പുതുതായി ഇമ്മിഗ്രന്റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരെട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ.
എന്റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്. സൗത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്. ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു. 20 ഡോളര്‍ കൊടുക്കണം. പാട്ടിന്റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന് ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള് തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള് നോക്കേണ്ട. അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?
ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു. മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്. എന്തും തലകുലുക്കി സമ്മതിക്കും. ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു. പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ. നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.