എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 12, 2011

ഉറൂബ് അനുസ്മരണം - ജൂലൈ 10



യൗവനം നശിക്കാത്തവനു മാത്രമേ സുന്ദരികളുടേയും സുന്ദരന്മാരുടേയും കഥ പറയാനാകൂ. പി.സി കുട്ടികൃഷ്ണന്‍ ആ ഗണത്തില്‍പ്പെടും. അതുകൊണ്ടാവും അദ്ദേഹം യൗവനം നശിക്കാത്തവന്‍ എന്നര്‍ത്ഥം വരുന്ന ഉറൂബ് എന്ന പേര് തൂലികാനാമമായി സ്വീകരിച്ചത്.
'സുന്ദരികളും സുന്ദരന്മാരും'-ഇതിഹാസസമൃദ്ധിയുള്ള ആ ഒറ്റ നോവല്‍ മതിയല്ലോ ഉറൂബിനെ മലയാളി നിത്യവും ഓര്‍മ്മിക്കാന്‍. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, മലബാര്‍ കലാപം, കമ്മ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലബാര്‍ കേന്ദ്രമാക്കി നിരവധി വ്യക്തികളുടെ ജീവിതങ്ങളിലൂടെ രാഷ്ട്രീയ-സാമൂഹിക-കുടുംബ ബന്ധങ്ങളില്‍വന്ന വമ്പിച്ച മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന നോവലാണ് 'സുന്ദരികളും സുന്ദരന്മാരും'. ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ എന്നീ നോവലുകളും 'രാച്ചിയമ്മ'യും 'ഗോപാലന്‍നായരുടെ താടി'യും പോലുള്ള സുന്ദരങ്ങളായ നിരവധി ചെറുകഥകളും ഉറൂബ് മലയാളത്തിനു നല്കി. നാടകം, കവിത, ഉപന്യാസം എന്നീ മേഖലകളിലും ഉറൂബിന്റെ സംഭാവനകളുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്ത് പള്ളിപ്രം ഗ്രാമത്തില്‍ 1915ജൂണ്‍1ന് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടിക്കൃഷ്ണന്‍ ജനിച്ചു. കരുണാകരമേനോന്‍-പാറുക്കുട്ടിയമ്മ ദമ്പതിമാരായിരുന്നു അച്ഛനമ്മമാര്‍. ചെറുപ്പത്തില്‍ തന്നെ പ്രായം കൊണ്ടു മുതിര്‍ന്ന കവി ഇടശ്ശേരി ഗോവിന്ദന്‍നായരുമായി സൗഹൃദത്തിലായി. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കാലത്ത് കുട്ടികൃഷ്ണന്‍ കവിതയെഴുതിത്തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊന്നാനിയിലെ വായനശാലാസദസ്സില്‍ കവിയായറിയപ്പെട്ടിരുന്നെങ്കിലും ആ സദസ്സിലെ ഒരു പ്രമുഖന്‍-സാക്ഷാല്‍ കുട്ടിക്കൃഷ്ണമാരാര്‍-കുട്ടിക്കൃഷ്ണന്റെ കവിതയെ അംഗീകരിച്ചില്ല. ഒരുദിവസം 'വേലക്കാരിയുടെ ചെക്കന്‍‌' എന്ന പേരില്‍ കുട്ടിക്കൃഷ്ണന്‍ ഒരു കഥയെഴുതിയപ്പോള്‍ മാരാര്‍ അംഗീകരിച്ചുവെന്നുമാത്രമല്ല, ഇനി കഥയെഴുത്തു മതിയെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ കന്നിക്കഥയും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരമായ വായനയും സാഹിത്യ സൗഹൃദങ്ങളും കുട്ടിക്കൃഷ്ണനിലെ എഴുത്തുകാരനെ വളര്‍ത്തിയെടുത്തു.
ഉറൂബിനും ബഷീറിനേപ്പോലെ ചുറ്റിത്തിരിയല്‍ യോഗമുണ്ടായിരുന്നു.1934-ല്‍ അദ്ദേഹം നാടുവിട്ടു. തുടര്‍ന്നുള്ള ആറു വര്‍ഷം ഇന്ത്യയുടെ പല ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞു. പല തൊഴിലുകള്‍ ചെയ്തു. തമിഴും കന്നടയും പഠിച്ചു. ഈ അനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ രചനകളെ മിഴിവുറ്റതാക്കി.
1952-ല്‍ ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ സംഗീതസംവിധായകന്‍ കെ.രാഘവനേപ്പറ്റി ഒരു ലേഖനമെഴുതി മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായുപയോഗിച്ചത്. 'നീലക്കുയില്‍' എന്ന ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും ഉറൂബിന്റേതാണ്.
നോവലിനുള്ള ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1958,ഉമ്മാച്ചു), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1960,സുന്ദരികളും സുന്ദരന്മാരും) ഉറൂബിനു ലഭിച്ചിട്ടുണ്ട്. അനന്തമായ മനുഷ്യജീവിതവൈചിത്ര്യങ്ങളെ തന്റെ സാഹിത്യരചനയ്ക്ക് വിഷയമാക്കിയ ഉറൂബിന് വിദ്യാരംഗത്തിന്റെ സ്മരണാഞ്ജലികള്‍.
- ബി.കെ.എസ്

2 comments:

G.MANU said...

Smaranaanjalikal..

Another Uroob Fan

ESTHER said...

uroob smaranakal nallathu. aatharanjalikal............