എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label ചലച്ചിത്ര ആസ്വാദനം. Show all posts
Showing posts with label ചലച്ചിത്ര ആസ്വാദനം. Show all posts

Jun 29, 2015

പ്രേമം .... തലയ്ക്കു പിടിച്ച പ്രേമം - സിനിമാനിരൂപണം




മുടിഞ്ഞ പ്രേമം എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് ഇത്ര ഭീകരമായിരിക്കുമെന്ന് മനസ്സിലായത്.... ശരിക്കും അനുഭവിക്കുന്നവർക്കല്ലേ ഇങ്ങനെ പറയാനാകൂ. കപട സദാചാരന്മാരുടെ അടികൊള്ളും മുമ്പ് കാര്യം പറഞ്ഞേക്കാം, പുതിയ മലയാളം ഹിറ്റ് പ്രേമം സിനിമയുടെ കാര്യമാണ് പറഞ്ഞു വന്നത്. എന്താ തിരക്ക്, ഓടുന്ന തീയേറ്ററെല്ലാം നിറഞ്ഞ് കവിഞ്ഞ് റോഡും ബ്ലോക്കായി അങ്ങനെ പ്രേമം കരകവിഞ്ഞൊഴുകുന്നു. നീന്തിത്തുടിച്ച് നമ്മുടെ യുവതലമുറയും..... കണ്ടവർ കണ്ടവർ വീണ്ടും കാണുന്നതു കൊണ്ട് കാണാനാകാത്തവർക്ക് പ്രേമം അനുഭവിക്കാനാകാതെ വരുന്നതിന്റെ നിരാശ പ്രേമിച്ചവർക്കെങ്കിലും മനസ്സിലാവണ്ടതല്ലെ ... വഴിമാറികൊടുക്കാനുള്ള മര്യാദ നമ്മൾ മലയാളികൾ പണ്ടേ കാണിക്കാറില്ലല്ലൊ !

Oct 11, 2011

മഴ ശലഭങ്ങള്‍ - 'പ്രണയം' ഒരു കാഴ്ചക്കുറിപ്പ്


മൂന്നു വയസ്സുകാരന്‍ അച്ചുവിന്റെയും എട്ടു വയസ്സുകാരി അഞ്ജുവിന്റെയും കലപിലകള്‍ക്കിടയിലൂടെയെങ്കിലും ബ്ലസിയുടെ 'പ്രണയം' കണ്ടെടുത്തു. കണ്ടവസാനിച്ചപ്പോള്‍ തുടങ്ങി മനസ്സു നടത്തിയ കോലാഹലങ്ങളും കലഹങ്ങളും അടുക്കും ചിട്ടയുമില്ലാതെ പകര്‍ത്തിവയ്ക്കുകയാണ്. ചന്ദനവും മണ്ണും ചേര്‍ന്ന കളറില്‍ എഴുതിവന്ന ഇംഗ്ലീഷിലുള്ള പ്രണയവാക്യങ്ങളും പറന്നുപറ്റിച്ചേര്‍ന്ന ചിത്രശലഭവും തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. ചിത്രം അവസാനിച്ചപ്പോള്‍ ഒരു ശലഭവും ചാറ്റല്‍ മഴയും മനസ്സില്‍ കുടിയേറിയിരുന്നു. അവര്‍ എന്നെ 'തൂവാനത്തുമ്പികളി'ലേയ്ക്കു കൊണ്ടുപോയത് സ്വഭാവികം. 'തൂവാനത്തുമ്പികളി'ല്‍ തുമ്പിയെ കണ്ട ഓര്‍മയില്ല.(ശ്രദ്ധക്കുറവാവാം) മഴ കണ്ടില്ലെങ്കില്‍ പിന്നെ അതു കണ്ടെന്നു പറഞ്ഞിട്ട് എന്തര്‍ത്ഥം? ശാരദക്കുട്ടിടീച്ചര്‍ എഴുതിയപോലെ ജയകൃഷ്ണന്റെ മനസ്സില്‍ മഴയായ് പെയ്യുന്ന ക്ലാരയെ നമുക്കു മറക്കാനാവില്ലല്ലോ.
തൂവാനത്തുമ്പികള്‍ - മഴത്തുമ്പികള്‍ എന്നല്ലേ അര്‍ത്ഥം? പ്രണയത്തിലുമുണ്ട് ഇടയ്കിടെ ഒരു മഴ...... ഗ്രേയ്സും (ജയപ്രദ) അച്യുതമേനോനും (അനുപംഖേര്‍) ആദ്യം കണ്ടു മുട്ടുമ്പോള്‍ മഴപെയ്തു. ചിരിച്ചു കൊണ്ടു മഴ നനയുന്ന അച്യുതമേനോനോട് ഒരു ഇഷ്ടം ഗ്രേയ്സിന് അപ്പഴേ തോന്നുന്നു. 'തൂവാനത്തുമ്പികളി'ല്‍ മഴ തനിയെ പെയ്തപ്പോള്‍ 'പ്രണയ'ത്തില്‍ പറഞ്ഞു പെയ്യിച്ചപോലെ തോന്നി. ബ്ലസിയും പത്മരാജനും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.

