എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 29, 2010

തുഞ്ചന്‍ പറമ്പിലേയ്ക്ക് - യാത്രാവിവരണം

സമയം രാവിലെ 7.20. ഒരു ട്രെയിന്‍ യാത്രയുടെ സുഖവും സ്വസ്ഥതയും ആസ്വദിക്കാം എന്നുകരുതിയാണ് ആലുവയില്‍ നിന്നും മലബാര്‍ എക്സ് പ്രസ്സില്‍ യാത്ര ആരംഭിച്ചത്. പക്ഷേ നല്ല തിരക്ക്. ശബരിമല സീസണ്‍ ആയതുകൊണ്ടായിരിക്കാം. എങ്കിലും കണ്‍കുളിര്‍പ്പിക്കുന്നതും നൊമ്പരപ്പിക്കുന്നതുമായ പല കാഴചകളും കാണാനായി. കൊയ്യാറായി തല കുനിച്ചിനില്‍ക്കുന്ന നെല്‍ച്ചെടികള്‍, തട്ടുതട്ടായി കിടക്കുന്ന വയലേലകള്‍, തെങ്ങിന്‍തോപ്പുകള്‍, വാഴത്തോട്ടങ്ങള്‍. മനസ്സുമന്ത്രിച്ചു, കാര്‍ഷിക സംസ്കാരം ഇവിടെ പാടേ നശിച്ചിട്ടില്ല. പക്ഷേ, ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ അടുക്കുമ്പോഴേയ്ക്കും കരളലിയിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മജ്ജയും മാംസവും നഷ്ടപ്പെട്ട് അസ്ഥിമാത്രശേഷയായി ഒഴുകുന്ന നിളാനദി. വിശാലമായ മണല്‍പ്പരപ്പില്‍ ചെറിയൊരു നീരൊഴുക്ക്. എങ്ങനെ ഭാരതപ്പുഴയെ രക്ഷിക്കാം എന്നതായിരുന്നു മനസ്സുനിറയെ. ഏകദേശം രണ്ടുമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ തിരൂര്‍ സ്റ്റേഷനിലെത്തി. അവിടെനിന്നും തുഞ്ചന്‍ പറമ്പിലേയ്ക്കു തിരിച്ചു.
അവിചാരിതമായി വീണുകിട്ടിയ അസുലഭയാത്രയായിരുന്നു അത്, മലയാണ്മതന്‍ മഹേശ്വരന്റെ ജന്മദേശം കാണാനും ആപുണ്യഭൂമി തൊട്ടുവന്ദിക്കാനും. ആ നിമിഷം മനസ്സും ശരീരവും കോള്‍മയിര്‍ കൊണ്ടു. വിശാലമായ തുഞ്ചന്‍ പറമ്പിന്റെ മടിത്തട്ടില്‍ ഒരു അരുമക്കുഞ്ഞെന്നവണ്ണം ചേര്‍ന്നിരുന്നു. ആ സ്നേഹലാളനകള്‍ ആവോളം നുകര്‍ന്നു. മനസ്സ് അറിയാതെ ഉരുവിട്ടു, "ഭാരതീ പദാവലി തോന്നേണം കാലേ കാലേ".
കേരളീയ വാസ്തുശില്പകലയുടെ പ്രൗഢി വിളിച്ചോതുന്ന തുഞ്ചന്‍ പടിപ്പുരയാണ് നമ്മെ ആദ്യം എതിരേല്‍ക്കുന്നത്. ആ തലയെടുപ്പും ഗോപുരങ്ങളും ആരെയാണ് ആകര്‍ഷിക്കാത്തത്! പടിപ്പുരയുടെ പച്ചപ്പരവതാനി വിരിച്ച തിരുമുറ്റം കണ്ണുകള്‍ക്കും മനസ്സിനും കുളിര്‍മ്മ പകരുന്നു. അകത്തേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്നത് പലവര്‍ണ്ണങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂങ്കാവനമാണ്. എവിടെനിന്നോ ഉച്ചഭാഷിണിയുടെ ചില അലയൊലികള്‍ കാതില്‍ വന്നലച്ചു. നാടന്‍ പാട്ടിന്റെ തുടിതാളം. ഒപ്പം മനോഹമായ ശീലുകളും. അടുത്തുചെന്നപ്പോള്‍ കുറച്ചു കുട്ടികള്‍ പണിയാളരുടെ വേഷമണിഞ്ഞ് മത്സരത്തിനൊരുങ്ങിയിരിക്കുന്നതു കണ്ടു. അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാടന്‍ പാട്ടിന്റെ സംസ്ഥാനതല മത്സരമാണ് നടക്കുന്നത്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍.
എന്തായാലും വന്ന വിവരം സംഘാടകരെ അറിയിക്കണമല്ലോ. മൂന്നു ദിവസത്തെ ശില്പശാലയുടെ ഉറക്കച്ചടവും ക്ഷീണവും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന സംഘാടകര്‍ക്ക് ഞങ്ങളുടെ അനവസരത്തിലുള്ള വരവ് അത്ര രസിച്ചില്ല. സമ്മാനമൊക്കെത്തരാം, ഒരു കാര്യം ചെയ്യൂ ,പേര് രജിസ്റ്റര്‍ ചെയ്തിട്ട് നാടന്‍ പാട്ട് കേട്ടോളൂ. ഔദാര്യത്തോടെ ഒരു വിശാലമനസ്കന്‍ മൊഴിഞ്ഞു.
മനോഹരമായ ആ ഓഡിറ്റോറിയം ഞങ്ങളെ മാടിവിളിച്ചെങ്കിലും ഞങ്ങള്‍ പോയത് തുഞ്ചന്‍ സ്മാരക മണ്ഡപത്തിലേയ്ക്കാണ്. അവിടെയാണ് ആചാര്യന്‍ ജനിച്ചത്. ഭക്തിസാന്ദ്രമായ ആ മണ്ഡപത്തിനുചുറ്റും വലംവയ്ക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കൈരളിയെ നയിച്ച ആ സൂര്യതേജസ്സിനുമുമ്പില്‍ ശിരസ്സുനമിച്ചു.
അവിടെനിന്നും തുഞ്ചന്‍ സ്മാരക ഗവേഷണകേന്ദ്രത്തിലേയ്ക്കു പോകുന്ന വഴിയില്‍ ഞങ്ങളെ എതിരേല്‍ക്കാന്‍ തകഴി നട്ട തെങ്ങും വള്ളത്തോളും മജ്നുസുല്‍ത്താന്‍ പുരിയും നട്ട മാവുകളും തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ആ പച്ചിലച്ചാര്‍ത്തിനിടയില്‍ ആ കലാഹൃദയങ്ങള്‍ ഒളിച്ചിരുപ്പുണ്ടാവും എന്നു ഞങ്ങള്‍ പ്രത്യാശിച്ചു. ഗവേഷണകേന്ദ്രത്തിന്റെ ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന തുഞ്ചത്താചാര്യന്റെ എഴുത്താണിയും ഓലയും ആരെയും കോള്‍മയിര്‍കൊള്ളിക്കും. കഥകളി, തുള്ളല്‍, കൃഷ്ണനാട്ടം, തെയ്യം എന്നീ കലകളെ തൊട്ടറിയാനും ആസ്വദിക്കാനും ഉതകുന്ന വീഡിയോ പ്രദര്‍ശനങ്ങള്‍ ആകര്‍ഷകമാംവിധം ഒരുക്കിയിരിക്കുന്നു. കേരളീയ സാംസ്കാരിക ചരിത്രത്തിന്റെ പൗരാണിക മധ്യകാലങ്ങളെ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ആധുനിക ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ പേകുന്നതേയുള്ളൂ.
