എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 17, 2011

വടാട്ടുപാറയിലെ പൊയ്ക - യാത്രാവിവരണം


 
ഉന്നതങ്ങളിലെ തീരുമാനമനുസരിച്ചായിരുന്നു ആ യാത്ര. ജൂലൈ ഒമ്പത് ഇരുണ്ടതായിരുന്നു. അടുക്കളയിലെ തിക്കും തിരക്കും കഴിച്ച് വിശപ്പിന്റെ വിളിയെ അവഗണിച്ച് ഓടുമ്പോള്‍ ആകാശം കരഞ്ഞു തുടങ്ങി. എന്റെ മനസ്സും വിങ്ങിപ്പൊട്ടുകയായിരുന്നു. ഇനി എത്ര ദൂരം. കൃത്യസമയത്ത് എത്താനാകുമോ? സഹപ്രവര്‍ത്തക ശകുന്തളയെ കണ്ടത് ആശ്വാസമായി. മുവാറ്റുപുഴയും കോതമംഗലവും പിന്നിട്ട് പാണ്ടിമട കഴിയും വരെ ഉദ്യോഗത്തിന്റെ ഉദ്വേഗത്തിലായിരുന്നു ഞാന്‍.
ഭൂതത്താന്‍കെട്ടും ഇടമലയാറും കേട്ടുകേള്‍വിയായിരുന്നു. പെട്ടെന്ന് വണ്ടി നിന്നു. ഇടത്ത് രണ്ട് കുട്ടികൊമ്പന്‍മാര്‍! ജീവനുള്ളതോ! ഞാനൊന്ന് ഞെട്ടി. ചുറ്റും കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകളും കളിസ്ഥലങ്ങളും പൂച്ചെടികളും. എനിക്കാശ്വാസമായി. വണ്ടി പിന്നെയും സഞ്ചരിക്കുകയാണ്.
പൂക്കുടയേന്തിയ തരുണീമണികളെ പ്പോലെ പൂത്തുലഞ്ഞചെടികള്‍ "ഭൂതത്താന്‍കെട്ട്" എന്ന ഡാമിലേക്ക് എന്നെ വരവേല്ക്കുകയായിരുന്നു. സ്വഛശീതളമായ ജലം. സ്ഫടിക പ്രതലം പോലെ നിശ്ചലം. കണ്ണേറുകൊണ്ടും കൈവീശല്‍കൊണ്ടും മറുകരയിലെ സുന്ദരിയെ വീക്ഷിക്കുന്ന തെങ്ങിന്‍തോപ്പ് ഇക്കരെ. നാണം കൊണ്ട് തലതാഴ്ത്തി കുണുങ്ങിക്കുണുങ്ങി കാല്‍വിരല്‍കൊണ്ട് നിലത്തെഴുതുന്ന വള്ളിപ്പടര്‍പ്പുകള്‍ മറുവശത്ത്. അവര്‍ അക്കരെയിക്കരെയെത്തുവാന്‍ ബോട്ടു കാത്ത് നില്‍ക്കുന്നു.
ഇതു ഭൂതത്താന്‍കെട്ടായതെങ്ങനെ? എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ഒരു പക്ഷേ മറുകരയെത്താന്‍ മോഹിക്കുന്ന ആ വനഹൃദയങ്ങളെ അവര്‍ക്കു കയറാവുന്ന കടത്തുവഞ്ചി ഇറക്കാന്‍ അനുവദിക്കാതെ ഒരു ഭൂതത്താന്‍ അവിടെ ഒളിഞ്ഞുനില്പുണ്ടാവാം. ഓളങ്ങളുടെ ഗന്ധര്‍വ്വഗീതം നിശബ്ദതയില്‍ അനുഭവിച്ചുകൊണ്ട് ഞാനിരുന്നു.
വണ്ടി വനമദ്ധ്യത്തിലേയ്ക്ക് പ്രവേശിച്ചു. ആകാശത്തേയ്ക്ക് മുഖമുയര്‍ത്തി നില്‍ക്കുന്ന പൗരുഷം തുളുമ്പുന്ന തേക്കുകള്‍. വെള്ളിലകള്‍ ചുറ്റിയ വള്ളിക്കുടിലുകളും ചൂരല്‍ക്കാടുകളും. ആ വനയാത്ര അത്യാകര്‍ഷകം തന്നെ. നാല്‍ക്കാലികള്‍ സ്വച്ഛന്ദം മേഞ്ഞുനടക്കുന്നു. ഇടിവെട്ടുകേട്ടുണര്‍ന്ന