വാക്കിലും വരിയിലും മലയാളത്തിന്റെ മാധുര്യവും പൈതൃകവും നിറഞ്ഞു നില്ക്കുന്ന കവിതയാണ് സച്ചിദാനന്ദന്റെ 'മലയാളം'. നവ്യമായൊരു വായനാനുഭവം സമ്മാനിക്കുന്ന ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാവും മാതൃഭാഷയും മാതൃഭൂമിയും ഒന്നു തന്നെയായി മാറുന്നത് ആസ്വാദകര്‍ക്ക് അനുഭവിച്ചറിയാനാകും. പരിഭാഷക്കു വഴങ്ങാത്ത ഈ കവിതയിലൂടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അന്തര്‍ധാരകള്‍ ഒന്നു ചേര്‍ന്നൊഴുകുന്നത് നമുക്കു കാണാനാകും. പുരാണേതിഹാസങ്ങളിലൂടെയുള്ള ഭാഷയുടെ ക്രമാനുഗതമായ വളര്‍ച്ചയും നാട്ടിന് പുറനന്മകളുടെ സമൃദ്ധിയും സാംസ്കാരിക പൈതൃകങ്ങളും ഇണങ്ങിചേര്‍ന്ന മനോഹരമായൊരു കവിതയാണിത്.
ഭാഷയും സാഹിത്യവും
ജനിക്കും മുമ്പ് അമ്മയുടലിന്നുള്ളില്‍ വെച്ചേ കേട്ട് വളര്‍ന്ന മലയാളമാണ് പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ കുഞ്ഞിനെ അമൃതൂട്ടിയത്. ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം 'പൊക്കിള്‍ക്കൊടി' എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ തന്നെ വ്യക്തമാണ്. അജ്ഞാനാന്ധകാരത്തില്‍ നിന്ന് ജ്ഞാനം നല്കി ഗുരുവിനെപ്പോലെ വെളിച്ചത്തിന്റെ അപ്പൂപ്പന് താടികള്‍ കൊണ്ട് കണ്ണ് തുറപ്പിക്കുന്ന; ഉണ്ണിയുടലിനെ മാമ്പൂ മണത്തില്‍ സ്നാനപ്പെടുത്തിയ മലയാളം. പൊന്നും വയമ്പും ചേര്‍ത്ത് നാവിന് തുമ്പില്‍ നുണയുന്ന ആദ്യരുചിയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞ ഭാഷ കുഞ്ഞിലേക്കെത്തുന്നു. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും അമ്മയുടെ മടിയിലുറങ്ങുന്ന കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് മലയാളമായി പെയ്തു നിറയുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് വെണ്മണലില് 'ഹരിശ്രീ ' യെന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടിയുടെ കാഴ്ച രാജമല്ലിപ്പൂക്കളെപ്പോലെ ചേതോഹരമാണ്. വ്യാകരണമായി വന്നു ഭയപ്പെടുത്തിയപ്പോഴും കവിതയായി വന്നു പ്രലോഭിപ്പിച്ചവളാണ് മലയാള ഭാഷ.
അച്ഛനോടൊപ്പം കിഴക്കുപുറത്തുദിച്ച സൂര്യന് പൌരസ്ത്യമായ ഭാരതീയ ചിന്താധാരയില്‍നിന്നുള്ള അറിവുകളാണ് കുട്ടിക്ക് സമ്മാനിച്ചത്. സ്ലൈറ്റില്‍ വിടര്‍ന്ന വടിവുകള്‍ മഴവില്ലിന്റെ ശബളിമയുള്ള മലയാള അക്ഷരങ്ങള്‍ തന്നെയാണ്. വെണ്മണലില് പിഞ്ചുവിരലുകള്‍ കൊണ്ടു തുടങ്ങി സ്ലൈറ്റിലൂടെ വളര്‍ന്ന് പുസ്തക താളുകളിലൊളിപ്പിച്ച മയില്‍പ്പീലിയായി നിറയുന്നു മലയാളത്തിന്റെ സൗന്ദര്യം. വെണ്മ പിരിഞ്ഞ് ഏഴു നിറങ്ങളായും അവ പിന്നെ മയില്‍പ്പീലിയിലെ അനേകായിരം നിറങ്ങളായും മാറുന്നത് ഭാഷയില്‍ അക്ഷരങ്ങളുടെ, വാക്കുകളുടെ, വാക്യങ്ങളുടെ, സൗന്ദര്യമായി വളരുന്നത് നമുക്കനുഭവപ്പെടുന്നു.
