എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 30, 2011

ഒമ്പതാം ക്ലാസ് ഐ.സി.റ്റി - ജിമ്പ് വര്‍ക്ക്ഷീറ്റ്


പ്രിയ സുഹൃത്തുക്കളേ
സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗ് ഒരുവയസ്സ് പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്. ഈ അദ്ധ്യയന വര്‍ഷം ഒമ്പതാം തരത്തിലെ ഐ.സി.റ്റി. പാഠപുസ്തകം പുതുക്കിയിട്ടുണ്ടല്ലോ. എല്ലാ അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തുതന്നെ പരിശീലനവും ലഭിച്ചിട്ടുണ്ട്. .സി.റ്റി.യുടെ തിയറിക്ലാസ്സുകള്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കുള്ള തയ്യാറെടുപ്പുകളാവണമെന്നും തിയറിക്ലാസ്സുകളില്‍ പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കണമെന്നും ഒക്കെയുള്ള ആശയങ്ങള്‍ ആ പരിശീലനസമയത്ത് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. കഴിയുന്നതും പ്രോജക്ടറുപയോഗിച്ച് ഡമോണ്‍സ്ട്രേഷന്‍ ചെയ്ത് തിയറിപഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള എളിയശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചില വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമ്പ് ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ എന്ന നിലയില്‍ പരിചയപ്പെടുത്തുകയും അതുപയോഗിച്ച് കൊളാഷ് നിര്‍മ്മിക്കുകയുമാണല്ലോ ഒന്നാം അദ്ധ്യായം.

Jun 29, 2011

അടുക്കളപ്പാട്ട് - കവിത

വീട്ടമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍
അരികില്‍ പാടുന്നു റേഡിയോ.
ഓര്‍മ്മകള്‍ ഗോതമ്പുമാവില്‍
കുഴഞ്ഞ്...ഉരുണ്ട്...പരന്ന്...

ഒന്നാം പാട്ടവളെ പുഴയോരത്തെത്തിച്ചു.
പത്തു വയസ്സുകാരിയുടെ കൌതുകക്കണ്ണുകള്‍
അഴിമുഖത്തെ ചീനവലക്കുള്ളിലെ
മീന്‍ചാട്ടങ്ങളിലേക്കെത്തിനോക്കുന്നു.
കൂട്ടുകാരന്റെ നീട്ടിയ കൈകളിലെ
ഇലഞ്ഞിപ്പഴച്ചവര്‍പ്പ്
മൈലാഞ്ചിത്തുടുപ്പിലേക്ക് വീഴുന്നു.
മഴയിലൂടെ ......അവരോടുന്നു.

രണ്ടാം പാട്ടില്‍,
ഒരു കൗമാരക്കാരി തനിച്ചിരിക്കുന്നു.
വിടര്‍ന്ന കണ്ണുകളിലെ
പറയാതൊളിപ്പിച്ച പ്രണയം
കവിള്‍ത്തണുപ്പിലൂടെ....
രാത്രി മഴയിലേക്കൊഴുക്കുന്നു.

മൂന്നാം പാട്ടില്‍,
കൂട്ടുകാരുമൊത്തവള്‍ കടല്‍ക്കരയില്‍
തിരയെണ്ണിയും കടലകൊറിച്ചും ...
പാല്‍നുരയില്‍ കാല്‍ നനച്ചും ...
കടല്‍ക്കാറ്റില്‍ അപ്പൂപ്പന്‍ താടിയായലഞ്ഞും.

നാലാം പാട്ടിലവള്‍ ആള്‍ക്കൂട്ടത്തില്‍
മുല്ലപ്പൂഭാരത്താല്‍ തലകുനിച്ച് ...
കളിപ്പാട്ടമായതില്‍ സങ്കടപ്പെട്ട്‌ ...
കാറ്റിന്റെ പിന്‍വിളികേള്‍ക്കാതെ ...
പുഴയോട് യാത്രചോദിക്കാതെ...

അഞ്ചാംപാട്ടിലെ അപസ്വരങ്ങള്‍
വരികളുടെ ഈണമുലച്ചപ്പോള്‍
കണ്ണീരുപ്പേറി...
ഉള്‍ച്ചൂടിനാല്‍ വെന്തുകരിഞ്ഞ
ചപ്പാത്തി വിളമ്പി
അവള്‍ ആരാച്ചാര്‍ക്കു മുമ്പില്‍
കഴുത്തു നീട്ടിനിന്നു....!

സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

Jun 27, 2011

മോഹനം ഈ മാണിക്യം - ചലച്ചിത്രാസ്വാദനം


രത്നങ്ങള്‍ കണ്ടെടുക്കാന്‍ എപ്പോഴും പ്രയാസമാണ്, കാലതാമസവുമെടുക്കും. ഇതും അങ്ങനെതന്നെ. "കഥ പറയുമ്പോള്‍" എന്ന തന്റെ ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം കെ. മോഹനന്‍ മാണിക്യക്കല്ല് കൊണ്ടുവരാന്‍ വര്‍ഷങ്ങളെടുത്തത് അതുകൊണ്ടാവും. കഥയില്ലായ്മയുടെ കാണാക്കയത്തില്‍ കൈകാലിട്ടടിച്ച് മുങ്ങിച്ചാവാന്‍ തുടങ്ങിയ മലയാള സിനിമയ്ക്ക് മാണിക്യകല്ല് ഒരു കൈത്താങ്ങാകുമെന്നതില്‍ സംശയമില്ല.
സത്യന്‍ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധായകന്‍ എന്ന പദവിയാണ് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകന്‍ നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയില്‍ സമ്പൂര്‍ണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപ്പറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്. 100% വിജയം പോലും ഒരു സാധാരണ ഏര്‍പ്പാടാകുന്ന ഇക്കാലത്ത് സമ്പൂര്‍ണ്ണ പരാജയം ലഭിക്കണമെങ്കില്‍ അത്രയും പാടുപെടണം. ഈ പാടുപെടല്‍ വണ്ണാമലയില്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും നടത്തുന്നുണ്ട്. ഇതിനിടയിലേക്കാണ് നായകന്റെ വരവ്. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രന്‍ മാഷിനു(പൃഥ്വിരാജ്) ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടര്‍ന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലില്‍ പറയുന്നത്.

Jun 23, 2011

ആര്‍ട്ട് അറ്റാക്ക് : അന്യമാവുന്ന നിറക്കൂട്ടുകള്‍ - ഡോ. ഷംല യു.



അന്യമാവുന്ന നിറക്കൂട്ടുകള്‍
ഡോ. ഷംല യു.
എം. മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക് എന്ന കഥ – ഒരു വായനാനുഭവം

പ്രമേയത്തിലും ആഖ്യാനത്തിലും പുതുമ പുലര്‍ത്തുന്ന എഴുത്തുകാരനാണ് എം. മുകുന്ദന്‍. കഥകളിലും നോവലുകളിലും ഉത്തരാധുനികതയുടെ പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുകയും പരീക്ഷണാത്മകമായ നിലപാടുകളോടെ രചനകളെ സമീപിക്കുകയും ബോധപൂര്‍വ്വമായ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലുടെ മുകുന്ദന്‍ ഉത്തരാധുനികതയുടെ എഴുത്തുകാരനായി മാറുന്നു.
ആര്‍ട്ട് അറ്റാക്ക് എന്ന കഥയും നഗരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലത്ത് യഥാര്‍ത്ഥകലയും കലാകാരനും ആസ്വാദകനും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയെ പ്രതിനിധീകരിക്കുന്നു. മാധ്യമങ്ങള്‍ കേവലം കമ്പോളച്ചരക്കായി അധപ്പതിക്കുന്ന പുതിയ കാലത്ത് മാറ്റത്തിനൊത്ത് സഞ്ചരിക്കാത്തവര്‍ ഉള്‍വലിയേണ്ടിവരുന്ന ദാരുണമായ കാഴ്ച ആര്‍ട്ട് അറ്റാക്ക് ഓര്‍മ്മിപ്പിക്കുന്നു.
ജീവിതം പ്രദര്‍ശനവസ്തുവായി മാറ്റാനാവാത്ത ശിവരാമന്‍ പുതുതലമുറയുടെ മുമ്പില്‍ സഹതാപാര്‍ഹനും പീഡിതനുമായി മാറുന്നു. 'നാഷണല്‍ ടൈംസ് ' പത്രത്തില്‍ ജോലിചെയ്യുന്ന ശിവരാമന് നഗരത്തിലെത്തി മുപ്പതു വര്‍ഷമായിട്ടും തലചായ്ക്കാന്‍ സ്വന്തമായി ഒരിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയും മകളുമടങ്ങിയ അയാളുടെ കുടുംബത്തിന് മിച്ചം വയ്ക്കാന്‍ ഒന്നുമില്ലെങ്കിലും പട്ടിണികൂടാതെ കഴിയാമായിരുന്നു. ഭാര്യയുടെ രോഗം, ഫൈന്‍ ആര്‍ട്സ് കേളേജിലെ മകളുടെ പഠനം എന്നിവയ്ക്കിടയില്‍ "തുന്നലുവിട്ട് വലുതായ പാന്റിന്റെ കീശ, കീറിയ കോളര്‍, ഓട്ടകള്‍ വീണ സോക്സ്, മടമ്പുകള്‍ തേഞ്ഞ ഷൂസ് " എന്നിവ ശിവരാമന്റെ ഇല്ലായ്മകളെ സൂചിപ്പിക്കുന്നു. വീട്ടിലെ ദാരിദ്ര്യത്തിനിടയില്‍ സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് അയാള്‍ ചിന്തിക്കാറില്ല.

