എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 25, 2011

ആദാമിന്റെ മകന്‍ അബു - ചലച്ചിത്രാസ്വാദനം

വെള്ളവും വളവും നല്‍കി വളര്‍ത്തുകയും പടര്‍ന്നുപന്തലിക്കുമ്പോള്‍ ഉള്ളുപൊള്ളയാവുകയും ചെയ്യുന്ന ചില വന്മരങ്ങളെയും ഉള്ളുപൊള്ളയാവാത്ത കുറെ വന്മരങ്ങളെയും കാണിച്ചുതരുന്ന ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. ചലച്ചിത്രത്തെക്കുറിച്ചുള്ള വേറിട്ടകാഴ്ചപ്പാടുകളുമായെത്തി കാഴ്ചകളുടെ ധാരണകളെ വിനിര്‍മ്മിതിയ്ക്കു വിധേയമാക്കിയ സലിംഅഹമ്മദ് എന്ന ചെറുപ്പക്കാരന്റെ ഉള്ള് പൊള്ളയാവാത്ത അനുഭവാവിഷ്കാരങ്ങളാണ് സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചലച്ചിത്രം. കൂടാതെ അച്ഛനുറങ്ങാത്ത വീടിലൂടെയും ബ്രിഡ്ജി(കേരളാകഫേ)ലൂടെയും മികച്ച അഭിനേതാക്കളുടെ പട്ടികയിലേയ്ക്കുയര്‍ന്ന സലിംകുമാറിന്റെ അഭിനയത്തികവിന്റെയും മികവിന്റെയും പൂര്‍ണ്ണതകൂടിയാണ് ഈ ചിത്രം.

