എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 29, 2010

അന്നും ഇന്നും - ഉള്ളൂര്‍ക്കവിത


സാമൂഹികപ്രശ്നങ്ങള്‍ക്ക് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നുകൊണ്ട് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയ കവിയാണ് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍. ഉള്ളൂര്‍ക്കവിതയില്‍ പലപ്പോഴും കവിത്വത്തേക്കാള്‍ പാണ്ഡിത്യം തിളങ്ങിനില്‍ക്കുന്നതായി തോന്നാറുണ്ട്. അത്തരം പ്രശ്നങ്ങള്‍ തീരെയില്ലാത്ത ഒരു കവിത എന്ന നിലയിലാണ് അന്നും ഇന്നും പാഠപുസ്തകത്തിലവതരിപ്പിച്ചിരിക്കുന്നത്. കെ. പി. ശങ്കരന്റെ ഈ പാഠത്തില്‍ കവിതയുടെ വിവിധവശങ്ങള്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. കവിതയെ അടുത്തറിഞ്ഞാലേ ഈ ലേഖനത്തിന്റെ ഉള്ളിലേയ്ക്ക് കുട്ടികള്‍ക്ക് കടക്കാനാകൂ. അതുകൊണ്ട് ഈ കവിത തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കേണ്ടതാണ്. അതിനുള്ള അവസരം അദ്ധ്യാപക സുഹൃത്തുക്കള്‍ ഒരുക്കുമല്ലോ...

കണ്ണ് - കവിത

Oct 28, 2010

വ്യാകരണം പത്താംതരം


എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് സാധാരണയായി രണ്ട് സ്കോറിന്റെ ഒരു ചോദ്യം വ്യാകരണസംബന്ധമായി ഉണ്ടാകാറുണ്ടല്ലോ. പലപ്പോഴും നിയമങ്ങളൊന്നും അറിയാത്ത വിദ്യാര്‍ത്ഥിക്കുപോലും ഉത്തരം ആലോചിച്ച് എഴുതുവാന്‍ പറ്റുന്ന തരത്തിലുള്ള ചോദ്യങ്ങളാവും ഉണ്ടാവുക. അപൂര്‍വ്വമായി ചോദ്യം കുട്ടികളെ വലയ്ക്കാറുമുണ്ട്. വിഭക്തി, സമാസം, പേരെച്ചം-വിനയെച്ചം, പൂര്‍ണ്ണക്രിയ-അപൂര്‍ണ്ണക്രിയ, അനുപ്രയോഗം, സര്‍വ്വനാമം എന്നീ വ്യാകരണ കാര്യങ്ങളാണ് പ്രധാനമായും മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിച്ചുകാണുന്നത്. അത്തരം മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും അവയുടെ ഉത്തരസൂചനകളും അടങ്ങിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റിലുള്ളത്. ഈ സ്ലൈഡുകള്‍ പരിശോധിച്ച് വേണ്ട തയ്യാറെടുപ്പോടെ ക്ലാസ്സില്‍ അവതരിപ്പിച്ചാല്‍ രണ്ടോ മൂന്നോ പീരീഡുകള്‍ കൊണ്ട് പരീക്ഷയ്ക്കു വരാവുന്ന വ്യാകരണകാര്യങ്ങള്‍ മുഴുവനും കുട്ടികളില്‍ എത്തിക്കുവാന്‍ സാധിക്കും. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങളും അറിയിക്കാന്‍ ശ്രമിക്കണേ....

Oct 27, 2010

വയലാര്‍ രാമവര്‍മ്മ - കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷം


കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസ്സിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് മുപ്പത്തഞ്ചുവര്‍ഷം. അനശ്വരഗാനങ്ങളിലൂടെ അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ മഹാപ്രതിഭയ്ക്ക് പ്രണാമങ്ങള്‍.
വാചാലമായ കവിതകളുടെ കവിയായിരുന്നു വയലാര്‍. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനം തെളിഞ്ഞുകാണാമെങ്കിലും പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ ആവിഷ്കര്‍ത്താവായി അദ്ദേഹം മാറി. ഈ മാറ്റം പിന്നീടുവന്ന എല്ലാ കാവ്യ സമാഹാരങ്ങളിലും പ്രകടമാണ്. ഇസങ്ങളില്‍ അഭിരമിക്കുമ്പോഴും ആര്‍ഷസംസ്കാരത്തിന്റെ സമൃദ്ധിയില്‍ അഭിമാനിക്കുന്ന കവിയെയാണ് നാം എല്ലായിടത്തും കാണുന്നത്. ബിംബകല്പനകളിലാണ് വയലാറിന്റെ ഈ പൗരാണികാഭിമുഖ്യം തിളങ്ങിനില്‍ക്കുന്നത്. വാളിനേക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ ആദ്യന്തം പ്രകാശിച്ചു നില്‍ക്കുന്നു. 1950 -1961 കാലഘട്ടത്തില്‍ കൊന്തയും പൂണൂലും, നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം, എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചു. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ വയലാറിന്റെ കഥാസമാഹാരങ്ങളാണ്. പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രവിവരണഗ്രന്ഥവും ശ്രദ്ധേയമാണ്. വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി ആ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഇവയൊക്കെ ആ ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.