Jun 21, 2011

മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല! - ലേഖനം



കേരളത്തിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കണം എന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2011 മേയ് 6ന് ആയിരുന്നു. ഈ ഉത്തരവുണ്ടായതു മേയ് മാസത്തിലായത് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ അതു നടപ്പിലാക്കുവാന്‍ സഹായകമായി. മന്ത്രിസഭാമാറ്റത്തിനിടയില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുവാനുള്ള ശ്രമം എവിടെയൊക്കെയോ ഉണ്ടായത്രെ. ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. ഒഎന്‍വി കുറുപ്പ് എന്നിവരുടെ സമയോചിത ഇടപെടലും ഈ ആവശ്യത്തിനുവേണ്ടി സമരരംഗത്തുള്ളവരുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ജാഗ്രതയും മൂലം അട്ടിമറി ശ്രമങ്ങള്‍ക്കു പരാജയം ഉണ്ടായി. മലയാളത്തിന് 'ഒന്നാംഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ഏതാനുമാളുകള്‍ എത്രയോ വര്‍ഷം മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന ഈ നടപടിയെ വൈകിച്ചുപോരുന്നു.
മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരം പീരിയഡ് ക്രമീകരണം ഡിപിഐ തയ്യാറാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിക്കഴിഞ്ഞു. എങ്കിലും ഉത്തരവിന്റെ കരടില്‍ 'ഒന്നാംഭാഷ’ എന്ന പ്രയോഗം ഉപേക്ഷിച്ച് 'നിര്‍ബന്ധിത ഭാഷ’ എന്നാക്കി മാറ്റിയത് മലയാളം ഒന്നാംഭാഷയാക്കുന്നതിനോട് എതിര്‍പ്പുള്ള ചിലരുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നു പറയപ്പെടുന്നു. മലയാളത്തിന് 'ഒന്നാം ഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ വൈകാരികമായ എതിര്‍പ്പുള്ള ഏതാനുമാളുകളാണ്, വര്‍ഷങ്ങള്‍ക്കു മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന തീരുമാനത്തിന് തടസ്സമായത് എന്നു വേണം അനുമാനിക്കുവാന്‍.

Jun 20, 2011

'ചെറുതായില്ല ചെറുപ്പം' - കഥകളി രണ്ടാം ഭാഗം



പ്രീതടീച്ചര്‍ അവതരിപ്പിച്ച കഥകളിയുടെ രണ്ടാംഭാഗം.

Jun 18, 2011

സ്ത്രീയെ വീണ്ടും നീ - കവിത



ന്റെ അടുക്ക‌ള‌ത്തിണ്ണയില്‍
നീ ചാരിയിരിക്കുന്നു
പഴയസാരിയില്‍ പൊതിഞ്ഞൊരു പേക്കോലം
പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍
ഇന്നു തമോഗ൪ത്തങ്ങള്‍.

"യാള്‍ ചാക‌ട്ടെ,ജീവിതത്തില്‍
ദു:ഖങ്ങള്‍ തിന്നുവാന്‍ മാത്രമൊരു ജന്മമെന്തിന്?"നീ തേങ്ങിക്കരയുന്നു.
നിന്റെയമ്മ നിനക്കു നല്‍കിയ
പൊന്‍തരിയും പറിച്ചെടുത്തവന്‍.മകള്‍ വള൪ന്നതും
ചെതുക്കിച്ച പുരത്തൂണുകള്‍
മരണമായ് നില്‍ക്കുന്നതും
അവനറിയുന്നില്ല.

