ഒമ്പതാംതരം കേരളപാഠാവലിയിലെ 'കാട്ടിലേയ്ക്കു പോകല്ലേ, കുഞ്ഞേ' എന്ന കഥയുടെ ആസ്വാദനമാണ് ഈ പോസ്റ്റ്. തലയോലപ്പറമ്പ് എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കുളിലെ മലയാളം അദ്ധ്യാപിക ശ്രീമതി ഷംല യു. ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പാഠവിശകലനത്തിന് അദ്ധ്യാപകര്‍ക്കും ആസ്വാദനശേഷി വികസനത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ഈ ലേഖനം തീര്‍ച്ചയായും പ്രയോജനം ചെയ്യും. ലേഖനം പി.ഡി.എഫ്. രൂപത്തില്‍ താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. പ്രിന്റെടുത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കാനുള്ള സൗകര്യത്തിനാണ് പി.ഡി.എഫ്. ആക്കിയിട്ടുള്ളത്. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.
Jan 31, 2011
Jan 29, 2011
നല്ല വാക്കുകള്‍ - കവിത
നല്ല വാക്കുകള്‍ക്കെന്തൊരു സൗമ്യത
നന്മ നേരുന്നൊരമ്മതന്നാര്‍ദ്രത
നല്ല വാക്കുകള്‍ നന്മതന്‍ മുത്തുകള്‍
നറു നിലാവിന്‍ കുളിര്‍ നിറയ്ക്കുന്നവര്‍
നല്ല വാക്കുകള്‍ വര്‍ഷപാതങ്ങളായ്
അല്ലലാററിത്തണുപ്പിക്കുമാശകള്‍
നല്ല വാക്കുകള്‍ക്കെന്തൊരുസൗന്ദര്യം
മുല്ല മൊട്ടിലുറങ്ങുന്ന സൗരഭ്യം
നല്ല വാക്കുകളുള്‍ക്കുളിര്‍പ്പച്ചകള്‍
നന്മ ചെയ്യുവാനൂര്‍ജം പകരുവോര്‍
പൊന്നു മോഹന്‍ദാസ്
അദ്ധ്യാപിക
ഗവ.മോഡല്‍ എച്ച്.എസ്.എസ്.
ചെറുവട്ടൂര്‍
ലേബലുകള്‍:
കവിത
Jan 27, 2011
മാതൃകാചോദ്യങ്ങള്‍ പത്താംതരം
പത്താം തരം കേരളപാഠാവലിയിലെ മൂന്നാം യൂണിറ്റ് പരിഗണിച്ചുകൊണ്ട് കിളിരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്സിലെ പി. ഗീത ടീച്ചര്‍ തയ്യാറാക്കിയ മാതൃകാചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് ഇതും ഒരു കൈത്താങ്ങായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലേബലുകള്‍:
മാതൃകാചോദ്യങ്ങള്‍
Jan 25, 2011
വി. കെ. എന്‍. - അനുസ്മരണം
തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6നാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍ അഥവാ വി. കെ. എന്‍. ജനിച്ചത്. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ എട്ടു വര്‍ഷത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗുമസ്തനായി ജോലിചെയ്തു. പാലക്കാടായിരുന്നു ആദ്യ നിയമനം. എന്നാല്‍ അദ്ദേഹമെഴുതിയ 'ദ് ട്വിന്‍ ഗോഡ് അറൈവ്‌സ്' എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റംചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റപ്പെട്ടു. കുറെക്കാലത്തിനുശേഷം മലപ്പുറം ജില്ലയിലെ പുളിക്കല്‍ അമ്പലത്തിലെ മാനേജരായി നിയമിതനായി. എന്നാല്‍ പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന് സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരര്‍ഥത്തില്‍ വി കെ എന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ നിമിത്തമായി. ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിന്റെ മുന്നില്‍ത്തെളിഞ്ഞു. 1959-ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. പത്രപ്രവര്‍ത്തനത്തോടൊപ്പം അക്കാലത്ത് പ്രസിദ്ധമായിരുന്ന ശങ്കേഴ്സ് വീക്കിലിയിലും ലേഖനങ്ങളെഴുതി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ, ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവര്‍ത്തനജീവിതം. പത്തുവര്‍ഷക്കാലത്തെ ഡല്‍ഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കള്‍. 1969-ല്‍ ഡല്‍ഹി ജീവിതം അവസാനിപ്പിച്ച് തിരുവില്വാമലയില്‍ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എന്‍ ജന്മനാട്ടില്‍ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു.
വി. കെ. എന്‍ തന്റെ എഴുത്തിന്റെ ശൈലീരസംകൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടുനിന്ന വ്യക്തിത്ത്വമായിരുന്നു. ഹാസ്യ രചനകള്‍ കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരന്‍ ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷര സഞ്ചാരം നടത്തിയത്. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എന്‍. സ്വന്തം ജീവിതാനുഭവങ്ങളെ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി. കെ. എന്റേതായുണ്ട്. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വഴങ്ങാത്ത അത്യപൂര്‍വ്വ ശൈലിയിലായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്. അല്‍പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.