Oct 23, 2010

'വെയില്‍ തിന്നുന്ന പക്ഷി' പറന്നകന്നു


മൗലികതയുടെ നക്ഷത്രത്തിളക്കമുള്ള ബിംബകല്പനയിലൂടെ മലയാളകാവ്യലോകത്ത് കസേരയുണ്ടായിട്ടും നിലത്തുപടിഞ്ഞിരുന്ന 'വെയില്‍ തിന്നുന്ന പക്ഷി' പറന്നകന്നു. ഗ്രാമനഗര വ്യത്യാസമില്ലാതെ, രാത്രിയെന്നോ പകലെന്നോ അറിയാതെ കാവ്യസമ്പത്തിന്റെ കനത്ത ഭാരവും പേറിനടന്ന എ. അയ്യപ്പന്‍ മരണത്തോടെ അതിറക്കിവച്ചു. ലഹരിയുടെ മറവിലാണ് ജീവിച്ചതെങ്കിലും തെരുവോരത്തും പീടകത്തിണ്ണയിലുമിരുന്ന് ലോക കവിതകളുടെ നിലപാരം പുലര്‍ത്തുന്ന കവിതകളാണദ്ദേഹം എഴുതിയത്. ഹൃദയത്തില്‍ കാരമുള്ളു തറച്ചതുപോലെ നോവ് പ്രവഹിക്കുന്ന അയ്യപ്പന്‍ കവിതകള്‍ക്ക് വായനക്കാര്‍ ഏറെയായിരുന്നു. "ലഹരി എനിക്കുവിട്ടുതരിക നിങ്ങളെന്റെ കവിതയെ വിലയിരുത്തിയാല്‍ മതി"യെന്നു് അഭിപ്രായപ്പെട്ട അയ്യപ്പന് പൊതു സമൂഹത്തിന്റെ പൊള്ളയായ കെട്ടുകാഴ്ചകളുടെ ആഡംബരങ്ങളൊന്നുമില്ലായിരുന്നു.

തിരുവനന്തപുരം ജനറലാശുപത്രിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ അഡ്മിറ്റുചെയ്യപ്പെട്ടപ്പോള്‍ ധനസഹായവുമായെത്തിയ മന്ത്രി എം. . ബേബിയോട് "പണം കിട്ടുമെങ്കില്‍ അസുഖം ഇനിയും വരട്ടെ" എന്നുപറഞ്ഞത് അയ്യപ്പന്‍ നിഷ്കളങ്ക മനസ്സിനുടമയായതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് പരിചയപ്പെട്ടവരോടെല്ലാം വിശപ്പിനെ ലഹരിയില്‍ മുക്കാന്‍ ചെറിയ തുകകള്‍ ചോദിക്കുന്നതും.

കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഇക്കൊല്ലത്തെ ആശാന്‍ പുരസ്കാരവും ലഭിച്ച വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, പ്രവാസിയുടെ ഗീതം, മുറിവേറ്റ ശീര്‍ഷകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

സ്വന്തം ജീവിതം കൊണ്ട് വ്യവസ്ഥിതിയോട് കലഹിച്ച് ആരാലും തിരിച്ചറിയപ്പെടാതെ മരണം വരിച്ച ജോണ്‍ എബ്രഹാം, സുരാസു, വിക്ടര്‍ ലിനസ്, ടി. രാമചന്ദ്രന്‍, നാടകപ്രസ്ഥാനത്തിന് പുതിയ ആഖ്യാനഭംഗി നല്‍കിയ ജോസ് ചിറമ്മല്‍.............. ഒടുവില്‍ അയ്യപ്പനും. ഔപചാരികതയുടെ പതിവു ചിട്ടകള്‍ ഇഷ്ടപ്പെടാത്ത അയ്യപ്പന് ഞങ്ങളുടെ ആദരാഞ്ജലികള്‍......

