എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 28, 2011

സംശയങ്ങള്‍ മറുപടികള്‍

കഴിഞ്ഞ ആഴ്ചയില്‍ ഐന്‍സ്റ്റീന്‍ സാര്‍ എഴുതിയ സംശയങ്ങള്‍ മറുപടികള്‍ എന്ന പോസ്റ്റ്‌ ധാരാളം പേര്‍ക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം. പലപ്പോഴും പരീക്ഷാ രചനയില്‍ നേരിടാറുള്ള സംശയങ്ങളും അവയ്ക്ക് ഉചിതമായ മറുപടിയുമാണ്‌ അവിടെ നാം കണ്ടത്. ഇതാ ഈ ആഴ്ചയില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നത് 'എഡിറ്റോറിയല്‍' എന്ന വ്യവഹാര രൂപമാണ്. എല്ലാ പത്രങ്ങളിലും നാം എഡിറ്റോറിയല്‍ കാണാറുണ്ടെങ്കിലും ചോദ്യ പേപ്പറില്‍ അത് കാണുമ്പോള്‍ എങ്ങനെ എഴുതണം എന്നത് സംശയമായി നിലനില്‍ക്കുന്നു. ഈ പോസ്റ്റ്‌ ഇതിനൊരു പരിഹാരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇനിയും ഇത്തരത്തില്‍ കുട്ടികള്‍ക്ക്  പരീക്ഷയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌താല്‍ അവ ബ്ലോഗിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. 'എഡിറ്റോറിയല്‍' എഴുതേണ്ട വിധം തിരിച്ചറിയാന്‍ 'തുടര്‍ന്നു വായിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

Feb 26, 2011

ബാലിവിജയം - കവിത
കടലോരത്തു കാറ്റിന്റെ
കാതോരം മന്ത്രമോതിയും
കുരുത്തംകെട്ട വാല്‍നീട്ടി
മണല്‍ക്കോട്ടനിരത്തിയും
ബാലിനില്‍പ്പതുകാണിച്ചു
പറഞ്ഞാന്‍ മുനി നാരദന്‍:
"അവനത്രേ ബാലകന്‍, നീ
വാലിന്മേല്‍ പിടികൂടുക"
നാരദര്‍തന്‍ മൊഴികേട്ടു
വിജൃംഭിത സുവീര്യനായ്
പുറപ്പെട്ടാന്‍ ദശഗ്രീവന്‍
ദര്‍പ്പംമൂത്തൊരു മാഷയാള്‍!
പിന്നെയാഹാ! മാഷെക്കാണ്മൂ
പുച്ഛാഗ്രേ ബന്ധനസ്ഥനായ്,
ഉപ്പുവെള്ളത്തിലയ്യയ്യോ,
മുങ്ങിപ്പൊങ്ങിയുമങ്ങനെ!
നാരദന്‍ ചിരിതൂകുന്നൂ,
വിദ്യാര്‍ത്ഥി ബാലിയും തഥാ,
ധാടി പൂണ്ട ദശാസ്യനാം,
മാഷതാ കടലുപ്പിലും!
ബാലിതന്‍ വിജയത്തിന്റെ
കഥ നാട്ടില്‍ പരക്കവേ,
രാവണന്‍ പത്തുവാകൊണ്ടും
'എറാന്‍' മൂളിപ്പഠിച്ചുപോല്‍!