ന്നലേയും നീ കാത്തിരുന്നു
നിന‌ക്ക‌റിയാം
അയാള്‍ ഉണ്ടായേക്കാവുന്ന രണ്ടുസ്ഥലങ്ങ‌ള്‍.
വെറുംകാലില്‍ ചിങ്ങംവിളിച്ചയാള്‍
ഒരു ദിനം ‌കയറിവരുന്നതും
സ്നേഹചുംബനങ്ങളാല്‍ നിന്നില്‍ കുളിര്‍കോരുന്നതും
സഹനത്തിന്‍റെ കൂലിയായ്
പുണ്യവചനങ്ങളില്‍ നിന്നെപ്പൊതിയുന്നതും
നീയറിയുന്നു.
"
സ്ത്രീ സഹനമാകുന്നു, ഭ‌വ‌ന‌ത്തിന്റെ പ്ര‌കാശ‌മാകുന്നു."വീണ്ടും നീ മ‌നോഹ‌രിയായി മാറുന്ന‌തും
പ്രേമ‌ത്തില്‍ വിടരുന്നതും
നൂറുനൂറു വാഗ്ദാനങ്ങള്‍ക്കിടയില്‍പൂക്കുന്നതും.

നിഴ‌ലിന്‍റേയും
തെരുവിള‌ക്കിന്റെയും ഊഞ്ഞാക്ക‌ട്ടിലിലാടി
രാക്ഷസക്കൈയ്യാല്‍ ചുറ്റിവരഞ്ഞ്
വ‌രണ്ടചിരിക്കും അമറലിനുമിടയില്‍‌
പ്രേമ‌ത്തിന്റെ അസ്ഥികൂട‌ത്തിലിണ‌ചേ൪ന്ന്
ദിവാസ്വപ്നങ്ങളില്‍ വിയ൪ത്ത്
വീണ്ടും നീ
പുതിയ‌ പ്രഭാതത്തിലേക്കുണരുന്നു.
സ്ത്രീയെ,വീണ്ടും നീ.





Abdul Azeez
313 Whitehill Place NE
Calgary, Alberta Canada

Jun 16, 2011

'ചെറുതായില്ല ചെറുപ്പം' - കഥകളി ഒന്നാം ഭാഗം


നളചരിതം കഥകളിയിലെ ഹംസദമയന്തീ ഭാഗം പ്രസിദ്ധീകരിച്ചാല്‍ അത് കുട്ടികള്‍ക്ക് വളരെ പ്രയോജനം ചെയ്യുമെന്ന് പലരും ഞങ്ങളോട് പറയുകയുണ്ടായി. അതിന്റെ വെളിച്ചത്തിലാണ് എറണാകുളം ജില്ലയിലെ പനങ്ങാട് വി എച്ച് എസ് എസ്- ല്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നളചരിതം ഒന്നാം ദിവസം ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. സ്ത്രീകള്‍ തന്നെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ കളിയ്ക്കുണ്ട്. കഥകളി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ സഹായിച്ച ദമയന്തിയായി വേഷമിട്ട പ്രീത ടീച്ചര്‍ക്കും, കഥകളി അവതരിപ്പിക്കാന്‍ വേദി നല്‍കിയ പനങ്ങാട് വി എച്ച് എസ് എസ് -ലെ മാനേജ്മെന്റിനോടും അവിടത്തെ മുഴുവന്‍ അദ്ധ്യാപക സുഹൃത്തുക്കളോടുമുള്ള നന്ദി ഈ അവസരത്തില്‍ ഞങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഇതിന്റെ രണ്ടാം ഭാഗം നാളെ തന്നെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തു കാണാനുള്ള സൌകര്യത്തിനു വീഡിയോയുടെ വലുപ്പം കുറയ്ക്കാന്‍ വേണ്ടി ഇത് FLV  ആയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Jun 15, 2011

ദൈനംദിനാസൂത്രണം - 'കാലിലാലോലം ചിലമ്പുമായ്...'



പത്താംതരം കേരളപാഠാവലിയുടെ ഒന്നാം യൂണിറ്റ് 'കാലിലാലോലം ചിലമ്പുമായ് ' എന്നതിന്റെ യൂണിറ്റ് സമഗ്രാസൂത്രണം മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ആ യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ അടിസ്ഥാനത്തിലുള്ള ദൈനംദിനാസൂത്രണമാണ് ഈ പോസ്റ്റ്. പുതിയ സമീപനത്തിനു നിരക്കുന്ന രീതിയില്‍ അദ്ധ്യാപന സഹായിയുടെ അടിസ്ഥാനത്തിലാണ് ദൈനംദിനാസൂത്രണം തയ്യാറാക്കിയിരിക്കുന്നത്. സിലബസ് ഗ്രിഡില്‍ പറഞ്ഞിരിക്കുന്ന ശേഷികള്‍ ആര്‍ജിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു കരുതുന്നു. .സി.റ്റി. സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ഓരോ പ്രവര്‍ത്തനവും നടത്തുന്നതിനുമുമ്പ് ആവശ്യമായ മുന്നൊരുക്കം നാം നടത്തുമല്ലോ. പുതിയ പുസ്തകമായതിനാല്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ക്ലാസ്സില്‍ പരീക്ഷിച്ചുനോക്കിയവല്ല. പലപ്പോഴും ക്ലാസ്സിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും. 

