കറുപ്പും ചുവപ്പും നിറമുള്ള അവ്യക്തമായ കുറെ മനുഷ്യരൂപങ്ങള്‍ ഇരുട്ടിന്റെ മറവിലുടെ അയാളെയും ലക്ഷ്യംവച്ചുകൊണ്ട് പതുക്കെ പതുക്കെ നടന്നു വരുകയാണ്.
രക്തം കുടിക്കുവാന്‍ വരുന്ന പിശാച്ചുകളെപ്പോലെ ഉച്ചത്തില്‍ അലറികൊണ്ടാണ് അതിലെ ഓരോ രൂപങ്ങളും അയാളെ തിരഞ്ഞുകൊണ്ട് ആ ഇരുട്ടിലൂടെ നടന്നടുക്കുന്നത് .
വലിയ ചുവന്ന കണ്ണുകളോടെ നടന്നടുക്കുന്ന അവരിലെ പല മുഖങ്ങളെയും ഒരു അവ്യക്തതയോടെ അയാള്‍ക്ക് തിരിച്ചറിയാനാകുന്നുണ്ട്. ഒന്നല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ അയാളുടെ ജീവിതം പിച്ചി ചീന്തിയവരാണ് അവരില്‍ ഓരോരുത്തരും. കഴിഞ്ഞ പല രാത്രികളിലും ഇതുപോലെ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വന്ന് പേടിപ്പിച്ചുകൊണ്ടിരുന്ന രൂപങ്ങളില്‍ പലതും ഈ മുഖങ്ങള്‍ തന്നെയാണെന്നും അയാള്‍ തിരിച്ചറിയുന്നു.
ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെടണമെന്നുണ്ട്. പക്ഷെ അയാള്‍ക്കതിനാവുന്നില്ല. എത്ര ശ്രമിച്ചിട്ടും അയാളുടെ നാവില്‍നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ല. ഒരു വാക്ക് പോലും ഉരിയാടുവാനകുന്നില്ല. ഒന്നുറക്കെ പൊട്ടിക്കരയുവാനകുന്നില്ല .കൈകാലുകളുള്‍പ്പടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ആരോ ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നു. കിടക്കുന്നിടത്തുനിന്ന് ഒന്ന് അനങ്ങുവാന്‍പോലും അയാള്‍ക്കാവുന്നില്ല .രക്തദാഹിയായ ആ വികൃത രൂപങ്ങള്‍ ചോരയുടെ നിറമുള്ള നാക്ക് പുറത്തേക്ക് നിട്ടികൊണ്ട് അയാളെ ഉപദ്രവിക്കുവാനായി അയാള്‍ കിടക്കുന്ന കട്ടിലിന്റെ അരികില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. പേടികൊണ്ട് ആ ഹൃദയം ശക്തിയോടെ നിര്‍ത്താതെ ഇടിക്കുകയാണ്.
കണ്ണുകളില്‍ നിന്നുമൊഴുകുന്ന ജലബാഷ്പങ്ങള്‍ വരണ്ട അയാളുടെ നാവിനെ നനച്ചുകൊണ്ടേയിരുന്നു. ഒരു ഭിക്ഷാംദേഹിയെപ്പോലെ സ്വന്തം ജീവിനുവേണ്ടി അയാള്‍ പലതവണ അവരോട് യാചിക്കുന്നുണ്ട്. കൈകാലുകള്‍ ഉപയോഗിച്ചുകൊണ്ട് അവരെ തടയുവാന്‍ നോക്കുന്നുണ്ട് കട്ടിലില്‍നിന്നും ചാടി എഴുനേല്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട് .
പെട്ടന്ന് കിടക്കുന്നിടത്തുനിന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു. ദേഹമാകെ വിയര്‍ത്തൊലിക്കുകയാണ്. മുഖത്തും നെറ്റിയില്‍നിന്നുമെല്ലാം നിര്‍ത്താതെ ഒഴുകുന്ന വിയര്‍പ്പുകണങ്ങള്‍ കിടക്കുവാന്‍ ഉപയോഗിച്ച വിരിയെടുത്ത് അയാള്‍ തുടച്ചുനീക്കി.അയാളുടെ കണ്ണുകളില്‍ നിന്നും ഭീതി ഇപ്പഴും വിട്ടുമാറിട്ടില്ല. ഉറക്കക്ഷീണമുള്ള ആ മിഴികള്‍ ഭയത്തോടെ ഇരുട്ടില്‍ ആരെയൊക്കെയോ തിരിഞ്ഞുകൊണ്ടേയിരിക്കുകയാണ് .