മലയാള ഭാഷയുടെ പിതാവിന്റെ മനസ്സ് തൊട്ടറിയാനും അറിവിന്റെ ചക്രവാളത്തിലേയ്ക്ക് ചിറകുവിടര്‍ത്തി പറന്നുയരുവാനും ഈ ഗവേഷണകേന്ദ്രം ഒരു നാഴികക്കല്ലായിരിക്കുമെന്നതില്‍ സംശയമില്ല. തൊട്ടടുത്തായി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു റഫറന്‍സ് ലൈബ്രറിയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയായിരുന്നു.
കിളിപ്പാട്ടെന്നു പറയുമ്പോള്‍ കിളിമകളെ വിസ്മരിക്കുക വയ്യ. എഴുത്തച്ഛന്റെ കിളിമകളും എഴുത്താണിയും എഴുത്തോലയും വിശാലമായ ഒരു മണ്ഡപത്തില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ കിളിമകളെ ആരാധനയോടെ ഒരു നിമിഷം നോക്കിനിന്നു. പിന്നെ എഴുത്താണിയും എഴുത്തോലയും തൊട്ടുവന്ദിച്ചു.
എഴുത്ത് പരിശീലിപ്പിക്കുന്ന ആശാന്‍ തന്നെയാണല്ലോ എഴുത്തച്ഛന്‍. അപ്പോള്‍ തുഞ്ചന്‍ പറമ്പില്‍ ഒരു കളരി അന്വര്‍ത്ഥമാണ്. വൃക്ഷങ്ങളാല്‍ നിബിഡമായ തുഞ്ചന്‍ പറമ്പ് ഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്നു.
വാഗ്ദേവതയായ സരസ്വതി തന്നെയാണ് തുഞ്ചന്‍ പറമ്പിലെ അധിദേവത. സരസ്വതീദേവിയുടെ കൃപാകടാക്ഷം - അതുതന്നെയാണ് ഏവരുടെയും ലക്ഷ്യം. അതിനായി ഒരു സരസ്വതീമണ്ഡപവും അവിടെയുണ്ട്. കൂടാതെ ഒരു വിശ്രമമന്ദിരവും.
ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്ത് ചിറ്റൂരില്‍ അഭയം തേടാന്‍ കാരണക്കാരായ തിരൂര്‍ക്കാര്‍ പശ്ചാത്താപത്തിന്റെ കൈപ്പുനീര്‍ കുടിച്ചിറക്കി പാപമോചനത്തിനായി സമര്‍പ്പിച്ചതാണ് ഈ സ്മാരകം എന്നു തോന്നുന്നു.
എഴുത്തച്ഛന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമായ തുഞ്ചന്‍ പറമ്പിലെ കുളവും അതിനു തൊട്ടടുത്തുള്ള കാഞ്ഞിരമരവും ആരാധനയോടും അത്ഭുതത്തോടും ആരും നോക്കി നിന്നുപോകും. കാഞ്ഞിരമരത്തിന്റെ കാറ്റത്തു പറന്നു വീഴുന്ന ഇലകള്‍ക്കു പുറകേ ഞങ്ങള്‍ ഓടിനടന്നു. താഴെ വീഴാതെ പിടിച്ച ഇല കടിച്ചുനോക്കി. വാസ്തവം! കയ്പില്ല തന്നെ. അവിടെയുള്ള മണ്ഡപത്തിനു ചുറ്റും ഹരി ശ്രീ ഗണപതയേ നമഃ എന്ന് മണലില്‍ വിരല്‍ തൊട്ട് എഴുതുമ്പോള്‍ പ്രാര്‍ത്ഥിച്ചു - അനുഗ്രഹിക്കണമേ!
ലത കെ. കെ.
ടീച്ചര്‍
സെന്റ് അലോഷ്യസ് ഹൈസ്ക്കൂള്‍
നോര്‍ത്ത് പറവൂര്‍