കൂണ്‍ മുളകള്‍ അങ്ങിങ്ങ് പ്രപഞ്ചത്തിലേയ്ക്ക് കണ്‍മിഴിച്ചു. കാടിന്റെ സംഗീതവുമായി കൊച്ചരുവികള്‍. ശീതക്കാറ്റ്. കാട്ടാനക്കൂട്ടം പോലുള്ള കരിമ്പാറക്കെട്ടുകള്‍. ദൂരമെത്ര പിന്നിട്ടുവെന്നോര്‍മ്മയില്ല. മനസ്സ് കാളിദാസന്റെ ആശ്രമവാടിയില്‍. വനജ്യോത്സനയെയും ദീര്‍ഘാപാംഗനേയും പോറ്റിവളര്‍ത്തിയ ശകുന്തളയല്ലേ അടുത്തിരിക്കുന്നത്? ശകുന്തളേ നിന്റെ വളര്‍ത്തുമക്കളെവിടെ? മയക്കത്തിലമര്‍ന്ന ശകുന്തളടീച്ചര്‍ വര്‍ത്തമാനകാലത്തിലേയ്ക്ക് ഒരു കോട്ടുവായിട്ട് പിന്നെയും മയങ്ങി.
ആ വനയാത്ര ചെന്നെത്തിയത് പാറമലയുടെ താഴ്പരയിലാണ്. "ഇതാണ് വടാട്ടുപാറ. ഇറങ്ങിക്കോളൂ". കണ്ടക്ടറുടെ വിളി കേട്ടുണര്‍ന്നു. ഉടന്‍ കര്‍ത്തവ്യബോധവും.
എവിടെയാണ് പൊയ്ക? കാണാനല്ല; കളിക്കാനോ കുളിക്കാനോ അല്ല. എണ്ണാനാണ്. എത്രയുണ്ടെന്നറിയാന്‍. അതേ, ഇതു വെള്ളം നിറഞ്ഞ പൊയ്കയല്ല. കുട്ടികള്‍ നിറഞ്ഞ വിദ്യാലയമാണ്. ഇവിടുത്തെ കുട്ടികളുടെ എണ്ണമറിയുകയാണ് എന്റെ കടമ.
ഞാന്‍ എന്നെ ഔദ്യോഗിക കര്‍ത്തവ്യത്തിലേയ്ക്ക് എടുത്തെറിഞ്ഞു. നടന്നും ഓടിയും ക്ലാസ്സുകള്‍ കയറിയിറങ്ങി. ആകാശം കറുത്തിരുണ്ടു. ദേഷ്യപ്പെട്ടു. ഇത്ര തിടുക്കമെന്തിന്? ഞാന്‍ മിണ്ടിയില്ല. 705 താമരമൊട്ടുകള്‍ ഒരുമിച്ചു വിടന്നു നില്‍ക്കുന്ന പൊയ്ക. വീണ്ടും എന്റെ കണ്ണുകള്‍ ചുറ്റുപാടുകളെ പ്രണയിച്ചു. കാര്‍മേഘം പിന്‍വാങ്ങി. പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ രൂപപ്പെട്ടു.
പൊയ്കയുടെ കിഴക്ക് സമൃദ്ധമായ കാട്. പടിഞ്ഞാറ് കരിമ്പാറയുടെ വന്മല. എവറസ്റ്റില്‍ ടെന്‍സിംഗ് എന്ന പോലെ അതിനുമുകളില്‍ കയറി കൊടിനാട്ടിയ ഏതാനും കുറ്റിച്ചെടികള്‍.
നാലുചുറ്റും സ്ക്കൂള്‍ കെട്ടിടങ്ങള്‍. നടുക്കു കളിമുറ്റം. അകത്തളങ്ങളില്‍ വിദ്യാമന്ത്രം. ഇത് തികച്ചും പൊയ്കതന്നെ. സര്‍വ്വ അഗ്നികളെയും ശമിപ്പിക്കുന്ന തീര്‍ത്ഥപ്പൊയ്ക. ഞാന്‍ നടുമുറ്റത്ത് മിഴിപൂട്ടി തെല്ലുനേരം ധ്യാനിച്ചു. വിടചൊല്ലാന്‍ നേരമായി. മനസ്സുണ്ടായിട്ടല്ല. മേഘം മിഴിനനച്ചു. വെള്ളിലകള്‍ കണ്ണീര്‍ പൊഴിച്ചു. തേക്കിന്‍കാട് തേങ്ങലോടെ കൈ വീശി. ഭൂതത്താനുപോലും ഹൃദയമിളകി.' ഇനിയെന്ന് ?' എല്ലാവരും ഒരുമിച്ചു ചോദിച്ചു.
കെ. വി, മറിയം 
ടീച്ചര്‍
 ഗവ മോഡല്‍ ഹൈസ്ക്കൂള്‍
 പാലക്കുഴ