Jul 25, 2011

ആദാമിന്റെ മകന്‍ അബു - ചലച്ചിത്രാസ്വാദനം

വെള്ളവും വളവും നല്‍കി വളര്‍ത്തുകയും പടര്‍ന്നുപന്തലിക്കുമ്പോള്‍ ഉള്ളുപൊള്ളയാവുകയും ചെയ്യുന്ന ചില വന്മരങ്ങളെയും ഉള്ളുപൊള്ളയാവാത്ത കുറെ വന്മരങ്ങളെയും കാണിച്ചുതരുന്ന ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. ചലച്ചിത്രത്തെക്കുറിച്ചുള്ള വേറിട്ടകാഴ്ചപ്പാടുകളുമായെത്തി കാഴ്ചകളുടെ ധാരണകളെ വിനിര്‍മ്മിതിയ്ക്കു വിധേയമാക്കിയ സലിംഅഹമ്മദ് എന്ന ചെറുപ്പക്കാരന്റെ ഉള്ള് പൊള്ളയാവാത്ത അനുഭവാവിഷ്കാരങ്ങളാണ് സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചലച്ചിത്രം. കൂടാതെ അച്ഛനുറങ്ങാത്ത വീടിലൂടെയും ബ്രിഡ്ജി(കേരളാകഫേ)ലൂടെയും മികച്ച അഭിനേതാക്കളുടെ പട്ടികയിലേയ്ക്കുയര്‍ന്ന സലിംകുമാറിന്റെ അഭിനയത്തികവിന്റെയും മികവിന്റെയും പൂര്‍ണ്ണതകൂടിയാണ് ഈ ചിത്രം.

ഇസ്ലാംമതത്തിന്റെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്ന ഷഹാദത്ത് കലിമ (ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും വിശ്വസിക്കല്‍), നമസ്ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ആദ്യ നാലെണ്ണം എല്ലാവര്‍ക്കും നിര്‍ബന്ധിതമാകുമ്പോള്‍ അഞ്ചാമത്തെ ഹജ്ജ് കര്‍മ്മം സമ്പത്തും ആരോഗ്യവും ഉള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളു. എന്നാല്‍ സമ്പത്തും ആരോഗ്യവുമുള്ളരെക്കാള്‍ ഈ പുണ്യ കര്‍മ്മം ഏറെ ആഗ്രഹിക്കുന്നത് ഇതുരണ്ടും ഇല്ലാത്തവരാകും. ഹജ്ജ് നിര്‍വഹിക്കുക എന്നത് ഒരു ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന അബുവിന്റെ ജീവിതമാണ് ആദാമിന്റെ മകന്‍ അബുവിലൂടെ തെളിയുന്നത്. ഭാര്യയോടൊപ്പം ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് അയാളുടെ ജീവിത ലക്ഷ്യം.