തേന്‍ പോലെ മൃദുവും നാവിനെളുപ്പത്തില്‍ വഴങ്ങുന്നതുമായ സ്വരങ്ങളും ഇരുമ്പ് പോലെ കടുപ്പമേറിയ വ്യഞ്ജനങ്ങളും ചേര്‍ന്ന് അമ്പത്തൊന്നു കമ്പികളുള്ള വീണയിലൂടെ ഖരഹരപ്രിയയായി ഒഴുകി സംഗീതമുതിര്‍ക്കുന്ന മലയാളം. കര്‍ക്കിടക മാസത്തില്‍ ഞാറ്റുവേലയിലാരംഭിച്ച് ഞാറ്റുവേലയിലവസാനിക്കുന്ന അധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിറയുന്ന മലയാളം. സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കുള്ള വിവര്‍ത്തനത്തെ സൂചിപ്പിക്കുന്ന 'കുലുങ്ങുന്ന തൂക്കു പാല' മെന്ന പ്രയോഗം രണ്ടു ഭാഷകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നാണ് .
പുറത്തുനിന്നു നോക്കുമ്പോള്‍ ചെറുതെങ്കിലും കണക്കാക്കാന്‍ സങ്കീര്‍ണമായ അകവഴികള്‍ നിറഞ്ഞ പാമ്പിന് മാളങ്ങളെപ്പോലെയാണ് മലയാളത്തിലെ കടംകഥകള്. പൊടുന്നനെ ഇരുളില്‍ നിന്നു ചാടിവീഴുന്ന ചോദ്യങ്ങള്‍ പാമ്പിനെ പ്പോലെ പെട്ടെന്നിഴഞ്ഞു മറയുന്ന, ഒളിഞ്ഞിരിക്കുന്ന ഉത്തരങ്ങളോട് കൂടിയ കടംകഥകള് നിറഞ്ഞ മലയാളം. മൈലാഞ്ചി വഴികള്‍ പോലെ നൂണു കടക്കേണ്ടയിടങ്ങളും മലയാളത്തിലുണ്ട്. നിറം പച്ചയെങ്കിലും ഇട്ടാല്‍ ചുവക്കുന്ന മൈലാഞ്ചി അറബിമലയാളത്തിലെഴുതപ്പെട്ട, ഒപ്പനപ്പാട്ടിന്റെ താളം നിറഞ്ഞ ഒരു കാവ്യ സംസ്കാരത്തിന്റെ സൂചനയാവാം. നൂണു പോയില്ലെങ്കില്‍ പിടികിട്ടായ്മയുടെ മുള്ളുകള്‍ കൊള്ളാവുന്ന കാവ്യങ്ങളും സുലഭമാണല്ലോ.
സന്ധ്യാസമയത്തെ കേരളീയ ഭവനങ്ങളില്‍ നിറഞ്ഞിരുന്ന രാമായണ പാരായണമായി കനകപ്രഭ ചൊരിഞ്ഞ, അര മണിയും ചിലമ്പും കിലുക്കി കുഞ്ചന്‍ തുള്ളി പറഞ്ഞ കല്യാണ സൗഗന്ധികമായി സൌരഭ്യം പരത്തിയ മലയാളം. ഉത്സവപ്പിറ്റെന്നത്തെ പുലരികളില്‍ പൂത്തുനിന്ന ഉണ്ണായി വാര്യരുടെ സാമ്യമകന്ന നളോദ്യാനത്തില്‍ വിടരുന്ന മലയാളം. ക്ഷീരസാഗരശയനന്റെ നാഭീപത്മത്തില്‍ നിന്നുടലെടുത്ത സംഗീതം സ്വാതി തിരുന്നാളിന്റെ നാവിലൂടെ മലയാളപ്പെരുമ പരത്തി. ആലിന് ചുവട്ടില്‍ നിറയുന്ന മേളമായി ചെറുശ്ശേരി മുതല്‍ക്കിങ്ങോട്ട് എണ്ണമറ്റ കൃഷ്ണ കവിതകളിലൂടെ പ്രവാഹമായി വളരുന്ന മലയാളം.