ലേബലുകള്‍:
അനുസ്മരണം
Jan 24, 2011
പത്താം തരം ഏഴാം ഭാഗം - മാതൃകാചോദ്യങ്ങള്‍
ആസ്വാദനത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ആധുനിക കവിത എന്ന ഈ യൂണിറ്റില്‍ ഭാവഗീതങ്ങളും ഗദ്യകവിതയും അവതരിപ്പിക്കുന്നു. പൊതുപരീക്ഷകള്‍ക്ക് പാഠങ്ങളുമായി ആശയതലത്തില്‍ നേരിട്ട് ബന്ധമുള്ള വളരെ കുറച്ച് ചോദ്യങ്ങളേ വന്നിട്ടുള്ളു. പാഠബാഹ്യമായ കവിതയ്ക്കോ കവിതാഭാഗത്തിനോ വിഭിന്ന തലങ്ങളില്‍ നിന്നുകൊണ്ട് ആസ്വാദനം തയ്യാറാക്കാനുള്ള ചോദ്യങ്ങളാണ് സാധാരണയായി കാണുന്നത്. പാഠഭാഗങ്ങളുമായി നേരിട്ടുബന്ധമുള്ള മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലേബലുകള്‍:
മാതൃകാചോദ്യങ്ങള്‍
Jan 23, 2011
ഉദ്ഘാടനവേദി - കവിത
കൊടിമരത്തിന്റെ താഴെയുണ്ടൊരു
വെടിമരുന്നിന്റെ നിലവറ
നിലവറയ്ക്കുളളില്‍ വീണു കേഴുന്നു
പോയകാലത്തിന്‍ തലമുറ
രുധിരമുതിരുന്നൊരെന്റെ നാടിന്റെ
ചരിതമിന്നു പഴങ്കഥ
ഗുണഗണങ്ങളരിച്ചു ചേര്‍ത്തൊരു
കവിതയാക്കിയ കടം കഥ
ചുരുളഴിയുന്ന കൊടിയിലുതിരുന്നു
ഒരു പിടിപൂക്കളെപ്പൊഴും
പൊങ്ങിടും കരഘോഷമദ്ധ്യേയൊരു
വെള്ളരി പ്രാവുയരവേ
ദേശഭക്തി നിറഞ്ഞുതൂവുന്ന
ബാന്‍ഡു മേളമുയരവേ
ഓത്തുപോയെന്റെ നാടിനായി ജീവന്‍
ദാനമേകിയ ശ്രേഷ്ഠരെ
ഭാവിപൊന്നാക്കും മാന്ത്രികര്‍ ചിലര്‍
നെഞ്ചില്‍ ബാഡ്ജുമായി വേദിയില്‍
പച്ച കത്തി കരി താടിവേഷങ്ങ-
ളുല്‍ക്കടാടോപമാടവേ
വേഷഭൂഷകളിട്ട കുട്ടികള്‍
ഊഴവും കാത്തിരിക്കവേ
കണ്ടു രാഷ്ടീയകോമരങ്ങള്‍ തന്‍
പിത്തലാട്ടങ്ങള്‍ വേദിയില്‍
കണ്ടിരിക്കുന്നൊരെന്റെ ഹൃത്തടേ
അഗ്നിനാളങ്ങളുയരവേ
തൊട്ടറിഞ്ഞു ഞാനെന്റെ ദന്തങ്ങ-
ളിത്തിരിക്കൂടി നീണ്ടുവോ............
കൈനഖങ്ങളിലുറ്റുനോക്കിയവ-
യിത്തിരിക്കൂടി നിണ്ടുവോ........
ജയിക്കബ് ജെ. കൂപ്ലി
സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.
കൈപ്പുഴ, കോട്ടയം
ലേബലുകള്‍:
കവിത
Jan 22, 2011
'സരസദ്രുതകവി കിരീടമണി' കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ - അനുസ്മരണം
1913- ജനുവരി 22 - 'സരസദ്രുതകവി കിരീടമണി' കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ വേര്‍പാട് കൈരളിയുടെ തീരാനഷ്ടമായിരുന്നു' 'കൈരളിയുടെ കഥ'യില്‍ എന്‍. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
1864-ല്‍ വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടേയുംപുത്രനായി ജനിച്ച 'രാമവര്‍മ്മ' 'കുഞ്ഞിക്കുട്ടന്‍' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്.
സംസ്കൃതത്തിലും മലയാളത്തിലും കാവ്യരചനകള്‍ നടത്താനുള്ള അസാമാന്യമായ വൈഭവം കുട്ടിക്കാലത്തു തന്നെ ഇദ്ദേഹത്തിന് സ്വായത്തമായിരുന്നു. സാഹിത്യകാരന്‍മാരും സാഹിത്യാഭിരുചിയുള്ളവരും ഒത്തുചേരുന്ന സഭകള്‍ അക്കാലത്ത് 'കൊണ്ടും കൊടുത്തും' സജീവമായപ്പോള്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'കാവ്യതല്ലജം' കൂടുതല്‍ പുഷ്കലമായി.
ലേബലുകള്‍:
അനുസ്മരണം
Jan 20, 2011
എസ്.എസ്.എല്‍.സി -സി ഇ സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?