Jun 27, 2011

മോഹനം ഈ മാണിക്യം - ചലച്ചിത്രാസ്വാദനം


രത്നങ്ങള്‍ കണ്ടെടുക്കാന്‍ എപ്പോഴും പ്രയാസമാണ്, കാലതാമസവുമെടുക്കും. ഇതും അങ്ങനെതന്നെ. "കഥ പറയുമ്പോള്‍" എന്ന തന്റെ ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം കെ. മോഹനന്‍ മാണിക്യക്കല്ല് കൊണ്ടുവരാന്‍ വര്‍ഷങ്ങളെടുത്തത് അതുകൊണ്ടാവും. കഥയില്ലായ്മയുടെ കാണാക്കയത്തില്‍ കൈകാലിട്ടടിച്ച് മുങ്ങിച്ചാവാന്‍ തുടങ്ങിയ മലയാള സിനിമയ്ക്ക് മാണിക്യകല്ല് ഒരു കൈത്താങ്ങാകുമെന്നതില്‍ സംശയമില്ല.
സത്യന്‍ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധായകന്‍ എന്ന പദവിയാണ് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകന്‍ നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയില്‍ സമ്പൂര്‍ണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപ്പറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്. 100% വിജയം പോലും ഒരു സാധാരണ ഏര്‍പ്പാടാകുന്ന ഇക്കാലത്ത് സമ്പൂര്‍ണ്ണ പരാജയം ലഭിക്കണമെങ്കില്‍ അത്രയും പാടുപെടണം. ഈ പാടുപെടല്‍ വണ്ണാമലയില്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും നടത്തുന്നുണ്ട്. ഇതിനിടയിലേക്കാണ് നായകന്റെ വരവ്. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രന്‍ മാഷിനു(പൃഥ്വിരാജ്) ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടര്‍ന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലില്‍ പറയുന്നത്.

Nov 16, 2010

മൂന്നാമതെത്താന്‍ കൊതിക്കുന്നവര്‍ - ചലച്ചിത്രാസ്വാദനം



ഏതൊരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഒന്നാം സ്ഥാനത്തിനാണ് കൊതിക്കുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തിനു കൊതിക്കുന്ന, അതിനു വേണ്ടി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കുന്ന ഒരു കുട്ടിയുടെ മനസ്സിലെന്തായിരിക്കും? ഒന്നാം സ്ഥാനം നേടി തളര്‍ന്നു വീഴുമ്പോള്‍ തനിയ്ക്ക് മൂന്നാം സ്ഥാനമില്ലേ എന്ന് ആകാംക്ഷയോടെ അവന്‍ ചോദിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മൂന്നാം സ്ഥാനം കിട്ടാത്തതില്‍ നിരാശനായി തലകുനിച്ചു വീട്ടിലെത്തുന്ന ഒരു ബാലന്‍! ഒന്നാം സ്ഥാനത്തിന്റെ വിലയറിയാത്ത, ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയല്ല അവന്‍. പിന്നെയുമെന്തേ അവനിങ്ങനെ? മജീദ് മജീദി എന്നയാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇറാനിയന്‍ ചലച്ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആണ് ഇത്തരമൊരു കഥ പറയുന്നത്.

അലി എന്ന ഒന്‍പതു വയസ്സുകാരന്‍ തന്റെ സഹോദരി ഏഴു വയസ്സുകാരി സാറയുടെ ചെരുപ്പ് നന്നാക്കാന്‍ കൊടുക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവ അലിയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ അലിയുടെ പിതാവ് (മുഹമ്മദ് അമീര്‍നജി) തുച്ഛവരുമാനക്കാരനും അമ്മ (ഫരസ്തെ സര്‍ബാന്ദി) രോഗിയുമാണ്. പുതിയ ചെരുപ്പ് വാങ്ങുക എന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യവും. ഈ സാഹചര്യത്തില്‍ വീട്ടിലറിയിക്കാതെ അലിയുടെ ഷൂ സാറയുമായി പങ്കു വയ്ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സാറയുടെ ക്ളാസ്സിനു ശേഷം അലിയുടെ ക്ളാസ്സ് നടക്കുന്നത് ഈ തീരുമാനമെടുക്കാന്‍ സഹായകരമായി. പക്ഷേ ക്ളാസ്സില്‍ നന്നായി പഠിക്കുന്ന അലി സമയത്ത് ഷൂ കിട്ടാത്തതു കൊണ്ട് പതിവായി സ്ക്കൂളില്‍ താമസിച്ചു വരാന്‍ തുടങ്ങിയത് അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് ദീര്‍ഘദൂര ഓട്ടമല്‍സരം നടക്കുന്ന വിവരം അലി അറിഞ്ഞത്. ഒന്നാം സമ്മാനം ഹോളിഡേ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരമായിരുന്നിട്ടു കൂടി അലിയ്ക്കതില്‍ യാതൊരു താല്പര്യവും തോന്നിയില്ല. എന്നാല്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസ് ആയിരുന്നു. തന്റെ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള അവസരമായി അലി ഇതിനെ കാണുന്നു. മൂന്നാം സ്ഥാനത്തിനായി മാത്രം മല്‍സരിക്കുന്ന അലി ബോധപൂര്‍വ്വം ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് മല്‍സരമുണ്ടായപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തിയ അലിയ്ക്ക് അവന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒന്നാം സ്ഥാനമാണ് കിട്ടിയത്. പരാജിതനേപ്പോലെ സാറയുടെ മുന്നിലെത്തിയ അലി മുറിഞ്ഞ കാലുകള്‍ വെള്ളത്തിലിട്ട് ഇരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

