എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 8, 2011

വായനശാലയില്‍ - കവിത


വായനശാലയിലാകെത്തിരക്കാണ്..!
വായനയൊക്കെയും മരവിച്ച കാലത്തി-
തെന്താണ് കാരണമെന്നുതിരക്കവേ..
നാല്‍പ്പത്തിരണ്ടിഞ്ചു സ്ക്രീനിലും മുന്നിലും
ആളുകളേറെയാണതിലേറെയാരവം...
സിക്സറടിക്കുന്ന നേരം ലഹരിയായ്
അര്‍ദ്ധനഗ്നാംഗിമാരാടിത്തിമര്‍ക്കുന്നു.
അങ്കവും കണ്ടിടാം താളീമൊടിച്ചിടാം
എന്നപോലെന്തും ഭവിക്കുന്ന കാലമായ്...
അക്ഷരക്കൂട്ടങ്ങള്‍ തേക്കലമാരയില്‍
അസ്പഷ്ടമെന്തോ പുലമ്പിക്കരയുന്നു.
നാളയെ നോക്കി നാരയമെടുത്തവര്‍
'നാവേറു'കൊണ്ടു പിടഞ്ഞുവീണിടുന്നു...
തുഞ്ചനും കുഞ്ചനും മഞ്ജരീകാരനും
മൗനരായ് പണ്ടേ മാറിയിരിക്കുന്നു.
ഈവിയും സീവിയും മാറാല പേറുന്നു
'കണ്ണേമടങ്ങുകെ'ന്നാശാന്‍ മൊഴിയുന്നു...
സങ്കല്പവായൂവിമാനത്തിലേറുവാന്‍
വായനക്കാരനെത്തേടുന്നു മറ്റൊരാള്‍
ദുഃഖമാണുണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമൊരെണ്ണം തമസ്സില്‍ക്കിടക്കുന്നു.
ഇന്നു ഞാന്‍ നാളെ നീ എന്നു ചൂണ്ടിക്കൊണ്ടു
വേറൊരാള്‍ ചുട്ടനെടുവീര്‍പ്പുതിര്‍ക്കവേ
ഗ്രാമീണസൗഭഗം മോന്തിക്കുടിക്കുവാന്‍
താമരത്തോണി തുഴഞ്ഞെത്തി മറ്റൊരാള്‍
സൗന്ദര്യപൂജയും തീര്‍ന്നിതാ ധൂളിയില്‍
താന്തനായ് ശാന്തനായ് വീണുകിടക്കുന്നു...
വേദനയൊക്കെ കുഴിവെട്ടിമൂടുവാന്‍
ശക്തിയില്ലാതൊരാള്‍ ചാഞ്ഞുശയിക്കുന്നു.
ദുഃഖമാണുണ്ണീ വെളിച്ചമോന്നോതിയ
ഗ്രന്ഥമിതെന്നും 'തമസ്സി'ല്‍ കിടക്കുന്നു.
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയീ
ചില്ലലമാരയില്‍ ധ്യാനിച്ചിരിപ്പവ-
രെത്രപേര്‍?.. മാനവസ്നേഹത്തിനായ് മാത്രം
ആശിച്ചിരുന്നവര്‍, ആശംസയേകിയോര്‍...
ശാപങ്ങളേതും ചൊരിയുവാനാകാതെ
മൂകരായ്, ഈവിധം നോക്കിയിരിക്കുന്നു.
അക്ഷരംവിട്ടുനാം അക്കങ്ങള്‍ തേടുവോര്‍
അക്ഷയപാത്രം പണയപ്പെടുത്തുവോര്‍...
ഈ യുഗത്തിന്നു നേര്‍ ബാറ്റാഞ്ഞുവീശവേ
വീണ്ടുമുയര്‍ന്നൊരു സിക്സര്‍ പറക്കുന്നു.
വായനശാലയിലാളുകള്‍ കൂടുന്നു....?
വാദങ്ങളേറുന്നു...വാക്കുപിഴയ്ക്കുന്നു...

