നാഷണല്‍ ടൈംസ് പത്രത്തിലെ ആര്‍ട്ട് ക്രിട്ടിക്കാണ് ശിവരാമന്‍. ഭാര്യയും മകളുമടങ്ങുന്ന ദരിദ്ര കുടുംബം. അയാള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയും തന്റെ കൃത്യം നിര്‍വ്വഹിക്കുന്നു. പക്ഷേ, പുതിയതായി ജോലിയില്‍ ചേര്‍ന്ന, തന്‍റയത്ര അനുഭവ സമ്പത്തോ കാര്യജ്ഞാനമോ ഇല്ലാത്ത യുവതലമുറ മൂന്നു പതിറ്റാണ്ടായി തുടരുന്ന തന്റെ ലേഖന വൃത്തിയില്‍ ഇടപ്പെടുന്നത് അയാള്‍ക്ക് സഹിക്കാനാവുന്നില്ല. തന്റെ ആദര്‍ശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാവുമ്പോള്‍ അയാള്‍ ജോലി ഉപേക്ഷിക്കുന്നു. മകള്‍ തന്നെക്കുറിച്ച് വരച്ച് സമ്മാനം നേടിയ ചിത്രത്തിലൂടെ തനിക്ക് സ്വന്തം മുഖവും അതിലൂടെ വ്യക്തിത്വവും നഷ്ടപ്പെട്ടുവെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകത്തിലൂടെ ഈ കഥയുടെ പ്രധാന പ്രമേയം അവതരിക്കപ്പെടുന്നു. ആധുനികകാലത്തില്‍, ആധുനിക തലമുറയുടെ ചിന്താഗതികള്‍ക്കു മുമ്പില്‍ വളച്ചൊടിക്കപ്പെട്ട്, ആഘാതമേറ്റ്, സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട കലയെയാണ് ഈ കഥയിലൂടെ പ്രധാനമായി അവതരിപ്പിച്ചിരിക്കുന്നത്.
ദാരിദ്ര്യം നിറഞ്ഞ ജീവിതയാത്രയില്‍ തന്നെത്തന്നെ നഷ്ടപ്പെട്ട ഒരു സാധാരക്കാരന്റെ ദുരന്ത സമാനമായ ജിവിതയാഥാത്ഥ്യങ്ങുളുടെ നേര്‍കാഴ്ചക്കൂടിയാണ് ഈ കഥ. സ്വന്തം ചോരയും നീരും ആത്മാര്‍ത്ഥതയും കൂടിച്ചേര്‍ത്ത് പരാമാവധി അദ്ധ്വാനിച്ചിട്ടും ഒന്നും മിച്ചം പിടിക്കാനാവാത്ത, കുടുംബത്തിന് വേണ്ടി നീക്കിവെക്കാനാവാത്ത അവസ്ഥ അരങ്ങേറ്റം ഭീകരം തന്നെയാണ്. ആ ദുരന്തത്തേയാണ് കഥനായകനായ ശിവരാമന് അനുഭവിക്കേണ്ടിവരിക. തന്നെക്കാള്‍ പ്രായവും കഴിവും കുറഞ്ഞ യുവക്കാള്‍ ജീവിതവിജയത്തിന്റെ ഒരോ പടിക്കെട്ടുകള്‍ ചവിട്ടികയറുമ്പോഴും എവിടെ തുടങ്ങണം, എന്നറിയാതെ കഥാനായകന്‍ പകച്ചു നില്‍ക്കുന്നു. ജീവിത ദുഃഖത്തിന്റെ മുള്‍നാരുകള്‍ അദ്ദേഹത്തെ ചലിക്കാനാവാത്ത വിധം ചുറ്റിപ്പിണഞ്ഞിരുന്നു. അത് അയാളിലെ പ്രസരിപ്പിനെയും ചുറുചുറുക്കിനെയും യുവത്വത്തെയും വേരോടെ പിഴുതുമാറ്റിരിക്കുന്നു.
തൊഴില്‍ സാമ്പത്തികലാഭത്തിനു വേണ്ടി മാത്രമുള്ളതാണെന്ന് വാദിക്കാനാണ് ആധുനിക ലോകം ഇഷ്ടപ്പെട്ടുന്നത്. അത്തരക്കാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് ഈ കഥയിലെ നായകനായ ശിവരാമന്‍. തൊഴില്‍ അയാള്‍ക്കും വരുമാനമാര്‍ഗമാണ്. പക്ഷെ അതിനപ്പുറം അയാള്‍ തൊഴിലിനെ മറ്റെന്തൊക്കയോ ആയി കാണുന്നു. ആ തൊഴില്‍ അയാളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ചിട്ടും താന്‍ മൂന്ന് പതിറ്റാണ്ടായി തന്റെ മനസ്സാക്ഷിക്കെതിരായി ഒരു വരിപോലും എഴുതിട്ടില്ല എന്ന ചാരിതാര്‍ത്ഥ്യം സുഖകരമായ ഒരാവരണം പോലെ അയാളെപൊതിയുന്നത്.