അമീര്‍ ഫറോക്ക് ഹഷ്മിയന്‍ അവതരിപ്പിച്ച അലി, ബഹ്റെ സിദ്ദിഖിയുടെ സാറ എന്നീ കഥാപാത്രങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഷൂ നഷ്ടപ്പെടുന്ന അലിയുടേയും സാറയുടേയും ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഈ കുട്ടികള്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. വീട്ടിലെ സാഹചര്യമറിഞ്ഞ് പെരുമാറുന്ന ഈ കുട്ടികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ അന്യമായ കാഴ്ചയാണ്. ഇറാനിലെ ടഹ്റാനില്‍ വച്ച് ചിത്രീകരിച്ച ഈ ചിത്രം പേര്‍ഷ്യന്‍ ഭാഷയിലാണ് എടുത്തിട്ടുള്ളത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍, സ്റ്റണ്ടു സീനുകള്‍, പ്രണയ രംഗങ്ങള്‍, തുടങ്ങി കണ്ടു ശീലിച്ച പതിവു മസാലക്കൂട്ടുകള്‍ ഒന്നുമില്ലാത്ത, ഒരു സാധാരണ പ്രമേയത്തെ അടിസ്ഥാനമാക്കി അസാധാരണമാംവിധം എടുത്ത ഈ ചിത്രം സിനിമാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.

children of heaven ചലച്ചിത്രം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക








കെ. എസ്. ബിജോയി,

ഗവ. വി.എച്ച്.എസ്.,

ഈസ്റ്റ് മാറാടി.

Oct 18, 2010

ആകാശകുസുമങ്ങള്‍ വാടാറില്ല


നക്ഷത്രലോകത്തെ താരങ്ങളെ നേരില്‍ കാണാനാവുക, അത് നമ്മുടെയെല്ലാം ഒരു സ്വപ്നമല്ലേ. ഈ നക്ഷത്രങ്ങള്‍ ആണ് നമ്മുടെ കുഞ്ഞുങ്ങളെങ്കിലോ? ആ ഒരു ചിന്ത നമുക്ക് ഉണ്ടോ? അതിനനുസരിച്ച് അവരെ പരിഗണിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് താരേ സമീന്‍ പര്‍ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അമീര്‍ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേക പരിഗണന നല്കേണ്ടിവരുന്ന കുട്ടികള്‍ നമ്മുടെയെല്ലാം സ്ക്കൂളുകളിലുണ്ട്. എന്നാല്‍ കൂട്ടത്തിലോടാത്തവനെ ആരാണ് പരിഗണിക്കുന്നത്? അവന്റെ ചെറിയ കഴിവുകളെ കണ്ടറിഞ്ഞ് വേണ്ടവിധം പ്രോത്സാഹിപ്പിക്കാന്‍ നമ്മളില്‍ എത്ര അധ്യാപകര്‍ ശ്രമിക്കാറുണ്ട്? ഒരു തിരിഞ്ഞുനോട്ടത്തിന് ഈ സിനിമ വഴി അമീര്‍ഖാന്‍ അവസരം നല്‍കുന്നു.