ബാലകൃഷ്ണന്‍ മൊകേരി
മലയാളം അദ്ധ്യാപകന്‍
ആര്‍. എന്‍. എം. എച്ച്.എസ്.എസ്.,
നരിപ്പറ്റ, വടകര, കോഴിക്കോട്

Feb 24, 2011

അവരോഹണം - കവിതഉന്മാദത്തിന്റെ ഒറ്റക്കുതിപ്പില്‍നിന്നും
ശാന്തമായ,
തികച്ചും ശാന്തമായ,
അവരോഹണത്തിന്റെ മലയിറക്കങ്ങള്‍
ലഹരിയായിരുന്നെന്നും....
ഇന്ന് നിന്റെ തോട്ടത്തിലെ
മുന്തിരിച്ചാറുപിഴി‌ഞ്ഞ്
ചഷകം കോരിനിറച്ചെന്റെ
ഉന്മത്ത രാത്രിയുടെ,
നെഞ്ചം ചുവക്കുന്നു.
നീ എന്നുമെന്‍ സ്നേഹവിരുന്നിന്റെ
പുത്തനാം ഗായകന്‍.
നിന്റെ പാട്ടുകള്‍ കടലായെന്റെ
തീരങ്ങളില്‍ വന്നു
ആര്‍ത്തലയ്ക്കുന്നു.
-അജിത ടി. ജെ.

Feb 22, 2011

രാത്രിവണ്ടി - കവിത


 
പനി പിടിച്ചു മൂര്‍ച്ഛിച്ച പകലിനെ
കരിമ്പടം പുതപ്പിച്ച് രാത്രി പറഞ്ഞു
ചുട്ടുപൊള്ളുന്ന ചൂടുണ്ടെങ്കിലും
നീ ഭാഗ്യവതിയാണ്.
നിന്റെ വെളിച്ചത്തിന് സത്യമുണ്ടല്ലോ
ഞാനോ?
ഓരോ പകലറുതിയും
എന്നെ പേടിപ്പിക്കുന്നു
ഇന്നലെ,
ചൂളംകുത്തി പായുന്ന വണ്ടിയില്‍നിന്ന്
അവള്‍ ചാടിയിറങ്ങിയത്
ഇരുട്ടുചങ്ങലകളാല്‍ ബന്ധിതയായ
എന്റെ മടിയിലേക്കായിരുന്നു.
മരണദൂതനെപ്പോലൊരാള്‍
(അങ്ങനെ പറയാമോ?)
മരണം തന്നെ
എന്റെ മടിയില്‍ വച്ച്
അവളെ..............ഹോ!
(നിലാവും കണ്ണടച്ചുകളഞ്ഞു)
നോക്ക് ,എന്റെ മടിയിലെ
ചോരത്തുള്ളികള്‍............
അവസാനത്തെ അടയാളങ്ങള്‍.

നിന്റെ നാസാരന്ധ്രങ്ങളില്‍
ഈ രക്തഗന്ധം
തുളച്ചുകയറാത്തതെന്താണ് ?!
ഹേ വെളിച്ചമേ ,
ഈ ജ്വരമൂര്‍ച്ഛയില്‍ നീ
ലജ്ജിക്കുക
അപമാനിതയായി,
ചോരവാര്‍ന്ന്,
വിളര്‍ത്ത്,വിവസ്ത്രയായി
നിന്റെ മടിയിലേയ്ക്ക്
മാറ്റിക്കിടത്തിയ
ഭൂമിപുത്രിയെ
ചിതയിലേയ്ക്കെടുക്കുമ്പോള്‍
ഒന്നുമറിയാത്ത,നാണമില്ലാത്ത
നിന്റെയീ ഉറക്കമുണ്ടല്ലോ,
നീ ഭാഗ്യവതിതന്നെ!!!................