14 comments:

archa tvm said...

നമ്മുടെ ബ്ലോഗിലെ ആദ്യ യാത്രാവിവരണം തുഞ്ചന്‍ പരമ്പിലേയ്ക്കുള്ള യാത്രാവിവരണമായത് ഏറ്റവും ഉചിതമായി. ഗുരുത്വം എന്നപറയാറില്ലേ കാരണവന്മാര്‍. അത് താനെ വന്നുചേരുന്നതാണ്. നമുക്കതുണ്ട്. യാദൃശ്ചികമായാണെങ്കിലും തുഞ്ചാത്താചാര്യനായ എഴുത്തച്ഛന്റെ മണ്ണിലേയ്ക്കുള്ള യാത്രവിവരണമാണല്ലോ ആദ്യമായി വന്നത്. വിവരണങ്ങള്‍ നന്നായിരിക്കുന്നു. തിരുവനന്തപുരത്തിരുന്ന് തുഞ്ചന്‍ പറമ്പുകാണുന്ന അനുഭവമുണ്ടാക്കാന്‍ ടീച്ചറിന്റെ രചനയ്ക്കുസാധിച്ചിട്ടുണ്ട്.

Lissy said...

Lissy Teacher said
യാത്രാവിവരണം വളരെ മനോഹരമായിരിക്കുന്നു

Lissy said...

Lissy Teacher said
യാത്രാവിവരണം വളരെ മനോഹരമായിരിക്കുന്നു

അപ്പുക്കുട്ടന്‍ said...

ആര്‍ച്ച പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. തെരഞ്ഞെടുത്തതാണെങ്കിലും യാദൃശ്ചികമാണെങ്കിലും ആദ്യം പ്രസിദ്ധീകരിക്കാനുള്ള യോഗം യോഗ്യമായതിനുതന്നെയാണ് ലഭിച്ചിട്ടുള്ളത്. ലതടീച്ചറിനും ബ്ലോഗ് ടീമിനും അഭിനന്ദനങ്ങള്‍ !!!!!

Anonymous said...

യാത്രാനുഭവം വായിച്ചപ്പോള്‍ യാത്രയുടെ പ്രതിതി ഉലവാക്കും വിധമുള്ള വര്‍ണ്ണന .വളരെ നന്നായിരുന്നു.
സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ.വെള്ളച്ചാല്‍ കൊടക്കാട്ട്

Anonymous said...

യാത്രാനുഭവം വായിച്ചപ്പോള്‍ യാത്രയുടെ പ്രതിതി ഉലവാക്കും വിധമുള്ള വര്‍ണ്ണന .വളരെ നന്നായിരുന്നു.
സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ.വെള്ളച്ചാല്‍ കൊടക്കാട്ട്

Anonymous said...

yathra thunchanparambilekkakumbol malayalikalude manasu onnu patharum.Ithra76yum valiyoru bhagyam labhichathil valare santhoshamundu

Anonymous said...

thunchan parambu malayala bhasha snehikalkku oorjadhayakamaya oru anubhavamanu

harikrishan said...

we have got great inspiration from t

he article .we have decided to visit

the birth place of thunchathacharyan. .

Unknown said...

യാത്രാവിവരണം വളരെ നന്നായിട്ടുണ്ട് മലയാളത്തിന്റെ മഹാകവിയെ' ആചാര്യനെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴി ഞ്ഞു
നന്ദി വളരെ നന്ദി മലയാളം സഹ്യനെ കടന്നും സഞ്ചരിക്കുന്ന ഇന്ന് മലയാളത്തെ വിമോചിപ്പിക്കാന്‍ ഭാഷയെ സ്നേഹിക്ക് ന്നവരുടെ
ഒരു കൂട്ടായ്മ ഉണ്ടാകണം

Unknown said...

യാത്രാവിവരണം വളരെ നന്നായിട്ടുണ്ട് മലയാളത്തിന്റെ മഹാകവിയെ' ആചാര്യനെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴി ഞ്ഞു
നന്ദി വളരെ നന്ദി മലയാളം സഹ്യനെ കടന്നും സഞ്ചരിക്കുന്ന ഇന്ന് മലയാളത്തെ വിമോചിപ്പിക്കാന്‍ ഭാഷയെ സ്നേഹിക്ക് ന്നവരുടെ
ഒരു കൂട്ടായ്മ ഉണ്ടാകണം

Anonymous said...

yathravivaranam nannayirikkunnu.
abinannanaghal!!!!!!!!!!!!!!!.....

Anonymous said...

"super"
by student

Anonymous said...

very good