എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 14, 2011

ഭീതിയുടെ നിഴലുകള്‍ - പി. വത്സലയുടെ "കാവല്‍" ഒരു വായനാനുഭവം


ണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അടയാളപ്പെടുത്തുന്ന കഥാലോകമാണ് പി. വത്സലയുടേത്. പ്രകൃതിയുമായിടഞ്ഞും സമരസപ്പെട്ടും ജീവിക്കുന്ന മനുഷ്യന്റെ ചൂടും ചൂരും നിറഞ്ഞ അനുഭവപരമ്പരകള്‍, സാഹസികതകള്‍, വിഭ്രമാത്മകതകള്‍ ഇവ ഈ കഥാപ്രപഞ്ചത്തിന് വ്യത്യസ്തത പകരുന്നു. കാടുകള്‍വെട്ടിനിരത്തുന്ന പുതുകാലത്ത് കാടിന്റെ മക്കളുടെ ജീവിതവും സംസ്ക്കാരവും സമൂഹത്തിന്റെ അതിരുകള്‍ക്കും അപ്പുറത്തേയ്ക്ക് വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നു. നഗരവല്ക്കരണവും ഉപഭോഗസംസ്ക്കാരവും സൃഷ്ടിച്ച പുറംപൂച്ചുകളുടെ ലോകത്ത്, കാടിന്റെ തനിമയും കാട്ടുജീവിതവും വെറും കെട്ടു കാഴ്ചകള്‍ മാത്രമാകുന്നു.
തിമാനുഷകഥാപാത്രങ്ങളും പരസ്യങ്ങളുടെ മായക്കാഴ്ചകളും ചൂഷണം നിറഞ്ഞ കമ്പോളസംസ്കാരവും കീഴടക്കുന്ന ബാലമനസ്സുകള്‍ക്ക് വൈജാത്യം നിറഞ്ഞൊരു സാഹസികാനുഭവം പകര്‍ത്തുന്ന കഥയാണ് വത്സലയുടെ കാവല്‍. വിദ്യാഭ്യാസവും സമ്പത്തും സുരക്ഷിതത്വവും ഇല്ലെങ്കിലും അദ്ധ്വാനത്തിന്റെ മഹത്ത്വത്തില്‍ അഭിമാനിക്കുന്ന ആദിവാസിബാലന്റെ വീക്ഷണകോണില്‍ അവതരിപ്പിക്കുന്ന കാവല്‍ നാടകീയത നിറഞ്ഞ ആഖ്യാനസൗന്ദര്യം അടിമുടി നിലനിര്‍ത്തുന്നു.
യനാട്ടിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലത്തില്‍ രചിച്ച ചെറുകഥയാണ് കാവല്‍. ഭയംപോലെ മനുഷ്യനെ നിസ്സഹായനാക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഒരു വികാരമില്ലെന്നും അത് ബാല്യം കഴിയാത്ത എന്നാല്‍ കൗമാരത്തില്‍ എത്തിനില്‍ക്കുന്ന ഒരു കുട്ടിയിലാകുമ്പോള്‍ അതിന്റെ തീവ്രത എത്രത്തോളമാകുമെന്നും പി. വത്സല നമ്മെ അനുഭവപ്പെടുത്തുന്നു.
ന്മിയുടെ കല്പനപ്രകാരം കൃഷിക്ക് കാവല്‍കിടക്കാന്‍ തീരുമാനിക്കപ്പെടുന്ന ജോഗി എന്ന അടിയാനാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഇത്രയും നാള്‍ തന്റെ അച്ഛനെ ഏല്പിച്ച പണി, ജന്മി തനിക്കായി ചുമതലപ്പെടുത്തിയപ്പോള്‍ അവന്‍‍ അഭിമാനഭരിതനാകുന്നു. സന്തോഷപൂര്‍വ്വം തിരുവോളമ്മ കൊടുത്ത തണുത്ത ചോറുണ്ട് തമ്പ്രാന്‍ നല്‍കിയ അവകാശവും വാങ്ങി പന്നിയെ ഓടിക്കുവാനുള്ള പടക്കങ്ങളുമായി അവന്‍ കളത്തിലെത്തുന്നു. അവിടവിടെയായി കേള്‍ക്കുന്ന പന്തല്‍പ്പാട്ടിന്റെ സ്വരം ഏറ്റുവാങ്ങിയും നീട്ടിപ്പാടിയും അവന്‍ ഭയമില്ലാത്തവനായി മാറുന്നു, അഥവാ സ്വയം ധൈര്യം നടിക്കുന്നു. തണുപ്പില്‍ ഉറങ്ങാതിരിക്കാനായി ഉള്ളംകാലില്‍ നിന്നും കീറിയ ചാക്കുകഷണം നെഞ്ചിലേക്ക് മാറ്റിയിടുന്നു. എങ്കിലും ആ അരണ്യ നിശ്ശബ്ദതയില്‍ കനല്‍ചൂടേറ്റ് അവന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. അനക്കം കേട്ട് ഞെട്ടിയുണരുമ്പോള്‍ കുറിച്യന്‍ മുദ്ദന്റെ കരിമ്പിച്ചിപ്പയാണ് എന്നു മനസ്സിലാകുന്നുവെങ്കിലും ക്രമേണ പയ്യല്ല, കാട്ടാനയാണെന്ന യാഥാര്‍ത്ഥ്യം അവന്റെ മനസ്സിലേക്ക് ഒരു മിന്നല്‍പോലെ കടന്നുവന്നു. ഭയത്തിന്റെ ആ ഒരുനിമിഷം അവന്‍ തളര്‍ന്നു. ശബ്ദം പുറത്തേക്ക് വന്നില്ല. പെട്ടെന്ന് എന്തൊ ഒരു ഉള്‍പ്രേരണയോടെ ശരംപോലെ അച്ഛന്റെയും തമ്പ്രാന്റെയും അടുത്തെത്തി ശബ്ദം ഇല്ലാതെ സംസാരിച്ച അവനൊപ്പം അവര്‍ കണ്ടതോ, കാട്ടാന നശിപ്പിച്ച വാഴക്കൂട്ടങ്ങളും തക്കാളിപ്പടര്‍പ്പുകളും മത്തന്‍വള്ളികളും ഈ കാഴ്ചയുടെ തിരിച്ചറിവില്‍ അവന്‍ എത്തിനിന്നത് തന്റെ തൊട്ടടുത്തുകൂടി പോയ കാട്ടാനയിലും താന്‍ ചവിട്ടിയ ചൂടുള്ള ആനപ്പിണ്ടത്തിലുമാണ്. അപ്പന്‍ അവനെ എങ്ങനെയൊ കുടിലില്‍ കൊണ്ടുചെന്നാക്കി. കനല്‍ച്ചൂടില്‍ അവന്‍ വില്ലുപോലെ ബലംപിടിച്ച് അനക്കവുമൊച്ചയുമില്ലാതെ കിടക്കുമ്പോള്‍ കാവല്‍ എന്ന കഥയ്ക്ക് വിരാമമാകുന്നു.
ന്മി കുടിയാന്‍ ബന്ധത്തിനും ആദിവാസി ജീവിതത്തിനുമപ്പുറം ഇവിടെ നമ്മെ കീഴ്പ്പെടുത്തുന്നത് ഭയം എന്ന തീഷ്ണവികാരമാണ്. ഒരു കൗമാര മനസ്സിന്റെ അപഗ്രഥനം ഇവിടെ പൂര്‍ണ്ണമായും നിര്‍വ്വഹിച്ചിരിക്കുന്നു. ചാപല്യങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും കാലമെന്നതിലുപരി അംഗീകാരം ഏറ്റവുമധികം ആഗ്രഹിക്കുന്നവരാണ് കൗമാരക്കാര്‍. അതുകൊണ്ടാണ് ഭയം മറച്ചുവച്ചിട്ടാണെങ്കിലും ജന്മി നല്‍കുന്ന അംഗീകാരത്തിന്റെയും അവകാശത്തിന്റെയും കരുത്ത് അവനെ മുന്നോട്ടു നയിക്കുന്നത്. താന്‍ അംഗീകരിക്കപ്പെടുന്നുവെന്നുള്ള തോന്നല്‍, കൂട്ടുകാരുടെ മുന്നില്‍ വലിയവനാകാമെന്ന മോഹം ഒരുപക്ഷേ അവന് സൈദിന്റെ കടയിലെ വെല്ലത്തേക്കാള്‍ വലുതാണ്. ജന്മിയുടെ 'അവകാശം' അവനെ ഒരു മുതിര്‍ന്ന പുരുഷനെപ്പോലെ ചിന്തിക്കാന്‍ പ്രാപ്തനാക്കുന്നു. ബാല്യത്തിന്റെ സവിശേഷതകള്‍മാറിയിട്ടില്ലാത്ത കൗമാരത്തില്‍, ഭയം എന്ന വികാരത്തില്‍നിന്ന് പൂര്‍ണ്ണമുക്തിനേടുക അസാധ്യമാണല്ലൊ. ഈ മാനസികാപഗ്രഥനമണ് 'കാവല്‍' എന്ന കഥയെ ഒരു തീവ്രാനുഭവമാക്കിമാററുന്നത്.
ചിതങ്ങളായ ഭാഷാപ്രയോഗങ്ങളാണ് കഥയുടെ ആഖ്യാനത്തെ ശക്തമാക്കുന്നത്. പ്രഥമപുരുഷവീക്ഷണകോണിലൂടെ കഥ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ജോഗിയുടെ ജീവിതസ്വപ്നങ്ങളിലേക്കും മോഹങ്ങളിലേക്കും കടന്നുചെല്ലാനും കഥാകാരിക്ക് കഴിയുന്നുണ്ട്. ഇവിടെ ആഖ്യാനത്തിന് അന്തരീക്ഷ സൃഷ്ടി പൂര്‍ണ്ണമാക്കാനുള്ള സ്വാതന്ത്യംകൂടികിട്ടുന്നുണ്ട്. “ഒറ്റക്കണ്ണന്‍ രാക്ഷസനെപോലെ നിലാവുദിച്ച ആകാശം മീതെനിന്നും തുറിച്ചുനോക്കുന്നു” എന്ന വര്‍ണ്ണന അവന്റെ ഭയത്തെ ഉദ്ദീപിപ്പിക്കാന്‍ ശക്തിയുള്ളതാണ്. രക്തം കട്ടയാകുന്ന തണുപ്പ്, പേടി ........ താടിയെല്ലുകള്‍ കൂട്ടിയിടിച്ച് ഒച്ചയുണ്ടാക്കി. ഒച്ച തൊണ്ടയിലെങ്ങൊ തണുത്തുറഞ്ഞുപോയി. പന്തല്‍പാട്ടുകളൊന്നും കേള്‍ക്കാനില്ല, തണുത്തുറഞ്ഞ രാത്രിമാത്രം വളഞ്ഞുനിന്ന് അവനെ പേടിപ്പെടുത്തി. നാലുപാടും ഉറങ്ങുന്ന ദിക്കുകള്‍, ഉണര്‍ന്നിരിക്കുന്നത് ബാവലിയും അവളോടു ചേരുന്ന കാട്ടുചോലകളും സദാകരഞ്ഞുകൊണ്ടിരിക്കുന്ന മണ്ണട്ടകളും താനുംമാത്രം. ഇങ്ങനെ വരാന്‍പോകുന്ന ഭയത്തിന്റെ നിമിഷങ്ങളിലേക്ക് ജോഗിയൊടൊപ്പം നമ്മെയും നയിക്കുന്ന ആഖ്യാനതന്ത്രമാണ് കഥാകാരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പൊട്ടാത്ത പടക്കത്തെക്കുറിച്ചുള്ള വര്‍ണ്ണന നോക്കുക; “ഇല്ല, പൊട്ടിയില്ല. അത് ചുവന്ന കണ്ണ് പതുക്കെയാണ് മിഴിച്ച് മണ്ണില്‍വീണ് ഉറക്കമായി. പടക്കങ്ങള്‍ തണുത്തുപോയിരിക്കുന്നു. ഈ വാക്യം വരാന്‍പോകുന്ന രംഗങ്ങളിലേക്കുള്ള ഒരു ശക്തമായ സൂചനയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെയാവുന്ന ജോഗിയുടെ നിസ്സഹായമായ പ്രതികരണത്തിന്റെ സൂചനയാണ് ഇവിടെ പൊട്ടാത്ത പടക്കം. തണുപ്പില്‍ ശക്തി ചോര്‍ന്നുപോകുന്ന ജോഗിയെപ്പോലെ തണുപ്പ് പടക്കത്തിന്റെ പൊട്ടാനുള്ള കഴിവിനെയും ബാധിക്കുന്നു. ചുവന്ന കണ്ണുകള്‍ ഒറ്റക്കണ്ണന്‍ രാക്ഷസന്റെ ഭയപ്പെടുത്തുന്ന രൂപത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു .
ചെറുകഥയ്ക്ക് വിഷയമാകാന്‍ ജീവിതത്തിന്റെ ഒരു നിമിഷമോ ഭാവമോ മാത്രം മതിയെന്നതും ഭാവപൂര്‍ണ്ണിമയിലാണ് ചെറുകഥ സുന്ദരമാകുന്നതെന്നും വൈകാരികത വൈചാരികതയെ ജയിക്കുന്നുവെന്നുമൊക്കെയുളള എം.ടിയുടെയും ടി. പദ്മനാഭന്റെയും ചെറുകഥാസങ്കല്പനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് വത്സലയുടെ കഥകള്‍. ഭാവപൂ൪ണ്ണിമയേക്കാള്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ തീഷ്ണാനുഭവവും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്റെ വീക്ഷണകോണുമാണ് പി.വത്സലയില്‍ മുന്നിട്ടുനില്‍ക്കുന്നത്. തൊമരുകളും കണ്ടങ്ങളും തിരിച്ചറിയാതെ ‍ജോഗി അപ്പന്റെടുത്തേയ്ക്ക് ഓടുന്നതും നിലാവുതട്ടി തീക്കുണ്ഡങ്ങള്‍ തിളങ്ങുന്നതും കഥാകാരി തീവ്രാനുഭവമാക്കി പകര്‍ന്നു തരുമ്പോള്‍ ജോഗി ഭയപ്പെട്ടു നിലവിളിക്കുകയോ ബോധംകെടുകയോ അല്ല ചെയ്യുന്നതെന്നും മറിച്ച് വളരെവേഗം അച്ഛനെയും തമ്പ്രാനെയും അറിയിക്കുകയാണ് ചെയ്തതെന്നുമുള്ള അവന്റെ ഉത്തരവാദിത്ത ബോധത്തിലാണ് നാമെത്തിനില്ക്കുന്നത്.
ഥയില്‍ പ്രതിധ്വനിക്കുന്ന ആദിവാസി ജീവിതത്തിന്റെ ഭക്ഷണരീതികളും സംസ്ക്കാരവും കഥയെ വ്യതിരിക്തമാക്കുന്നു. മുളമ്പാത്തി കൂരിയാട്ടുക, കടച്ചികള്‍ അരിപ്പറങ്കികള്‍ തുടങ്ങിയപ്രയോഗങ്ങളില്‍ പതിഞ്ഞുകിടക്കുന്ന കാട്ടുജീവിതത്തിന്റെ തനിമ അവയുടെ ഭാഷാപരമായ സവിശേഷതകള്‍ ഇവ കഥയ്ക്ക് സവിശേഷമാനം നല്‍കുന്നു.
വൈലോപ്പിള്ളിയുടെ "സഹ്യന്റെ മകനും"ഭാഗവതത്തിലെ ഗജേന്ദ്ര മോക്ഷവും കേട്ടുവളര്‍ന്ന മലയാളിക്ക് മനുഷ്യമനസ്സിന്റെ വിഭ്രമാന്മകതകളെ വാസനകളുടെ ഗമനത്തെ ഗജരൂപവുമായി ചേര്‍ത്തു വായിക്കുവാന്‍ ബുദ്ധിമുട്ടില്ല. അടിച്ചമര്‍ത്തപ്പെട്ട വാസനകളുടെ കലവറയായ മനുഷ്യമനസ്സിന്റെ രഹസ്യഗമനത്തെ ഗജരാജന്‍ ചിലയര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നുണ്ടാകാം. സ്വന്തം മനസ്സിനു കാവല്‍കിടക്കുന്ന മനുഷ്യനെ ഓര്‍ക്കാതെ കഥയുടെ വായനാനുഭവം പൂര്‍ത്തിയാവുന്നില്ല
  ഷംല യു.
H. S .A മലയാളം
.ജെ.ജോണ്‍.എം.ജി.ജി.എച്ച്. എസ്.എസ്.,
തലയോലപ്പറമ്പ്.
കോട്ടയം