ഷീബ വി. കെ.
ടീച്ചര്‍
ജി.ജി.എച്ച്.എസ്.എസ്. മടപ്പള്ളി

Feb 20, 2011

കഥയും കവിതയും ക്രോസ് ചെയ്യുന്ന ജീവിതക്കുരിശ് - കഥാസ്വാദനം

 
പ്രമോദ് രാമന്റെ റെഡ് ക്രോസ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 46) ജീവിത സമയങ്ങളെ അപശകുനഋതുക്കളാക്കുന്ന മലയാളിയുടെ ഉയര്‍ത്തിപ്പിടിച്ച മുതുകിനുനേരെയുള്ള മാരക പ്രഹരമായി മാറി. ജുറാസിക് പാര്‍ക്ക് എന്ന ബിംബകല്പനയിലാരംഭിക്കുന്ന കഥ ബിംബങ്ങളിലുടെ വളരുന്നു. നവീനകവികള്‍ ബുദ്ധിമുട്ടി ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന ബിംബകല്പനകളേക്കാള്‍ ഹൃദയഭേദകമായ പ്രയോഗങ്ങള്‍ കഥയിലുടനീളമുണ്ട്. ഇത്തരം കഥകളുടെ പിറവി നവീനകവിതയുടെ കൂമ്പടച്ചുകളയുമോ എന്ന് ന്യായമായും പുതുകവികളെങ്കിലും ആശങ്കപ്പെടണം. ഉദാഹരിക്കുന്നില്ല, അത്രയ്ക്കുണ്ട് അവ ഈ കഥയില്‍. കുറുകെയുള്ള ഭാഗം കവിതയും നേരെയുള്ളത് കഥയും ചേര്‍ത്താണ് ഉദ്വേഗപൂര്‍ണ്ണമായ ഈ കഥയുടെ ചെങ്കുരിശ് പണിതിരിക്കുന്നത്.
കര്‍ത്താവും ക്രിയയും കര്‍മവും യാദൃശ്ചികമായി ഒന്നിക്കുന്ന നിമിഷങ്ങളില്‍ ആണത്തം ഉണരുന്നു. ജുറാസിക് യുഗങ്ങള്‍ക്കപ്പുറത്തുനിന്നുപോലുമുള്ള ആണ്‍കോയ്മയുടെ നാനാവതാരങ്ങള്‍ വേഷം കെട്ടിയാടുമ്പോള്‍ സ്ഥലകാലങ്ങള്‍ അലസിപ്പോകുന്ന തദേവസ്സുമാര്‍ ജനിക്കുന്നു. ബിയാട്രീസുമാരുടെ ഉടല്‍ രക്തം ചീറ്റുന്നു. ഓരോ സ്ത്രീയും കാലാന്തരങ്ങളിലേയ്ക്ക് പതിക്കുന്ന ചെങ്കുരിശ്ശായി മാറുന്നു. ജീവിതക്കുറിശേന്തുന്ന എല്ലാ ഭാര്യമാരും ഒരിടത്ത് ഘനീഭവിച്ചതാകുന്നു ബിയാട്രീസ്, വയസ്സറിയിക്കുന്ന പെണ്‍മക്കളുള്ള അമ്മമാരുടെ ആധി രൂപമെടുത്തതാകുന്നു ബിയാട്രീസ്, വിശന്നു വിശന്ന് സിംഹഗന്ധംപൂണ്ട് ഭ്രാന്തിയായി അടുക്കളകളില്‍ ഒടുങ്ങിത്തീരുന്ന പ്രസവിക്കുന്ന പാത്രങ്ങളുടെ ആകെത്തുകയാകുന്നു ബിയാട്രീസ്.
പരപീഡനവും കാമാതുരതയും സ്വേച്ഛാധികാരവും അലങ്കോലമാക്കിയ മലയാളിമനസ്സിന്റെ ഉടലില്‍ കുത്തിത്തുളച്ച് ചീറ്റിയ ജനിതകമഷികൊണ്ടാണ് പ്രമോദ് രാമന്‍ ഈ ചെങ്കുരിശ് നമ്മുടെയെല്ലാം ചുമലിലേറ്റുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഒരാള്‍ക്കു കുറുകെ മറ്റൊരാള്‍ എന്നവിധം കുരിശ്ശായിത്തീരുന്ന ജീവിതാദ്ധ്യായങ്ങളാണ് നമുക്കുചുറ്റും. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് ഈ കഥ നല്‍കിയത്.