മറ്റൊരു ആകര്‍ഷണീത കുടുംബ ബന്ധങ്ങളിലെ ആര്‍ദ്രതയാണ്. കുനിയാത്ത ശിരസുമായി തന്‍റെ കടമകള്‍ ഏറ്റവും ഭംഗിയായി ചെയ്യാന്‍ പേരിപ്പിക്കുന്നത് അയാളുടെ കുടുംബം അയാളെ തള്ളിപ്പറയില്ല എന്ന ദ്യഢവിശ്വാസം ഉള്ളിലുള്ളതാണ്. ആധുനിക കുടുംബങ്ങള്‍ മനപാഠമാക്കേണ്ട ശൈലിയാണിത്. നിസാരകാര്യത്തിനു പോലും സ്വന്തം ജീവിതപങ്കാളിയെ പഴിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന കുടുംബങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചു വരുന്നുണ്ട്. അവരില്‍ നിന്നേറെ വ്യത്യസ്തമായി ഒരേയൊരു വരുമാനമാര്‍ഗം കൂടിയായ ജോലി പോലും നഷ്ടപ്പെടുത്തിയിട്ടും ആരും ഒരു ചെറുനോക്കുകൊണ്ടു പോലുമോ വാക്കുകൊണ്ട പോലുമോ അയാളെ നോവിക്കാത്തത് പ്രശംസിക്കേണ്ട ഒരു വസ്തുത തന്നയാണ്. തകര്‍ച്ച നേരിട്ട അയാളുടെ ഉള്ളിലെ നൊമ്പരങ്ങളെ ചെറുപുഞ്ചിരിയോടെ സ്വീകരിക്കുന്ന ഭാര്യ, ജീവിതത്തില്‍ നല്ലതൊന്നും പ്രതീക്ഷിക്കാനില്ലാത്ത അച്ഛനു മുമ്പില്‍ ഗുഡ് ന്യൂസുമായി എത്തുന്ന മകള്‍, അവിടെ ആരും അയാളെതളര്‍ത്തുന്നില്ല. ക്യത്രിമമായ അപകര്‍ഷതാ ബോധം അയാളില്‍ സ്യഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് കഥാക്യത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. “കുഴമ്പിന്റെ വാടയുള്ള കിടപ്പുമുറിയില്‍ ചുമരിനോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടന്നാല്‍ വേണ്ടാത്ത ഒരു ചിന്തയും അയാളെ അലട്ടുന്നില്ല”. ഇന്നലെകളുടെ നഷ്ടബോധങ്ങളില്ലാതെ, നളെയുടെ വ്യാകുലതകളില്ലാതെ ഇന്ന് ജീവിക്കുന്ന ഒരു കുടുംബം. അപ്പോളവര്‍ക്കു സന്തോഷിക്കാന്‍ സന്തോഷത്തിന്റെ അമൃതകുംഭങ്ങള്‍ ആവശ്യമില്ല നീലക്കുറിഞ്ഞിപ്പൂവുകള്‍ ധാരാളം മതി.
പഴയതും പുതിയതുമായ തലമുറകളുടെ മനസ്സീകയുദ്ധം ഇവിടെ പ്രമേയമാണ്. രണ്ട് തലമുറകള്‍ ഒരുമിച്ചെത്തുമ്പോള്‍ ഉരസലുകള്‍ പതിവാണ് പക്ഷെ ഇരുവശത്തു നിന്നും ബുദ്ധിപൂര്‍വ്വമായ ചിന്തകള്‍ സ്വീകരിക്കണം. അവയെ സ്വാംശീകരിക്കണം. ശിവരാമന്റെ ജിവിതത്തില്‍ അയാള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഈ സംഘര്‍ഷമാണ്. തന്നെക്കാള്‍ അനുഭവ സമ്പത്തും ചിന്താശേഷിയും കുറഞ്ഞ പുതുതലമുറ തന്റെ കര്‍മ്മരംഗങ്ങളില്‍ ഇടപെടുന്നതോ പുതുമുയുടെ ട്രെന്‍ഡുകള്‍ പഠിപ്പിക്കുന്നതോ അയാള്‍ക്ക് താങ്ങാനാവുന്നല്ല.
യുക്തിയാണ് ജ്ഞാനത്തിലേക്ക് നയിക്കുന്ന തെറ്റുപറ്റാത്ത വഴികാട്ടിയെന്ന് ഫ്രഞ്ച് വിപ്ലവകനായ റൂസ്സോ പറഞ്ഞിട്ടുണ്ട്. ഈ യുകതി അനുഭവ പാരമ്പര്യത്തില്‍ നിന്നോ മുന്‍ തലമുറില്‍ നിന്നോ സാംശീകരിക്കാനാവൂ.
