ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.
ജ്യോതിസ്സിനെയാകവേ അരിഞ്ഞുവീഴ്ത്തും
കൊലക്കത്തികള്‍ മിന്നല്‍ വീഴ്ത്തിയപ്പോള്‍
പിടഞ്ഞുവീണൊരാ മനസ്സാക്ഷികള്‍
അനാഥരായ് തെരുവിലലഞ്ഞപ്പോള്‍
കഴിഞ്ഞുവോ, എങ്ങും പരന്നുവോ
എവിടെയുമന്ധകാരമെന്നുറക്കെ
നിലവിളികളമര്‍ത്തി, കാതുകള്‍ പൊത്തി
കണ്ണുകളിറുക്കിയടച്ചു ഞങ്ങള്‍
ധൃതരാഷ്ട്രജന്മങ്ങളായ് നിരങ്ങി
'അരുതരുത് ' മന്ത്രങ്ങള്‍ ഏതോ
വിഷക്കൊടുങ്കാറ്റിനാല്‍ പ്രേതാത്മാക്കളായ്
അലഞ്ഞാലിന്മേല്‍ തലകീഴായ്ത്തൂങ്ങിനിന്നു.
ആയിരമിലകളാമന്ത്രമേറ്റുവാങ്ങി
പതുക്കെ നിമന്ത്രണം ചെയ്തുനിന്നു.
ഇനിയില്ല പ്രഭാതമെന്നുറച്ച്
കണ്ണുനീരിനെപ്പോലും അടക്കിവച്ചു
കണ്ണുമൂടിയാശ്ശീലതന്‍ അരികിലൂടരിച്ചേറുകയല്ലോ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി.
മനസ്സിന്റെ ലോലപാളികള്‍ പൊട്ടി
ഒരായിരം വിത്തുകള്‍ പൊങ്ങിപ്പറക്കുന്നു.
പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
സഹതാപ, അനുതാപ, സ്നേഹ
അപാരകരുണ നിറയുന്നൊരാ
അന്‍പിന്റെ അരുളായ കിരണങ്ങള്‍
ഹാ! ജയിക്ക ജയിക്ക നീ മാനുഷ ചൈതന്യമേ....
മായാദേവി സി.
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍ നാമക്കുഴി
എറണാകുളം