Jun 13, 2011

യൂണിറ്റ് സമഗ്രാസൂത്രണം - പത്താംതരം അടിസ്ഥാനപാഠാവലി ഒന്നാം ഭാഗം

പത്താംതരം അടിസ്ഥാനപാഠാവലിയിലെ ഒന്നാം യൂണിറ്റിന്റെ സമഗ്രാസൂത്രണമാണ് ഈ പോസ്റ്റ്. മാതൃഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മുഖ്യ പ്രമേയമായി വരുന്ന നാലുപാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. പതിന്നാല് പ്രവര്‍ത്തനങ്ങളിലൂടെ ഗ്രിഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശേഷികള്‍ എല്ലാം നേടാന്‍ പാകത്തിനാണ് യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങളധികവും അദ്ധ്യാപകസഹായിയിലേതുതന്നെ. പുതിയ പ്രവര്‍ത്തനങ്ങള്‍ അവരവരുടെ മനോധര്‍മ്മവും പഠനസാമഗ്രികളുടെ ലഭ്യതയും അനുസരിച്ച് കൂട്ടിച്ചേര്‍ക്കാവുന്നതേയുള്ളു. .സി.റ്റി. സാദ്ധ്യതയും ഓരോ അദ്ധ്യാപകന്റെയും അഭിരുചിക്കും ഐ.സി.റ്റി.യിലുള്ള പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിലും ദൈനംദിനാസൂത്രണത്തില്‍ ഉള്‍പ്പെടുത്താമല്ലോ. മുന്‍കൂട്ടി തയ്യാറാക്കുന്ന സ്ലൈഡുകള്‍ ഉപയോഗിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തതയോടും കൃത്യതയോടും ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ കഴിയും. സ്ലൈഡ് നമ്മുടെ ബ്ലോഗില്‍ നിന്നും കിട്ടിയാല്‍ പോലും അത് പ്രയോജനപ്പെടുത്താന്‍ എത്രപേര്‍ക്കാകും, എത്രപേര്‍ ശ്രമിക്കും?

Jun 10, 2011

കഥകളി - കവിത


മനയോല തേക്കാനായ്‌ കിടപ്പൂ പുല്‍പ്പായയില്‍
മനസ്സുമാവാഹിപ്പൂ സ്വര്‍ഗ്ഗീയ സൗന്ദര്യവും
ചുട്ടികള്‍ കുത്തീടുന്നു സമര്‍ത്ഥമായ കൈകള്‍
പൊട്ടിവിരിഞ്ഞീടുന്നു പൌരാണിക മുഖങ്ങള്‍
മിടിക്കും ഹൃദയമായ് ഊഴവുംകാത്തിരിപ്പൂ
ഉടുത്തുകെട്ടുമായി എത്തണം അരങ്ങിലും
മിന്നുന്ന കിരീടവും ആഹാര്യ ഭംഗികളും
തന്നീടുമത്രേ ദേവന്‍ പ്രസാദം ലഭിച്ചെങ്കില്‍
വാചികാംഗികങ്ങളും ഹൃദ്യമായ്ത്തീര്‍ന്നീടുവാന്‍
വാഗ്ദേവീ പ്രസാദവും കിട്ടേണമെന്നറിവൂ
സാത്വികാഭിനയത്തിന്‍ കരുത്തു കാട്ടീടണം
സദസ്സിലാവേശത്തിന്‍ കയ്യടി നേടീടണം
ഇന്നത്തെ വേഷമെന്ത് ? ആദ്യാവസാനം തന്നെ ! 
ഇന്നലെ കെട്ടിയാടി ഇണങ്ങാവേഷം തന്നെ !നാളത്തെ അവസ്ഥയും ചിന്തിക്കാന്‍ ധൈര്യം പോരാ
നീളുന്ന ദാരിദ്ര്യത്തിന്‍ രക്തസാക്ഷിയല്ലോ താന്‍! 
നിഷ്കാമകര്‍മ്മം ചെയ്യാന്‍ ഉപദേശിപ്പൂ ഗീത
നിഷ്കാസിതനാവാതെ കാത്തീടും സര്‍വ്വേശ്വരന്‍
കിട്ടുന്ന പ്രതിഫലം നിസ്സരമായിപ്പോകാം
ഒട്ടുമേ മടി വേണ്ട സ്വീകരിച്ചീടുവാനായ്‌
കഥയില്ലാത്ത കളി കലയില്ലാത്ത കളി
കഥനം ചെയ്തീടല്ലേ കാലത്തിന്നരങ്ങിലും
ചിന്തകളിപ്രകാരം വിഹരിക്കുന്നു വാനില്‍
ചിത്രശലഭങ്ങളായ് വര്‍ണവും വിതറുന്നു
ലോകമാം അരങ്ങിലും വിളക്കു വെച്ചീടുന്നു
മൂകരായ് കാത്തിരിപ്പൂ പ്രേക്ഷകലക്ഷങ്ങളും

