മറ്റൊരു കര്‍ക്കടകം കൂടി വന്നുചേര്‍ന്നിരിക്കുന്നു. കാര്‍ഷികകേരളം കള്ളക്കര്‍ക്കടകമെന്നും പഞ്ഞക്കര്‍ക്കടകമെന്നും ഇരട്ടപ്പേരിട്ടുവിളിച്ചിരുന്ന കര്‍ക്കടകം. ഓണത്തിന്റെ, ഓണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ മാറ്റുകൂട്ടുന്ന നനഞ്ഞൊലിച്ചകര്‍ക്കടകം. ചേന കട്ടിട്ടും തിന്നാന്‍ പ്രേരിപ്പിക്കുന്ന കര്‍ക്കടകം.
കര്‍ക്കടകം മലയാളിയെ സംബന്ധിച്ചിടത്തോളം പുണ്യകാലംകൂടിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് വേരറ്റുപോകാമായിരുന്ന ഒരു സംസ്കാരത്തേയും ഭാഷയേയും തന്റെ കാവ്യങ്ങളിലുടെ അനശ്വരമാക്കിയ ഒരു മഹാനുഭാവന്റെ പുണ്യസ്മൃതികളുണര്‍ത്തുന്ന പുണ്യകാലം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന ആ യുഗപ്രഭാവനോട് ഓരോ മലയാളിക്കുമുള്ള കടപ്പാട് നന്ദിയോടെ, ആദരവോടെ പ്രകടിപ്പിക്കാനുള്ള അവസരം. കാവ്യലോകത്തും സാംസ്കാരികരംഗത്തും സാമൂഹ്യവ്യവസ്ഥിതിയിലും നിലനിന്നിരുന്ന അസാന്മാര്‍ഗ്ഗികതകള്‍ക്കെതിരെ കവിതയിലൂടെ പോരാടി വിജയം നേടിയ പുണ്യപുരാണ വിജയഗാഥയാണ് എഴുത്തച്ഛന്റെ ജീവിതം.
നാം കേരളപ്പിറവിദിനത്തോടനുബന്ധിച്ച് നവംബര്‍ ഒന്നുമുതല്‍ ഒരാഴ്ചക്കാലം മാതൃഭാഷാവാരമായി ഔദ്യോഗികമായി ആചരിക്കാറുണ്ട്. എങ്കിലും ആത്മാവില്‍ തട്ടിയുള്ള മാതൃഭാഷാവന്ദനം നടക്കുന്നത് കര്‍ക്കടകത്തിലാണ്. ആര്യസംസ്കൃതത്തിന്റെയും ആഢ്യത്തമിഴിന്റെയും മുന്നില്‍ ഓച്ഛാനിച്ചുനിന്നിരുന്ന മലയാളത്തെ ഉറച്ച നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാന്‍ ശീലിപ്പിച്ച തുഞ്ചത്താചാര്യന്റെ സ്മൃതികള്‍ ഈ ഒരു മാസമത്രയും മലയാളികളുടെ മനസ്സില്‍ രാമായണപാരായണത്തിലൂടെ നിറഞ്ഞുനില്‍ക്കുന്നു.
കിളിപ്പാട്ടായിമാറിയ അദ്ധ്യാത്മരാമായണത്തിലൂടെ കടന്നുപോകുന്ന ഓരോ കേരളീയ ഗൃഹവും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ കുലസംരക്ഷകനായ ആ മഹാനുഭാവനുള്ള തിലോദകമാണ് അര്‍പ്പിക്കുന്നത്.
ഇത്തരുണത്തില്‍ തുഞ്ചത്താചാര്യനേയും അദ്ദേഹത്തിന്റെ കൃതികളില്‍ മുഖ്യമായ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെയും അടുത്തറിയാനുള്ള, മലയാളികള്‍ക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ കുലപൈതൃകത്തെ തിരിച്ചറിയാനുള്ള ഒരു പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
രാമായണത്തിലെ ചിലവസ്തുതകള്‍ കണ്ടെത്താനുള്ള ഒരു ചോദ്യാവലി ഇവിടെ നല്‍കുന്നു. ഈചോദ്യാവലി പ്രിന്റ് എടുത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് നല്‍കാം. അവര്‍ രാമായണം വായിച്ച് ഉത്തരം കണ്ടെത്തിക്കൊണ്ടുവരട്ടെ അവര്‍ മറ്റാരെയെങ്കിലും ആശ്രയിച്ച് ഉത്തരം കണ്ടെത്തിയാലും നല്ലതാണ്. അവരുംകൂടി പരോക്ഷമായി ഈ തുഞ്ചന്‍സ്മൃതിയില്‍ പങ്കാളികളാവുകയാണല്ലോ ചെയ്യുന്നത്.
ബ്ലോഗുവായനക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കാളികളാകാം. ഉത്തരങ്ങള്‍ കമന്റുകളായി പേരുംമേല്‍വിലാസവും ഉള്‍പ്പെടുത്തി അയച്ചാല്‍ മതി. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു....................