കുറച്ചുമുന്‍പ് കണ്ടത് വെറുമൊരു സ്വപ്നമായിരുനെന്ന് അയാള്‍ക്കിപ്പഴും വിശ്വസിക്കുവാനാകുന്നില്ല. കട്ടിലിനു താഴെ വച്ചിരുന്ന വെള്ളക്കുപ്പിയെടുത്ത് നിര്‍ത്താതെ അയാള്‍ കുടിച്ചു. കുടിക്കുന്നതിനോടൊപ്പം ആ ജലം ശരീരമാകെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.ഇരുട്ടു കട്ടകുത്തിക്കിടക്കുന്ന ആ മുറിയില്‍ മറ്റൊന്നും അയാള്‍ക്ക് കാണുവാന്‍ കഴിയുന്നില്ലായിരുന്നു .അവിടത്തെ ആ ഇരുട്ടില്‍ തന്നെ കുടാതെ മറ്റാരൊക്കെയോ തന്നെ പേടിപ്പെടുത്തുവാനായി ഒളിച്ചിരിക്കുന്നുണ്ടെന്ന് ഒരു പേടിയോടെ അയാള്‍ ഇപ്പഴും വിശ്വസിക്കുന്നു. പുറത്തുനിന്നു കേള്‍ക്കുന്ന നായ്ക്കളുടെയും മറ്റും ചെറിയ ശബ്ദങ്ങള്‍പോലും അയാളെ വളരെയധികം പേടിപ്പെടുത്തികൊണ്ടേയിരുന്നു.
പാതി അടഞ്ഞു കിടക്കുന്ന ജാലകവാതിലുകള്‍ മെല്ലെ തുറന്നുകൊണ്ട് ഇരുട്ട് ഉറക്കം നടിച്ചു കിടക്കുന്ന പ്രകൃതിയിലേക്ക് നോക്കി അയാള്‍ കുറെ നേരം ആ കട്ടിലില്‍ തന്നെ ഇരുന്നു
രാത്രിയുടെ കറുത്ത പരവതാനി അണിഞ്ഞ അന്തരീക്ഷം എന്നത്തേയും പോലെ ഇന്നും സുന്ദരിയും ശാന്ത സ്വരുപിയും പിന്നെ ഒരല്‍പം ഭയാനകവുമാണ് .കുറച്ചു നാളുകളായി ഉറക്കത്തിന്റെ മധ്യത്തില്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി ഉണരുന്നത് അയാള്‍ക്കൊരു പതിവാണ് .അതുകൊണ്ട് തന്നെ രാത്രിയുടെ ഈ കറുത്ത സൗന്ദര്യത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് അയാള്‍.
രാത്രിയുടെ കറുത്ത പരവതാനി അണിഞ്ഞ അന്തരീക്ഷം എന്നത്തേയും പോലെ ഇന്നും സുന്ദരിയും ശാന്ത സ്വരുപിയും പിന്നെ ഒരല്‍പം ഭയാനകവുമാണ് .കുറച്ചു നാളുകളായി ഉറക്കത്തിന്റെ മധ്യത്തില്‍ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി ഉണരുന്നത് അയാള്‍ക്കൊരു പതിവാണ് .അതുകൊണ്ട് തന്നെ രാത്രിയുടെ ഈ കറുത്ത സൗന്ദര്യത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് അയാള്‍.
ജനലഴികളിലുടെ പുറത്തേക്ക് നോക്കുമ്പോള്‍ വലുതും ചെറുതുമായ എല്ലാ കെട്ടിടങ്ങളും മിഴികള്‍ ചിമ്മി ഉറക്കത്തിലാണ്. നഗരത്തിലെ പ്രധാന വീഥികളിലെ വഴിവിളക്കുകള്‍ ഒരു പാതി ഉറക്കത്തിന്റെ മട്ടിലാണ് .പ്രധാന റോഡുകളെല്ലാം ഇപ്പോള്‍ തികച്ചും ശാന്തവും, വിജനവുമാണ്. ഇടക്ക് ദൂരെ എവിടെനിന്നോ നായ്ക്കളുടെ പേടിപ്പെടുത്തുന്ന ശബ്ദം കേള്‍ക്കാം.അയാളുടെ മനസ് ഇപ്പഴും വളരെ അസ്വസ്ഥമാണ്. കുറച്ചു മുന്‍പ് കണ്ട സ്വപ്നത്തില്‍ നിന്ന് അയാള്‍ പുര്‍ണ്ണമായും വിമുക്തനായിട്ടില്ല.
രണ്ടുമുന്നു വര്‍ഷത്തെ ഏകാന്ത വാസം ഒന്നല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ അയാളുടെ മനസിനെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു . സമാധാനമെന്താണെന്ന് കുറെ നാളുകളായി അയാള്‍ അറിഞ്ഞിട്ടില്ല.
ചില സമയങ്ങളില്‍ തോന്നും തന്നില്‍നിന്നും വഴിമാറിപ്പോയ കുടുംബ ജീവിതം തന്നെയായിരുന്നു നല്ലതെന്ന്. എന്നാല്‍ മറ്റുപല സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടും ഏകാന്തവാസം തന്നെയാണ് മികച്ചതെന്ന്.