കച്ചവടസിനിമകളുടെ രസക്കൂട്ടുകളില്‍നിന്ന് വഴിമാറി, ഒരു നല്ല സിനിമ തയ്യാറാക്കാന്‍ ഒരു ഹിന്ദി മുന്‍നിര സിനിമാതാരത്തിനു തോന്നി. ഒരിക്കലും ഒരു മലയാളതാരത്തിനു തോന്നാത്ത കാര്യം.

ഒരു ഒന്‍പതുവയസ്സുകാരനായ കുട്ടി - ഇഷാന്‍ എന്ന ഇഷാന്‍ ആവസ്തി-യുടെ സമൂഹവുമായുള്ള മാനസ്സിക വൈരുദ്ധ്യങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അക്ഷരങ്ങളെ തിരിച്ചറിയാനാവാത്ത ആ പാവം കുട്ടിയെ മാതാപിതാക്കള്‍ക്കടക്കം മനസ്സിലാക്കാനാവുന്നില്ല. സ്ക്കൂളിലും വീട്ടിലുമെല്ലാം ഇഷാന്‍ നിരന്തരം പരിഹാസ്യനാകുന്നു. ജ്യേഷ്ഠനായ യോഹാന്‍ (സചെത് എന്‍ജിനീയര്‍) എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമനാകുമ്പോള്‍ അവന്റെ പേരുദോഷമാകുന്ന, എല്ലാ വിഷയങ്ങള്‍ക്കും നന്നായി തോല്‍ക്കുന്ന അനുജന്‍ എങ്ങനെ കുടുംബത്തിനു നാണക്കേടാകാതിരിക്കും? വീട്ടിലും സ്ക്കൂളിലും എല്ലാം ഇഷാന്‍ പ്രശ്നക്കാരനാകുമ്പോള്‍ ഏതൊരച്ഛനേയും പോലെ ഇഷാന്റെ അച്ഛനും (വിപിന്‍ ശര്‍മ്മ) പൊട്ടിത്തെറിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഒടുവില്‍ ഇഷാന്‍ ഏറ്റവും ഭയക്കുന്ന ബോര്‍ഡിംഗ് ജീവിതം അവന്റെ കുറ്റങ്ങള്‍ക്ക് ശിക്ഷയായി വിധിക്കുന്നു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്ക്കൂളില്‍ അയക്കേണ്ടി വരുമോ എന്ന ഭയം അനുഭവിക്കേണ്ടി വരുന്ന അച്ഛനമ്മമാരുടെ വികാരവും നാം പരിഗണിക്കേണ്ടതുണ്ട്. സമൂഹം ഇവര്‍ക്ക് എപ്പോഴും സഹതാപം നല്കാന്‍ തയ്യാറായിരിക്കും.സഹായവും സഹകരണവും നല്കാന്‍ മടിക്കുകയും ചെയ്യും.

രണ്ടാം ഭാഗത്തില്‍ അമീര്‍ഖാന്‍ ഇഷാന്റെ അധ്യാപകനായി വരുന്നതോടെ ആ കുട്ടിയുടെ പ്രകൃതത്തിനു മാറ്റം വരുന്നു. അവന്റെ പഠനവൈകല്ല്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അമീര്‍ഖാന്‍ (രാം ശങ്കര്‍ നികുംഭ്) അവനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വേണ്ടുന്ന കാര്യങ്ങള്‍(ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നത്)ചെയ്യുമ്പോള്‍ ഫലം അച്ഛനമ്മമാരെ പോലും അതിശയിപ്പിക്കുന്നതാവുന്നു. അച്ഛനമ്മമാര്‍ നല്കേണ്ടിയിരുന്ന സ്നേഹവും പരിഗണനയും തന്റെ അധ്യാപകനില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇഷാനില്‍ ഉണ്ടായ മാറ്റം അവസാന സീനിലെ വികാരനിര്‍ഭരമായ രംഗത്തില്‍ നിന്നും നമുക്ക് അനുഭവിക്കാവുന്നതാണ്.

ഒരു ഇഷാന് ആ ഭാഗ്യം ലഭിച്ചു.എത്ര ഇഷാന്‍മാര്‍ ഇനിയും കാത്തിരിക്കുന്നു........