S.S.L.C പരീക്ഷയുടെ CE മാര്‍ക്കുകള്‍ എന്റര്‍ ചെയ്യാനുള്ള സോഫ്റ്റ്‌വെയറുകള്‍ എല്ലാ സ്കൂളുകളിലും ലഭിചിച്ചു തുടങ്ങിയിരിക്കുമല്ലോ. പൊതുവേ സ്കൂളുകളിലെല്ലാം നാം 'ഐ.ടി.സ്കൂള്‍ ഉബണ്ടു' ആണല്ലോ ഉപയോഗിച്ചു വരുന്നത്. CE സോഫ്റ്റ്‌വെയര്‍ എങ്ങനെ 'ഉബണ്ടു'- ല്‍ ഇന്സ്ടാല്‍ ചെയ്യാം എന്നതിനെക്കുറിച്ച് സനല്‍ സാര്‍ തയ്യാറാക്കിയ പോസ്റ്റ് വായിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന 'തുടര്‍ന്നു വായിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലേബലുകള്‍:
സാങ്കേതികം
Jan 19, 2011
ബഷീര്‍ കാലത്തിനപ്പുറത്തേയ്ക്ക് - ബഷീര്‍ അനുസ്മരണം
ബഷീര്‍ ഒരു പുഴയാണ്. സമസ്ത ജീവിതാനുഭവങ്ങളേയും ലയിപ്പിച്ചുകൊണ്ട് കാലഘട്ടത്തിന്റെ കരകള്‍ക്കുപോലും ഉര്‍വ്വരത നല്‍കിക്കൊണ്ട്, നിര്‍വ്വചനങ്ങള്‍ നിസാരമാക്കിക്കൊണ്ട്, സംസ്കാരം സൃഷ്ടിച്ച പുഴ. ബഷീറിന്റെ ഓരോ വാക്കും ഇന്നും നമുക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്നു. അങ്ങനെ ബഷീര്‍ കാലത്തിനപ്പുറത്തേയ്ക്കു കടക്കുന്നു.
1908 ജനുവരി 19 ന് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. അനന്തമായ യാത്രയായിരുന്നു ബഷീറിന്റെ ജീവിതം. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത് - അച്ഛന്‍ തല്ലിയതിന്റെ പേരില്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊള്ളാനായിരുന്നു ആ യാത്ര. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. ജയില്‍ വിട്ടശേഷം ദേശീയപ്രസ്ഥാനത്തിലെ തീവ്രവാദത്തോട് ബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വീണ്ടും ജയില്‍ വാസം. ജയില്‍ വിട്ടുവന്ന അദ്ദേഹം സഞ്ചാരത്തിന്റെ പാതതന്നെയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയിലുടനീളം മാത്രമല്ല അറേബ്യയിലും ആഫ്രിക്കയിലും ആ യാത്ര തുടര്‍ന്നു. ഹിന്ദുസന്യാസിയായും ഫക്കീറായും ജീവിതയാത്ര ചെയ്യാനായ അത്ഭുത വ്യക്തിത്വം.
ലേബലുകള്‍:
അനുസ്മരണം
Jan 17, 2011
വടാട്ടുപാറയിലെ പൊയ്ക - യാത്രാവിവരണം
ഉന്നതങ്ങളിലെ തീരുമാനമനുസരിച്ചായിരുന്നു ആ യാത്ര. ജൂലൈ ഒമ്പത് ഇരുണ്ടതായിരുന്നു. അടുക്കളയിലെ തിക്കും തിരക്കും കഴിച്ച് വിശപ്പിന്റെ വിളിയെ അവഗണിച്ച് ഓടുമ്പോള്‍ ആകാശം കരഞ്ഞു തുടങ്ങി. എന്റെ മനസ്സും വിങ്ങിപ്പൊട്ടുകയായിരുന്നു. ഇനി എത്ര ദൂരം. കൃത്യസമയത്ത് എത്താനാകുമോ? സഹപ്രവര്‍ത്തക ശകുന്തളയെ കണ്ടത് ആശ്വാസമായി. മുവാറ്റുപുഴയും കോതമംഗലവും പിന്നിട്ട് പാണ്ടിമട കഴിയും വരെ ഉദ്യോഗത്തിന്റെ ഉദ്വേഗത്തിലായിരുന്നു ഞാന്‍.
ഭൂതത്താന്‍കെട്ടും ഇടമലയാറും കേട്ടുകേള്‍വിയായിരുന്നു. പെട്ടെന്ന് വണ്ടി നിന്നു. ഇടത്ത് രണ്ട് കുട്ടികൊമ്പന്‍മാര്‍! ജീവനുള്ളതോ! ഞാനൊന്ന് ഞെട്ടി. ചുറ്റും കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകളും കളിസ്ഥലങ്ങളും പൂച്ചെടികളും. എനിക്കാശ്വാസമായി. വണ്ടി പിന്നെയും സഞ്ചരിക്കുകയാണ്.
പൂക്കുടയേന്തിയ തരുണീമണികളെ പ്പോലെ പൂത്തുലഞ്ഞചെടികള്‍ "ഭൂതത്താന്‍കെട്ട്" എന്ന ഡാമിലേക്ക് എന്നെ വരവേല്ക്കുകയായിരുന്നു. സ്വഛശീതളമായ ജലം. സ്ഫടിക പ്രതലം പോലെ നിശ്ചലം. കണ്ണേറുകൊണ്ടും കൈവീശല്‍കൊണ്ടും മറുകരയിലെ സുന്ദരിയെ വീക്ഷിക്കുന്ന തെങ്ങിന്‍തോപ്പ് ഇക്കരെ. നാണം കൊണ്ട് തലതാഴ്ത്തി കുണുങ്ങിക്കുണുങ്ങി കാല്‍വിരല്‍കൊണ്ട് നിലത്തെഴുതുന്ന വള്ളിപ്പടര്‍പ്പുകള്‍ മറുവശത്ത്. അവര്‍ അക്കരെയിക്കരെയെത്തുവാന്‍ ബോട്ടു കാത്ത് നില്‍ക്കുന്നു.
