എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 13, 2011

സൗന്ദര്യപൂജയിലൂടെ - കവിതാപഠനം


കാവ്യലോകത്ത് തന്റേതായ കാവ്യസരണി വെട്ടിത്തുറന്ന കവിയാണ് പി. കുഞ്ഞിരാമന്‍ നായര്‍. അനുകര്‍ത്താക്കളില്ലാത്ത രാജവീഥി വെട്ടിയുണ്ടാക്കി, മലയാള കവിതയ്ക്ക് നവവസന്തം തീര്‍ത്ത്, കേരളീയ പ്രകൃതിയുടെ ശാലീനതയെ സമഗ്രമായി അദ്ദേഹം ചിത്രീകരിച്ചു. കാവ്യോപാസനയുടെ മുഹൂര്‍ത്തങ്ങളില്‍ പ്രകൃതിഭാവങ്ങളെ കണ്ടറിഞ്ഞ് തൊട്ടാശ്ലേഷിച്ച ചുരുക്കം ചില കവികളില്‍ പ്രമുഖനാണദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി ലാവണ്യവും പി.കവിതകളുടെ മൗലിക ഭാവങ്ങളാണ്. കളിയച്ഛന്‍, സൗന്ദര്യപൂജ, പൂമൊട്ടിന്റെ കണി, കവിയുടെ കാല്പാടുകള്‍, പുള്ളുവപ്പെണ്‍കൊടി തുടങ്ങി എഴുപതിലേറെ കൃതികള്‍ കുഞ്ഞിരാമന്‍ നായരുടേതായിട്ടുണ്ട്. ഭക്തകവി, പ്രകൃത്യുപാസകന്‍ എന്നീ നിലകളിലെല്ലാം പി. അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പൂക്കളം എന്ന കവിതാസമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് സൗന്ദര്യപൂജ എന്ന ഈ കവിത.
സുഖദമായ ഒരു ഓര്‍മ്മ. ഉള്‍ക്കുളിരോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു ദേശീയോത്സവം. കേരളജനതയെ ഒരൊറ്റ വര്‍ണ്ണപ്പൂക്കുടയ്ക്കുള്ളിലൊതുക്കുന്ന ആഘോഷം. വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും മതിവരാത്ത സങ്കല്പം. അതാണ് ഓണം. ഈ വസന്തകാലത്തിന്റെ മധുരിമയിലൂടെ സഞ്ചരിക്കുകയാണ് കവി. ഓണപ്പാട്ടുകള്‍ കൊണ്ടും ഓണക്കളികള്‍ കൊണ്ടും പൂപ്പൊലിപ്പാട്ടുകള്‍ കൊണ്ടും മുഖരിതമായ മലനാട് പൂക്കളാല്‍ വര്‍ണ്ണശബളമാകുന്നു. പ്രകൃതിയുടെ പൂക്കളങ്ങള്‍ കൊണ്ട് എങ്ങും ചിത്രവര്‍ണ്ണചാരുത. ചിങ്ങത്തേരില്‍പ്പൂട്ടിയ കാളകള്‍, കേവഞ്ചി കേറുന്ന ഓണരാവുകള്‍, കസ്തൂരിക്കുറി പൂശുന്ന വരമ്പുകള്‍, കാല്‍വയ്പിനാല്‍ പൂക്കള്‍നിരത്തുന്ന രമ്യശാരദകന്യക, സത്യവെണ്മയെഴുന്ന കന്നിവാനം, സ്വര്‍ഗ്ഗീയസൗഭഗം നല്‍കുന്ന മണിക്കാറ്റ്, നിശയുടെ ഖണ്ഡകാവ്യങ്ങളെ തിരുത്തുന്ന സൂര്യരശ്മികള്‍, അവയുടെ തൂവല്‍ത്തുമ്പാല്‍ തീര്‍ക്കുന്ന മണിപത്തനങ്ങള്‍, പ്രകൃതി ദീപത്തിന്‍ പൊന്‍തിരി, അരിവാളേന്തിയ കന്നി-കര്‍ഷകകന്യക, പൂത്തു നില്‍ക്കുന്ന പിച്ചകം, പാഴ്ച്ചെളിക്കുളമായി മാറുന്ന നീലദര്‍പ്പണം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ സൗന്ദര്യപൂജയ്ക്ക് കവിയൊരുക്കിയ നറുമലരുകളായി മാറുന്നു.
കേരളീയ പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങള്‍ ഓരോന്നായി വര്‍ണ്ണിച്ച് പൂക്കളം ചമയ്ക്കുന്ന കവി പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളെ മധുരതരമായി പകര്‍ന്നുനല്‍കുന്നു. പൂക്കളങ്ങള്‍ ഒരുക്കുന്നതിനായി തൊടികള്‍തോറും ഓടി നടന്ന കുട്ടിക്കാലത്തേയ്ക്ക്, ബാല്യകൗമാരങ്ങളിലേയ്ക്ക് പാറിപ്പറക്കുവാന്‍ ഓരോ വായനക്കാരനെയും ക്ഷണിക്കുന്നു.
ആഹ്ലാദത്തിന്റെ ചിങ്ങത്തേരില്‍ പൂട്ടിയ കാളകള്‍ കുതിച്ചുപാഞ്ഞ ഗ്രാമത്തില്‍ ഓണരാവുകള്‍ കേവഞ്ചി കേറിപ്പോകുമ്പോള്‍ കണ്ണീരണിഞ്ഞുനില്‍ക്കുന്ന കുഗ്രാമലക്ഷ്മി ആരുടേയും മനസ്സില്‍ നഷ്ടവസന്തത്തിന്റെ സുഖമുള്ള വേദനായായി മാറുന്നു.
പറന്നുപോയ് പഞ്ചവര്‍ണ-
ക്കിളിക്കൂട്ടങ്ങള്‍ പോലവേ,
കുന്നിന്‍ചെരുവിലോണപ്പൂ-
ക്കുമ്പിളേന്തിയ സന്ധ്യകള്‍.
എന്നീ വരികളിലൂടെ ഓണപ്പൂക്കുമ്പിളേന്തിയ സന്ധ്യകളെ അനുഭവവേദ്യമാക്കിത്തരുന്നു കവി.
സത്യ പ്രകൃതിദീപത്തില്‍ കത്തുന്ന പൊന്‍തിരിപോലെ അരിവാളേന്തി നില്‍ക്കുന്ന കന്നി കര്‍ഷകകന്യകയിലൂടെ പ്രകൃതി എന്ന നിത്യസത്യത്തെതന്നെയാണ് കവി അവതരിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും ഒന്നുതന്നെയെന്ന സത്യമാണ് പ്രകൃത്യുപാസകനായ കവി ഇവിടെ ഉദ്ഘോഷിക്കുന്നത്.
നിശയുടെ ഖണ്ഡകാവ്യങ്ങള്‍ സൂര്യരശ്മികള്‍ തിരുത്തി കാവ്യസംസ്കാരത്തിന്റെ മണിപത്തനങ്ങള്‍ വിരചിക്കുന്നു എന്ന കല്പന പ്രകൃതിക്കും സാഹിത്യത്തിനും ഒന്നുപോലെ ഇണങ്ങുന്നു.
അരിവാളേന്തി നില്‍ക്കുന്ന കര്‍ഷകകന്യകയുടെ നോട്ടമേറ്റ് പൂക്കുന്ന പിച്ചകച്ചെടിയും അവളുടെ നീരാട്ടില്‍ പാഴ്ച്ചെളിക്കുളമായി മാറുന്ന നീലദര്‍പ്പണവുമെല്ലാം കാര്‍ഷികസംസ്കാരത്തെ കവിതയിലാവാഹിക്കുന്നു.
ഭാഷയുടെ സൗന്ദര്യതലം പൂര്‍ണ്ണമായും വെളിപ്പെടുത്തുന്ന ഈ കവിത ഒരേസമയം പ്രകൃതിഭാവങ്ങളേയും മനുഷ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്നു. അതോടൊപ്പം നമ്മുടെ കാര്‍ഷിക സംസ്കാരത്തെയും പാരമ്പര്യത്തെയും ആചാരാഘോഷങ്ങളെയും കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

