എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 28, 2010

കാവ്യമലയാളം - കവിത

തുഞ്ചത്തെപ്പൈങ്കിളിത്തേന്മൊഴി പുതുമലയാണ്മേ,നിനക്കൂര്‍ജ്ജമേകീ
കുഞ്ചന്‍ തന്‍ ചാട്ടവാറാം മൊഴിമുന തവ തുള്ളിച്ചു രംഗം കൊഴുത്തു
കൊഞ്ചാ’നാളുന്തിരാഗ’സ്വരമധുരിമ രഞ്ജിയ്ക്കവേയോമലേ, നീ
ചാഞ്ചാടിച്ചൂ സമോദം സഹൃദയനെ രസാരാമപീയൂഷസിന്ധൌ
പാട്ടായുണ്ണായി തീര്‍ത്തുള്ളൊരു നളചരിതം പോരുമല്ലോ പ്രിയേ, നിന്‍
ആട്ടപ്പാട്ടിന്‍ മുഖത്തേപ്പണിരുചിരമഹല്‍ പ്രാഭവം ബോദ്ധ്യമാവാന്‍
കേട്ടാല്‍ ജ്ഞാനാര്‍ത്ഥ സാരം സകലരുമറിയും മട്ടു പൂന്താനവിപ്രന്‍
ചീട്ടാക്കീ കാവ്യപുഷ്പ്പാഞ്ജലി,യതു മഹിതേ! നിന്റെ നൈവേദ്യമല്ലോ
ദാരിദ്ര്യാബ്ദ്ധൌ വലഞ്ഞീടിന പഴയ സുഹൃത്തിന്നു സമ്പത്സമൃദ്ധി-ത്തേരില്‍ ശ്രീകാന്തനര്‍ദ്ധാസനമരുളിയതിന്‍ പാട്ടു വഞ്ചിയ്ക്കു നൈമ്പായ്
മാരിക്കാര്‍വര്‍ണ്ണനാഭീകമലജദയിതാനുഗ്രഹാശിര്‍വ്വചസ്സാം
ഭൂരിശ്രീ കൈവരിയ്ക്കാനതുവഴി മലയാണ്മേ,നിനക്കും കഴിഞ്ഞൂനേരമ്പോക്കിന്നു നിന്നെക്കരുതിയ ചില‘രംബോപദേശങ്ങ’ളും ശൃം-ഗാരശ്ലോകങ്ങളും ചൊന്നതുവഴിയുളവായന്നു ‘പൂരപ്രബന്ധം’
ഷാരസ്യാര്‍ വാരിയസ്ത്രീ ഗണിക വൃഷലിയും നായികായോഗ്യരായ്, പൊല്‍-ത്താരമ്പന്‍ നൃത്തമാടീ പദമനു, മുറുകീയക്ഷരശ്ലോകമേളം

ഹാ! പുഷ്പ്പം വീണുപോയ് ശ്രീ ധരണിയിലധികം നീണ്ടുവാഴില്ല നമ്മള്‍-ക്കോ പൂട്ടാം കണ്‍ക’ളെന്നോതിയ കവി മറവാ,യാറ്റിലാഴപ്പരപ്പില്‍
നീ പുത്തന്‍ കുഞ്ഞുടുപ്പിട്ടവിടെയൊഴുകി ‘ചെറുതുരുത്തി’ങ്ക‘ലുള്ളൂരി’ കാവ്യ-ശ്രീ പുല്‍കും സൈകതാലംകൃത വരതടിനീ നന്ദനോദ്യാനമേറി!
ലാളിത്യം കൈവെടിഞ്ഞൂഭവതി വഴിതിരി‘ഞ്ഞിങ്ക്വിലാബിന്‍ ’ കരുത്താര്‍-ന്നാളിക്കത്താന്‍ തുടങ്ങീയൊരുദിശി ; സമരാവേശമേലുന്ന വാക്കാം
വാളിന്‍ മൂര്‍ച്ചയ്ക്കുമുന്നില്‍പ്പതറിയിവിടെയ‘ക്കൊന്തയും പൂണുനൂലും’
തോളില്‍ച്ചേര്‍ത്തോരു യഥാസ്ഥിതികത കവിതച്ചെങ്കൊടിക്കാറ്റുവീശി
പിന്നെക്കാവ്യാംഗനേ! കാല്‍പ്പനികത ‘രമണ’ച്ഛായയാര്‍ന്നെത്തിയല്ലോ
നിന്നെപ്പൊന്‍ വീണയാക്കിപ്രിയമൊടു മടിയില്‍ച്ചേര്‍ത്തുതൊട്ടൊന്നു മീട്ടാന്‍
ചെന്നെത്തീ കൈരളിശ്രീ മധുരമധുലസല്‍ ‘പുഷ്പവാടീ’നികുഞ്ജേ-യന്നെങ്ങും നിന്റെ ഗാനാമൃതലഹരി നിറഞ്ഞൊട്ടു തുള്ളിത്തുളുമ്പി
ആണത്തത്തിന്റെ ശബ്ദം ‘പടയണി’യുടെ താളത്തിലുച്ചൈസ്തരം ന-ല്ലീണത്തില്‍പ്പൊങ്ങിയപ്പോള്‍ ഭവതി ചടുല ‘കാട്ടാള’നൃത്തം ചവിട്ടി
കാണാറായീ ‘ഗസല്‍’ത്തേനല തവകവിളത്തുമ്മവയ്ക്കുന്നതും നിന്‍
വീണാനാദത്തെ ലോകം പരിചൊടു വരവേല്‍ക്കുന്നതും കീരവാണീ
പദ്യത്തിന്‍ രൂപഭാവാദികളൊരുകുറി പന്ഥാവു മാറിച്ചരിയ്ക്കേ
ഗദ്യസ്മേരം പൊഴിച്ചൂ കവിത പലരുമാകൃഷ്ടരായ് ചാരെയെത്തി
സദ്യയ്ക്കോരോ കറിയ്ക്കും പലപല രുചിയാര്‍ന്നെങ്കിലല്ലേ ഭുജിപ്പോര്‍-ക്കാദ്യന്തം തൃപ്തിയാകൂ, കവിതയുമതുമട്ടെന്നു ചിന്തിയ്ക്ക നല്ലൂ
ഇന്നിപ്പോള്‍ ‘ചാനലോ’രോന്നിലുമവതരണം ‘ചെയ്തിടു’ന്നോര്‍ ‘പര’ഞ്ഞാല്‍
കുന്നിയ്ക്കും തെറ്റു കേട്ടാലതുമതി മലയാണ്മയ്ക്കു നാണം കെടാനായ്
ചെന്നിയ്ക്കൊന്നങ്ങു നല്‍കിത്തെളിവൊടു പറവാന്‍ പ്രാപ്തരാക്കീടുവാനാ-ളൊന്നില്ലെന്നായ്ക്കഴിഞ്ഞോ ശിവ!ശിവ! മലയാളത്തെ കൊല്ലാതെ കൊല്ലാം!




- അത്തിപ്പറ്റ രവി

4 comments:

Unknown said...

nice poem ,really we loved it very much.

Unknown said...

this poem very good

jjktimes said...

ഇടയ്ക്കു വീണു കീട്ടുന്ന ഈ പദമേളനസൗഭാഗ്യത്തീന് നന്ദി

Anonymous said...

ഭൂരിശ്രീ കൈവരിയ്ക്കാനതുവഴി മലയാണ്മേ,നിനക്കും കഴിഞ്ഞൂ
നന്ദി.......