ഇസ്ലാംമതത്തിന്റെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്ന ഷഹാദത്ത് കലിമ (ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും വിശ്വസിക്കല്‍), നമസ്ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ആദ്യ നാലെണ്ണം എല്ലാവര്‍ക്കും നിര്‍ബന്ധിതമാകുമ്പോള്‍ അഞ്ചാമത്തെ ഹജ്ജ് കര്‍മ്മം സമ്പത്തും ആരോഗ്യവും ഉള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളു. എന്നാല്‍ സമ്പത്തും ആരോഗ്യവുമുള്ളരെക്കാള്‍ ഈ പുണ്യ കര്‍മ്മം ഏറെ ആഗ്രഹിക്കുന്നത് ഇതുരണ്ടും ഇല്ലാത്തവരാകും. ഹജ്ജ് നിര്‍വഹിക്കുക എന്നത് ഒരു ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന അബുവിന്റെ ജീവിതമാണ് ആദാമിന്റെ മകന്‍ അബുവിലൂടെ തെളിയുന്നത്. ഭാര്യയോടൊപ്പം ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് അയാളുടെ ജീവിത ലക്ഷ്യം. ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തില്‍ പരസ്പരം ഊന്നുവടിയാകുന്ന ദമ്പതികളില്‍ നൊമ്പരം സൃഷ്ടിക്കുന്നത്, ബാപ്പയും ഉമ്മയും അന്തസ്സിനിണങ്ങുന്നില്ലെന്നുവിചാരിക്കുന്ന, പ്രേക്ഷകരൊരിക്കലുംകാണാത്ത സത്താറെന്ന മകനെക്കുറിച്ചുള്ള ഓര്‍മ്മയാണ്. അവന്റെ മക്കളെപ്പോലും തങ്ങളെ കാണിക്കുന്നില്ലല്ലോ എന്ന് മാതൃത്വം നിസ്സഹായതയോടെ വിലപിക്കുന്നുണ്ട്. പലപ്പോഴായി സ്വരുക്കൂട്ടിവയ്ക്കുന്ന ചില്ലറനാണയങ്ങള്‍ മുതല്‍ നൂറു രൂപാനോട്ടുകള്‍ വരെ നിറയുന്ന പെട്ടിതുറന്ന് ഹജ്ജ് കര്‍മ്മത്തിനുള്ള അഡ്വാന്‍സ് തുക ട്രാവല്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കുന്നു. തികയാതെവരുന്ന പണം മുറ്റത്തെ പ്ലാവു വിറ്റും, ഭാര്യയുടെ മൂന്നു പവന്‍ ആഭരണം വിറ്റും, നാല്‍ക്കാലികളായി കണ്ടിട്ടില്ലാത്ത പശുക്കളെവിറ്റും കണ്ടെത്തുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങളും പൊരുത്തംവാങ്ങലുമായി മനസ്സ് തയ്യാറാകുന്നു. ഹജ്ജ് ക്ലാസും കഴിഞ്ഞ് നടന്നുകയറുന്ന അബുവിന്റേയും ഭാര്യയുടേയും കാഴ്ചകളിലേക്ക് പെയ്തിറങ്ങുന്നത് സങ്കടങ്ങളാണ്. ജോണ്‍സനെന്ന മരകച്ചവടക്കാരന് അബു വിറ്റ പ്ലാവ് പൊള്ളയാണെന്ന വാര്‍ത്ത അബുവിനെ തളര്‍ത്തുന്നു. തന്നെ സഹായിക്കാനാണ് അറുപതിനായിരം രൂപ നല്‍കി ജോണ്‍സണ്‍ പ്ലാവ് വാങ്ങിയതെന്ന് അബുവിനറിയാമായിരുന്നു. വിറകുകാശുമാത്രമേ കിട്ടുകയുള്ളു എന്നറിഞ്ഞുകൊണ്ടുതന്നെ പറഞ്ഞതുക മുഴുവന്‍ നല്‍കാന്‍ ജോണ്‍സണ്‍ തയ്യാറുമാണ്. എന്നാല്‍ അബുവിന് ആ പണം സ്വീകാര്യവുമാകുന്നില്ല. കടങ്ങളും ബാദ്ധ്യതകളും സൗജന്യവും സ്വീകരിക്കാതെ ജീവിക്കുന്ന അബുവിന്റെ മനസ്സ് ഹജ്ജ് കര്‍മത്തിന്റെ പവിത്രതയ്ക്ക് പ്രാധാന്യം നല്‍കുന്നു. അബുവിന്റേയും ഐഷുവിന്റേയും (സറീനാവഹാബ്) ഹജ്ജ് യാത്ര മുടങ്ങുന്നു. അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് കര്‍മത്തിന് മനസ്സിനെ പാകപ്പെടുത്തുന്നിടത്താണ് സിനിമ താല്‍കാലികമായി അവസാനിക്കുന്നത്.
ഉള്ളുപൊള്ളയാവാത്ത ചില ജീവിതക്കാഴ്ചകള്‍ ഈ ചലച്ചിത്രം കോറിയിടുന്നു. നന്മകള്‍ കാത്തുസൂക്ഷിക്കുന്ന നാട്ടിന്‍പുറങ്ങളും നല്ല അയല്‍പക്കങ്ങളും ജാതിമതചിന്തകള്‍ക്കതീതമായ വ്യക്തിബന്ധങ്ങളും ശുഭാപ്തിവിശ്വാസമുണര്‍ത്തുന്നു. അബുവിനെ സഹായിക്കാനെത്തുന്ന ജോണ്‍സണും (കലാഭവന്‍ മണി) അയല്‍പക്കത്തെ മാഷും (നെടുമുടിവേണു) നന്മയുടെയും സ്നേഹത്തിന്റെയും നേര്‍ക്കാഴ്ചകളാണ്......................


12 comments:

JRV said...

കാണെക്കാണെ എന്ന യൂണിറ്റില്‍ പരിചയപ്പെടുത്താന്‍ ഉചിതമായ ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. അവസരോചിതമായി ആസ്വാദനം തയ്യാറാക്കിയ ഡോ. ഷംലയ്ക്കും പ്രസിദ്ധീകരിച്ച വിദ്യാരംഗം ബ്ലോഗിനും അഭിനന്ദനങ്ങള്‍. ഇത് വെറും ആസ്വാദനം മാത്രമല്ല, ആഴത്തിലുള്ള പഠനം തന്നെയാണ്.

Beena said...

നല്ലൊരു ചലച്ചിത്രആസ്വാദനം കാഴ്ചവെച്ച ഷംല ടീച്ചറിന് ആശംസകള്‍!അഭിനന്ദനങ്ങള്‍!