ലേബലുകള്‍:
യാത്രാവിവരണം
Jan 14, 2011
ഭീതിയുടെ നിഴലുകള്‍ - പി. വത്സലയുടെ "കാവല്‍" ഒരു വായനാനുഭവം
മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അടയാളപ്പെടുത്തുന്ന കഥാലോകമാണ് പി. വത്സലയുടേത്. പ്രകൃതിയുമായിടഞ്ഞും സമരസപ്പെട്ടും ജീവിക്കുന്ന മനുഷ്യന്റെ ചൂടും ചൂരും നിറഞ്ഞ അനുഭവപരമ്പരകള്‍, സാഹസികതകള്‍, വിഭ്രമാത്മകതകള്‍ ഇവ ഈ കഥാപ്രപഞ്ചത്തിന് വ്യത്യസ്തത പകരുന്നു. കാടുകള്‍വെട്ടിനിരത്തുന്ന പുതുകാലത്ത് കാടിന്റെ മക്കളുടെ ജീവിതവും സംസ്ക്കാരവും സമൂഹത്തിന്റെ അതിരുകള്‍ക്കും അപ്പുറത്തേയ്ക്ക് വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നു. നഗരവല്ക്കരണവും ഉപഭോഗസംസ്ക്കാരവും സൃഷ്ടിച്ച പുറംപൂച്ചുകളുടെ ലോകത്ത്, കാടിന്റെ തനിമയും കാട്ടുജീവിതവും വെറും കെട്ടു കാഴ്ചകള്‍ മാത്രമാകുന്നു.
അതിമാനുഷകഥാപാത്രങ്ങളും പരസ്യങ്ങളുടെ മായക്കാഴ്ചകളും ചൂഷണം നിറഞ്ഞ കമ്പോളസംസ്കാരവും കീഴടക്കുന്ന ബാലമനസ്സുകള്‍ക്ക് വൈജാത്യം നിറഞ്ഞൊരു സാഹസികാനുഭവം പകര്‍ത്തുന്ന കഥയാണ് വത്സലയുടെ കാവല്‍. വിദ്യാഭ്യാസവും സമ്പത്തും സുരക്ഷിതത്വവും ഇല്ലെങ്കിലും അദ്ധ്വാനത്തിന്റെ മഹത്ത്വത്തില്‍ അഭിമാനിക്കുന്ന ആദിവാസിബാലന്റെ വീക്ഷണകോണില്‍ അവതരിപ്പിക്കുന്ന കാവല്‍ നാടകീയത നിറഞ്ഞ ആഖ്യാനസൗന്ദര്യം അടിമുടി നിലനിര്‍ത്തുന്നു.
വയനാട്ടിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലത്തില്‍ രചിച്ച ചെറുകഥയാണ് കാവല്‍. ഭയംപോലെ മനുഷ്യനെ നിസ്സഹായനാക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഒരു വികാരമില്ലെന്നും അത് ബാല്യം കഴിയാത്ത എന്നാല്‍ കൗമാരത്തില്‍ എത്തിനില്‍ക്കുന്ന ഒരു കുട്ടിയിലാകുമ്പോള്‍ അതിന്റെ തീവ്രത എത്രത്തോളമാകുമെന്നും പി. വത്സല നമ്മെ അനുഭവപ്പെടുത്തുന്നു.
ജന്മിയുടെ കല്പനപ്രകാരം കൃഷിക്ക് കാവല്‍കിടക്കാന്‍ തീരുമാനിക്കപ്പെടുന്ന ജോഗി എന്ന അടിയാനാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഇത്രയും നാള്‍ തന്റെ അച്ഛനെ ഏല്പിച്ച പണി, ജന്മി തനിക്കായി ചുമതലപ്പെടുത്തിയപ്പോള്‍ അവന്‍ അഭിമാനഭരിതനാകുന്നു. സന്തോഷപൂര്‍വ്വം തിരുവോളമ്മ കൊടുത്ത തണുത്ത ചോറുണ്ട് തമ്പ്രാന്‍ നല്‍കിയ അവകാശവും വാങ്ങി പന്നിയെ ഓടിക്കുവാനുള്ള പടക്കങ്ങളുമായി അവന്‍ കളത്തിലെത്തുന്നു. അവിടവിടെയായി കേള്‍ക്കുന്ന പന്തല്‍പ്പാട്ടിന്റെ സ്വരം ഏറ്റുവാങ്ങിയും നീട്ടിപ്പാടിയും അവന്‍ ഭയമില്ലാത്തവനായി മാറുന്നു, അഥവാ സ്വയം ധൈര്യം നടിക്കുന്നു. തണുപ്പില്‍ ഉറങ്ങാതിരിക്കാനായി ഉള്ളംകാലില്‍ നിന്നും കീറിയ ചാക്കുകഷണം നെഞ്ചിലേക്ക് മാറ്റിയിടുന്നു. എങ്കിലും ആ അരണ്യ നിശ്ശബ്ദതയില്‍ കനല്‍ചൂടേറ്റ് അവന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. അനക്കം കേട്ട് ഞെട്ടിയുണരുമ്പോള്‍ കുറിച്യന്‍ മുദ്ദന്റെ കരിമ്പിച്ചിപ്പയാണ് എന്നു മനസ്സിലാകുന്നുവെങ്കിലും ക്രമേണ പയ്യല്ല, കാട്ടാനയാണെന്ന യാഥാര്‍ത്ഥ്യം അവന്റെ മനസ്സിലേക്ക് ഒരു മിന്നല്‍പോലെ കടന്നുവന്നു. ഭയത്തിന്റെ ആ ഒരുനിമിഷം അവന്‍ തളര്‍ന്നു. ശബ്ദം പുറത്തേക്ക് വന്നില്ല. പെട്ടെന്ന് എന്തൊ ഒരു ഉള്‍പ്രേരണയോടെ ശരംപോലെ അച്ഛന്റെയും തമ്പ്രാന്റെയും അടുത്തെത്തി ശബ്ദം ഇല്ലാതെ സംസാരിച്ച അവനൊപ്പം അവര്‍ കണ്ടതോ, കാട്ടാന നശിപ്പിച്ച വാഴക്കൂട്ടങ്ങളും തക്കാളിപ്പടര്‍പ്പുകളും മത്തന്‍വള്ളികളും ഈ കാഴ്ചയുടെ തിരിച്ചറിവില്‍ അവന്‍ എത്തിനിന്നത് തന്റെ തൊട്ടടുത്തുകൂടി പോയ കാട്ടാനയിലും താന്‍ ചവിട്ടിയ ചൂടുള്ള ആനപ്പിണ്ടത്തിലുമാണ്. അപ്പന്‍ അവനെ എങ്ങനെയൊ കുടിലില്‍ കൊണ്ടുചെന്നാക്കി. കനല്‍ച്ചൂടില്‍ അവന്‍ വില്ലുപോലെ ബലംപിടിച്ച് അനക്കവുമൊച്ചയുമില്ലാതെ കിടക്കുമ്പോള്‍ കാവല്‍ എന്ന കഥയ്ക്ക് വിരാമമാകുന്നു.
