നമ്മുടെ ഭാഷയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനവും ദീര്‍ഘവുമായ കവിതയാണ് മലയാളം. 'ഓരോ പുതിയ പുസ്തകവും എല്ലായ്പ്പോഴും പുതിയ പുസ്തകമായി' മാറുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്. ഭാഷയുടെയും സംസ്കൃതിയുടെയും മനുഷ്യജീവിതാവസ്ഥകളുടെയും ഭാഗമായി മലയാളമെന്ന കവിതയെ വ്യത്യസ്തതലങ്ങളിലൂടെ വ്യാഖ്യാനിക്കാം. ദേശഭേദം പോലെ ഓരോരുത്തര്‍ക്കും 'മലയാളം' ഓരോ മലയാളമായി അനുഭവപ്പെടും. എന്റെ മലയാളവും നിങ്ങളുടെ മലയാളവും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇത് നമ്മുടെ മലയാളമായി മാറട്ടെ.
ആത്മാവില്‍ വേരോടുന്ന മൊഴിമലയാളം
സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്
-ഡോ. ഷംല യു.
മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ജീവത്ബന്ധം ആവിഷ്കരിക്കുന്ന നിരവധി വ്യാഖ്യാനസാധ്യതകളുള്ള കവിതയാണ് സച്ചിദാനന്ദന്റെ മലയാളം. കേരളപ്രകൃതിയുമായും സംസ്കാരവുമായും ഗ്രാമീണതയുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന അനവധി പ്രതീകങ്ങളിലൂടെ മാതൃഭാഷയുടെ വിശാലമായ ആകാശങ്ങളെ സച്ചിദാനന്ദന്‍ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ വരികളിലൂടെ അടയാളപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ തന്നെ വാക്കുകളില്‍ "ആത്മചരിത്രം, ഭാഷാചരിത്രം, കാവ്യചരിത്രം ഇങ്ങനെ മൂന്നിഴകള്‍ അതിനുണ്ട്. ഓര്‍മ്മകളില്‍ പണിതെടുത്ത ഒരു ശില്പമാണത്. ഒരു ഏഴുനിലഗോപുരം. ബാല്യം മുതല്‍ ഇന്നുവരെയുള്ള അവസ്ഥകളിലേയ്ക്കുള്ള ഒരു സഞ്ചാരം അതിലുണ്ട്. ഘടനാപരമായി അതൊരു പരീക്ഷണമാണ്.....”( മലയാളം - സച്ചിദാനന്ദന്‍, പേജ് 98). മലയാളം എന്ന കവിതാസമാഹാരത്തില്‍ ഏഴു ഖണ്ഡങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള ദീര്‍ഘമായ കവിതയുടെ ഒന്നാം ഖണ്ഡമാണ് പാഠപുസ്തകത്തിലെ മലയാളം.
"ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി"
എന്ന വരികളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് അതിജീവനത്തിലുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമ്മയുടെ സ്നേഹമായി മാതൃഭാഷയെ സങ്കല്‍പ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജീവിതം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ്. ഏതു ദുര്‍ഘടങ്ങളെയും പ്രതിസന്ധികളെയും അമ്മ അതിജീവിക്കുന്നത് കുഞ്ഞിനോടുള്ള സ്നേഹവായ്പുകൊണ്ടാണ്. അമ്മയുടെ ചിന്തകളും സ്വപ്നങ്ങളും കുഞ്ഞിനോട് പങ്കുവയ്ക്കുന്നതാവട്ടെ മാതൃഭാഷയിലൂടെയുമാണ്. ഇപ്രകാരം ജനിച്ചുവീഴുന്നതിനുമുമ്പുതന്നെ, പുഴകളും കനികളും ഭക്ഷണമൊരുക്കുന്നതിനുമുമ്പുതന്നെ ജീവനാമൃതം നല്‍കുന്നപൊക്കിള്‍ക്കൊടിയായി മാതൃഭാഷ മാറുന്നു. സ്വഭാവരൂപീകരണത്തിന്റെ, സംസ്കാരത്തിന്റെ വേരുകള്‍ പൊടിച്ചുതുടങ്ങുന്നതും ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നത് ശാസ്ത്രസത്യം. വേരുകള്‍ നഷ്ടമാവുന്ന മനുഷ്യന്‍ പൊങ്ങിക്കിടക്കുന്ന, ഒഴുക്കിനൊപ്പം എവിടേയ്ക്കോ അലഞ്ഞുതിരിയുന്ന പാഴ്വസ്തുവായി മാറുമെന്നും ഇവിടെ വ്യാഖ്യാനിക്കാം. മാതൃഭാഷ നഷ്ടപ്പെടുന്നവന് ഇല്ലാതാവുന്നത് സ്വന്തം വേരുകള്‍ തന്നെയാണ്.