രവി നാദാപുരം
മലയാളം അദ്ധ്യാപകന്‍
കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍
പുറമേരി പി. .
കോഴിക്കോട്

Feb 18, 2011

എസ് എസ് എല്‍ സി 2011

സ്റ്റാന്റേര്‍ഡ് 10 മലയാളം
ോദ്യങ്ങള്‍ മറുപടികള്‍

? ഏതു വിഷയത്തെക്കുറിച്ചായാലും കൂടുതല്‍ സ്കോറുള്ള ചോദ്യങ്ങള്‍ക്ക് ഒരു പുറമോ ഒന്നരപ്പുറമോ ഉത്തരമെഴുതാന്‍ സാധിക്കുന്നില്ല. അരപ്പുറം എഴുതുമ്പോഴേയ്ക്ക് ആശയങ്ങള്‍ തീര്‍ന്നുപോകുന്നു. എന്തു ചെയ്യണം?

= പൊതുവേയുള്ള പ്രശ്നമാണ്. പരിഹാരമുണ്ട്. നോക്കൂ, എഡിറ്റോറിയലിനും ഡയറിക്കുറിപ്പിനും ആസ്വാദനത്തിനും എന്നുവേണ്ട,എല്ലാ ഭാഷാരൂപങ്ങള്‍ക്കും ആകൃതിയും
പ്രകൃതിയും വ്യത്യസ്‍തമാണ്. ആ വ്യത്യാസങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കണം. അപ്പോള്‍ പകുതി കാര്യം ശരിയായി. ഇനി, എന്തെഴുതും എന്ന പ്രശ്നത്തെക്കുറിച്ചു പറയാം. ഏതു ചോദ്യത്തിന്റെ ഉത്തരത്തിനും ഒരു മനോഹരമായ രൂപമുണ്ട്. ആ രൂപത്തിന് അഞ്ച് ഭാഗങ്ങളുണ്ടെന്ന് സങ്കല്പിക്കണം . ക്യു. പി. ത്രിബിള്‍ എസ് ആണ് ആ അഞ്ച് ഭാഗങ്ങള്‍.