ആധുനീകത്വത്തിന്റെ പേരില്‍ ഭാഷയെ വളച്ചൊടിക്കുന്നതും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നു. പതിറ്റാണ്ടായി ഇംഗ്ലീഷ് ഭാഷയെ കൈകാര്യം ചെയ്യുന്ന കഥാനായകനുപോലും അവിടുത്തെ യുവ സഹപ്രവര്‍ത്തതരുടെ ഭാഷ മനസിലാകാതെ പോകുന്നു. ഭാഷ ഒരു സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭാഷയെ വളച്ചൊടിക്കുകയെന്നാല്‍ സംസ്കാരത്തെ തന്നെ മലിനമാക്കുകയെന്നാണര്‍ത്ഥം.
കലാസ്വാദനത്തിന്റെ വിവിധ തലങ്ങളാണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. കലാസ്വാദനം രൂപപ്പെടേണ്ടത് ചിന്താസരണിയില്‍ നിന്നും വികാരവിചാരങ്ങളില്‍ നിന്നുമാണ്. അത്തരത്തിലുള്ളവനെയേ ഒരു നല്ല കലാവിമര്‍ശകനാകാന്‍ കഴിയൂ. ശിവരാമനെ അങ്ങനെയാക്കി തീര്‍ത്തത് ആയാളുടെ ചിന്തകളാണ്. ചിത്രകലയുടെയും കലാപഠനങ്ങളുടെയും നേര്‍കാഴ്ചകള്‍ക്കപ്പുറമുള്ള തലങ്ങളിലേയ്ക്ക് ശിവരാമന്‍ താദാത്മ്യം പ്രാപിക്കുന്നു. അവയെ ആത്മാവിലാവാഹിച്ച് അയാള്‍ സംശുദ്ധമായ ഒരു വിമര്‍ശനം തയ്യാറാക്കുന്നു. പക്ഷെ വായനയിലൂടെ നേടിയ അറിവുമായി, മാറ്റിയെഴുതേണ്ട ആവശ്യകതയെക്കുറിച്ച്, വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുമ്പോള്‍ ശിവരാമനു മാത്രമല്ല, വായനക്കാര്‍ക്കു മുഴുവന്‍ പുതിയ നിരൂപണ ഗുരുവിനോട് പുച്ഛം മാത്രമാണ് തോന്നുന്നത്.
നൂറ്റാണ്ടുകളായി ലോകപ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രകങ്ങളെക്കുറിച്ച് മാത്രം വന്നിരുന്ന ആര്‍ട്ട് പേജില്‍ ഒരു സുപ്രഭാതത്തില്‍ വന്നത് ഫാഷന്‍ ഷോയുടെ ചിത്രങ്ങളായിരുന്നുവെന്നത് നാം ആസ്വദിക്കാനാഗ്രഹിക്കുന്ന മാറ്റത്തെ കുറിക്കുന്നു. കല എന്ന രണ്ടക്ഷരത്തിനുള്ളില്‍ മറഞ്ഞുകിടക്കുന്ന സഹസ്രാര്‍ത്ഥങ്ങളെ കണ്ടെത്തിയ ആര്‍ട്ട് ക്രിട്ടിക്കിന് അത് സഹിക്കാവുന്നതിലുമപ്പുറമാണ്.
വായനയുടെ അന്ത്യവും ഈ കഥയിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഗിരിരാജന്റെ ഫ്ലാറ്റില്‍ ശിവരാമന് കാണാന്‍ കഴിയാതെ പോയത് മാസികകളും പുസ്തകങ്ങളുമാണ്. പകരം ആ സ്ഥാനം കമ്പ്യൂട്ടറും ഫ്ലോപ്പി ഡിസ്കുകളും കൈയ്യടക്കിയിരിക്കുന്നു. വരുമാന ഉയര്‍ന്നിരുന്നിട്ടും വായനയുടെ ലോകം നഷ്ടപ്പെട്ടു പോകുന്ന ഗിരിരാജും തുച്ഛമായ വരുമാനത്തില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ പോലും നേരാം വണ്ണം നിര്‍വ്വഹിക്കാതെ ആര്‍ത്തിയോടെ പുസ്തകങ്ങള്‍ വാങ്ങി സംത്യപ്തിയോടെ മടങ്ങുന്ന ശിവരാമനും ഇവിടെ താരതമ്യ വിധേയരാവണം. എങ്കില്‍ മാത്രമേ വായനകൊണ്ട് സമ്പന്നനായവന്റെയും അതില്‍ ദാരിദ്ര്യം അനുഭവിക്കുന്നവന്റെയും ജീവിതാവസ്ഥ വായനക്കാരന് മനസ്സിലാവൂ. പേനയ്ക്കു ശക്തിവരുവാന്‍ ഇറച്ചിയും മീനും തിന്നണമെന്ന ഗിരിരാജന്റെ പ്രസ്താവനയില്‍ നിന്ന് അയാള്‍ എഴുത്തിനു നല്‍കുന്ന സ്ഥാനം മനസ്സിലാക്കാം. എഴുത്ത് എന്നാല്‍ ഒരുവന്‍റെ ജീവാത്മാവും ഭാഷയുമായുളള താദാത്മ്യം പ്രാപിക്കലാണ്. തൂലിക അതിലെ മദ്ധ്യവര്‍ത്തിയും.