* * * * * * * * * * * * * * * *
 
തിമര്‍ത്തു കേളി കൊട്ടും തോടയം പുറപ്പാടും
തിമര്‍ത്തു പെയ്തീടുന്ന മഴപോല്‍ മേളപ്പദം
വന്ദന ശ്ലോകം പിന്നെ ഇഷ്ട ദേവതാ സ്തുതി
ആനന്ദിപ്പിച്ചീടുന്ന ആട്ടക്കലാശങ്ങളും
കാലത്തിന്‍ തിരശ്ശീല താഴുന്നു ഉയരുന്നു
ചേലൊത്ത വേഷത്തില്‍ കാണുന്നൂ തിരനോട്ടം
പച്ചകള്‍, കത്തി ,താടി; കരിയും മിനുക്കുകള്‍
ഇച്ഛപോല്‍ പാടീടുന്ന ഗന്ധര്‍വ ഗായകരും
സങ്കല്‍പ്പലോകം തീര്‍ത്തു കാലാതിവര്‍ത്തികളാം
ഹുങ്കാരം മുഴക്കീടും യോദ്ധാക്കള്‍ പിറന്നല്ലോ
നെഞ്ചകം പിളര്‍ക്കുന്നു നിണവും ചീറീടുന്നു
ചാഞ്ചല്യ ലേശമന്യേ കുടലും പറിക്കുന്നു
കഴിഞ്ഞു യുദ്ധങ്ങളും; നടന്നു വധങ്ങളും
മിഴിവുറ്റ ചരിതം പിറകെ സ്വയംവരം
ഇന്ധനസമ്പാദനം ജീവിതായോധനവും
ബന്ധനമുക്തി സ്വപ്നം തിരശ്ശീല താഴുന്നു
കളിയും തീര്‍ന്നീടുന്നു ധനാശി പാടീടുന്നു
കളിക്കാര്‍ മടങ്ങുന്നു കോപ്പറ പൂകീടുന്നു
അഴിച്ചു വെയ്ക്കും മുടി ആഹാര്യ ഭംഗികളും
കഴിഞ്ഞു പോയിയെന്നു നെടുവീര്‍പ്പിടുന്നത്രേ
കാലത്തിന്‍ കേളികൊട്ടു കേള്‍ക്കുവാനായി വീണ്ടും
കാതോര്‍ത്തിരിപ്പൂ ഞാനും ആടിത്തിമര്‍ത്തീടണം
വരുമോ കളി വീണ്ടും ?കിട്ടുമോ വേഷം വീണ്ടും ?തരുമോ ആടീടുവാന്‍ ഇത്തിരി സ്ഥലം മന്നില്‍?

Jun 8, 2011

രാവേ, നീ പോകരുതിപ്പോള്‍ - ദൃശ്യാവിഷ്കാരം



പത്താം തരം കേരളപാഠാവലിയിലെ ഒന്നാം യൂണിറ്റായ 'കാലിലാലോലം ചിലമ്പുമായ്...' എന്ന ഭാഗത്തിന് ആമുഖമായി അയ്യപ്പപ്പണിക്കരുടെ ഒരു കവിതാശകലമാണല്ലോ നല്‍കിയിരിക്കുന്നത്. കേരളം തന്നെ ഒരു കലാമണ്ഡലമാണെന്നും അതെക്കാലത്തും അങ്ങനെതന്നെയായിരുന്നുവെന്നും 'രാവേ നീ പോകരുതേ! (അല്ല, പോയിവരൂ!)'യിലെ ഈ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കലാകേരളത്തിന്റെ ദൃശ്യചാരുത കുട്ടികളുടെ മനസ്സിലേയ്ക്കെത്തിക്കാനുള്ള ഒരു ഉപാധിയായി ഈ വീഡിയോ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. കവിതയില്‍ പരാമര്‍ശിക്കുന്നകാര്യങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കവിത ചൊല്ലിയവതരിപ്പിച്ച് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ലഘുവീഡിയോ.