കെ. . ശോഭനകുമാരി
ഡി.വി.എച്ച്.എസ്.കണ്ടങ്കരി.

13 comments:

lathika said...

kavitha padanam ishtamayi
"neela darppanam -pazhchalikkulam"
ezhuthiyathano uddesichathu?

Kalavallabhan said...

ടീച്ചറേ, കവിതാപഠനം നന്നായി.
സൌന്ദര്യപൂജാ പഠനം ഒരു മുട്ടുശാന്തിയുടെ പൂജപോലായിപ്പോയോ എന്നൊരു ശങ്ക.
ഒരു ചെറിയ അവലോകനം എന്നതിൽ കവിഞ്ഞ് ഒരു പഠനം നടന്നുവോ ?

nvmsathian said...

നന്നായി എങ്കിലും പഠനം അദ്ധ്യാപക സഹായിക്കപ്പുറത്തേയ്ക്ക് വളരുന്നില്ലല്ലോ
കേരളീയ ഗ്രാമീണ മനസ്സും പ്രകൃതിയും കവി മനസ്സും നന്നായി അറിഞ്ഞ ഒരാള്‍ക്കുമാത്രമേ സൗന്ദര്യപൂജ വഴങ്ങുകയുള്ളൂ.
കവിത അനുഭവമാണ്

shamla said...