ഒരു മനുഷ്യന്റെ മാനസീകവും വൈകാരികവും ബൗദ്ധീകവും ഹൃദയപരവുമായ ജീവിതാവസ്ഥകളെ ഒപ്പിയെടുക്കുന്ന കഥയാണിത്. നമ്മുടെ ജീവിതത്തിന്‍ നാം നിസ്സാരരായി കരുതുന്ന വഴിയാത്രക്കാരുടെ കഥ. ജീവിത വിജയത്തില്‍ പരാജയപ്പെട്ട് ജീവിതത്തില്‍ വിജയിക്കുന്നവരുടെ കഥ. മനുഷ്യന്‍റെ കഥ. ഇന്നിന്‍റെ കഥ. നിന്റെ കഥ. എന്റെ കഥ. ആ കഥ കണ്ണാടിയിലെന്നപോലെ കാണുമ്പോള്‍ മഹാനായ കഥാകൃത്തിനെ, വശ്യമനോഹരമായ ഭാഷയെ അനുമോദിക്കാതെ വയ്യ.
ഷാലറ്റ് സാബു
ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍
കൂമ്പന്‍പാറ
അടിമാലി, ഇടുക്കി
അടിമാലി, ഇടുക്കി
12 comments:
നല്ല ലേഖനം.പാഠം നന്നായി ഉള്‍ക്കൊണ്ടാല്‍ മാത്രം സാധിക്കുന്ന ഒന്നാണിത്.അഭിനന്ദനങ്ങള്‍.
പരിഷ്കരിച്ച പാഠ്യപദ്ധതിയേയും പഠന രീതിയോയും കുറ്റം പറയുന്ന അദ്ധ്യാപകര്‍ തീര്‍ച്ചയായും ഈ ലേഖനം വായിക്കേണ്ടതാണ്. ഷാലറ്റ് സാബു ഇങ്ങനെ എഴുതുമ്പോള്‍ ആ കുട്ടി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടു നേടിയതെന്താണെന്ന് നമുക്ക് ഉദാഹരിക്കുകയാണ് ചെയ്യുന്നത്. ഈ നേട്ടം കഴിഞ്ഞ പത്തുവര്‍ഷം ആ കുട്ടിയെ മലയാളം പഠിപ്പിച്ച അദ്ധ്യാപകരുടേതുകൂടിയാണ്. പുകഴ്ത്തിപ്പാടുന്ന പഴയ രീതിയില്‍ പഠിച്ച നമ്മള്‍ അദ്ധ്യാപകരില്‍ എത്രപേര്‍ക്ക് ഒരു കഥയെ സമഗ്രമായി ഉള്‍ക്കൊണ്ട് ഇങ്ങനെയൊരു ലേഖനമെഴുതാന്‍ കഴിയും?
ഇനിയും മാറ്റത്തിനു നേരെ മുഖംതിരിച്ചുനില്‍ക്കാതെ പങ്കാളികളാകൂ.. അദ്ധ്യാപനം ആസ്വദിക്കൂ...
congrats Shalet.....also her teacher...
വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.
good.padanam karyakshamamayi;
vidyarthikkum adyapikaikkum ABHINANTHANANGAL.
valeray nannayittundu.. congratulation.....shalet sabu.....(sujithkumar snv hss nrcity school)
അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.
Nannayittundu. Abhinandanangal.
ഷാലറ്റ് സാബുവിന്റെ ലേഖനം വളരെ നന്നായിരിക്കുന്നു. ഇനിയും എഴുതണം.
എന്റെ സ്കൂളിലെമുഴുവന്‍കുട്ടികളുടെ അഭിനന്ദനങ്ങളും അറിയിക്കുന്നു..
കുട്ടികള്‍ എഴുതിയ ആസ്വാദനവും ഇതുമായി അവര്‍ താരതമ്യം ചെയ്തു.
ഷാലട്ടിനു എ+ തന്നിരിക്കുന്നു..കേട്ടോ ......
i can't believe , a 10th standard student ........... very good
നല്ല ഭാഷ നല്ല പഠനം ഇനിയുമെഴുതുക
Post a Comment