ലേബലുകള്‍:
കഥാപഠനം
Jan 12, 2011
മാതൃകാചോദ്യങ്ങള്‍ - പത്താം തരം ആറാം യൂണിറ്റ്
കഥാസാഹിത്യം എന്ന ആറാം യൂണിറ്റില്‍ രണ്ടുകഥകളും ഒരു ലേഖനവുമാണല്ലോ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാപാത്ര നിരൂപണം, കഥാപാത്ര താരതമ്യം, കഥയിലെ സാമൂഹികാവസ്ഥകള്‍, നോവല്‍ ചരിത്രം, നോവല്‍ പട്ടിക എന്നീ മേഖലകളിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. മുമ്പു നടന്ന പൊതുപരീക്ഷകളിലെല്ലാം അത്തരം ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. അവയെല്ലാം സമാഹരിച്ച് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പരമാവധി ചോദ്യങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിച്ചു ചര്‍ച്ചചെയ്യുമല്ലോ.
ലേബലുകള്‍:
മാതൃകാചോദ്യങ്ങള്‍
Jan 11, 2011
ഭാരതീയനവോത്ഥാനത്തിലെ അഗ്നിഗോളം
"ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഈ ഭാരത മണ്ണില്‍ ജ്വലിച്ചുകൊണ്ടു ജീവിക്കുക. കരുത്തും ചുറുചുറുക്കും ശ്രദ്ധയുമുള്ള നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള ചെറുപ്പകാരെയാണ് ഭാരതത്തിനാവശ്യം! ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത എഴുന്നേല്ക്കുക, ഉണരുക, ഇഷ്ട ലക്ഷ്യത്തിലെത്തും വരെ നില്‍ക്കാതിരിക്കുക! മനുഷ്യന്റെ വീര്യവും ഉത്സാഹപ്രഭാവവും വിശ്വാസ പ്രബലതയും കൊണ്ടു മാത്രമാണ് ലോകം മുഴുവന്‍ രൂപപ്പെട്ടിട്ടുള്ളത്!”
ഒന്നേകാല്‍ ശതാബ്ദത്തിനു മുന്‍പ് സ്വാമി വിവേകാനന്ദന്റെ ഹൃദയത്തില്‍ നിന്ന് പൊട്ടിപുറപ്പെട്ട പ്രൗഢഗംഭീരമായ ഈ വാക്കുകള്‍ ഉറങ്ങിക്കിടന്ന യുവ മനസ്സുകളെ ഉണര്‍ത്തി, ഭാരതത്തിന്റെ ആത്മാവിനെ തന്നെ തൊട്ടുണര്‍ത്തി!
ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന വിവേകാനന്ദ സ്വാമികള്‍ 1863 ജനുവരി 12ന് ബംഗാളില്‍ ജനിച്ചു. നരേന്ദ്രന്‍ എന്നായിരുന്നു പൂര്‍വ്വനാമധേയം. ശ്രീരാമകൃഷ്ണപരമഹംസരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ലോകമെമ്പാടും സഞ്ചരിച്ചു. അതാണ് തന്റെ ജീവിതദൗത്യമെന്ന് ആ മഹായോഗി അന്ന് തിരിച്ചറിഞ്ഞു. 1897-ല്‍ ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു. ഭാരതത്തിലെ ഒരു വലിയ വിഭാഗം യുവാക്കള്‍ ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.
1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തില്‍ 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന സംബോധന ആ സദസ്സിനെ മാത്രമല്ല ലോകജനതയുടെ ആത്മാവിനെ തന്നെ ഇളക്കി മറിച്ചു.