എന്‍. മുരാരി ശംഭു
മലയാളം അദ്ധ്യാപകന്‍
പഞ്ചായത്ത് ഹൈസ്ക്കൂള്‍
പത്തിയൂര്‍, കായംകുളം

18 comments:

maash said...

ശക്തമായ കവിത. കണ്ണുതുറപ്പിക്കേണ്ടതാണ്. പക്ഷേ... "എന്നെത്തല്ലണ്ടമാവാ ഞാന്‍ നന്നാവില്ല"...

ബാബു ഫ്രാന്‍സിസ് said...

നല്ല ആശയം .. ഉചിതമായ പദ വിന്യാസം ... ശക്തമായ വാക്കുകള്‍ ...
എങ്കിലും നമുക്ക് ശുഭാപ്തി വിശ്വാസം പുലര്തിക്കൂടെ ....

rajeev kanjiramattom said...

ഇക്കാലത്ത് വായനശാലയെ കുറിച്ച് പരിതപിക്കുന്നവര്‍ ധാരാളം...... പക്ഷെ അവരെല്ലാം വെറും സാധാരണക്കാര്‍........ വെറും സാധാരണക്കാര്‍ .........

shamla said...

nalla kavitha. Are u from N S S college C H R Y ?

azeez said...

നമ്മുടെ ഗ്രാമീണ വായനശാലകളുടെ യഥാര്‍ത്ഥ സ്ഥിതി നന്നായി എഴുതിയിരിക്കുന്നു.
നല്ല കവിത.
ഒരു എക്സ്ടാ കമന്‍റ് കൂടി: ഇതെഴുതിയ ആളുടെ പേര് വളരെ വളരെ മനോഹരമാണ്.

jjktimes said...

ഹായ്......എന്തു നല്ല കവിത
ഒത്തിരി ഇഷ്ടായീട്ടോ......

daniel said...

nannayrikunnu nalla kavithakal vendum
varatta

Sreekumar Elanji said...

മുരാരി ശംഭു മാഷിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ ലക്ഷ്യവേധിയായിത്തീരട്ടെ
തുഞ്ചന്‍ മുതല്‍ എല്ലാ കവികളെയും സ്മരിച്ചത്‌ ഉചിതമായി.
ഞങ്ങളുടെ തൊട്ടടുത്ത വായനശാലയില്‍ സെക്രട്ടറി ഇന്നു പറഞ്ഞ കാര്യം ഓര്‍ത്തുപോയി...
മാഷേ വായന വീണ്ടും കുറയുന്നല്ലോ.. ബാലവേദി സജീവമാക്കണം
കുട്ടികള്‍ വീണ്ടും കളിയുടെ പിറകേ ..എന്നൊക്കെ ....അടുത്ത ദിവസം കുട്ടികള്‍ക്ക് ശംഭു മാഷിന്റെ ഈ കവിത കൊടുത്ത് നോക്കട്ടെ....
കുറച്ചു പേരെങ്കിലും വായനാലോകത്തെക്ക് പോരുമോ എന്ന് അറിയട്ടെ...
വായനവാരത്തില്‍ കൊടുത്ത പുസ്തകങ്ങള്‍ ആസ്വാദന കുറിപ്പ് സഹിതം ഇപ്പോള്‍ തിരികെ വാങ്ങുകയാണ്..
നമ്മള്‍ അല്പം ശ്രമിച്ചാല്‍ കുറച്ചു പേരെ പ്രോത്സാഹിപ്പിക്കാന്‍ പറ്റും ..തീര്‍ച്ചയാണ്..
കൊടുത്ത പുസ്തകം തുറക്കാന്‍ മടിക്കുന്നവരെ ക്ലാസ്സില്‍ വെച്ച് കണ്ടു പിടിച്ചു അതിലെ കുറച്ചുഭാഗം ക്ലാസ്സില്‍ ഉറക്കെ വായിച്ചുകൊടുത്തു താല്പര്യം ജനിപ്പിക്കണം..
ഇത്ര നല്ല ഒരു പുസ്തകം ഞാന്‍ വായിക്കാന്‍ ശ്രമിച്ചില്ലല്ലോ എന്ന് കുട്ടി സഹതപിച്ച അനുഭവം ഇന്നലെ ഉണ്ടായി..
മാഷിനു അഭിനന്ദനങള്‍ ഒരിക്കല്‍ കൂടി..