Feb 16, 2011

ചോദ്യപ്പേപ്പര്‍ അവലോകനം - മോഡല്‍ പരീക്ഷ മലായാളം പേപ്പര്‍ 11.പട്ടിക പൂര്‍ത്തിയാക്കാനുള്ള പരിശീലന ചോദ്യങ്ങള്‍ നമ്മുടെ ബ്ളോഗിലൂടെ ധാരാളം പരിചയപ്പെട്ടതാണ്. ഓരോ ഗ്രന്ഥകര്‍ത്താവിനേയും അവരുടെ പ്രധാന കൃതികളേയും പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് ചോദ്യം വിഷമമാകാനിടയില്ല.
2.ഭ്രമാത്മക കഥകളില്‍ ഭാവതലത്തിന്റെ പ്രാധാന്യം പ്രത്യേകം ശ്രദ്ധ പതിക്കേണ്ടുന്ന ഒന്നാണ്. കാവ്യ ഗുണമുള്ള ഗദ്യം അതിനു വളരെയധികം സഹായകരമാണ്. 'ഇളകി മറിയുന്ന നാവുകള്‍', നമ്മില്‍ ഉണര്‍ത്തുന്ന ശബ്ദഘോഷവും ശബ്ദമുണ്ടാക്കി തുറക്കുന്ന 'വാതിലിന്റെ ചിരി'യും 'ഇരുളിന്റെ പാട വീണു കട്ടിയാകുന്നതു' സൂചിപ്പിക്കുന്ന രാത്രിയുടെ കടന്നുവരവുമെല്ലാം കഥയിലെ കാവ്യകല്പനകളെയാണ് ചൂണ്ടിക്കാട്ടുന്നത്. അര്‍ത്ഥതലത്തില്‍ നിന്നുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
3.കുഞ്ചന്‍ നമ്പ്യാരുടെ ഫലിതത്തിന്റെ പ്രത്യേകതകള്‍ നമ്മുടെ ബ്ളോഗില്‍ മുന്‍പ് വളരെ വിശദമായി നല്കിയിട്ടുള്ളതു കൊണ്ട് ഇതിനുത്തരം എഴുതാന്‍ വിഷമമുണ്ടാകില്ല എന്നു കരുതുന്നു. പുരാണ കഥാപാത്രങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നമ്പ്യാര്‍ ഇവിടെ നിസ്സഹായനായ ഒരു പാവത്താനായി രാവണനെന്ന പരാക്രമിയെ അവതരിപ്പിക്കുന്നു എന്ന ആശയം കൂടി കണ്ടെത്തി കുട്ടിയ്ക്ക് എഴുതാനാകും.
4.മേഘരൂപനായ മഹാകവി പി.യെ പുരസ്ക്കാരങ്ങള്‍ കൊണ്ടും നിരൂപണങ്ങള്‍ കൊണ്ടും സ്വാധീനിക്കാന്‍ ആര്‍ക്കുമായിട്ടില്ല എന്ന ആശയത്തെ വളരെ മനോഹരമായി അവതരിപ്പിക്കുകയാണ് ആറ്റൂര്‍ രവിവര്‍മ്മ വരികളിലൂടെ. പൊന്‍കോലം, ഇരുമ്പു ചങ്ങല, തോക്ക് എന്നീ പദങ്ങളിലൂടെ പി.യുടെ കാവ്യഗുണങ്ങളെ അവതരിപ്പിക്കുന്ന കഴിവിനെക്കുറിച്ചാണ് എസ്. ഗുപ്തന്‍നായരും പരാമര്‍ശിച്ചിരിക്കുന്നത് എന്ന ആശയം കുട്ടികള്‍ക്കു കണ്ടെത്താനാവണം.
5.രണ്ടും മൂന്നും വാക്യങ്ങളിലാണ് നാട്ടുവെളിച്ചം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
6.പഴയ തലമുറയില്‍നിന്നും വ്യത്യസ്തമായി പുതു തലമുറയ്ക്കു നഷ്ടപ്പെട്ട കൃഷ്ണനാട്ടം, കഥകളി എന്നിവയെക്കുറിച്ച് തിക്കോടിയന്റെ അഭിപ്രായത്തോട് യോജിക്കാമെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ ഒട്ടേറെ പുതുകലാരൂപങ്ങളും പാരമ്പര്യകലാരൂപങ്ങളും ആസ്വദിക്കാനുള്ള അവസരങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ ആസ്വാദനതലത്തിലുണ്ടായ മാറ്റം കൊണ്ട് പാരമ്പര്യ കലകള്‍ക്കു മുമ്പുള്ള പ്രാധാന്യം പുതു തലമുറ നല്കുന്നില്ല എന്നതാണ് സത്യം എന്നു കണ്ടെത്തുന്ന കുട്ടികള്‍ക്കു സ്കോര്‍ നേടാനാകും.
7.ആസ്വാദനം തയ്യാറാക്കുമ്പോള്‍ കവിതയുടെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട്, ആസ്വാദനാംശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് എഴുതുവാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്ക്കൂള്‍ പഠനകാലത്തെ ഓര്‍മ്മകളെ അതിന്റെ എല്ലാവിധ നിറശോഭയോടെയും അവതരിപ്പിക്കുകയാണ് കുരീപ്പുഴ ശ്രീകുമാര്‍ കവിതയില്‍ എന്നു കണ്ടെത്താന്‍ കുട്ടികള്‍ക്ക് എളുപ്പം സാധിക്കും.
8.നാഗരികതയുടെ എല്ലാ ഭീകരതയും കാടിന്റെ ശാന്തതയിലേയ്ക്ക് ആനയിക്കുകയാണ് മനുഷ്യന്‍ എന്ന് വരികളിലൂടെ ജി.ശങ്കരപ്പിള്ള അഭിപ്രായപ്പെടുന്നു. ഇതേ ആശയം തന്നെയാണ് മുഖംമൂടി അണിഞ്ഞ ചങ്ങാതിമാരേയും മറ്റുള്ളവരുടെ കണ്ണീരിനാല്‍ ദാഹം തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ആധുനിക മനുഷ്യന്റെ അവസ്ഥകളെ വരച്ചുകാട്ടിക്കൊണ്ട് പഥികന്റെ പാട്ടിലൂടെ ജി.ശങ്കരക്കുറുപ്പ് ചെയ്യുന്നത് എന്നു മനസ്സിലാക്കിയുള്ള ഉപന്യാസമാണിവിടെ പ്രതീക്ഷിക്കുന്നത്.
b)അപൂര്‍വമെങ്കിലും നമുക്കിടയില്‍ വരുന്ന മഹത് വ്യക്തിത്വങ്ങള്‍ അവരുടെ ആശയങ്ങളിലൂടെ വരുത്തുന്ന മാറ്റങ്ങളും അതുവഴി അവര്‍ നേടുന്ന അമരത്വവും നിത്യചൈതന്യയതി 'വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍' എന്ന പാഠത്തില്‍ പറയുന്നുണ്ട്. അതുതന്നെയാണ് ഏകതാരകത്തിന്റെ പ്രകാശത്താല്‍ പാരില്‍ മുഴുവന്‍ വെളിച്ചം നല്‍കാമെന്ന് വൈലോപ്പിള്ളി കുടിയൊഴിക്കലിലെ വരികളിലൂടെയും പറയുന്നത് എന്നു മനസ്സിലാക്കി ഉപന്യാസം തയ്യാറാക്കാം.
- ബി. കെ. എസ്.