എ.അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോകളും കാണാന്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
Oct 22, 2010

റിയാലിറ്റി ഷോ - കവിത


പക്ഷികളുടെ റിയാലിറ്റി ഷോ

യക്ഷിയെപ്പോലെ കണ്ണ് തുറിച്ചു
കാലുകള്‍ കവച്ചു വെച്ച്
സുന്ദരിക്കൊറ്റി
മരക്കൊമ്പത്ത് നിറഞ്ഞ ഗാലറികള്‍
വിധികര്‍ത്താക്കളായി
മൂങ്ങയും കഴുകനും
കുട്ടികളോടുള്ള ഉപദേശം
"
കാകദൃഷ്ടി ബകധ്യാനം
കൂകി വിളിക്കല്‍ കലയല്ല "
കോഴിയുടെ തുയിലുണര്‍ത്തു പാട്ട്
ഉണരാത്തവരോട് കാക്കച്ചിയുടെ ശകാരം
കുയിലുകളുടെ പാട്ട്
മയിലുകളുടെ ആട്ടം
അരയന്നങ്ങളുടെ പൂച്ചനടത്തം
തത്തകളുടെ വെറ്റിലമുറുക്ക്‌
ചീട്ടെടുക്കല്‍ മത്സരം
തുടര്‍ന്ന് രാമായണ പാരായണം
മരം കൊത്തിയുടെ വൃക്ഷചുംബനം
പൊന്‍മാനിന്റെ മീന്‍ റാഞ്ചല്‍
വിഷു പക്ഷിയുടെ വിതപ്പാട്ട്
"
വിത്തും കൈകോട്ടും"
ചെരിഞ്ഞു നോക്കികൊണ്ട്
കാക്കത്തംപുരാട്ടിയുടെ announcement
"
ഒന്നാം സമ്മാനം
ദുരാഗ്രഹതീരത്തെ ആലിന്‍കൊമ്പത്ത്
ഒരു കോടി രൂപയുടെ സ്വര്‍ണക്കൂട്
അതോടൊപ്പം
എഴാം കടലിന്നക്കരെ
കുടുംബസമേതം
ദേശാടനത്തിനു
സൗജന്യ പാക്കേജ് "
മത്സരം നീളുന്നു
ഉത്സാഹം ചോരുന്നു
കാലത്ത് വന്നെത്തിയ
കാലന്‍കോഴിതന്‍മൊഴി
മത്സരം മതിയാക്കാം
പൂവാ!! പൂവാ!!
പക്ഷികള്‍ നടുങ്ങുന്നു
ജനഗണമന പാടുന്നു
പ്രാണനും കൊത്തിയെടുത്തു
ചേക്കേറാന്‍ പറക്കുന്നു.