10 comments:

shamla said...

yathravivaranam yathranubhavamayi mattunna teacherinte bhashavaibhavam valare nallathu.congrats& keep it up.

jjktimes said...

മധുരം,സൗമ്യം,ദീപ്തം...വായിക്കുന്നവര്‍ക്കും കൂടെ യാത്ര ചെയ്ത പ്രതീതി.....ഇത്തരം കൊച്ചു രചനകള്‍ കുട്ടികളെ ബ്ളോഗില്‍ എല്ലാ ടീച്ചേഴ്സും കാണീച്ചു കൊടുക്കണം....അത് അവരുടെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തും തീര്‍ച്ച......

R.Beena said...

മറിയം ടീച്ചറെ ഹോ! എന്തായിരുന്നു ആ യാത്രാവിവരണത്തിന്റെ അനുഭൂതി വിശേഷം! അവാച്യമായ എന്തോ ഒന്ന് ! ഉഗ്രന്‍! അഭിനന്ദനങ്ങള്‍!!!!!!!!!!!

geetha.unni said...

yathraavivaranam -superb!!!!!!!!Geetha Unni

Malayali Peringode said...

[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]

ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
(ഇതുവരെ ഒപ്പ് ഇടാത്തവർക്കായി...)

Prakash V Prabhu said...

Dear Mariam teacher,
schoolvidyarangam
Thanks ... thanks a lot
we are very proud 4 such a beautiful script.
H M and Staff
G H S Poika
Vadattupara

benoyjoseph said...

very very good language & Vishalised naretion try so more-by benoy mutholapuram

Azeez . said...

മനോഹരമായ ഒരു കവിതയായ ഈ യാത്രാവിവരണം വായിക്കുവാന്‍ വൈകി. ഓരോ വാക്കും മുത്ത്. വളരെ മിസ്റ്റിക് ആയ ഭാഷ. വളരെ വളരെ നന്നായിരിക്കുന്നു മറിയം ടീച്ചര്‍.അടുക്കളയിലെ തിക്കും തിരക്കും കഴിച്ച് വിശപ്പിന്റെ വിളിയെ അവഗണിച്ച് ഓടുമ്പോള്‍ എന്ന ആദ്യവരികള്‍ എന്നെ ഒന്ന് അസ്വസ്ഥനാക്കി. എന്‍റെ ഭാര്യയുടെ സ്ഥിരം സങ്കടമായിരുന്നുവല്ലോ ഇത്. മരണത്തിനു മുമ്പുള്ള കണക്കെടുക്കുന്ന ഈ ജോലിയില്‍ ടീച്ചര്‍ തിരക്കുന്നു, പൊയ്കയെവിടെ? കുളിക്കാനല്ല, കളിക്കാനല്ല.... ജീവിതവും സ്വപ്നവും കുഴച്ച് കുഴച്ച്...

