കക്കാടിന്റെ ചരമദിനമാണല്ലോ ജനുവരി 6. കോഴിക്കോടു ജില്ലയില്‍ അവിടനെല്ലൂര്‍ ഗ്രാമത്തില്‍ കക്കാട് ഇല്ലത്താണ് നാരായണന്‍ നമ്പൂതിരി എന്ന എന്‍.എന്‍ കക്കാട് ജനിച്ചത്. സംസ്കൃതവും ജോതിഷവും പിന്നീട് കുലത്തൊഴിലായി 'മന്ത്രതന്ത്രങ്ങളും' പഠിച്ച ശേഷം സ്ക്കൂള്‍ പഠനത്തിനായി ചേര്‍ന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനകാലം ചെലവഴിച്ചു.
കേരളവര്‍മ്മ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ അവിടത്തെ അധ്യാപകനായിരുന്ന എന്‍.വി കൃഷ്ണവാര്യര്‍ ആയിരുന്നു കക്കാടിന്റെ ഉള്ളിലെ കവിയെ വളര്‍ത്തിയെടുത്തത്.
ഗ്രീക്ക് ഭാരതീയ പുരാണങ്ങളിലെ അവഗാഹം, സംഗീതത്തിലും മേളകലയിലുമുള്ള പ്രാവീണ്യം, പുതിയ ചിന്തകള്‍ക്കു നേരെ എന്നും തുറന്നിട്ട മനസ്സ്, ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും മധുര്യമാക്കാനുള്ള സിദ്ധി, അനുഭവസമ്പത്ത് - ഇതൊക്കെയുണ്ടായിട്ടും കക്കാട് കുറച്ചു മാത്രമേ എഴുതിയുള്ളൂ. ആലോചനാമൃതങ്ങളായിരിക്കണം രചനകള്‍ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അചുംബിത നിരീക്ഷണങ്ങളും ഉക്തിവൈചിത്ര്യങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് മിക്ക കവിതകളും. മലയാള കവിതയില്‍ നവീനതയുടെ നേതൃത്വ നിരയില്‍ കക്കാട് ഏറ്റവും ശ്രദ്ധേയനായിരുന്നു.
ആദ്യ സമാഹാരം 1957 ല്‍ പ്രസിദ്ധീകരിച്ച 'ശലഭഗീത'മാണ്. കാളിമ കലര്‍ന്ന ജീവിത ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ കവിതകള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമായതും ഭാവുകത്വ പരിണാമത്തിന് നിദാനമായി പരിണമിച്ചതും പിന്നീടാണ്. 'ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്' എന്ന സമാഹാരം തന്നെ ഉദാഹരണം. പാതാളത്തിന്റെ മുഴക്കം, ധര്‍മ്മദുഖങ്ങളുടെ വെളിപാടുകള്‍, വജ്രകുണ്ഡലം, ഇതാ ആശ്രമ മൃഗം, കൊല്ല് കൊല്ല്, എന്നിവ കക്കാടിന്റെ പ്രശസ്ത കൃതികളാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് നാടന്‍ ചിന്തുകള്‍, പകലറുതിക്കു മുമ്പ് എന്നീ കാവ്യസമാഹാരങ്ങള്‍ വെളിച്ചം കണ്ടത്.
'സഫലമീയാത്ര' എന്ന കാവ്യസമാഹാരം അത്യന്തം വൈയക്തികമായ ജീവിത സന്ദര്‍ഭത്തെ പ്രതിനിധാനം ചെയ്യുന്നു. മാരകമായ ഒരു രോഗത്തിനിരയായി ആശുപത്രി വാര്‍ഡില്‍ ദിനങ്ങളെണ്ണിക്കഴിയുന്ന കവി അടുത്തു വരാന്‍ പോകുന്ന ആതിരയ്ക്ക് അന്ത്യാഭിവാദനമര്‍പ്പിക്കുന്നതിനോടൊപ്പം ആത്മപ്രേയസിയെ മെയ്യോടു ചേര്‍ത്തു പിടിച്ചുകൊണ്ടു പിന്നിട്ട സുഖ ദുഖങ്ങളെ അയവിറക്കുന്നു. അതോടൊപ്പം കഴിഞ്ഞതെല്ലാം നേട്ടമായി കാണുകയും വ്യക്ത്യാനുഭൂതികളില്‍ സ്വകീയ കാവ്യ ജീവിതവൃത്തിയുടെ സഫലതയെ ഉപദര്‍ശിക്കുകയും ചെയ്യുന്നു.
ധനലോഭവും ധര്‍മ്മബോധവും തമ്മിലുള്ള സംഘര്‍ഷത്തെ 'വജ്രകുണ്ഡലം' എന്ന ഖണ്ഡകാവ്യം വരച്ചുകാട്ടുന്നു. നഗര രക്ഷസിന്റെ ദംഷ്ട്രയില്‍ ചതഞ്ഞരയുന്ന ഗ്രാമവിശുദ്ധിയുടെ ഭിന്നമുഖങ്ങള്‍ 'ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് ' എന്ന സമാഹാരത്തില്‍ പ്രതിസ്പന്ദിക്കുന്നു.
വയലാര്‍, കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, ആശാന്‍ പുരസ്ക്കാരങ്ങള്‍ നേടിയ കക്കാട് 1987 ജനുവരി 6ന് അന്തരിച്ചു.
-ബി.കെ.എസ്.
3 comments:
കാച്ചിക്കുറുക്കിയ കുറിപ്പ് ഒത്തിരി നന്നായിട്ടുണ്ട്
സഫലമീ യത്നം ....നന്ദി
kollam,phalapradam
by sr marypaul sic
bcghskkm
Post a Comment