.എന്‍.നാരായണന്‍

മലയാളം അധ്യാപകന്‍

ജി .എച് .എസ് .എസ് .പത്തിരിപ്പാല

Oct 21, 2010

പുതുലോകങ്ങള്‍ ബഷീറില്‍

ബഷീര്‍ എന്ന വലിയ മനുഷ്യന്റെ ദര്‍ശനങ്ങള്‍ എത്രത്തോളം വലുതാണെന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. 'തമാശക്കഥ'യെന്ന് പേരിട്ടുവിളിക്കുമ്പോഴും അതിന്റെ അടിയില്‍ ഊറിക്കൂടുന്ന നേരറിവുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു. 'പാത്തുമ്മയുടെ ആടി'ല്‍ കുടുംബകഥയുടെ ചിത്രീകരണത്തിലൂടെ അദ്ദേഹം കുടുംബബന്ധത്തിന്റെ ഊഷ്മളതകളും ദാരിദ്ര്യത്തിനിടയിലെ പ്രത്യാശകളും സ്ത്രീകളുടെ അവസ്ഥയും അതിലുപരി സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ജീവിത പരിസരവും തുറന്നു കാണിച്ചു.
'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് ' എന്ന നോവലിലൂടെ നമ്മുടെ പാരമ്പര്യ പൊങ്ങച്ചങ്ങളെ അദ്ദേഹം കുഴിയാനയാക്കി മാറ്റുന്നു. ഇസ്ലാംമതദര്‍ശം ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ഇതിനെക്കാള്‍ നന്നായി സാധിക്കുകയില്ല. യഥാര്‍ത്ഥ ഇസ്ലാമായ ബഷീറിനുമാത്രമേ സ്വസമുദായത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ ഇവ്വിധം തുറന്നു കാണിക്കാന്‍ പറ്റൂ. പാരമ്പര്യ വേഷങ്ങളുടെ പ്രത്യേകതകളെ ആയിഷയുടെയും നിസാര്‍ അഹമ്മദിന്റെയും വേഷം കൊണ്ട് നിരാകരിക്കുന്നുണ്ട്, ബഷീര്‍. വസ്ത്രധാരണത്തിന്റെ പേരില്‍ ഇന്നും നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. വിദ്യാഭ്യാസം സ്ത്രീയുടെ അവകാശമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇസ്ലാമിന്റെ ശുചിത്വബോധം 'പാത്തുമ്മയുടെ ആടി'ലെന്നതുപോലെ കൃതിയിലും ഉയരുന്നുണ്ട്.
സമൂഹസൃഷ്ടിയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് എഴുത്തുകാര്‍. തൂലികയെ മാറ്റത്തിന്റെ ചാലകശക്തിയാക്കാന്‍ അവര്‍ക്കു കഴിയും. ശരിയായ മതദര്‍ശനം എങ്ങനെയാവണം എന്ന് ബഷീര്‍ 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് ' എന്ന നോവലിലൂടെ തുറന്നു കാണിക്കുന്നു. ബഷീര്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നതും ലാളിത്യവും സത്യസന്ധതയും അദ്ദേഹത്തിന്റെ കൃതികള്‍ പുലര്‍ത്തുന്നതുകൊണ്ടാണ്.
സി. മായാദേവി,
ജി. എച്ച്. എസ്. എസ്.,
നാമക്കുഴി.

Oct 20, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം


ഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് മുത്തോലപുരം സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ അദ്ധ്യാപികമാരായ ശ്രീമതി നെജിനി വി. ജോണ്‍, സിസ്റ്റര്‍ കൊച്ചുറാണി ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ഭാഷാപരവും സാഹിത്യപരവും ആശയപരവുമായി കുട്ടികള്‍ നേടാനുദ്ദേശിച്ച ശേഷികള്‍ കൈവരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഏഴ് മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ ചോദ്യപ്പേപ്പറിലുള്ളത്. ഭിന്നനിലവാരമുള്ള കുട്ടികളെ പരിഗണിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താക്കള്‍ വിജയിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സുകളില്‍ അവതരിപ്പിച്ച് പൂര്‍ണ്ണഫലപ്രാപ്തിയിലെത്തിക്കാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Oct 18, 2010

ആകാശകുസുമങ്ങള്‍ വാടാറില്ല


നക്ഷത്രലോകത്തെ താരങ്ങളെ നേരില്‍ കാണാനാവുക, അത് നമ്മുടെയെല്ലാം ഒരു സ്വപ്നമല്ലേ. ഈ നക്ഷത്രങ്ങള്‍ ആണ് നമ്മുടെ കുഞ്ഞുങ്ങളെങ്കിലോ? ആ ഒരു ചിന്ത നമുക്ക് ഉണ്ടോ? അതിനനുസരിച്ച് അവരെ പരിഗണിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് താരേ സമീന്‍ പര്‍ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അമീര്‍ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേക പരിഗണന നല്കേണ്ടിവരുന്ന കുട്ടികള്‍ നമ്മുടെയെല്ലാം സ്ക്കൂളുകളിലുണ്ട്. എന്നാല്‍ കൂട്ടത്തിലോടാത്തവനെ ആരാണ് പരിഗണിക്കുന്നത്? അവന്റെ ചെറിയ കഴിവുകളെ കണ്ടറിഞ്ഞ് വേണ്ടവിധം പ്രോത്സാഹിപ്പിക്കാന്‍ നമ്മളില്‍ എത്ര അധ്യാപകര്‍ ശ്രമിക്കാറുണ്ട്? ഒരു തിരിഞ്ഞുനോട്ടത്തിന് ഈ സിനിമ വഴി അമീര്‍ഖാന്‍ അവസരം നല്‍കുന്നു.

കച്ചവടസിനിമകളുടെ രസക്കൂട്ടുകളില്‍നിന്ന് വഴിമാറി, ഒരു നല്ല സിനിമ തയ്യാറാക്കാന്‍ ഒരു ഹിന്ദി മുന്‍നിര സിനിമാതാരത്തിനു തോന്നി. ഒരിക്കലും ഒരു മലയാളതാരത്തിനു തോന്നാത്ത കാര്യം.