മിഷനറിമാരുടെ പരിഭാഷകളിലൂടെ കൈരളിക്കു സ്വന്തമായി മാറിയ ബൈബിള്‍ കഥകള്‍. സോളമന്റെ സങ്കീര്‍ത്തനങ്ങളിലൂടെ പരിചിതമായ, ഹംസത്തെപ്പോലെ ശുഭ്രമായ ലില്ലിപ്പൂക്കളും മോശയുടെ പ്രവചനങ്ങളും പ്രതിബന്ധങ്ങളെ തരണം ചെയ്തു ആത്യന്തികമായ വിജയത്തിലേക്കെത്തുന്ന ദാവീദിന്റെ നന്മകളും പഴയ നിയമത്തിലെ വാഗ്ദത്തഭൂമി തേടിയുള്ള അലച്ചിലും ക്രിസ്തുവിന്റെ കുരിശാരോഹണവും ഉയിര്ത്തെഴുന്നേല്ക്കലും മലയാളമായി ഭാഷയിലേക്കു സംക്രമിക്കുന്നത് കവിതയില്‍ വായിച്ചെടുക്കാം .
കവിതയിലെ പ്രകൃതി
കേരളത്തിന്റെ പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന ബിംബങ്ങളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് ' മലയാളം '. ഭൂമി പുഴകളും കനികളും കൊണ്ട് സമൃദ്ധമായി അമൃതൂട്ടി വളര്‍ത്തിയതാണ് കേരളത്തിന്റെ പ്രകൃതി. അപ്പൂപ്പന് താടികള്‍ പാറുന്ന, മാമ്പൂമണം പരക്കുന്ന, നാട്ടിന്‍പുറങ്ങളിലും കുന്നിന് ചെരിവുകളിലുമാണ് കേരളീയ ബാല്യങ്ങളുടെ നിഷ്കളങ്കത പിച്ച വെക്കുന്നത്. അതോടൊപ്പംതന്നെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞയിടങ്ങളും നമുക്കു കാണാനാകും .
'ഇലഞ്ഞിപ്പൂക്കള്‍ പോലെ പൊഴിയുന്ന ചെറുമഴയുടെ സൌരഭ്യത്തെ' കുറിച്ചും 'ഇലവര്‍ങ്ഗത്തിന്റെ മണമുള്ള ഇടവപ്പാതി 'യെ കുറിച്ചും 'പൂതേടി , ഉണങ്ങാത്ത കൈതോല മണം താവും പൂവട്ടി കഴുത്തിലിട്ടും ' നടന്ന ബാല്യങ്ങളെകുറിച്ചും എഴുതിയിട്ടുള്ള കവി 'മലയാള'ത്തില്‍ ഞാറ്റുവേലയില്‍ നിന്ന് ഞാറ്റുവേലയിലേക്ക് പോകുന്ന കര്‍ക്കിടക മാസത്തിന്റെ സൌന്ദര്യം ഒരൊറ്റ വരിയിലേക്കാവാഹിക്കുന്നു. “ചുണ്ടുകളിലെ മധുരച്ചവര്‍പ്പുറ്റ ഇലഞ്ഞിപ്പഴം ” എന്ന പ്രയോഗത്തിലുടെ എന്തും ആസ്വദ്യമാകുന്ന രുചികളായി മാറ്റുന്ന ബാല്യകാലം നമുക്ക് കണ്ടെത്താനാകും .
“ഇടയ്ക്ക് കാരപ്പഴം
കൊറിച്ചോ പാണല്‍പ്പഴം
കടിച്ചോ വിശപ്പാറ്റി
ക്കൈത്തോടില്‍ വിയര്‍പ്പാറ്റി ”നടക്കുന്ന ബാല്യം ' വിലങ്ങനില്‍' എന്ന കവിതയിലും കാണാം .
ഇലഞ്ഞിപ്പഴം, ഞാവല്‍പ്പഴം, പാണല്‍പ്പഴം, കാരപ്പഴം, പൂച്ചപ്പഴം എന്നിങ്ങനെയുള്ള നാട്ടിന്‍പുറപ്പഴങ്ങള്‍ ബാല്യത്തിനു മാത്രം സ്വന്തമായ രുചികളാണ്. മധുരത്തോടൊപ്പം ചവര്‍പ്പും നിറഞ്ഞ ഇത്തരം രുചികള്‍ ജീവിതമെന്നാല്‍ മാധുര്യം മാത്രമല്ല ചവര്‍പ്പ് നിറഞ്ഞ അനുഭവങ്ങള്‍കൂടി നിറഞ്ഞതാണെന്ന് തിരിച്ചറിയാനും അതുവഴി ബന്ധങ്ങളിലെ കെട്ടുറപ്പ് നിലനിര്‍ത്താനും പഴയ തലമുറയെ പര്യാപ്തമാക്കിയിരുന്നു . എന്നാല്‍ മധുരമേറിയ പുതുരുചികള്‍ മാത്രം ശീലമായ ആധുനിക തലമുറ ജീവിതമെന്നാല്‍ മധുരം നിറഞ്ഞത് മാത്രമാകണമെന്നു തെറ്റിദ്ധരിക്കുന്നു. പുതിയ തലമുറയിലെ ബന്ധശൈഥില്ല്യങ്ങള്‍ ബാല്യത്തിലേ ശീലിക്കുന്ന ഇത്തരം രുചികളുടെ പിന്തുടര്‍ച്ചകളുമാകാം.