"ആണുങ്ങള്‍! ആണുങ്ങളാണ് നമുക്കാവശ്യം വിശുദ്ധവും ബലിഷ്ഠവുമായ ഇച്ഛാശക്തിയുള്ള വാളു കൊണ്ടു പിളരാത്ത, തീ കൊണ്ടെരിയാത്ത, കാറ്റുക്കൊണ്ടുലയാത്ത, അമരവും അനാദ്യനന്തവും സര്‍വ്വ ശുദ്ധവും സര്‍വ്വശക്തവും സാര്‍വത്രികവുമായ ആത്മാവിനെപ്പറ്റി വിശ്വാസമുള്ളനൂറുപേരുണ്ടെങ്കില്‍ ഈ ഭാരതത്തെ ആത്മീയോന്നതിയിലെത്തിക്കാം! കരുത്തന്മാരാകുക! നിങ്ങളുടെ ഉപനിഷത്തുകളിലേയ്ക്ക് മടങ്ങിച്ചെല്ലുക, വെളിച്ചവും കരുത്തും തെളിച്ചവുമുള്ള ആദര്‍ശത്തിലേയ്ക്ക്! ഈ ദര്‍ശനം കൈക്കൊള്ളുക, ഉണ്മ പോലെ തന്നെ, ലോകത്തില്‍ വെച്ച് ഏറ്റവും സരളമാണ് അത്യുത്തമമായ സത്യങ്ങളെല്ലാം ഉപനിഷത്തിലുള്ള സത്യങ്ങളാണ് നിങ്ങളുടെ മുന്നിലുള്ളത്. അവയെ കൈക്കൊള്ളുക, ജീവിതത്തില്‍ പകര്‍ത്തുക. അപ്പോള്‍ ഭാരതത്തിന്റെ മോചനം ആസന്നമായിരിയ്ക്കും."
ഇങ്ങനെ ഇങ്ങനെ മാനവികമൂല്യങ്ങളെ യുവ മനസ്സുകളിലെത്തിക്കാന്‍ വെമ്പല്‍കൊണ്ട ആ യുവസന്യാസിയുടെ വാക്കുകള്‍ കത്തിപടര്‍ന്ന് മുന്നേറുന്ന തീ ജ്ജ്വാലയായി ഭാരതത്തിലെ ഓരോ മണ്‍തരിയില്‍ പോലും! ആ ദിവ്യ പുരുഷന്റെ ജന്മദിനം തന്നെ 'യുവജനദിനമായി' ആചരിക്കുന്നത് ഏറെ ഉചിതം തന്നെ.
1902-ജൂലൈ 4 ന് ആദിവ്യ സ്വരൂപം കാലയവനിയ്ക്കുള്ളില്‍ മറഞ്ഞു. 'ആത്മീയത' എന്നാല്‍ കര്‍മ്മവിമുഖതയല്ല കര്‍മ്മവ്യഗ്രതയെന്ന് ഉദ്ഘോഷിച്ച സന്യാസിവര്യനായിരുന്നു അദ്ദേഹം!
'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ' എന്നു പറഞ്ഞതിലൂടെ നിഷ്ഠയുള്ള ജീവിതത്തിലൂടെ ആത്മീയത കരഗതമാവുമെന്ന ചിന്ത വിദേശീയരെ പോലും ആകര്‍ഷിക്കുവാനിടയായി. ആത്മീയത സാധാരണക്കാരനും പ്രാപ്യമാണെന്ന സന്ദേശംകൂടി വിവേകാനന്ദസ്വാമികള്‍ ലോകത്തിന് നല്കി.
ആത്മീയതയുടെ ഔന്നത്യത്തിലെത്തിയ, ഊര്‍ജ്ജസ്വലനായ ആ ഭാരതപുത്രന്‍ തെളിച്ചു തന്ന പന്ഥാവിലൂടെ മുന്നേറാന്‍ ഈ നൂറ്റാണ്ടിലെ യുവ ജനങ്ങള്‍ക്കാവുമെങ്കില്‍................!
- ആര്‍. ബി.
ലേബലുകള്‍:
ദിനാചരണം
Jan 10, 2011
എസ്. എസ്. എല്‍. സി. മാതൃകാചോദ്യങ്ങള്‍
എസ്. സി. ഇ. ആര്‍. ടി. 2007 ല്‍ തയ്യാറാക്കിയ എസ്. എസ്. എല്‍. സി. മാതൃകാ ചോദ്യപ്പേപ്പര്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങള്‍ വിനിമയം ചെയ്തുകഴിഞ്ഞ ഈ അവസരത്തില്‍ ഒരു പ്രീ മോഡല്‍ പരീക്ഷയായി നടത്താന്‍ ഈ ചോദ്യങ്ങള്‍ ഉപകരിച്ചേക്കും. ചോദ്യങ്ങള്‍ ക്ലാസ്സില്‍ വിശദമായി ചര്‍ച്ചചെയ്യുന്നത് കുട്ടികളുടെ വിശകലനശേഷി വികസിപ്പിക്കും. എന്നു മാത്രമല്ല പുതിയ ചോദ്യമാതൃകകള്‍ പരിചയപ്പെടുകയും ചെയ്യും. പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.....
ലേബലുകള്‍:
മാതൃകാചോദ്യങ്ങള്‍
Jan 7, 2011
ഒരു സ്ത്രീ, ഒരുപുരുഷന്‍ - കഥ
അയാള്‍ ആലോചിക്കുകയായിരുന്നു.
അവളും.
പക്ഷെ, എവിടെയാണ്...
എന്നാണ്...
പെട്ടന്നയാള്‍ എരിയുന്ന സിഗരട്ട്
ആഷ്ട്രെയില്‍ എറിഞ്ഞു.
"വരൂ...അവിടെ നില്‍ക്കുന്നതെന്തിനാ.....?''
അപ്പോള്‍ അവളും വിചാരിച്ചു, എത്ര നേരമായി ചുമരും ചാരി ഇങ്ങനെ നില്‍ക്കുന്നു.
ഇടുപ്പില്‍ തിരുകിവച്ചിരുന്ന താക്കോല്‍ക്കൂട്ടം കൈയിലെടുത്തു അയാള്‍ക്കരികില്‍ ചെന്ന് അവള്‍ ആ കാലുകളില്‍ കെട്ടിപ്പിടിച്ചു.
"ഞാനൊരു ചുഴലി ദീനക്കാരിയാ സര്‍...