ഒരു ഒന്‍പതുവയസ്സുകാരനായ കുട്ടി - ഇഷാന്‍ എന്ന ഇഷാന്‍ ആവസ്തി-യുടെ സമൂഹവുമായുള്ള മാനസ്സിക വൈരുദ്ധ്യങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അക്ഷരങ്ങളെ തിരിച്ചറിയാനാവാത്ത ആ പാവം കുട്ടിയെ മാതാപിതാക്കള്‍ക്കടക്കം മനസ്സിലാക്കാനാവുന്നില്ല. സ്ക്കൂളിലും വീട്ടിലുമെല്ലാം ഇഷാന്‍ നിരന്തരം പരിഹാസ്യനാകുന്നു. ജ്യേഷ്ഠനായ യോഹാന്‍ (സചെത് എന്‍ജിനീയര്‍) എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമനാകുമ്പോള്‍ അവന്റെ പേരുദോഷമാകുന്ന, എല്ലാ വിഷയങ്ങള്‍ക്കും നന്നായി തോല്‍ക്കുന്ന അനുജന്‍ എങ്ങനെ കുടുംബത്തിനു നാണക്കേടാകാതിരിക്കും? വീട്ടിലും സ്ക്കൂളിലും എല്ലാം ഇഷാന്‍ പ്രശ്നക്കാരനാകുമ്പോള്‍ ഏതൊരച്ഛനേയും പോലെ ഇഷാന്റെ അച്ഛനും (വിപിന്‍ ശര്‍മ്മ) പൊട്ടിത്തെറിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഒടുവില്‍ ഇഷാന്‍ ഏറ്റവും ഭയക്കുന്ന ബോര്‍ഡിംഗ് ജീവിതം അവന്റെ കുറ്റങ്ങള്‍ക്ക് ശിക്ഷയായി വിധിക്കുന്നു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്ക്കൂളില്‍ അയക്കേണ്ടി വരുമോ എന്ന ഭയം അനുഭവിക്കേണ്ടി വരുന്ന അച്ഛനമ്മമാരുടെ വികാരവും നാം പരിഗണിക്കേണ്ടതുണ്ട്. സമൂഹം ഇവര്‍ക്ക് എപ്പോഴും സഹതാപം നല്കാന്‍ തയ്യാറായിരിക്കും.സഹായവും സഹകരണവും നല്കാന്‍ മടിക്കുകയും ചെയ്യും.

രണ്ടാം ഭാഗത്തില്‍ അമീര്‍ഖാന്‍ ഇഷാന്റെ അധ്യാപകനായി വരുന്നതോടെ ആ കുട്ടിയുടെ പ്രകൃതത്തിനു മാറ്റം വരുന്നു. അവന്റെ പഠനവൈകല്ല്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അമീര്‍ഖാന്‍ (രാം ശങ്കര്‍ നികുംഭ്) അവനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വേണ്ടുന്ന കാര്യങ്ങള്‍(ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നത്)ചെയ്യുമ്പോള്‍ ഫലം അച്ഛനമ്മമാരെ പോലും അതിശയിപ്പിക്കുന്നതാവുന്നു. അച്ഛനമ്മമാര്‍ നല്കേണ്ടിയിരുന്ന സ്നേഹവും പരിഗണനയും തന്റെ അധ്യാപകനില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇഷാനില്‍ ഉണ്ടായ മാറ്റം അവസാന സീനിലെ വികാരനിര്‍ഭരമായ രംഗത്തില്‍ നിന്നും നമുക്ക് അനുഭവിക്കാവുന്നതാണ്.

ഒരു ഇഷാന് ആ ഭാഗ്യം ലഭിച്ചു.എത്ര ഇഷാന്‍മാര്‍ ഇനിയും കാത്തിരിക്കുന്നു........

ദര്‍ഷീല്‍ സഫാരിയുടെ അഭിനയം ഇഷാന്‍ എന്ന കുട്ടിക്കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നു. തനയ് ചേദയുടെ രാജന്‍ ദാമോദറും ടിസ്ക്കാ ചോപ്രയുടെ മായാ ആവസ്തിയും നിര്‍മ്മാണവും സംവിധാനവും മികച്ച അഭിനയവും കാഴ്ചവച്ച അമീര്‍ഖാന്റെ ഓവറോള്‍ പ്രകടനവും എല്ലാം ചിത്രത്തെ മിഴിവുള്ളതാക്കി മാറ്റുന്നു. പ്രാഥമിക വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാളും കാണേണ്ട ഒരു ദൃശ്യചാരുതയാണീ ചലച്ചിത്രം.