Feb 15, 2011

അനുഭവക്കുറിപ്പ്


എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ............

ഈദിന്റെ അവധി നാളെ മുതല്‍ നാലു ദിവസമാണ്.......
എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് ഈദിന്റെ അന്ന് മാത്രമേ അവധി ഉള്ളു
ബാക്കി മൂന്ന് ദിവസവും ജോലിയുണ്ട്......

ഇന്ന് വൈകിട്ട് എഴെകാലുവരെയയിരുന്നു ഡ്യൂട്ടി....
വന്നു റൂമില്‍ ഇരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു...
പിന്നെ നേരെ ജിമ്മിലേക്ക് പോയി..അങ്ങനെ ഒരു പതിവുണ്ട്.
ഇരുന്നിരുന്നു തടി വച്ചു അതൊന്നു കുറക്കണം അതിന്റെ ഭാഗമാന്നു
ഈ ജിമ്മില്‍ പോക്ക്
ഇവിടെ ഉള്ള എന്റെ സുഹൃത്തുക്കള്‍ പറയും അവന്‍ മല്ലന്‍ പണിക്കു പോവുകയാണെന്ന്
അങ്ങനെ അതിനു മസിലുകട എന്നൊരു പേരും കൈവന്നിട്ടുണ്ട്.

Feb 13, 2011

പ്രണയം - കവിത

വിവാഹത്തില്‍ പിടഞ്ഞു മരിച്ചു
വാക്കുകള്‍ കൊണ്ട് നാമതിനെ
പിന്നെയും പിന്നെയും
കീറിമുറിച്ചു
എന്റേതെന്നും നിന്റേതെന്നും
പങ്കുവച്ചു
കാത്തുനിന്ന കലിദ്വാപരന്‍മാര്‍
കൊത്തിപ്പറന്നു
ഇല്ല
ഒരു തെളിവുപോലും
ഇനി ബാക്കിയില്ല.
ഷീബ വി. കെ.
എച്ച്. എസ്. .
ജി. എച്ച്. എസ്. എസ്.,
മടപ്പിള്ളി