അങ്ങനെയാവുമ്പോള്‍ സ്വന്തം കാര്യം നോക്കി മാത്രം ജീവിച്ചാല്‍ മതിയല്ലോ. ജീവിതത്തിലെ ലാഭങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കുകള്‍ മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മറ്റാരുടെയും പഴിചാരലുകള്‍ക്ക് പാത്രമാവേണ്ടി വരുകയുമില്ല. പണത്തിനും സ്വത്തിനും വേണ്ടിയുള്ള കുടുംബ കലഹങ്ങളില്‍ നിസഹായനായ വെറുമൊരു ദൃക്സാക്ഷിയായി മാറിനില്‍ക്കേണ്ടി വരുകയുമില്ല.
ഏകാകിയായ അയാളുടെ ഇപ്പോഴത്തെ പ്രധാന ശത്രു ഇത്തരം കുറെ ഓര്‍മ്മകള്‍ മാത്രമാണ്. ഓരോ ഓര്‍മകളും അയാളുടെ മനസിനെ കുടുതല്‍ വേദനിപ്പിക്കുവാന്‍ ത്രാണിയുള്ളവയായിരുന്നു.
ചിലപ്പോള്‍ ഇത്തരം ഓര്‍മ്മകള്‍ വരുന്നത് കറുപ്പും ചുവപ്പും നിറമുള്ള പിശാചിന്റെ രൂപത്തിലാണെങ്കില്‍ മറ്റു ചിലപ്പോള്‍ അവ വരുന്നത് ഇതിനെക്കാളും ഭയാനക സ്വഭാവത്തോടുകൂടിയായിരിക്കും. അതുമല്ലെങ്കില്‍ ഭയാനക രൂപിയായ കാളിയുടെ രൂപത്തില്‍ കൈകാലുകള്‍ ഉയര്‍ത്തി നൃത്തമാടിക്കൊണ്ടായിരിക്കും .
കട്ടിലില്‍നിന്നുമെഴുനേറ്റ് പുലരാന്‍ തുടങ്ങുന്ന പ്രഭാത സുര്യന് അഭിമുഖമായി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി അയാള്‍ നിന്നു.
ഒരുപാട് പ്രത്യാശയുടെയും, കഴിഞ്ഞ ദിവസം ബാക്കിവച്ച കര്‍മങ്ങളുടെ തുടര്‍ച്ചയുടെയും, പുതിയ സ്വപ്ന രുപീകരണങ്ങളുടെയുമെല്ലാം പ്രതീകമായി അര്‍ക്കന്‍ കിഴക്ക് ദിശയിലേക്ക് ഉയര്‍ന്നു പൊങ്ങുകയാണ്.
എല്ലാ ജനങ്ങള്‍ക്കും ഈ ഉദയ സുര്യന്‍ മോഹസ്വപ്നങ്ങളുടെ സൃഷ്ട്ടാവും പുതിയ കര്‍മങ്ങളുടെ ആരംഭകനുമാണ്. എന്നാല്‍ അയാള്‍ക്ക് ആ പ്രഭാത കിരണങ്ങളില്‍ കാണുവാന്‍ കഴിയുന്നത് വെറുമൊരു ചോദ്യചിഹ്നം മാത്രമായിരുന്നു.
രണ്ടുമുന്നു വര്‍ഷം മുമ്പ് സ്വന്തം വീടും നാടുമെല്ലാം ഉപേക്ഷിച് ആദ്യമായി ഈ തിരക്കു പിടിച്ച നഗരമധ്യത്തില്‍ വന്നെത്തിയത് മുതല്‍ അയാളുടെ മനസ് അയാളോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന അതെ ചോദ്യം .
'ഇനിയെന്ത് ? അവശേഷിക്കുന്ന ഈ ജീവിതം ആര്‍ക്കു വേണ്ടി? ചെയ്തു തീര്‍ക്കുവാന്‍ ബാക്കിയുള്ള കര്‍മങ്ങള്‍ ഇനിയെന്തെല്ലാം? '
ഇതുവരെ ഉത്തരം ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങളും, ചെയ്തു തീക്കുവാന്‍ കഴിയാതെപോയ ഒരുപാട് ലക്ഷ്യങ്ങളെയും ചുമലില്‍ താങ്ങികൊണ്ട് അയാള്‍ ആ ഇളം വെയിലത്ത് നഗരവീഥിയിലുടെ വെറുതെ കുറെ നടന്നു .കാലം അതിന്റെ പുതിയ പരിഷ്ക്കാരം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള തിരക്കു പിടിച്ച ഓട്ടത്തില്‍ ഒപ്പം ഓടിയെത്തുവാന്‍ കഴിയാതെ പിന്തളളപെട്ട ഒരുവന്റെ ദീനരോദനം അയാളുടെ മനസിന്റെ ഏതോ ഒരു കോണില്‍ നിന്നും പതുക്കെ പതുക്കെ ഉയര്‍ന്നു വരുന്നത് ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം.