കെ. എസ്. ബിജോയി

ജി. വി. എച്ച്. എസ്. എസ്.,

ഈസ്റ്റ് മാറാടി

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയംഎട്ടാം തരം കേരള പാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യ നിര്‍ണ്ണയത്തിനുള്ള ഈ ചോദ്യ മാതൃക ത്യായറാക്കിയിരിക്കുന്നത് പിറവം സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിലെ ശ്രീമതി ജെസ്സി ജോണാണ്. വിവിധ വ്യവഹാരരൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനൊന്ന് ചോദ്യങ്ങളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഈ ചോദ്യമാതൃക നല്‍കന്നുണ്ട്. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Oct 17, 2010

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


ശക്തിയുടെ കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ നമ്മെ വിട്ടുപിരിഞ്ഞ ഒരു ഒക്ടോബര്‍ 16 കൂടികടന്നുപോയിരിക്കുന്നു. കരുവാന്റെ ആലയില്‍ കാച്ചിയെടുത്ത മടവാള്‍ പോലെ ബലിഷ്ഠമായിരിക്കണം തന്റെ ഓരോ രചനയുമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള കവിയായിരുന്നു ഇടശ്ശേരി. പഴകിയ ചാലുകള്‍ മാറ്റൂവാനും നിമ്നോന്നതമായ വഴികളില്‍ തേരുരുള്‍ പായിക്കുവാനും തല്പരനായിരുന്ന കവിയെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ക്കകത്ത് തളച്ചിടുക പ്രയാസമാണ്. ഒരു ഗ്രാമീണന്റെ ആര്‍ജ്ജവവും ശുദ്ധിയും ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും പാലിച്ചുപോന്ന വ്യക്തിയാണ് ഇടശ്ശേരി. തന്റെ രചനകള്‍ നല്ലതാകട്ടെ, ചീത്തയാകട്ടെ, അത് മറ്റൊന്നിന്റെ അനുകരണമാണ് എന്ന് ആരും മുദ്രകുത്തരുത് - അതായിരുന്നു അദ്ദേഹത്തിന്റെ ശാഠ്യം. പാരമ്പര്യത്തിന്റെ അംശങ്ങളും പരിവര്‍ത്തനത്തിനുള്ള ആഭിമുഖ്യവും അസാധാരണമായ ഏതോ അനുപാതത്തില്‍ ഈ പൊന്നാനിക്കാരനായ കവിയില്‍ മേളിക്കുന്നു.

ഗാര്‍ഹിക ജീവിത സംഘര്‍ഷങ്ങളെ കാവ്യവിഷയമാക്കുന്ന അനേകം കവിതകള്‍ ഇടശ്ശേരി രചിച്ചിട്ടുണ്ട്. വിവാഹസമ്മാനം, പെങ്ങള്‍, തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, അങ്ങേവീട്ടിലേയ്ക്ക് എന്നിവയിലൊക്കെ കുടുംബജീവിതബന്ധങ്ങളെ ഇഴപിരിച്ചു പരിശോധിക്കാന്‍ അദ്ദേഹം മുതിരുന്നുണ്ട്. ഇടശ്ശേരിയുടെ അങ്ങേവീട്ടിലേയ്ക്ക് എന്ന കവിതയുടെ ഒരു ഭാഗം ഒമ്പതാം തരത്തിലെ കേരളപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. കവിയുടെ രചനാതന്ത്രങ്ങളും ഭാവാവിഷ്കരണ പടുത്വവും വ്യക്തമാക്കുന്ന 'വിവാഹസമ്മാനം', 'തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍' എന്നീകവിതകളുടെ ഭാഗങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അങ്ങേ വീട്ടിലേയ്ക്കി'നോടൊപ്പം ഈ കവിതകളും കുട്ടികളെ പരിചയപ്പെടുത്താവുന്നതാണ്.