അബു ഹവ്വയുടെ കെട്ട്യോന്‍ said...

ഇതെന്താ സിനിമയുടെ കഥ ചുരുക്കിയതോ?

Sreekumar Elanji said...

ആദാമിന്റെ മകന്‍ അബു -ആസ്വാദനം മികച്ച നിലവാരം പുലര്‍ത്തി .
സന്ദര്‍ഭം അനുസരിച്ച് തന്നത് പ്രയോജനകരം .
കുട്ടികള്‍ക്ക് ഇതു തീര്‍ച്ചയായും പ്രയോജനം ചെയ്യും.
അഭിനന്ദനം.

Azeez . said...

ഈ സിനിമ കാണുവാന്‍ കഴിഞ്ഞില്ല.ഈ ചലച്ചിത്രാസ്വാദനം വായിച്ചുകഴിഞ്ഞപ്പോള്‍ അതിന്‍റെ കുറവു പരിഹരിക്കപ്പെട്ടപോലെ. ഒരു സിനിമ കാണുന്ന വ്യക്തതയില്‍ 5 പേജ് വരുന്ന ഈ ഫിലിം റിവ്യു വളരെ നന്നായി വായിച്ചാസ്വദിച്ചു. റിവ്യുവര്‍ക്ക് നന്ദി.
ഒന്നുരണ്ട് കമന്‍റുകളില്‍ കുട്ടികള്‍ക്ക് ഈ ആസ്വാദനം വളരെ ഉപകാരപ്പെടുമെന്നു എഴുതിയിട്ടുണ്ട്.
നന്നായി.
ഈ സിനിമയിലൂടെ നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ:
സ്വന്തം മക്കള്‍ ഉപകരിക്കാത്തിടത്ത് അന്യരുടെ മക്കള്‍ നമ്മുടെ മക്കളാകുമെന്നും ഉപകാരികളാകുമെന്നും.

നമ്മുടെ മക്കള്‍ പഠിക്കട്ടെ, നമ്മുടെ ജീവിതം ഒരു സാമൂഹ്യക്കൂട്ടായ്മയാണെന്നും ജാതിമതവ്യത്യാസമില്ലാത്ത എല്ലാ മനുഷ്യരുടേയും സഹകരണവും സഹായവും കൊണ്ടാണ് നമ്മുടെ ജീവിതം നാം ജീവിച്ചുതീര്‍ക്കുന്നതെന്നും.
മാഷും മരക്കച്ചവടക്കാരനും ടാവല്‍ഏജന്‍റുമൊക്കെ നമ്മെ മനുഷ്യരാക്കുന്ന നല്ല കഥാപാത്രങ്ങളാണ്.ഒരു മുസ്ലിമിനെ ഹജ്ജിനയക്കുവാന്‍ രൂപയുമായി വരുന്ന മാഷ് വളരെ വളരെ വിശാലഹൃദയമുള്ള മതവിശ്വാസിയാണ്. ഒരു ഹിന്ദുവിനെ തീര്‍ത്ഥയാത്രക്കയക്കുവാന്‍ ആ വിശാലത ഒരു മുസ്ലിം കാണിക്കുമ്പോഴാണ് ആ മാഷോളം നാം വലുതാകുന്നത്.

അന്യരെ പറ്റിച്ചും നുണപറഞ്ഞും ചീത്തസാധനങ്ങള്‍ നല്ലസാധനമെന്നുപറഞ്ഞ്പറ്റിച്ചും കരാറുകള്‍ പാലിക്കാതെയും അഴിമതി നടത്തിയും സമൂഹത്തിന്‍
റെ സമ്പത്ത് അപഹരിച്ചും നമ്മുടെ ഇടയില്‍ ധാരാളം മുസ്ലിംകള്‍ അതിശീഘ്രപണക്കാരായിട്ടുണ്ട്.നോക്കി നില്‍ക്കേ, ഇരുനില മാളികകളും രണ്ടുമൂന്നു കാറുകളും പത്രാസുമൊക്കെ അവര്‍ക്കുണ്ട്. മറ്റു മതക്കാര്‍ക്കും ഉണ്ട് എന്നത് ഇവിടെ വിഷയമല്ല. വിറകിനുമാത്രം കൊള്ളുന്ന മരംവിറ്റ കാശുമായി ഒരു മുസ്ലിമിനു ഹജ്ജിനു പോകുവാന്‍ പോലും കൊള്ളില്ല എങ്കില്‍ ചതിച്ചും പറ്റിച്ചും ഉണ്ടാക്കുന്ന ഈ സമ്പത്തിനൊക്കെ ദൈവത്തിന്‍റെ അടുക്കല്‍ ഒരു വിലയുമില്ലെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ.