Jun 6, 2011

ജൂണ്‍ അഞ്ച് - ചില ജലചിന്തകള്‍


എണ്ണശേഖുമാരുടെ സമയമടുത്തു. ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്റെ സ്രോതസ്സാണ്.

അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന, പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്. അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു. കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു. അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു. ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യ പാക്കിസ്ഥാന്റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു. സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്. കേരളവും തമിഴ് നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്റേതാണ്. വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്. പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്. ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്, ഇല്ലാത്ത‌ത് വെള്ളം മാത്രം. വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്. വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?

Jun 4, 2011

ആട്ടക്കഥാസാഹിത്യം - ഒരു പരിചയക്കുറിപ്പ്


 
ഏതൊരു കലാരൂപത്തിന്റെയും ആവിഷ്ക്കരണത്തിന് പിറകില്‍ അതിന്റേതായ ഒരു സാഹിത്യരൂപമുണ്ടാകും. അതു വാമൊഴിരൂപത്തിലാകാം അല്ലെങ്കില്‍ വരമൊഴി രൂപത്തിലാകാം. കേരളത്തിന്റെ തനതു ക്ലാസിക് കലാരൂപമായ കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ക്രിസ്തുവര്‍ഷം പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ് കഥകളി രൂപം കൊണ്ടതെന്ന് കരുതുന്നു. നൂതനമായ ഏതു കലാരൂപത്തിനും തണലായി, ഗോത്രസംസ്കാരത്തിന്റെ ഊടിലും പാവിലും നെയ്തെടുത്ത ചെമ്പട്ടിന്റെ ഹൃദ്യമായ ഛായവിരിച്ചു നില്‍ക്കുന്നതു കാണാം. ചില നാടന്‍ കലകളും ക്ലാസിക് നൃത്തങ്ങളും കഥകളിയുടെ ആവിര്‍ഭാവത്തിന് സഹായകമായിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ യക്ഷഗാനം ,തമിഴ് നാട്ടിലെ തെരുക്കൂത്ത്, കഥക്, മണിപ്പൂരി, ഭരതനാട്ട്യം തുടങ്ങിയ ക്ലാസിക് നൃത്തവിശേഷങ്ങള്‍ മുടിയേറ്റ്, തീയാട്ട്, തിറയാട്ടം, തെയ്യം, തിറ, കൂത്ത്, കൂടിയാട്ടം, പടയണി, കോലംതുള്ളല്‍ തുടങ്ങിയ പ്രാചീനകലാരൂപങ്ങള്‍ എന്നിവയാണ് എടുത്ത് പറയേണ്ടവ. (മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ -എരുമേലി) പാട്ടിന്റെയും മണിപ്രവാളത്തിന്റെയും കലര്‍പ്പ് കഥകളി സാഹിത്യത്തില്‍ കണ്ടെത്താം. പാലക്കാടും പരിസരങ്ങളിലും അരങ്ങേറിയിരുന്ന മീനാക്ഷി നാടകവും കംസനാടകവും കഥകളിയുടെ പൂര്‍വ്വരൂപങ്ങളായി വള്ളത്തോള്‍ കണക്കാക്കുന്നു.
നൃത്ത്യാഭിനയപ്രധാനമായ കഥകളിയില്‍, ആഹാര്യം (വേഷാലങ്കാരങ്ങള്‍ കെട്ടി അഭിനയിക്കുന്നത്), ആംഗികം (ശരീരാവയവങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ ചലനങ്ങള്‍ കൊണ്ടുള്ള അഭിനയം.), സാത്വികം (മനസ്സിന്റെ അനുഭാവാത്മകമായ അഭിനയം-സ്വേദം, സ്തംഭം, രോമഞ്ചം, സ്വരഭംഗം, വേപഥു, അശ്രു, പ്രളയം, വൈവര്‍ണ്ണ്യം) എന്നീ ത്രിവിധാഭിനയങ്ങളും കാണാം. ആംഗികാഭിനയത്തിലൂടെ കഥപറയുന്ന കഥകളിയില്‍ മുദ്രക്കൈ, വാദ്യങ്ങള്‍, വേഷങ്ങള്‍, സംഗീതം, രംഗചടങ്ങുകള്‍ എന്നിവ ഒത്തു ചേര്‍ന്നിട്ടുണ്ട്. കഥകളി മുദ്രാഭിനയപ്രധാനമാണെങ്കിലും ഭരതമുനിയാല്‍ രചിക്കപ്പെട്ട നാട്യശാസ്ത്ര രീതിയല്ല, മറിച്ച് ഹസ്തലക്ഷണദീപികയാണ് മുദ്രാഭിനയത്തിന് അടിസ്ഥാനം. ചതുര്‍വിംശതി എന്ന പേരിലറിയപ്പെടുന്ന ഇരുപത്തിനാല് മുദ്രകളോടൊത്ത് കൈയ്യു്മെയ്യ് മുഖചലനങ്ങള്‍ ഇവ ഒത്തു വരുമ്പോഴേ ഭാവാവിഷക്കരണം പൂര്‍ണ്ണമാകൂ. കേരളത്തിന്റെ തനതു വാദ്യോപകരണങ്ങളായ ചെണ്ട, ശുദ്ധമദ്ദളം, ഇലത്താളം, ചേങ്ങില ഇവയാണ് കഥകളിക്കും ഉപയോഗിക്കുന്നത്. പച്ച, മിനുക്ക്, കത്തി, താടി, കരി എന്നീ വേഷങ്ങള്‍ ത്രിഗുണങ്ങളായ സാത്വികരജോതമഗുണങ്ങളെ അടിസ്ഥാന മാക്കിയാണ് കല്പിച്ചിരിക്കുന്നത്. സാത്വികം -പച്ച, മിനുക്ക്- ധീരോദാത്തരായ രാജാക്കന്‍മാര്‍ മറ്റ് സാത്വികനായകര്‍, മിനുക്ക് (സൗമ്യവേഷം)-ബ്രാഹ്മണര്‍, മുനിമാര്‍ -സ്ത്രീവേഷങ്ങള്‍, രാജസം-കത്തി (അസുരപ്രകൃതി) ഭീമന്‍, ദുശ്ശാസനന്‍, താടി-( ഹനുമാന്‍-വെള്ളത്താടി ,ചുവപ്പ് താടി ഭയജനപ്രകൃതിയുള്ളവര്‍), ‍കരി (ദുഷ്ടത) കാട്ടാളന്‍,ശൂര്‍പ്പണഖ. ഗീതാഗോവിന്ദപാരമ്പര്യമുള്ളതും മാര്‍ഗിയില്‍പ്പെടുന്നതുമായ സോപാനസംഗീതമാണ് കഥകളിസംഗീതം.