Oct 14, 2010

കാരൂര്‍കഥകള്‍


മലയാളത്തിലെ പ്രശസ്ത കഥാകൃത്തായിരുന്നു കാരൂര്‍ നീലകണ്ഠപ്പിള്ള. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപക സെക്രട്ടറിയും ആയിരുന്നു അദ്ദേഹം. മലയാളകഥയുടെ ചരിത്രത്തില്‍ പിതൃസ്ഥാനത്തു നില്‍ക്കുന്ന കഥാകൃത്താണ് കാരൂര്‍ നീലകണ്ഠപ്പിള്ള. കാരൂരിനു മമ്പും പിമ്പും വളരെയധികം കഥാകൃത്തുക്കളുണ്ടെങ്കിലും തന്റേതായ അനുഭവസീമകള്‍ക്കകത്ത് നിന്നുകൊണ്ട് മധ്യവര്‍ഗ്ഗത്തിന്റെ കഥ മലയാളികളെ അനുഭവിപ്പിച്ച എഴുത്തുകാരന്‍ കാരൂരാണ്. ആ കഥകള്‍ എഴുതിയ കാലത്തെന്നപോലെ ഇന്നും വായിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ കാലാതിവര്‍ത്തിയായ ആഖ്യാനതന്ത്രത്താലാണ്.

എട്ടാം തരം അടിസ്ഥാനപാഠാവലിയിലെ പച്ചപ്പുകള്‍ തേടി എന്ന യൂണിറ്റില്‍ കഥയിലെ പ്രകൃതി എന്ന ലേഖനത്തില്‍ കാരൂരിന്റെ 'ചെമ്പന്‍ പിലാവ് ' എന്ന കഥയെ വിശകലനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഒമ്പതാംതരം അടിസ്ഥാന പാഠാവലിയില്‍ അന്നവിചാരം മുന്നവിചാരം എന്ന യൂണിറ്റില്‍ വിശപ്പ് മുഖ്യ പ്രമേയമായ കഥ എന്ന നിലയില്‍ കാരൂരിന്റെ 'പൊതിച്ചോറ് ' എന്ന കഥ ചില പഠനപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ടുകഥകളുടെയും ചില ഭാഗങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അല്പം താമസിച്ചുപോയി. എങ്കിലും കഥകള്‍ ക്ലാസ്സില്‍ പൊതു വായനയ്ക്കുവയ്ക്കുകയോ റിവിഷന്‍ സമയത്ത് ഉപയോഗിക്കുകയോ ചെയ്യാമെന്നു കരുതുന്നു.

Oct 11, 2010

മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ പത്താതരം നാലാം ഭാഗം


പത്താം തരം നാലാം യൂണിറ്റില്‍ കേരളത്തിലെ പ്രമുഖ ദൃശ്യകലകളായ കളകളി, നാടകം, സിനിമ ഇവയാണല്ലോ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാരൂപങ്ങളുടെ ആസ്വാദനക്കുറിപ്പുതയ്യാറാക്കുക, പരിചിതമായ കഥകളെ അടിസ്ഥാനമാക്കി നാടകങ്ങള്‍ രചിക്കുക, തിരക്കഥകള്‍ രചിക്കുക, ചലച്ചിത്രനിരൂപണം തയ്യാറാക്കുക, കലാകാരന്മാരുമായി അഭിമുഖം നടത്തി റിപ്പോര്‍ട്ടും ഫീച്ചറും തയ്യാറാക്കുക, പരസ്യങ്ങളും പോസ്റ്ററുകളും രൂപകല്പനചെയ്യുക, കലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സെമിനാറുകള്‍ മുതലായവയില്‍ പങ്കെടുത്ത് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമായി യൂണിറ്റ് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും ഈ മൂന്ന് കലാരൂപങ്ങളുടേയും അഭിനയരീതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുഖ്യമായും വന്നുകാണുന്നത്. അതില്‍ തന്നെ സിനിമയ്ക്ക് അല്പം പ്രാധാന്യം ഏറിപ്പോകുന്നില്ലേ എന്ന സംശയവുമുണ്ട്. പടവുകളിലും വിവിധ പൊതുപരീക്ഷകള്‍ക്ക് ചോദിച്ചിരുന്നവയുമായി നാല്പത്തിനാല് പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ ദൃശ്യകലകളിലെ അഭിനയത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നാല്‍ പരീക്ഷയ്ക്ക് എന്തുതന്നെചോദിച്ചാലും കുട്ടികള്‍ക്ക് വ്യക്തമായി ഉത്തരം എഴുതാന്‍ കഴിയും. ഭരതമുനിയുടെ ചതുര്‍വ്വിധാഭിനയരീതിയുടെയും (ആഹാര്യം, ആംഗികം, വാചികം, സ്വാത്വികം) അടൂര്‍ പറയുന്ന ആരോപിത (അതെന്താണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു) ത്തിന്റെയും അടിസ്ഥാനത്തില്‍ അഭിനയത്തെ താരതമ്യം ചെയ്യുന്നതായിരിക്കും കൂടുതല്‍ യോജിക്കുകയെന്നുതോന്നുന്നു. നാടകത്തിലെയും സിനിമയിലെയുമെല്ലാം അഭിനയരീതിയുടെ പ്രത്യേകതകളും അടുത്തറിയേണ്ടതുണ്ട്.
അതിനെല്ലാം ഈ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ ശരിയായ വിനിമയം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു.