എന്നെരക്ഷിക്കണം ''
പെട്ടെന്നയാള്‍ ചാടിയെഴുന്നേറ്റു.
"നിര്‍ത്തെടീ...നിന്റെ അഭിനയം. ഞാനോര്‍ക്കുന്നു. നന്നായി ഓര്‍ക്കുന്നു നിന്നെ. വര്‍ഷങ്ങള്‍ അഞ്ചാണ് കടന്നു പോയത്.. അന്നും ഈ കോവളം കടപ്പുത്തെ ഹോട്ടലിലെ നൂറാം നമ്പര്‍ മുറിയില്‍ വച്ച് ഇതേ അടവ് കാട്ടി നീയെന്നെ പറ്റിച്ചു.
ചികിത്സക്കായി ഞാന്‍ രണ്ടായിരം രൂപയാണ് നിനക്ക് തന്നത്."
അയാള്‍ അവളുടെ മുടിക്കുത്തില്‍ ചുറ്റിപ്പിടിച്ചു.
തോവാളത്തോട്ടം ചുറ്റി വരുന്ന പുലരിക്കാറ്റിന്റെ സുഗന്ധത്തോടെ അത് അഴിഞ്ഞുലഞ്ഞു വീണു.
"നീയിപ്പോള്‍ കൂടുതല്‍ സുന്ദരിയായി. നന്നായി മലയാളം പറയുന്നു.
അന്ന് നീയെന്നെ തമിഴ് പറഞ്ഞാണ് പറ്റിച്ചത്, ഭയങ്കരി!" അയാള്‍ നിന്ന് കിതച്ചു.
അവള്‍ ശബ്ദിച്ചില്ല.
പകരം അനുസരണയോടെ കട്ടിലില്‍ ഇരുന്നുകൊണ്ട്
അയാളെ നോക്കി.
"വരൂ സര്‍"
"വേണ്ട. നിനക്കെത്ര രൂപയാ ഇന്ന് വേണ്ടത്?"
അവളുടെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു. താക്കോല്‍ കൂട്ടം തറയില്‍ നിന്നെടുത്തു അയാള്‍ അവളെ ഏല്പിച്ചു ."
പിന്നെ ഒരു ചെറിയ കെട്ട് നോട്ടെടുത്ത് അവളുടെ മുന്‍പിലിട്ടു. .
"എടുത്തുകൊണ്ടു പോടീ..."
താക്കോല്‍ക്കൂട്ടം ഇടുപ്പില്‍ തിരുകി, സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അവള്‍ എഴുന്നേറ്റു.
"ഞാന്‍ ഇറങ്ങുന്നു സര്‍. എനിക്ക് രൂപ വേണ്ട."
"എന്തായാലും ഈ പാതിരാത്രി ഒറ്റയ്ക്ക് പോകണ്ട. നേരം വെളുക്കട്ടെ."
ഒറ്റയ്ക്കല്ല സര്‍. മണല്‍പ്പരപ്പില്‍ എവിടെയെങ്കിലും അയാള്‍ കാണും. ഒന്ന് ടോര്‍ച്ചു മിന്നിച്ചാല്‍ വന്നോളും."
"അയാളെയും നീ പറ്റിക്കുമോടീ...കാശുകൊടുക്കാതെ?"
"ഇല്ല സര്‍. അയാള്‍ എന്നെ കൊന്നുകളയും. തല്ലിച്ചതച്ചാ പറഞ്ഞു വിടുന്നത്. എന്നാലും എനിക്കയാള്‍ ദൈവമാ. എന്റ ഭര്‍ത്താവായിപ്പോയില്ലേ...?
അവള്‍ ഭക്തിയോടെ താലിച്ചരട് കണ്ണില്‍വച്ചു.
"ഭര്‍ത്താവോ...! ഭ്രാന്ത് പറയുന്നോടീ....കള്ളി..! പഠിച്ച കള്ളി!"
കരണത്ത് അയാളുടെ അടിയേറ്റ്, കൊടുങ്കാറ്റില്‍ ഒരു പൂച്ചെടി പിഴുതുവീഴുംപോലെ അവള്‍ തറയിലിരുന്നുപോയി.
ലേബലുകള്‍:
കഥ
Jan 6, 2011
എന്‍. എന്‍. കക്കാട് അനുസ്മരണം
കക്കാടിന്റെ ചരമദിനമാണല്ലോ ജനുവരി 6. കോഴിക്കോടു ജില്ലയില്‍ അവിടനെല്ലൂര്‍ ഗ്രാമത്തില്‍ കക്കാട് ഇല്ലത്താണ് നാരായണന്‍ നമ്പൂതിരി എന്ന എന്‍.എന്‍ കക്കാട് ജനിച്ചത്. സംസ്കൃതവും ജോതിഷവും പിന്നീട് കുലത്തൊഴിലായി 'മന്ത്രതന്ത്രങ്ങളും' പഠിച്ച ശേഷം സ്ക്കൂള്‍ പഠനത്തിനായി ചേര്‍ന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനകാലം ചെലവഴിച്ചു.
കേരളവര്‍മ്മ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ അവിടത്തെ അധ്യാപകനായിരുന്ന എന്‍.വി കൃഷ്ണവാര്യര്‍ ആയിരുന്നു കക്കാടിന്റെ ഉള്ളിലെ കവിയെ വളര്‍ത്തിയെടുത്തത്.
