെ പേരില്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊള്ളാനായിരുന്നു ആ യാത്ര. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. ജയില്‍ വിട്ടശേഷം ദേശീയപ്രസ്ഥാനത്തിലെ തീവ്രവാദത്തോട് ബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വീണ്ടും ജയില്‍ വാസം. ജയില്‍ വിട്ടുവന്ന അദ്ദേഹം സഞ്ചാരത്തിന്റെ പാതതന്നെയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയിലുടനീളം മാത്രമല്ല അറേബ്യയിലും ആഫ്രിക്കയിലും ആ യാത്ര തുടര്‍ന്നു. ഹിന്ദുസന്യാസിയായും ഫക്കീറായും ജീവിതയാത്ര ചെയ്യാനായ അത്ഭുത വ്യക്തിത്വം.
ജീവിതയാത്രയുടെ ഈ പരപ്പും ആഴവുമാണ് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ കാതല്‍. 1943-ല്‍ 'പ്രേമലേഖനം' എന്ന ആദ്യകഥയില്‍ ജീവിതത്തിന്റെ സൗമ്യതലങ്ങള്‍ നമുക്ക് കാണാം. അദ്ദേഹത്തിന്റെ കൃതികള്‍ ജീവിതത്തിന്റെ എല്ലാത്തരം നിറങ്ങളേയും നമുക്കുമുന്നില്‍ പ്രകാശിപ്പിക്കുകയാണ്. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതം 'ബാല്യകാലസഖി'യിലും 'ജന്മദിന'ത്തിലും മറ്റനേകം കൃതികളിലും കാണുമ്പോള്‍, പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തുടിപ്പ് 'പാത്തുമ്മയുടെ ആടി'ലും 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നി'ലും മറ്റുമായി കേള്‍ക്കാം. വെറുക്കപ്പെടുന്ന, എല്ലാവരാലും മാറ്റിനിര്‍ത്തപ്പെടുന്ന ജീവിതങ്ങള്‍ 'ശബ്ദങ്ങളി'ല്‍ നാം കണ്ട് ഞെട്ടിപ്പോകുന്നു.
ജീവിതത്തിന്റെ സാഫല്യം സ്നേഹമാണെന്ന് ആ വലിയമനുഷ്യന്‍ കണ്ടെത്തിയിരിക്കുന്നു. ഈ സ്നേഹത്തിന്റെ അന്തര്‍ധാരകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ പ്രകാശമാനമാകുന്നു. അദ്ദേഹത്തിന്റെ നര്‍മ്മബോധം പ്രസിദ്ധമാണ്. 'സ്ഥലത്തെ പ്രധാന ദിവ്യന്‍', 'ആനവാരിയും പൊന്‍കുരിശും', 'പാത്തുമ്മയുംട ആട്', ഇതിലെല്ലാം നര്‍മ്മം ചിരിപ്പിക്കുകമാത്രമല്ല ചിന്തിപ്പിക്കുക കൂടിചെയ്യുകയാണെന്ന് നമുക്കറിയാം.
വ്യാകരണത്തിന്റെ വേലിക്കെട്ടിനപ്പുറത്തു നില്‍ക്കുന്ന സ്വതസിദ്ധമായ ഭാഷ സാധാരണക്കാരില്‍ സാധാരണക്കാരെ വരെ ആകര്‍ഷിക്കുന്നതാണ്. ജീവിതത്തിലും സാഹിത്യത്തിലും തനി പച്ചമനുഷ്യനായിരുന്നു ബഷീര്‍. തന്റേതുമാത്രമായ പ്രയോഗങ്ങള്‍ ബഷീറിനെ 'ഇമ്മിണി ബല്യഒന്നാ'ക്കി മാറ്റുന്നു. സാന്ദ്രമായ പ്രയോഗങ്ങളാണ് 'വെളിച്ചത്തിനെന്തൊരു വെളിച്ചം', 'ആകാശമിഠായി', 'ബല്യകൊമ്പനാന കുയ്യാനേര്‍ന്നന്ന്' മുതലായവ.
അന്ധവിശ്വാസത്തിനെതിരായുള്ള പ്രബോധനം ബഷീറിന്റെ കൃതികളിലെല്ലാം കേള്‍ക്കാം. 'മാന്ത്രികപ്പൂച്ച' എന്ന കൃതി നോക്കുക. എത്ര മനോഹരമായി അതില്‍ നമ്മുടെ അന്ധവിശ്വാസങ്ങള്‍ക്ക് നല്ലൊരു പ്രഹരം തന്നെ തരുന്നത്. പക്ഷേ, ഒന്നുണ്ട്, ഇതിന്റെയും ഒരു മറുപുറം ബഷീറില്‍ കാണാമെന്നതാണ് അത്. 'നീലവെളിച്ചം', 'പൂനിലാവില്‍' എന്നീ കഥകള്‍ ഓര്‍ക്കുക.
എം. എന്‍. വിജയന്റെ വാക്കുകള്‍ ഉരുവിടാം, "അനുഭവങ്ങളുടെ ഒരു പുതിയ വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേയ്ക്ക് കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം." അതുകൊണ്ടുതന്നെ ബഷീറിനെ ലോകം മുഴുവനും സ്വീകരിച്ചു. ബഷീറും; ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന ചോദ്യം നമ്മളില്‍ ഉണ്ടാക്കിത്തന്നുകൊണ്ട് വായനക്കാരനില്‍ ആസ്വാദനത്തിന്റെ വന്‍കര അദ്ദേഹം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
- സി. മായാദേവി
മലയാളം അദ്ധ്യാപിക
ജി.എച്ച്.എസ്.
നാമക്കുഴി

4 comments:

Jessy teacher said...

അവസരോചിതം, അഭിനന്ദനങ്ങള്‍

അപ്പുക്കുട്ടന്‍ said...

ഒറ്റമരത്തിന്റെ കാടായുള്ള വളര്‍ച്ചകണ്ട കുറിപ്പ് നന്നായിരിക്കുന്നു.

R.Beena said...

നല്ലൊരു ബഷീര്‍ അനുസ്മരണം കാഴ്ച വെച്ച മായയ്ക്കു അഭിനന്ദനങ്ങള്‍!!!!!!!!!!!!

jollymash said...

ബഷീറിനെ കുറിച്ചുള്ള ലേഖനം നന്നായി. ടീച്ചറെ " പഷ്ട് ....." "ബടുക്കൂസുകളെ എന്ന്നെ കുറിച്ച് നിങള്‍ എന്താണ് എഴുതാത്തതെന്ന് " ബഷീര്‍ പറഞാലോ ?