പാമ്പിന് മാളങ്ങള്‍ നിറഞ്ഞ; മുള്ളുകൊള്ളാതെ നൂണ് പോകേണ്ട മൈലാഞ്ചികള്‍ നിറഞ്ഞ; ഗ്രാമങ്ങളിലെ ഇടവഴികളും ആലിഞ്ചുവട്ടിലെ എണ്ണമറ്റ മേളങ്ങളും നിറനിലാവും സാന്ധ്യശോഭയുമെല്ലാം കവിതയിലെ പ്രകൃതി സാന്നിധ്യമായി കണ്ടെത്താനാകും.
സാംസ്കാരികമായ നന്മകള്
തലമുറകളായി ആര്‍ജിച്ച ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും സമ്പന്നമാക്കിയ കേരളീയ പൈതൃകം നിറയുന്ന കവിതയാണ് ' മലയാളം '. ഉലുവയുടെയും വെളുത്തുള്ളിയുടെയും തീക്ഷ്ണഗന്ധം നിറഞ്ഞ ഈറ്റുമുറിപ്പാരമ്പര്യത്തിലൂടെ; വേദനയുടെ ധന്യമൂര്ച്ചയിലൂടെ പിറവിയെടുത്ത തലമുറയെ ബുദ്ധിശക്തിയും ആരോഗ്യവുമുള്ളവരുമാക്കാന്‍ 'ഖനികളുടെ ആഴവും ' 'വനങ്ങളുടെ സാന്ദ്രതയും ' നിറഞ്ഞ പൊന്നും വയമ്പും നാവില്‍ തൊട്ടു കൊടുത്താണ് ആദ്യരുചി ശീലിപ്പിക്കുന്നത്. പാശ്ചാത്യ സൂര്യന് വന്നു കീഴ്പെടുത്തുന്നതിനു മുമ്പേ നാം കാത്തു പോന്ന പൌരസ്ത്യമായ അറിവുകള്‍ ഒരു നാടിന്റെ തന്നെ നന്മകളാണ് .
വെണ്മലില്‍ വിരല്‍തുമ്പാല്‍ 'ഹരിശ്രീ' കുറിച്ച് കൊണ്ട് തുടങ്ങുന്ന എഴുത്തിനിരുത്തല്‍; ഭാഷയെ സ്പര്ശിച്ചറിയാന് മലയാളിയെ പര്യാപ്തനാക്കിയിരുന്നു. പുസ്തകത്താളുകളിലൊളിപ്പിച്ചു മാനം കാണാതെ സൂക്ഷിച്ചാല്‍ മയില്‍പ്പീലി പെറ്റു പെരുകുമെന്നുള്ള കുരുന്നു വിശ്വാസങ്ങള്‍ മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. വഴിയരികില്‍ കേട്ടു വളര്ന് ; വൈരാഗിയായ ഹരനെപ്പോലും പ്രിയങ്കരമാക്കുന്ന സംഗീത പഠനങ്ങള്‍; ഖരഹരപ്രിയ രാഗത്തില്‍ നിന്നും പിറവിയെടുത്ത മധുരമായ ചലച്ചിത്ര ഗാനങ്ങള്‍; ഇവയെല്ലാം സാംസ്കാരികമായ തുടര്‍ച്ചകളാണ്.
തലമുറകളുടെ അനുഭവങ്ങളിലൂടെ പാരമ്പര്യമായി കൈമാറി വന്ന നാട്ടറിവുകളുടെ സമൃദ്ധമായ നിലാവ് 'അറിവും ആടലോടകവും മണക്കുന്ന പഴമൊഴികള്‍ ' എന്ന പ്രയോഗത്തില്‍ തെളിഞ്ഞു കാണാം. കടും കൈപ്പു നിറഞ്ഞതാണെങ്കിലും രോഗശമനത്തിനു അത്യുത്തമമാണെന്നുള്ള അറിവ് ആടലോടകം പകരുന്നു.