Oct 10, 2010

ചങ്ങമ്പുഴ കൃഷ്ണപിള്ള – മലയാളകവിതയിലെ ജ്വ ലിക്കുന്ന നക്ഷത്രം


മലയാളത്തിലെ ഓര്‍ഫ്യൂസ്, കാവ്യ ഗന്ധര്‍വന്‍, കാല്പനിക കവി, വിപ്ലവ കവി എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാ പ്രതിഭയുടെ ജന്മശതാബ്ദിയുടെ ആരംഭമാണ് 2010 ഒക്ടോബര്‍ 11.

കേരളത്തില്‍ 'കുടില്‍ തൊട്ട് കൊട്ടാരം വരെ മധുരനാരങ്ങ പോലെ വരുന്നത്, വരുന്നതങ്ങു വിറ്റഴിയുന്നത് ' ചങ്ങമ്പുഴ കൃതിയല്ലാതെ മറ്റൊന്നായിരുന്നില്ല. ആ കാവ്യസാഗരത്തില്‍ ആറാടിയ മലയാളികള്‍

"ഒന്നൊഴിയാതെ കണ്ണും മിഴിച്ചങ്ങു നിന്നുപോയ്

മര്‍ത്ത്യരാബാല വൃദ്ധം" എന്നു പറയുന്നതാവും ശരി. വികാരപരതയാല്‍ സഹൃദയ മനസ്സുകളെ ഇത്രമാത്രം ചഞ്ചലാവസ്ഥയില്‍ എത്തിച്ച മറ്റൊരു കവി മലയാളത്തിലില്ല.

വറ്റാത്ത കാവ്യഭാവനയുടെ അനുസ്യൂത പ്രവാഹമായിരുന്നു ആ മനുഷ്യജീവിതം. കേലം മുപ്പത്തേഴു വര്‍ഷംകൊണ്ട് കൈരളിക്കായി ഒരു കാവ്യ സമുദ്രം തന്നെ അദ്ദേഹം കാഴ്ചവച്ചു. മിഴിവാര്‍ന്ന പദങ്ങളെ അനുയോജ്യമാംവിധം രാഗതാളലയ വിന്യാസത്തോടെ സഹൃദയരിലെത്തിച്ച അന്യാദൃശ പ്രതിഭയാണ് ചങ്ങമ്പുഴ.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലേയ്ക്ക്

"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി

മരതക കാന്തിയില്‍ മുങ്ങിമുങ്ങി" എന്നുതുടങ്ങുന്ന വരികളല്ലേ ആദ്യം ഓടിയെത്തുക.

അനിയന്ത്രിതവും ഉത്കടവുമായ വികാരത്തള്ളലാണ് ചങ്ങമ്പുഴ കവിതകളുടെ ഉറവിടം എന്ന് അദ്ദേഹത്തിന്റെ ഓരോ വരിയും നമ്മെ ഓര്‍മ്മിപ്പിക്കും.

"മലരൊളി തിരളും മധുചന്ദ്രികയില്‍

മഴവില്‍ക്കൊടിയുടെ മുനമുക്കി" എഴുതാനുഴറിയ ആ കവി മലയാളകാല്പനിക കവിതയിലെ 'മുടിചൂടാമന്നന്‍' എന്ന സ്ഥാനം മലയാളമുള്ളിടത്തോളം കാലം, മലയാളിയുള്ളിടത്തോളം കാലം അലങ്കരിക്കും എന്നതിന് സംശയലേശമില്ല.

പൂമാല
ആത്മരഹസ്യം
കാവ്യനര്ത്തകി
മനസ്വിനി
രാഗോപഹാരം
രമണന്‍

രമണന്‍ (ചലച്ചിത്ര ഗാനം)
രമണന്കവിത (PDF )

രണ്ടു ഗീതകങ്ങള്
ശാലിനി

സ്പന്ദിക്കുന്ന അസ്ഥിമാടം
വിരുന്നുകാരന്‍
വെള്ളി നക്ഷത്രമേ നിന്നെ നോക്കി

ആര്‍. ബീന

മലയാളം അദ്ധ്യാപി

ഗവ. ഹൈസ്ക്കൂള്‍, മണീട്.