11 comments:

Beena said...

വായനാനുഭവം ഗംഭീരമായിരിക്കുന്നു!ഷംലക്ക് അഭിനന്ദനങ്ങള്‍

Archa TVM said...

എല്ലാ അദ്ധ്യാപകരും ഈ ലേഖനം കുട്ടികളെ ഒന്ന് വായിച്ചുകേള്‍പ്പിക്കുകയെങ്കിലും ചെയ്യണം.
ഷംലടീച്ചര്‍ ആസ്വാദനം സമഗ്രമായിരിക്കുന്നു. അവനവന്റെ കഴിവുകള്‍ പങ്കുവയ്ക്കുവാനുള്ള സന്മനസ്സ് എല്ലാവര്‍ക്കുമുണ്ടായെങ്കില്‍ എത്രനന്നായിരുന്നു.

Lissy Jose said...

കഥയെ സമഗ്രമായി സമീപിച്ച ആസ്വാദനം.വളരെ നന്നായിരിക്കുന്നു. എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ കഥകളെക്കുറിച്ചും ഇത്തരം പഠനങ്ങള്‍ പോസ്റ്റുചെയ്താല്‍ ഉപകാരമായിരുന്നു.ഷംലയ്ക്ക് അഭിനന്ദനങ്ങള്‍...

അപ്പുക്കുട്ടന്‍ said...

കഥാപഠനം നന്നായിരിക്കുന്നു. പാഠങ്ങള്‍ വിശകലനം ചെയ്യുന്ന ഇത്തരം പോസ്റ്റുകള്‍ ഏറെപ്പേര്‍ക്കും പ്രയോജനം ചെയ്യും. എഴുത്തുകാരിക്കും ബ്ലോഗ് ടീമിനും അഭിനന്ദനങ്ങള്‍!!!

Anonymous said...

നല്ല വായന.അനുമോദനങ്ങള്‍

Anonymous said...

വത്സലയുടെ ലോകത്തെ പലപ്പോഴും വായനക്കാരന്‍ സരിയായ രീതിയില്‍ കാണാന്‍ ശ്രമിക്കാറില്ല.ഇവിടെ അതിനൊരു പരിഹാരം കാണാന്‍ കഴിയുന്നു.

mary mol said...

ഇത്തരം പഠനങ്ങള്‍ പലപ്പോഴും ഞങ്ങള്‍ അധ്യാപകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു. ഇനിയും ഇതേ രീതിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.mmary741

Unknown said...

shamlateacherkku abhinandanangal.vayananubhavam pankuvachathu adhyapakarkkum kuttykalkkum ere prayojanam cheyyum.

Anonymous said...

we want more............
Xth Std Students
GHSS KNPY

geethaunni said...

Dear Shamla, Vaayanaanubhavam-Fantastic! Congrats ! GeethaUnni

തുളസി മുക്കൂട്ടുതറ said...

വായനയുടെ അനുഭൂതി പകര്‍ന്നുനല്‍കുന്നതില്‍ ഷംലടീച്ചറിന്റെ ഭാഷയ്ക്ക് ശക്തിയുണ്ട്. പുതിയ വീക്ഷണങ്ങളും അഭിനന്ദനീയമാണ്.വിദ്യാരംഗം പോസ്റ്റുകള്‍ കനക്കുന്നത് ഞങ്ങള്‍ തൊട്ടറിയുന്നു, കണ്ടറിയുന്നു, വായിച്ചറിയുന്നു. പോസ്റ്റുകള്‍ക്ക് കൂടുതല്‍ കനമുണ്ടാകട്ടെ..
അദ്ധ്യാപകരുടെ മടിയിലും കനമുണ്ടാകട്ടെ...
(വഴിയില്‍ അല്പം ഭയമുണ്ടായാലും വേണ്ടില്ല)
ആശംസകള്‍ !!!