കുട്ടിക‌ള്‍ ഇത് പ‌ഠിക്കാതിരിക്ക‌ട്ടെ: ഒരു മുസ്ലിമിന്‍റെ ജീവിതത്തിന്‍റെ മഹത്തായ ലക്ഷ്യം മക്കയില്‍ പോയി ഹജ്ജ് ചെയ്യലല്ല.ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സമൂഹത്തിനു നന്മകള്‍ ചെയ്ത് ജീവിക്കുക.പാപത്തിനു ദൈവത്തോട് മാപ്പിരക്കുക. നന്മചെയ്യുന്ന ഹൃദയം വെള്ളിക്കിണ്ണം പോലെ തിളങ്ങുമെന്നും തിന്മ ചെയ്യുന്ന ഹൃദയത്തില്‍ കറുത്ത പുള്ളികള്‍ വീഴുമെന്നുമാണല്ലോ വചനങ്ങള്‍ പഠിപ്പിക്കുന്നത്.ആദാമിന്‍റെ മകന്‍ അബുവിനെപ്പോലെ, അതിലെ ആവേശമുള്‍ക്കൊണ്ട് ദരിദ്രരായ മുസ്ലിംകള്‍ കിടപ്പാടം വിറ്റും കെട്ടുതാലി പറിച്ചും കന്നാലികളെ വിറ്റും ഹജ്ജ് ചെയ്യലാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് കരുതിപ്പോയാല്‍... മക്കളോട് നമുക്ക് പറയാം അങ്ങിനെ അല്ലെന്ന്.

ezhuthani said...

nannayirikkunnu
anjali

സാബിദ മുഹമ്മദ്‌ റാഫി said...

അവസരോചിതവും അര്‍ത്ഥവത്തുമായ നല്ലൊരു ചലച്ചിത്രാസ്വാദനം...
ഷംല ടീച്ചര്‍ക്ക്‌ അഭിനന്ദനങ്ങള്‍ ........

fathima said...

വളരെ നല്ല ആസ്വാദനം .ഇത്തരം സിനിമകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഈ ആസ്വാദനം ഏറെ ഉപകാരപ്രദം .അഭിനന്ടനകള്‍
എന്ന്‍ ഫാത്തിമ ടീച്ചര്‍ ജി .എച് എസ എസ് ചാവക്കാട്.

കലി said...

നന്നായി... ഉള്ളു കീറുന്ന എഴുത്തും സിനിമയും ... അഭിനന്ദനങ്ങള്‍

shamla said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. മനസ്സില്‍ തട്ടിയ ഒരു സിനിമക്ക് ആസ്വാദനം തയ്യാറാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അസീസ്‌ സാറിന്റെ വസ്തുനിഷ്ടമായ വിലയിരുത്തലിനു പ്രത്യേകം നന്ദി പറയട്ടെ.നമ്മുടെ ബ്ലോഗ്‌ ഒരു സൌഹൃദ കൂട്ടായ്മയായി വളരുന്നതില്‍ അഭിമാനമുണ്ട്.

Jessy said...

Hearty congrats to shamla teacher...This review is very helpful to teachers as well as students.Expects more articles from you.
Jessy Joseph,Teacher
G.H.S.S.K.S Mangalam

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

അഭിനന്ദനങ്ങള്‍ .
കാഴ്ച അനുഭവമാക്കിയ വാക്കുകള്‍.
സ്കെയിലും കോമ്പസും എടുത്തഭാഷ. ഇഷ്ടമായി.