ഇതെന്റെ നോവാണ് കവിതയല്ല
നെഞ്ചിലെരിയുന്ന തീയാണ് ദുഃഖമല്ല
വെയിലേറ്റു വാടി തളര്‍ന്നു ഞാനീ-
മരുയാത്രയിലൂര്‍ദ്ധ്വന്‍ വലിക്കെ
ഒരു കുഴല്‍ വിളിയുടെ നാദമായ്..
വരുമോ
മഴവറ്റി, പുഴവറ്റി, കുളിര്‍കാറ്റുവറ്റി
മനുജന്റെ മനതാരിലാര്‍ദ്രതവറ്റി
നറുംപാല്‍ മണക്കുന്ന കുഞ്ഞിളം
ചുണ്ടിലെ പുഞ്ചിരി പോലും
വരണ്ടെങ്ങുപോയി...
ആരോ കരയുന്നു പിന്നില്‍
അരുമയാ കാറ്റോ നിലാവോ...
അമ്മയെ വേര്‍പെട്ടനാഥനായ്-
തീര്‍ന്നൊരാചോര പുതപ്പിട്ടകുഞ്ഞോ.....
ഒരുപിടി അവലിനായ് മാറാപ്പു-
മായി നിന്നമ്മ നടക്കുന്നിതഗ്നിനിയില്‍
വ്രത ശുദ്ധിവെളിവാക്കി മറുകര-
യിലെത്തുമ്പോഴന്ത്യ കര്‍മ്മം ചെയ്യൂ-
മകനേ....
കിളിയില്ല പാട്ടില്ല കുളിര്‍ കാറ്റുമില്ലയീ-
പെരുവഴിയില്‍ നാമേകരാണ്‍
ഒരു കണിക്കൊന്നയുടെ ചില്ല....
തേടിപ്പറന്നിടനെഞ്ചു പൊട്ടിയ
പൈങ്കിളി പെണ്ണേ....
ഇനി വരില്ലോണവും വിഷുവിമീ-
നാടിന്റെ ആത്മാവുകൂടിപ്പറന്നു
പോയോ...
കണ്ണോടുകണ്‍നോക്കി കരള്‍
പങ്കുവച്ചവര്‍
കരളിന്റെ പാതിയെ ഇരുളിന് വിറ്റവര്‍
പിരിയാതിരിക്കുവാനെന്നേക്കുമായി
കരം ചേര്‍ത്തുപിടിച്ചു പിരിഞ്ഞവള്‍
നമ്മള്‍
ഉള്ളിലെ അഗ്നി അണയ്ക്കുവാ-
നന്യന്റെ കണ്ണീരു വാറ്റി കുടിച്ചവന്‍
നമ്മള്‍.....
ഇരുളിന്റെ മൂലയില്‍ ആരെയോ-
പ്രാകി കിനാക്കണ്ടിരിക്കുന്നു വൃദ്ധര്‍
ഉമിനീരിനവസാന തുള്ളിയും നല്കി
മൃത്യുവരിക്കുന്നു പുഴകള്‍
അവസാന സ്പന്ദനം ബാക്കി
നില്‍ക്കുന്നൊരെന്‍ അമ്മതന്‍
രോദനം കേള്‍ക്കെ......
ഒരു കുഴല്‍ വിളിയുടെ നാദമായ്-
വീണ്ടുമാ കടമ്പിന്റെ ചോട്ടില്‍
നീ വരുമോ....
റോസമ്മ സെബാസ്റ്റ്യന് (സിനി)
എസ്.ജെ.എച്ച്.എസ്
ഉപ്പുതോട്, ഇടുക്കി
കട്ടപ്പന