Feb 10, 2011

എഡിറ്റിംഗ് - മാതൃകാചോദ്യങ്ങള്‍


 
ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താറുള്ള ഒരു പ്രവര്‍ത്തനമാണ് എഡിറ്റിംഗ്. രണ്ട് അല്ലെങ്കില്‍ നാല് സ്കോറിന്റെ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്താറുള്ളത്. അല്പം പരിശീലനംകൊണ്ട് ഏതു കുട്ടിക്കും മുഴുവന്‍ സ്കോറും നേടാവുന്ന ഒരു ലഘുപ്രവര്‍ത്തനം. അതിനായി ഇവിടെ ഒരു സ്ലൈഡ് ഷോ പോസ്റ്റ് ചെയ്യുകയാണ്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്ധിചെയ്യാത്തതും സമസിക്കാത്തതുമായ പദങ്ങള്‍, ഒരേ അര്‍ത്ഥമുള്ള പദങ്ങളുടെ ആവര്‍ത്തനം, അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ അഭംഗിയും തെറ്റുകളും, ചിഹ്നങ്ങളുടെ അഭാവം ഇങ്ങനെ ഭാഷയെ വികലമാക്കുന്ന പ്രയോഗങ്ങള്‍ നിരവധിയാണ്. ഈ പ്രശ്നങ്ങള്‍ കണ്ടെത്തുവാനും അവയെ ഒഴിവാക്കിയും പരിഹരിച്ചും ഭാഷാപ്രയോഗത്തെ മെച്ചപ്പെടുത്താനുമുള്ള പരിശീലനമാണ് എഡിറ്റിംഗ് നന്നാവാന്‍ കുട്ടികള്‍ക്കുനല്‍കേണ്ടത്. അതിന് ഈ സ്ലൈഡുകള്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു. എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഉത്തരം നല്‍കിയിട്ടില്ല. മെച്ചപ്പെടുത്തല്‍ പലതരത്തിലും അവാമല്ലോ. 


 

Feb 8, 2011

മാതൃകാചോദ്യങ്ങള്‍ - പത്താംതരം എട്ടാം യൂണിറ്റ്പത്താംതരം കേരളപാഠാവലിയുടെ എട്ടാം യൂണിറ്റിലെ മൂല്യനിര്‍ണ്ണയപ്രവര്‍‌ത്തനങ്ങളാണ് ഈ പോസ്റ്റ്. പടവുകള്‍, പൊതുപരീക്ഷകള്‍ ഇവയില്‍ വന്ന പ്രവര്‍ത്തനങ്ങളാണ് ക്രോഡീകരിച്ചിരിക്കുന്നത്. അവസാന യൂണിറ്റ് എന്നനിലയില്‍ വളരെ വേഗത്തിലായിരിക്കും ഈ പാഠങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവുക. എങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ കൂടി ക്ലാസ്സില്‍ ചര്‍ച്ചചെയ്യുമ്പോള്‍ കുട്ടികളുടെ ധാരണ മെച്ചപ്പെടും.