ദര്‍ഷീല്‍ സഫാരിയുടെ അഭിനയം ഇഷാന്‍ എന്ന കുട്ടിക്കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നു. തനയ് ചേദയുടെ രാജന്‍ ദാമോദറും ടിസ്ക്കാ ചോപ്രയുടെ മായാ ആവസ്തിയും നിര്‍മ്മാണവും സംവിധാനവും മികച്ച അഭിനയവും കാഴ്ചവച്ച അമീര്‍ഖാന്റെ ഓവറോള്‍ പ്രകടനവും എല്ലാം ചിത്രത്തെ മിഴിവുള്ളതാക്കി മാറ്റുന്നു. പ്രാഥമിക വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാളും കാണേണ്ട ഒരു ദൃശ്യചാരുതയാണീ ചലച്ചിത്രം.

കെ. എസ്. ബിജോയി

ജി. വി. എച്ച്. എസ്. എസ്.,

ഈസ്റ്റ് മാറാടി

Oct 5, 2010

മലയാള സിനിമ - നാള്‍വഴികള്‍


ഇത് നമ്മുടെ നൂറാമത് പോസ്റ്റ്‌. വിദ്യാരംഗം ബ്ലോഗ്‌ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൂര്‍ണ്ണ രൂപത്തില്‍നിലവില്‍ വരുന്നത്. മലയാള അധ്യാപകരുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗിന് പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്ത് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും അധ്യാപകര്‍ വന്നത് ഞങ്ങള്‍ക്ക് കൂടുതല്‍പ്രചോദനമായി. ബ്ലോഗില്‍ പല പേജുകളിലായി പല വിഭാഗത്തിലുള്ള ആശയങ്ങള്‍ കൈമാറാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഇന്ന് 'പ്രധാനതാളി'ലെ പോസ്റ്റുകള്‍ മാത്രം 100 തികഞ്ഞിരിക്കുന്നു. ഇനിയുംഊര്‍ജ്ജിതമായി മുന്നോട്ടു പോകാന്‍ നമ്മുടെ ബ്ലോഗിന് സാധിക്കട്ടെ. അതിനു ഏവരുടെയും സഹകരണംഒരിക്കല്‍ കൂടി ഞങ്ങള്‍പ്രതീക്ഷിക്കുന്നു.
മലയാളികളുടെ ആസ്വാദന ശേഷിയെ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്ന ഒന്നാണ് മലയാള സിനിമാ ചരിത്രം. ഈചരിത്രം പരിശോധിച്ചാല്‍ സിനിമ എന്നാ കലാ രൂപത്തിന് കാലാ കാലങ്ങളില്‍ വന്ന മാറ്റങ്ങളും അവ നമ്മെസ്വാധീനിക്കുന്നത് എത്രമാത്രമെന്നും കണ്ടെത്താന്‍ സാധിക്കും. ഇന്ന് ഏറ്റവും പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്സിനിമാ ചിത്രീകരിക്കുകയും അവ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു.എന്നാല്‍, ഈ രൂപത്തിലേക്ക്മലയാള സിനിമ എത്തിപ്പെട്ടതിനു പിന്നില്‍ ഒരായിരം കൈകളുടെ പ്രയത്നങ്ങള്‍ നാം വിസ്മരിക്കാന്‍പാടില്ല.ഇതിനിടയില്‍ പലപ്പോഴും കലാമൂല്യമുള്ള ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. കുട്ടികളിലേക്ക് മലയാള സിനിമാ ചരിത്രം വളരെ എളുപ്പത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈപ്രസന്റേഷന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന PDF ഫയല്‍ തുറന്ന ശേഷം view മെനുവില്‍ Presentation -ല്‍ ക്ലിക്ക് ചെയ്‌താല്‍ സ്ലൈഡുകള്‍ കാണാന്‍ സാധിക്കും.