ഗ്രീക്ക് ഭാരതീയ പുരാണങ്ങളിലെ അവഗാഹം, സംഗീതത്തിലും മേളകലയിലുമുള്ള പ്രാവീണ്യം, പുതിയ ചിന്തകള്‍ക്കു നേരെ എന്നും തുറന്നിട്ട മനസ്സ്, ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും മധുര്യമാക്കാനുള്ള സിദ്ധി, അനുഭവസമ്പത്ത് - ഇതൊക്കെയുണ്ടായിട്ടും കക്കാട് കുറച്ചു മാത്രമേ എഴുതിയുള്ളൂ. ആലോചനാമൃതങ്ങളായിരിക്കണം രചനകള്‍ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അചുംബിത നിരീക്ഷണങ്ങളും ഉക്തിവൈചിത്ര്യങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് മിക്ക കവിതകളും. മലയാള കവിതയില്‍ നവീനതയുടെ നേതൃത്വ നിരയില്‍ കക്കാട് ഏറ്റവും ശ്രദ്ധേയനായിരുന്നു.
ലേബലുകള്‍:
അനുസ്മരണം
Jan 5, 2011
മാതൃകാചോദ്യങ്ങള്‍ - പത്താംതരം അഞ്ചാം യൂണിറ്റ്
നവോത്ഥാനകാല കവികളില്‍ പ്രമുഖരായ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ കവിതകളും കവിതാപഠനങ്ങളും ഉള്‍ക്കൊള്ളുന്ന യൂണിറ്റാണല്ലോ അഞ്ചാം യൂണിറ്റ്. കവിതകളുയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍, കവിതകളുടെ സാമൂഹിക പ്രസക്തി, കഥാപാത്രനിരൂപണം, കഥാപാത്ര താരത്മ്യം, കവിതാസ്വാദനം, സന്ദര്‍ഭങ്ങളുടെ താരതമ്യം, വാങ്മയ ചിത്രങ്ങളുടെ വിശകലനം, കവിതയില്‍ പ്രകൃതിയുടെ സാന്നിദ്ധ്യം, കവിതയുടെ താളം ഇങ്ങനെ പലഘടകങ്ങളെ ആസ്പദമാക്കിയുള്ള മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ മുമ്പുനടന്ന പൊതുപരീക്ഷകളില്‍ വന്നിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെല്ലാം ക്രോഡീകരിച്ചിരിക്കുകയാണ് ഈ പോസ്റ്റില്‍. റിവിഷന്‍ നടക്കുന്ന ഈ അവസരത്തില്‍ ഇവയില്‍ പകുതിയെങ്കിലും കുട്ടികളെ കൊണ്ടുചെയ്യിക്കാന്‍കഴിഞ്ഞാല്‍ ഉന്നതവിജയം ഉറപ്പിക്കാം. എല്ലാ ചോദ്യങ്ങളും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുകയും വേണം. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ലേബലുകള്‍:
മാതൃകാചോദ്യങ്ങള്‍
Jan 3, 2011
പ്രാന്ത് - കവിത
ആദ്യം പ്രാന്തു വന്നത്
മുറ്റത്തെ തുളസിത്തറ പൊളിച്ച്
അച്ഛന്‍ അല്‍സേഷ്യന്
കൂടുപണിതപ്പോഴായിരുന്നു ആദ്യം
കാക്കപ്പൂ പടര്‍ന്ന വേലി പൊളിച്ച്
ഹൃദയത്തിനുമുയരത്തില്‍
മതില്‍കെട്ടി
അതില്‍ ചില്ലു പതിച്ചപ്പോള്‍ പിന്നെ
പിന്നീട് മുത്തച്ഛനും പ്രാന്തു വന്നു
കാവുപൊളിച്ച് കാടുതെളിച്ച്
അച്ഛന്‍
റബ്ബര്‍ നട്ടപ്പോഴായിരുന്നു ആദ്യം
നൂറുപറ കൊയ്തിരുന്ന പാടത്ത്
ഫ്ലാറ്റുകൃഷി തുടങ്ങിയപ്പോള്‍ പിന്നെ
തന്തയ്ക്കും തള്ളയ്ക്കും
പ്രാന്താണെന്നച്ഛന്‍
കാറില്‍വന്ന സുഹൃത്തുക്കളോട്
പറഞ്ഞു ചിരിച്ചു
ഒടുവില്‍
മുത്തശ്ശി പിറുപിറുത്തു ചത്തു
മുത്തച്ഛന്‍ മുറുമുറുത്തും
നാട്ടില്‍ പിന്നീട്
പലര്‍ക്കും പ്രാന്തു വന്നു
യന്ത്രമനുഷ്യന്‍ കുന്നുപിഴുതപ്പോഴും
കുടിവെള്ളം വറ്റിച്ച്
പുഴയെ കുപ്പിയിലടച്ച്
ചിതാഭസ്മം ലോറികള്‍ കടത്തിയപ്പോഴും
മഴയും വെയിലും മേല്ക്കൂരയായപ്പോഴും
കീടനാശിനികള്‍
ജീവനാശിനികളായപ്പോഴും
അവര്‍ അട്ടഹസിച്ചു
കല്ലെറിഞ്ഞു
നിങ്ങളവരെ പല്ലിളിച്ചു
നിയമം കൊണ്ട്
കൊഞ്ഞനം കുത്തി
മേധ നശിച്ചവരെന്നു വിളിച്ചു
ഒടുവില്‍ അവര്‍
അട്ടഹസിച്ച് ഊമകളായി
* * *
പ്ലേഗും വസൂരിയും
ഇല്ലാതായപോലെ
ഇന്ന്
പ്രാന്തും ഇല്ലാതായി
ലേബലുകള്‍:
കവിത
Subscribe to:
Posts (Atom)