1913- ജനുവരി 22 - 'സരസദ്രുതകവി കിരീടമണി' കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ വേര്‍പാട് കൈരളിയുടെ തീരാനഷ്ടമായിരുന്നു' 'കൈരളിയുടെ കഥ'യില്‍ എന്‍. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
1864-ല്‍ വെണ്മണി അച്ഛന് നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടേയുംപുത്രനായി ജനിച്ച 'രാമവര്‍മ്മ' 'കുഞ്ഞിക്കുട്ടന്‍' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്.
സംസ്കൃതത്തിലും മലയാളത്തിലും കാവ്യരചനകള്‍ നടത്താനുള്ള അസാമാന്യമായ വൈഭവം കുട്ടിക്കാലത്തു തന്നെ ഇദ്ദേഹത്തിന് സ്വായത്തമായിരുന്നു. സാഹിത്യകാരന്മാരും സാഹിത്യാഭിരുചിയുള്ളവരും ഒത്തുചേരുന്ന സഭകള്‍ അക്കാലത്ത് 'കൊണ്ടും കൊടുത്തും' സജീവമായപ്പോള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'കാവ്യതല്ലജം' കൂടുതല്‍ പുഷ്കലമായി.
വിദ്യാവിനോദിനി, മലയാളമനോരമ, മംഗളോദയം, കവനകൗമുദി തുടങ്ങിയ മാസികകളില്‍ കാവ്യരചന പതിവാക്കിയ തമ്പുരാന് സഞ്ചാര തല്പരനായിരുന്നതിനാല് 'പകിരി' എന്നൊരു അപര നാമം കൂടി ഉണ്ടായിരുന്നു. യാത്രയില്‍ ഗ്രന്ഥപ്പുര പരിശോധിക്കുന്നത് ശീലമാക്കിയ ഇദ്ദേഹമാണ് പി. വി. കൃഷ്ണവാരിയരുടെ ഭവനത്തില്‍ നിന്ന് 'ലീലാതിലകം' എന്ന അമൂല്യഗ്രന്ഥം കണ്ടെത്തിയത്. ഐതിഹ്യങ്ങള്‍ ശേഖരിക്കുന്നതും അത് കവിതയിലാക്കുന്നതും കഥാനായകന് ഒരു ഹരമായിരുന്നു. ഇങ്ങനെയുള്ള അപൂര്‍വ്വ സ്വഭാവങ്ങള്‍ക്കുടമയായതിനാലാവാം അമ്പാടി നാരയണ പൊതുവാള് “തല നിറച്ചു കുടുമ, ഉള്ളുനിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക്, നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീട് നാട്ടുകാരൊക്കെ വീട്ടുകാര്‍” എന്ന് ഇദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
1066ല്‍രൂപപ്പെട്ട 'പച്ചമലയാളപ്രസ്ഥാനത്തിന്റെ' ഉപജ്ഞാതാവ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. 'വിദ്യാവിനോദിനി' മാസികയില്‍ പ്രസിദ്ധീകരിച്ച 'എന്റെ ഭാഷ' എന്ന കവിത ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു.
ഏതാണ്ട് രണ്ടര ദശകം കൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന് സംസ്കൃതത്തിലും മലയാളത്തിലും രചിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ആരേയും അത്ഭുതപ്പെടുത്തും. ജരാസന്ധവധം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം, ദശകുമാരചരിതം, ശ്രീശങ്കരഗുരുചരിതം, കിരാതബ്രഹ്മ- സ്തവം തുടങ്ങി ഒട്ടേറെ കൃതികള്‍ സംസ്കൃതത്തിലും, സ്വതന്ത്രങ്ങളും വിവര്‍ത്തനങ്ങളുമായ കാവ്യങ്ങള്‍, രൂപകങ്ങള്‍, ഗാഥകള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍ തുടങ്ങിയവ മലയാളത്തിലും രചിച്ചിട്ടുണ്ട്.
സമയം മുന്‍കൂട്ടി നിശ്ചയിച്ച് അതിനുള്ളില്‍ എഴുതിത്തീര്‍ത്ത ദ്രുതകവനങ്ങളും ഏറെയുണ്ട്.(ഉദാഹരണം സ്യമന്തകം, നളചരിതം സന്താന ഗോപാലം, സീതാസ്വയംവരം, ഗംഗാവതരണം) കവിയുടെ നര്‍മ്മഭാവനയ്ക് ഉത്തമ ഉദാഹരണമാണ് 'തുപ്പല്‍കോളാമ്പി' എന്ന കൃതി.
സ്വതന്ത്രകാവ്യ രചനയേക്കാള്‍ പരിഭാഷയുടെ കാര്യത്തിലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന് മലയാളികളുടെ മനസ്സില്‍ മായാത്ത സ്ഥാനംനേടിയെടുത്തത്. അതില്‍ തന്നെ ഏറ്റവും പ്രധാനം 'മഹാഭാരതം' തന്നെ. വെറും '876' ദിവസം കൊണ്ട് ആ ബൃഹത് ഗ്രന്ഥം തമ്പുരാന് പരിഭാഷപ്പെടുത്തിയെന്നറിയുമ്പോഴാണ് ആ മഹാപ്രതിഭയുടെ 48 വര്‍ഷക്കാലത്തെ ജീവിതം കൈരളിക്ക് മുന്നില്‍ പൂര്‍ണ്ണമായ സമര്‍പ്പണമായിരുന്നു എന്ന് നമുക്ക് ബോധ്യമാവുന്നത്.
- ആര്.ബി.
4 comments:
lalitham samagram
കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ സ്മരണ പുതുക്കാന്‍ സാധിച്ചത് എന്തുകൊണ്ടും അഭിനന്ദനീയം.
എന്റെ ഭാഷ , തുപ്പല് കോളാമ്പി എന്നീ കൃതികള്‍ കൂടി കുട്ടികളെ പരിചയപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കില്‍ വളരെ ഉപകാരപ്പെടുമായിരുന്നു. അധികം താമസിയാതെ തന്നെ അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മേരി ടീച്ചറുടെ അഭിപ്രായം വളരെ ശരിയാണ്
Post a Comment