.


. .

KTEYCH said...

aksharam vittu naam akkangal theduvor... Oh! Fantastic.. Akkangal in one sense z most aesthetic too...

ShahnaNizar said...

നന്നായിട്ടുണ്ട് മാഷേ. അഭിനന്ദനങ്ങള്‍.

PANCHAYATH HIGH SCHOOL PATHIYOOR said...
This comment has been removed by the author.
എന്‍.മുരാരി ശംഭു said...

കവിത വായിച്ചനുഗ്രഹിച്ചവർക്കൊക്കെയും നന്ദി.ഷംലടീച്ചറോട്-ബി.എഡിന് ചങ്ങനാശ്ശേരി എൻ.എസ്.എസിൽ ആയിരുന്നു.(1996).
പേരിനെ പ്രത്യ്യേകം പരാമർശിച്ച അസീസ്സ് സാറിനോട് പ്രത്യ്യേകം നന്ദി.
ശ്രീകുമാർ മാഷിന്- നിങ്ങളൊക്കെ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുതാണ്.ഞങ്ങൾ മധ്യതിരുവിതാംകൂറുകാർക്ക് ഒരു നിസ്സംഗതാഭാവമാണ് എല്ലാത്തിനും.ഞാൻ ഇവിടെ സ്കൂളിൽ ഒരു പുസ്തകമേള സംഘടിപ്പിച്ചു.3 ദിവസം.പ്രസാധകർ മടങ്ങിയത്
വളരെ വേദനയോടെയാണ്.കൂടുതൽ എഴുതേണ്ടല്ലോ..എങ്കിലും ഞാൻ നിരാശനല്ല.വിദ്യാരംഗം ബ്ലോഗ് എന്നും കാണും.(നെറ്റിന്റെ പ്രശ്നം ഉണ്ട്)അവിടെ അധ്യാപകരുടെയും കുട്ടികളുടേയും പ്രതികരണങ്ങളും മറ്റും കാണുമ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു ദൈവികസ്പർശം..മാഷേ ഞാനെന്തു കൂടുതലായി എഴുതാൻ...ആശംസകൾക്ക് ഒത്തിരി നന്ദി..

jayasree alappuzha said...

pravasajeevithathinu sesham nattil vannit ithra manoharamaya kavitha ezhuthiya sarinu asamsakal

Beena, Mulakkulam said...

നഷ്ട്ടസ്വപ്നങ്ങള്‍ എന്ന് എഴുതിതള്ളുന്നതുപലതും ഇതൊക്കെ അല്ലെ ഇന്ന്?ഗതകാലങ്ങളിലെ നന്മ നഷ്ട്ടപ്പെടതോര്‍ക്കുന്നതും നമ്മളെപ്പോലെ ചിലര്‍ മാത്രം!പുറമെയുള്ള കൊട്ടിഘോഷം പോലും വെറും പൊള്ളയായ കാര്യങ്ങള്‍ മാത്രമല്ലെ?പൊങ്ങച്ചസംസ്ക്കാരത്തിന്റെ പ്രമുഖ വക്താക്കളല്ലേ നമ്മള്‍ മലയാളികള്‍?കവിത ഒത്തിരിചിന്തകള്‍ക്ക് വഴിതെളിച്ചു..ഇനിയും ഇത്തരം നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു!ആശംസകള്‍!

vaidehi said...

KALAMANELLATTINUM SAKSHI
KALATHINU VENDATHE NILANILKU
VAYANATHIRICHU VARUM
BLOGILENKILUM

indeevaram said...

valare nannayirikkunnu.....

benoyjoseph said...

VALARENALLA KAVITHA ENIJUM EZUTHANAM by benoy mutholapuram

Sreekumar Pillai said...

Dear Murari,

Kavitha is excellent.
Keep it up,

Sreekumar, Koyickel, Kuttemperoor
sree.facts@gmail.com