മനുഷ്യന്‍ കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ മഹാന്‍ പ്രസ്താവിച്ചതോര്‍ക്കുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്. പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്. യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്. ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനായി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്‍മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി.... "കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...” എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ.
ഈയുള്ളവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍, പണ്ട് തോപ്രാംകുടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ് ടീച്ചര്‍ മാന്യശ്രീ കരുണാകരന്‍സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി. ദേഹം തിരുവനന്തപുരത്ത് ഒരു ജവുളിക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു. ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായ ദൈനംദിന യാത്രയില്‍ സ്ഥിരം വിശ്രമകേന്ദ്രമായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്. ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന്‍ ടോമിയാണ് ഒപ്പിടല്‍ വിദഗ്ദ്ധന്‍. അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്.