Anonymous said...

Thanks teacher for this type of wonderful description about our village and our school.This school get this name because there is a huge "poika" in vadattupara.Which contribute some more beauty to our great village.

Anonymous said...

ലോകത്തിന്റെ ഏതു കോണില്‍ആണെന്ക്കിലും എന്തെല്ലാം ആഘോഷത്തിന്റെ ലഹരിയിലനെങ്കിലും, ഓടിയെത്താന്‍ തോന്നുന്നതും കൂടണയാന്‍ കൊതിക്കുന്നതും,എന്റെ ആ മനോഹര ഭൂവില്‍ ആണ്, അവിടുത്തെ പൊയ്കയിലയിരുന്നു ഞങ്ങളുടെ ഞങ്ങളുടെ ബാല്യകാലം സ്വപ്നം കാണാന്‍ ആദ്യം പഠിച്ചത് ആ പൊയ്കയുടെ തീരതുനിന്നയിരുന്നു,ഞങ്ങളുടെ, ഓലമേഞ്ഞ ക്ലാസ്സ്‌ റൂം ഉം , ഞങ്ങളുടെ കളിസ്ഥലം , (മൈതാനം) ത്തിന്റെ ചാരുതയും ഇന്നും ഓര്‍മകള്‍ക്ക് ഹരിതമേകുന്നുണ്ട്, എന്തുമാത്രം തുമ്പികള്‍ ആയിരുന്നെന്നോ കൂടെക്കളിക്കാന്‍.എന്തെല്ലാം എന്തെല്ലാം ആയിരുന്നെന്നോ ഞങ്ങള്‍ക്ക്, ചിലപ്പോള്‍ ഈ ഭൂമിയിലെ ഭാഗ്യശാലികള്‍ ആയിരുന്നിരിക്കണം ഞങ്ങള്‍ അതുകൊണ്ടല്ലേ ഇത്രയും മനോഹരമായ ഓര്‍മ്മകള്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്നത്, ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ , അവരുടെന്അനന്ത സ്നേഹം , വലിയ കുടുംബമായിരുന്നു അത്.. എല്ലാവരെയും പോലെതന്നെ ഞങ്ങള്‍ക്കും അത് സുഖമുള്ള ഓര്‍മ്മകള്‍ മാത്രമായ്, വല്ലപ്പോഴും ഒരിക്കല്‍ നാട്ടില് പോകുമ്പോള്‍ കാണുന്ന കോണ്‍ക്രീറ്റ് വേലികള്‍കല്‍ക്കുള്ളില്‍ പരിഷ്കാരം തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ കെട്ടിടങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ ഞങ്ങളുടെ പഴയ ഓടുമേഞ്ഞ ഓഫീസി റൂം നെ അവഗണിക്കുന്നു എന്ന് തോന്നുമ്പോള്‍ ചിലപ്പോഴെങ്കിലും മനസ്സില്‍ ഒരു നൊമ്പരം...
കാലം മായ്ക്കാന്‍ തുടങ്ങിയിട്ടും ഇപ്പോഴും ഞങ്ങളുടെ ഓര്മപൊയ്കയില്‍ ഒരായിരം പൊന്നാമ്പല്‍ വിരിയിച്ചതിന് ഈ എഴുതുകരിയോട്കടപ്പാട്.. നന്ദി അഭിമാനവും സന്തോഷവും ഉണ്ട്.