കലയും സംസ്കാരവും ഒന്നായിത്തീരുന്ന ഇന്ദ്രജാലം 'വാടാത്ത കല്യാണസൌഗന്ധിക'മായും 'സാമ്യമകന്ന ഉദ്യാനമായും' 'സംഗീത സരോരുഹ'മായും മലയാളിയറിഞ്ഞു. കുഞ്ചന്റെ തുള്ളലും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും സ്വാതിതിരുന്നാളിന്റെ സംഗീത ഗരിമയും ഒന്ന് ചേര്‍ന്ന് ആലിന് ചുവട്ടിലെ മേളത്തിരകള്‍ക്കൊപ്പം കവിതയെ ആസ്വദ്യമാക്കുന്നു.
മലയാളത്തെകുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച കവിതയാണ് 'മലയാള 'മെന്നു പറഞ്ഞാല്‍ ഒട്ടും തന്നെ അതിശയോക്തിയല്ലാതാവുന്നതും അതുകൊണ്ട് തന്നെ.
സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്
16 comments:
സാബിതടീച്ചറുടെ 'മലയാളം' പഠനം നന്നായി.പക്ഷേ അല്പം നേരത്തേ കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ക്ളാസ്സില്‍ അവതരിപ്പിക്കാമായിരുന്നു.അടുത്ത പ്രവര്‍ത്തങ്ങള്‍ അങ്ങനെ നല്‍കണേ.
കവിതാസ്വാദനം നന്നായി
ഈനിയുമെഴുതുക
പാരമ്പര്യത്തിന്റെ ശംഖാണ് ഇത്തരം കവിതകള്‍ . അത് ഹൃദയത്തില്‍ ചേര്‍ക്കുമ്പൊള്‍ കാടലിന്റെ കുടുക്കം കേള്‍ക്കാം. നല്ല ശ്രമം. എഴുത്തിലെ ഭാഷാപരമായ പഴമയെ ടീച്ചര്‍ ശ്രദ്ധിക്കുമെന്നു കരുതട്ടെ.
I agree with B K S.congrats Sabitha teacher....
nannayirikkunnu
sabitha tr. aswadanam engane venamena mathruka.abinandanangal
നന്നായി എഴുത്ത് തുടരുക ..
ആശംസകള്‍
നന്മയുടെ രാമായണമാസം
പുണ്യം നിറക്കട്ടെ
അവതരണം അത്യുഗ്രൻ
വളരെ നന്നായിരിക്കുന്നു.ഇത് വെറുതെ ഒരു പഠനം എന്നനിലയില്‍ തള്ളി കളയാന്‍ എന്തായാലും സാധിക്കില്ല. ഇനിയുമിത്തരം ധാരാളം രചനകള്‍ ടീച്ചറിന്റെ ഭാഗത്ത് നിന്നും വിദ്യാരംഗത്തിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
കെ എന്‍ ടി
@ബി കെ എസ്
മലയാളം പഠനമൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞോ
അടിസ്ഥാന പാഠാവലിയില്‍ മൂന്ന് യുണിറ്റ് മാത്രമേ ഉള്ളൂ... ഇപ്പോഴും ആഴ്ചയില്‍ രണ്ട് പീരിയഡും..
Great attempt
സബിതടീച്ചറേ,ആസ്വാദനം നന്നായിട്ടുണ്ട്.എല്ലാവര്ക്കും ഉപകാരപ്പെടും. ഇനിയും എഴുതുക.ആശംസകള്‍
സാബിതയുടെ വായനയിലൂടെ കവിതയിലെ പാമ്പിന് മാളങ്ങള്‍ മൈലാഞ്ചി വഴികളായി മാറുന്നു. അഭിനന്ദനങ്ങള്‍
kavithapadanam nannayi.thudarnnum pratheekshikunnu.
http://youtu.be/RWsbeP11l6Y
പത്താം ക്ളാസിലെ മലയാളത്തിലെ പി കുഞ്ഞിരാമൻ നായരുടെ സൌന്ദര്യപൂജ എന്ന കവിത-കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻഉണ്ണികൃഷ്ണൻ പയ്യാവൂർ ആലപിച്ച്ത്.
sabitha teacher,
valare nalloru padanam.oru pothiyatha thenga ethra elluppathil palupizhinjeduthu..abhinandanagal.
ramla
Post a Comment