വാക്കിലും വരിയിലും മലയാളത്തിന്റെ മാധുര്യവും പൈതൃകവും നിറഞ്ഞു നില്‍ക്കുന്ന കവിതയാണ് സച്ചിദാനന്ദന്റെ 'മലയാളം'. നവ്യമായൊരു വായനാനുഭവം സമ്മാനിക്കുന്ന ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാവും മാതൃഭാഷയും മാതൃഭൂമിയും ഒന്നു തന്നെയായി മാറുന്നത് ആസ്വാദകര്‍ക്ക് അനുഭവിച്ചറിയാനാകും. പരിഭാഷക്കു വഴങ്ങാത്ത ഈ കവിതയിലൂടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അന്തര്‍ധാരകള്‍ ഒന്നു ചേര്‍ന്നൊഴുകുന്നത് നമുക്കു കാണാനാകും. പുരാണേതിഹാസങ്ങളിലൂടെയുള്ള ഭാഷയുടെ ക്രമാനുഗതമായ വളര്‍ച്ചയും നാട്ടിന്‍ പുറനന്മകളുടെ സമൃദ്ധിയും സാംസ്‌കാരിക പൈതൃകങ്ങളും ഇണങ്ങിചേര്‍ന്ന മനോഹരമായൊരു കവിതയാണിത്.
ഭാഷയും സാഹിത്യവും
ജനിക്കും മുമ്പ് അമ്മയുടലിന്നുള്ളില്‍ വെച്ചേ കേട്ട് വളര്‍ന്ന മലയാളമാണ് പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ കുഞ്ഞിനെ അമൃതൂട്ടിയത്. ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം 'പൊക്കിള്‍ക്കൊടി' എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ തന്നെ വ്യക്തമാണ്. അജ്ഞാനാന്ധകാരത്തില്‍ നിന്ന് ജ്ഞാനം നല്‍കി ഗുരുവിനെപ്പോലെ വെളിച്ചത്തിന്റെ അപ്പൂപ്പന്‍ താടികള്‍ കൊണ്ട് കണ്ണ് തുറപ്പിക്കുന്ന; ഉണ്ണിയുടലിനെ മാമ്പൂ മണത്തില്‍ സ്നാനപ്പെടുത്തിയ മലയാളം. പൊന്നും വയമ്പും ചേര്‍ത്ത് നാവിന്‍ തുമ്പില്‍ നുണയുന്ന ആദ്യരുചിയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും നിറഞ്ഞ ഭാഷ കുഞ്ഞിലേക്കെത്തുന്നു. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായി വാര്യരുടെ കഥകളിപ്പദങ്ങളും അമ്മയുടെ മടിയിലുറങ്ങുന്ന കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് മലയാളമായി പെയ്തു നിറയുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് വെണ്മണലില്‍ 'ഹരിശ്രീ ' യെന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടിയുടെ കാഴ്ച രാജമല്ലിപ്പൂക്കളെപ്പോലെ ചേതോഹരമാണ്. വ്യാകരണമായി വന്നു ഭയപ്പെടുത്തിയപ്പോഴും കവിതയായി വന്നു പ്രലോഭിപ്പിച്ചവളാണ് മലയാള ഭാഷ.
അച്ഛനോടൊപ്പം കിഴക്കുപുറത്തുദിച്ച സൂര്യന്‍ പൌരസ്ത്യമായ ഭാരതീയ ചിന്താധാരയില്‍നിന്നുള്ള അറിവുകളാണ് കുട്ടിക്ക് സമ്മാനിച്ചത്. സ്ലൈറ്റില്‍ വിടര്‍ന്ന വടിവുകള്‍ മഴവില്ലിന്റെ ശബളിമയുള്ള മലയാള അക്ഷരങ്ങള്‍ തന്നെയാണ്. വെണ്മണലില്‍ പിഞ്ചുവിരലുകള്‍ കൊണ്ടു തുടങ്ങി സ്ലൈറ്റിലൂടെ വളര്‍ന്ന് പുസ്തക താളുകളിലൊളിപ്പിച്ച മയില്‍പ്പീലിയായി നിറയുന്നു മലയാളത്തിന്റെ സൗന്ദര്യം. വെണ്മ പിരിഞ്ഞ് ഏഴു നിറങ്ങളായും അവ പിന്നെ മയില്‍പ്പീലിയിലെ അനേകായിരം നിറങ്ങളായും മാറുന്നത് ഭാഷയില്‍ അക്ഷരങ്ങളുടെ, വാക്കുകളുടെ, വാക്യങ്ങളുടെ, സൗന്ദര്യമായി വളരുന്നത് നമുക്കനുഭവപ്പെടുന്നു.