Feb 7, 2011

മാതൃകാചോദ്യങ്ങള്‍ പത്താംതരം - ക്രമീകരണം


 
പത്താംതരം മലയാളം ഒന്നാം പേപ്പറില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ചോദ്യമാണ് 'പട്ടിക ക്രമീകരിക്കുക'. പഠനത്തില്‍ താല്‍പര്യം കാണിക്കാത്ത കുട്ടികള്‍ക്കുപോലും എളുപ്പത്തില്‍ നാലു സ്കോര്‍ നേടാന്‍ സഹായിക്കുന്ന ഒരു മൂല്യനിര്‍ണ്ണയപ്രവര്‍ത്തനമാണ് ഇത്. ഇതുവരെ ചോദിച്ച ക്രമീകരണത്തിനുള്ള എല്ലാ ചോദ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഇന്നത്തെ പോസ്റ്റ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തി പൊതുപരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ക്രമീകരണത്തിനുള്ള ചോദ്യത്തെ നേരിടാന്‍ കഴിയും. എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും അതിനുള്ള അവസരമൊരുക്കുമെന്നു കരുതുന്നു.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രസന്റേഷന്റെ പി. ഡി. എഫ്. ഡൗണ്‍ലോഡ് ചെയ്യുക. ഡോക്യുമെന്റ് വ്യൂവറില്‍ ഫയല്‍ തുറക്കുക. ഒന്നാമത്തെ സ്ലൈഡ് സെലക്ടുചെയ്യുക. അതിനുശേഷം മെനുബാറില്‍ വ്യൂ ബട്ടനില്‍ നിന്നും പ്രസന്റേഷന്‍ സെലക്ടുചെയ്യുക. പ്രസന്റേഷന്‍ ദൃശ്യമാകും. അപ്പ്, ഡൗണ്‍ ആരോകീകള്‍ ഉപയോഗിച്ച് മുമ്പോട്ടു പുറകോട്ടും പോകാന്‍ കഴിയും. പ്രോജക്ടര്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും.

Feb 5, 2011

അനര്‍ത്ഥങ്ങള്‍


മൌനത്തിന്റെ തോടു പൊട്ടി-
ചിറകു മുളയ്ക്കാത്ത വാക്ക് പിറവികൊണ്ടു.
പല്ലു മുളയ്ക്കാത്ത മോണ കാട്ടി,
അര്‍ത്ഥം ഗര്‍ഭത്തിലിരുന്നു ചിരിച്ചു.
'അര്‍ത്ഥഗര്‍ഭമായ ചിരി......'
സര്‍വതന്ത്ര സ്വതന്ത്രയായ വാക്ക്
കടിഞ്ഞാണില്ലാത്ത കുതിരയായ്
ചിന്ത ചമ്മട്ടിയുമായ് പിമ്പേ ചെന്നു
'വാക്ക് 'പറഞ്ഞു: എന്റെ സ്വാതന്ത്ര്യം കെടുത്തരുത്.
ചിന്ത ചിന്തയിലാണ്ടു.....
വാക്കേ ! നീ വെറും രൂപം മാത്രം
പോരുളില്ലാത്ത നീ വിരൂപി
വെറും അരൂപി....
വക്കു പൊട്ടിയ കലംപോലെ
വിരൂപിയായ വാക്ക് ചിന്തയിലാണ്ടു.....
അര്‍ത്ഥമില്ലാതെ എനിക്കെന്തര്‍ത്ഥം;
വെറും അനര്‍ത്ഥം.

Feb 3, 2011

കുറത്തി - കഥ


ഒഴിവുകാലം കളിച്ചു തന്നെ തീര്‍ക്കണമെന്ന പക്ഷക്കാരനാണ് ചിക്കു. മദ്ധ്യ വേനലവധിയുടെ ആഘോഷത്തിമിര്‍പ്പിലാണ് അവന്‍. ക്രിക്കറ്റ് കളിച്ചു കൊണ്ടാണ് അവന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വീടിന്റെ അല്പം മാറി വടക്കുഭാഗത്തായി ഒരു പള്ളി ശ്മശാനമാണ്. പള്ളിശ്മശാനം രണ്ടായി പകുത്തുകൊണ്ട് ഒരു ഊടു വഴി നീണ്ടു പോകുന്നു. ശ്മശാനത്തിന്റെ അപ്പുറമാണ് ചിക്കു ദിവസവും ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന പഞ്ചായത്ത് മൈതാനം. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയുംനട്ടുച്ചയ്ക്ക് ശ്മശാനത്തിലൂടെയുള്ള യാത്ര മുത്തശ്ശി വിലക്കിയിട്ടുണ്ട്.