പീയുടെ കവിത കുട്ടികളിലെത്തിക്കുക തീര്‍ച്ചയായും ശ്രമകരമാണ്. ശോഭന ടീച്ചറിന്റെ ഉദ്യമത്തെ സ്വാഗതം ചെയ്യുന്നു.

ESTHER said...

good. My heartiest congrates.But something missing in it.

Meera said...

നീല ദർപ്പണം ചെളിക്കുളം?

ചെളിക്കുളം പോലും നീലദര്‍പ്പണം പോലെസുന്ദരമായാലോ? പാഴ് നിലം പോലും വിലപിടിപ്പുള്ളതായാലോ?
എന്തായാലും കന്നി നീരാടിയാല്‍ നീല ദര്‍പ്പണം പാഴ് ചളിക്കുളം ആകുമോ?വിണ്‍പിച്ചകം പൂത്താലോ?

JRV said...

പൂന്തിങ്കളില്‍ പങ്കമണച്ചധാതാവപൂര്‍ണ്ണതയ്ക്കേ വിരചിച്ചു വിശ്വം.കുറ്റം പറഞ്ഞു രസിക്കാതെ എന്തെങ്കിലും സ്വന്തമായി എഴുതാന്‍ നോക്കൂ കൂട്ടരേ...
ശോഭനകുമാരി ടീച്ചറിന് അഭിനന്ദനങ്ങള്‍ !!!

ramlamathilakam said...

teacher,
samshayagal theerunnilla. enkilum...
karshaka kanyaka neeradumbol-koythu kazhijal-neela darpanam pole manoharamaya padam verum chelikulamavunnu...?karshaka kanyayude nottathal poothu pokunna vinnile pichakam bhoomi thanneyalle..? prabhatha rashmikal vanengum parakkumbol vanengum sathva venmayezhunnu...?bakki adyapaka sahayiyilundu.
marupadikal pratheekshikkunnu.
ramla

GOKUL DAS said...
This comment has been removed by the author.
GOKUL DAS said...
This comment has been removed by the author.
jinesh said...

പുലര്‍ വേളകള്‍ പൂക്കളം തീര്‍ത്തു എന്നാണ് അധ്യാപക സഹായിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കുളിച്ച്, പൂപ്പോലിപ്പാട്ട് പാടി മലനാടിനെ വിളിച്ച് , പൂക്കളം തീര്‍ത്ത ആ പകല്‍ വേളകള്‍ എന്നാണോ ?

jinesh said...

പുലര്‍ വേളകള്‍ പൂക്കളം തീര്‍ത്തു എന്നാണ് അധ്യാപക സഹായിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കുളിച്ച്, പൂപ്പോലിപ്പാട്ട് പാടി മലനാടിനെ വിളിച്ച് , പൂക്കളം തീര്‍ത്ത ആ പകല്‍ വേളകള്‍ എന്നാണോ? അതായത് ഓണത്തെക്കുറിച്ചുള്ള കവിയുടെ ഓര്‍മകളാണോ ഇവിടെ ഉദ്ധരിക്കുന്നത്?

ഹരി/സ്നേഹതീരം പോസ്റ്റ് said...

കന്നിമാസത്തിന്റെ ഒത്തിരി പ്രത്യേകതകള്‍ കവി 'സൌന്ദര്യപൂജ'യില്‍ എടുത്തുകാട്ടുന്നുണ്ട്.അതെല്ലാം വളരെ പോസിറ്റീവാണ്.അതുകൊണ്ടുതന്നെ കന്നിമാസം നീരാടുമ്പോള്‍ പാഴ്‌ച്ചളിക്കുളം പോലും നീലദര്‍പ്പണമാവുന്നു എന്ന് വ്യാഖ്യാനിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.താരാകീര്‍ണ്ണമായ ആകാശം(വിണ്‍പിച്ചകച്ചെടി)ചളിക്കുളത്തില്‍ പ്രതിബിംബിച്ച് ആ കുളത്തെപ്പോലും മനോഹര(നീലദര്‍പ്പണം)മാക്കുകയാണല്ലോ.ഇല്ലായ്മയില്‍നിന്ന്‍ സമൃദ്ധിയിലേക്ക്‌ നയിക്കാന്‍ അരിവാളേന്തി നില്‍ക്കുന്ന കര്‍ഷകകന്യയായി-പ്രകൃതിയുടെ നിത്യസത്യമായി -കന്നിമാസത്തെ കവി കാണുന്നു.