Jun 2, 2011

യൂണിറ്റ് സമഗ്രാസൂത്രണം - പത്താംതരം കേരളപാഠാവലി ഒന്നാം ഭാഗം



പത്താം തരത്തിലെ എല്ലാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചതോടൊപ്പം തന്നെ പാഠ്യപദ്ധതിയിലും ചില മാറ്റങ്ങള്‍ വന്നത് അവധിക്കാല പരിശീലനത്തലൂടെ അദ്ധ്യാപസൂഹൃത്തുക്കള്‍ അറിഞ്ഞിരിക്കുമല്ലോ. പ്രശ്നാധിഷ്ഠിത ബോധനത്തിന്റെ പ്രാധാന്യത്തിന് അല്പം കുറവുവന്നോ എന്നൊരു സംശയം. സമഗ്ര വികസനത്തിന് അല്പം പ്രാധാന്യം കൂടിയോ എന്നൊരു ശങ്ക. അത്രേയുള്ളൂ. പക്ഷേ പരിശീലന പരിപാടിയില്‍ ഇക്കാര്യമൊന്നും ഊന്നിപ്പറഞ്ഞില്ല കേട്ടോ. ശരിക്കൊന്നൂന്നിയിരുന്നെങ്കില്‍ പല പരിശീലനകേന്ദ്രങ്ങളും യുദ്ധക്കളങ്ങളായി മാറിയേനെ.
സമീപനത്തില്‍ വന്ന മാറ്റം അറിയണമെങ്കില്‍ ഒരോ യൂണിറ്റിനും നല്‍കിയ സിലബസ് ഗ്രിഡ് ഒന്നു പരിശോധിച്ചാല്‍ മതി. പ്രശ്നമേഖല എന്നോ ഉപപ്രശ്നമെന്നോ ഒരു വാക്കുപോലും ആ ഭാഗത്തെങ്ങും കാണാനില്ല. പകരം പ്രമേയം കയറി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്തായാലും ഒന്നാം യൂണിറ്റായ 'കാലിലാലോലം ചിലമ്പുമായ് ' എന്നതിലെ ചെറുതായില്ല ചെറുപ്പം എന്ന നളചരിതഭാഗത്തില്‍ 'പ്രശ്നങ്ങള്‍' കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. (പണ്ട് കൃഷ്ണഗാഥാഭാഗത്തും പ്രശ്നമന്വേഷിച്ചുവലഞ്ഞവരാണ് നമ്മള്‍ എന്നത് ഓര്‍ക്കണം)