എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 30, 2013

ഓര്‍മകള്‍ക്കെന്തു സുഗന്ധം - കവിത

-->



വാസരം വര്‍ഷം കടന്നു പോയെങ്കിലും സഖേ
മാനസത്തില്‍ ഞാനിന്നും ചരിക്കുന്നു നിന്നോടൊപ്പം..
ഓര്‍മയിലേക്കു തിരിച്ചു വരികയീ കലാലയ
ജാലക വാതില്‍ പതിയെ തുറക്കാം..
വര്‍ണ്ണങ്ങള്‍ വാരി ചിതറിയ കാലത്തിന്‍
കാതരയാമങ്ങള്‍ ഓര്‍ത്തെടുക്കാം....

ഒന്നിച്ചു ചവിട്ടി നീങ്ങിയ മണ്‍തരികള്‍ പോലു -
മന്നൊത്തിരി കിനാവുകള്‍ കണ്ടിരുന്നു.
തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ചേര്‍ന്നിരുന്നൊരാ
പേരാലിന്‍ ചില്ലയും അന്നേറെ തളിര്‍ത്തിരുന്നു.
ഇടവഴികോണിലായ് ആരോരുമറിയാത്ത
ആത്മസ്പര്‍ശങ്ങളില്‍ ഇരുളും തെളിഞ്ഞിരുന്നു...

പരിഭവം, പരാതികള്‍ കലഹം,കലങ്ങലുകള്‍
കണ്ണിന്‍ കടാക്ഷങ്ങള്‍ കടങ്കഥകള്‍....
മഴയെ മഴ മാത്രമല്ലാതെ മേഘാനുരാഗമായ്
അനുഭവിച്ചറിഞ്ഞൊരാ രാഗലയങ്ങള്‍.....
കഥയും കവിതയും മഴയും മഴവില്ലുമായ്
എത്രയോ രാഗത്തില്‍ നീ വന്നു മുന്നില്‍..

ഒടുവിലായ് നാമും പിരിഞ്ഞു പോയെപ്പൊഴോ..
വിധിയെപ്പഴിക്കാതെ കാലത്തിന്‍തേരേറി
ഏറെ നടന്നു പോയ്.. വര്‍ഷം കടന്നു പോയ് ...
കഥയും മഴവില്ലും പോയ് മറഞ്ഞു..
ഈ വാസരാന്തത്തിലെങ്കിലും വരികയീ
ജാലകം തള്ളിത്തുറക്കാം നമുക്കിനി...

പുല്ലു കിളിര്‍ക്കില്ലെന്ന മെച്ചത്തില്‍
മണ്‍തരികള്‍ കരിങ്കല്‍പ്പൊടികളായി..
ഇനിയാര്‍ക്കുമീ കിനാവുകള്‍ കാണേണ്ടയെന്നോ?
എന്‍ പ്രണയത്തില്‍ തളിര്‍ത്തൊരാ പേരാലും
ഒരിലയും ബാക്കിയാവാതെ മൂകയായി...
ഇനിയാര്‍ക്കുമീ തണലിലിരിക്കേണ്ടയെന്നോ?

ഇടവഴിക്കോണിലെ ഇരുളും
എവിടെയോ പോയ് മറഞ്ഞുനിന്നു.....
ഇനിയാര്‍ക്കുമീ ആത്മസ്പര്‍ശം വേണ്ടയെന്നോ?
'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം' എന്നാ പല്ലവി
ആരോ എവിടെയോ മൂളുന്നു പിന്നെയും..
ആരോ എവിടെയോ മൂളുന്നു പിന്നെയും.....

ലീമ വി.കെ
എസ്. ജെ. എച്ച്. എസ്. ചിന്നാര്‍