Sep 22, 2010

ത്രീ ഇഡിയറ്റ്സ് - കാഴ്ചക്കുറിപ്പ്

സുഹൃത്തുക്കള്‍ക്ക് പരസ്പരം സ്വാധീനിക്കാനാവുമെന്നത് ഏവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അത് മിക്കവാറും വീട്ടുകാരടങ്ങുന്ന സമൂഹത്തിനംഗീകരിക്കാനാകില്ല. എത്രയൊക്കെ പുരോഗമനം നമ്മള്‍ പറഞ്ഞാലും മക്കള്‍ക്ക് അവനവന്റെ ഭാവി സ്വയം നിശ്ചയിക്കാന്‍ വിട്ടുകൊടുക്കുന്ന എത്ര രക്ഷിതാക്കള്‍ നമ്മുടെയിടയിലുണ്ട്? രക്ഷിതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലല്ലേ ഇന്നത്തെ കുട്ടികളുടെ പഠനം? ഒരു എന്‍ജിനീയറിംഗ് കോളേജില്‍ പഠനത്തിനായെത്തിയ മൂന്നു സുഹൃത്തുക്കളുടെ, രാഞ്ചോ(അമീര്‍ഖാന്‍), ഫര്‍ഹാന്‍(മാധവന്‍), രാജു(ഷര്‍മന്‍ ജോഷി) കോളേജ് ജീവിതവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാണലുമാണ് ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്‍ പറയുന്നത്. രാഞ്ചോ എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന, അധ്യാപകരുടെ ഒരു തലവേദനയായ വിദ്യാര്‍ത്ഥിയാണ്. പഠനത്തിന് പരീക്ഷയേക്കാള്‍ അവന്‍ പ്രാധാന്യം കൊടുക്കുന്നു. കൂട്ടുകാരെ അവരുടെ ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതെല്ലാം രാഞ്ചോയെ കോളേജ് ഡയറക്ടര്‍ വീരു സഹസ്രബുദ്ധേയുടെ (ബോമന്‍ ഇറാനി) നോട്ടപ്പുള്ളിയാക്കി മാറ്റുന്നു. പ്രഗല്ഭനും പ്രതാപിയും എന്നാല്‍ ഹൃദയശൂന്യനുമായ ഇയാളുടെ മകളുടെ(കരീനാ കപൂര്‍) ഹൃദയം കവരാന്‍ ഒടുവില്‍ രാഞ്ചോയ്ക്കാവുന്നു.
എന്‍ജിനീയറിംഗ് ബിരുദം ഒന്നാം സ്ഥാനത്തോടെ നേടിയതിനു ശേഷം രാഞ്ചോ അപ്രത്യക്ഷനാകുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം രാഞ്ചോയെ അന്വേഷിച്ച് പോകുന്ന ഫര്‍ഹാനും രാജുവും ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിയുന്നു, തങ്ങളുടെ കൂടെ അഞ്ചുവര്‍ഷം പഠിച്ചത് രാഞ്ചോ ആയിരുന്നില്ല എന്ന്. ഒടുവില്‍ തങ്ങളുടെ സഹപാഠിയെ കണ്ടെത്തുന്ന അവര്‍ അവന്‍ വലിയ സൈന്റിസ്റ്റും എന്നാല്‍ സ്ക്കൂള്‍നടത്തിപ്പുകാരനും കൂടിയാണെന്ന് തിരിച്ചറിയുന്നു. കരീനാ കപൂറുമൊത്തൊരു ജീവിതം കൂടി ആരംഭിക്കുന്നിടത്ത് ഫിലിം ശുഭപര്യവസായിയാകുന്നു.
പഠനമെന്നത് ഉയര്‍ന്ന മാര്‍ക്കിനും ഉന്നത ജോലിയ്ക്കും അതുവഴി കനത്ത ശമ്പളത്തിനും മാത്രമാവുമ്പോള്‍ ജീവിതമൂല്യങ്ങളെ ഒരുപാട് അകലെ നിര്‍ത്തേണ്ടിവരും. അറിവാണ് ലക്ഷ്യമെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ താനേ വരികയും ചെയ്യും. തനിക്ക് വിഷമമുള്ള വിഷയങ്ങളുടെ പരീക്ഷയുടെ തലേന്ന് "പഠിപ്പിസ്റ്റ്"കാട്ടുന്നത് ഇന്നത്തെ തലമുറയ്ക്ക് ഉദാഹരണമല്ലേ?
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സാധ്യതകളാണ് ഈ സിനിമ നമുക്കു മുമ്പില്‍ വയ്ക്കുന്നത്. കഥയിലുടനീളം സസ്പെന്‍സും കോമഡിയും നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. "വാക്വം ക്ലീനര്‍ പ്രസവം"പോലുള്ള രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. നായികാപ്രാധാന്യവുമല്പം കുറഞ്ഞിട്ടില്ലേയെന്നൊരു സംശയവുമില്ലാതില്ല. "എല്ലാം നല്ലത് " (ഓള്‍ ഈസ് വെല്‍) എന്ന സന്ദേശം(ഗാനവും) നല്‍കുന്ന ഈ അഭ്രകാവ്യം ഏതായാലും വ്യത്യസ്തമായ ഒരു അനുഭവം പകര്‍ന്നുനല്‍കുന്നു.
(ചലച്ചിത്രം പൂര്‍ണ്ണമായി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക )




കെ.എസ് ബിജോയ്
കൂത്താട്ടുകുളം





Aug 16, 2010

സിനിമയും സാഹിത്യവും




മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍.

Jul 26, 2010

ഒരു ചെറുപുഞ്ചിരി (ചലച്ചിത്ര ആസ്വാദനം)


ആഹ്ലാദകരമായ ഒരു വാര്‍ദ്ധക്യം! ആധുനികമലയാളിക്ക് ഒരു സ്വപ്നം മാത്രമല്ലേ? ഏതെങ്കിലും ഒരു മലയാളി വൃദ്ധന്‍ ഇന്ന് സംതൃപ്തജീവിതം നയിക്കുന്നുണ്ടാകുമോ?ഇക്കാര്യത്തില്‍ സാമ്പത്തിക സാമൂഹ്യ ഘടകങ്ങള്‍ ഒരു സ്വാധീനശക്തിയാണോ? വാര്‍ദ്ധക്യത്തിലേയ്ക്കടുക്കുന്ന ഏതൊരു മലയാളിയെയും ചോദ്യങ്ങള്‍ അലട്ടുന്നുണ്ട്.
വാര്‍ദ്ധക്യത്തെ ആഹ്ലാദകരമായ അനുഭവമാക്കുന്ന നിരവധി വിദേശീയരെ നമുക്കുമാണാനാകും. ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ജീവിത സായാഹ്നങ്ങളെ ആനന്ദകരമാക്കാന്‍ പുറപ്പെടുന്ന വിദേശവിനോദസഞ്ചാരികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളിക്ക് അങ്ങനെയൊരു ശീലമുണ്ടോ? അവര്‍ക്കെങ്ങനെ സന്തോഷകരമായ ഒരു ജീവിതം നയിക്കാനാകും? ചോദ്യത്തിന് വ്യത്യസ്ഥമായ ഒരു ഉത്തരം നല്‍കാനാണ് "ഒരു ചെറുപുഞ്ചിരി" എന്ന സിനിമയിലൂടെ എം. ടി. ശ്രമിക്കുന്നത്. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ 'മിഥുനം' എന്ന കഥയാണ് ചലച്ചിത്രത്തിനാധാരം.
വൃദ്ധ ദമ്പതിമാരായ കുറുപ്പും അമ്മാളുവും തനിച്ച് ഒരു ഗ്രാമത്തില്‍ താമസിക്കുന്നു. മക്കളെല്ലാം ദൂരസ്ഥലങ്ങളില്‍ ജോലിക്കും വിവാഹം കഴിച്ചും പോയിരിക്കുന്നു. കൃഷിയെ സ്നേഹിക്കുന്ന കുറുപ്പും അയാളെ എല്ലാവിധത്തിലും പിന്‍തുണയ്ക്കുന്ന അമ്മാളുവും കൂടിയുള്ള വാര്‍ദ്ധക്യകാലജീവിതവും അവരുടെ സൗന്ദര്യപ്പിണക്കങ്ങളും പറയാതെ പറയുന്ന സ്നേഹവുമെല്ലാംകൂടിയതാണ് സിനിമ.
ഒറ്റനോട്ടത്തില്‍ മുരടനെന്നു തോന്നിക്കുന്ന കുറുപ്പില്‍ ദയയുടെ കടലിരമ്പുന്നുണ്ടെന്ന് സിനിമ പലപ്പോഴും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.