"തന്റെ ജീവിതം തികച്ചും ഒരു പരാജയമായിരുന്നുവോ? അതോ കാലത്തിന്റെ പുതിയ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ കഴിയാതെപോയതാണോ തന്റെ തെറ്റ് ? അതുമല്ലെങ്കില്‍ മുഖംമൂടികളണിഞ്ഞ ഇന്നത്തെ പുതിയ സമുഹത്തെ കണ്ണുമടച്ച് വിശ്വസിച്ചതോ?തന്‍റെ പക്കലുണ്ടായിരുന്ന അളവില്‍ കവിഞ്ഞ സ്നേഹവും, സമ്പാദ്യവുമെല്ലാം ഒരു കള്ള പുഞ്ചിരിയോടെ കൈക്കലാക്കിയിട്ട് അവസാനം തന്നെ വെറുക്കുന്നുവെന്ന് പറഞ്ഞ് സ്വന്തം സുഹൃത്തിന്റെ കൂടെ പോയ തന്റെ പ്രണയിനിയും അണിഞ്ഞിരുന്നത് ആ പുതിയ സംസ്ക്കാരത്തിന്റെ മുഖംമൂടിയായിരുന്നുവോ?
രക്തബന്ധങ്ങളെയും അതിന്റെ പ്രാധാന്യത്തെയും മറന്നുകൊണ്ട് സ്വത്തിനുവേണ്ടി നിരന്തരം കടിപിടി കുടിയിരുന്ന തന്റെ ബന്ധു മിത്രാദികളും കാലത്തിന്റെ പുതിയ മാറ്റങ്ങളുടെ സൃഷ്ടികളാണോ?
സൗഹൃദമെന്നത് ഉയരങ്ങള്‍ കീഴടക്കുവാന്‍ വേണ്ടിയുള്ള വെറുമൊരു താല്‍ക്കാലിക ചവിട്ടുപടി മാത്രമാണെന്ന് പറഞ്ഞ സുഹൃത്തുക്കളും ഈ പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗങ്ങളാണോ?"
കെട്ടഴിഞ്ഞ് പുറത്തേക്ക് ചാടിയ ഓര്‍മകളെയും, പറയാനാകാതെ ഉള്ളിലൊതുക്കിയ ചോദ്യങ്ങളെയുമെല്ലാം പിന്നെയും കൂട്ടിക്കെട്ടി മനസിന്റെ ഉള്ളറയിലേക്ക് അയാള്‍ തള്ളിയിട്ടു.പ്രത്യാശയുടെയും തന്റെ പുതിയ മോഹസ്വപ്നങ്ങളുടെയുമെല്ലാം പ്രതികമായ ആ പൊന്‍പുലരിയേയും തേടി അയാള്‍ പിന്നെയും കുറെ നടന്നു .
സൗഹൃദമെന്നത് ഉയരങ്ങള്‍ കീഴടക്കുവാന്‍ വേണ്ടിയുള്ള വെറുമൊരു താല്‍ക്കാലിക ചവിട്ടുപടി മാത്രമാണെന്ന് പറഞ്ഞ സുഹൃത്തുക്കളും ഈ പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗങ്ങളാണോ?"
കെട്ടഴിഞ്ഞ് പുറത്തേക്ക് ചാടിയ ഓര്‍മകളെയും, പറയാനാകാതെ ഉള്ളിലൊതുക്കിയ ചോദ്യങ്ങളെയുമെല്ലാം പിന്നെയും കൂട്ടിക്കെട്ടി മനസിന്റെ ഉള്ളറയിലേക്ക് അയാള്‍ തള്ളിയിട്ടു.പ്രത്യാശയുടെയും തന്റെ പുതിയ മോഹസ്വപ്നങ്ങളുടെയുമെല്ലാം പ്രതികമായ ആ പൊന്‍പുലരിയേയും തേടി അയാള്‍ പിന്നെയും കുറെ നടന്നു .
..............................................................................................
മുജിത്ത് സി. എം.
തൃശ്ശൂര്‍ ,കേരള
ഫോണ്‍ : 09176587870
മുജിത്ത് സി. എം.
തൃശ്ശൂര്‍ ,കേരള
ഫോണ്‍ : 09176587870
1 comment:
കഥാഖ്യനത്തിന്റെ ഭാവരൂപങ്ങളില്‍ അഭിരമിക്കുന്ന ഒരു സ്വപ്നാടകനെ കാലം എത്രനാള്‍ ഒളിപ്പിച്ചു വയ്ക്കും......
Post a Comment