എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയായി. എല്ലാ അദ്ധ്യാപകരും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി കുട്ടികള്‍ക്ക് നല്കിയും കഴിഞ്ഞു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്ര പരിശ്രമിച്ചാലും മലയാളം ഒന്നാം പേപ്പറിന് ആരും മുഴുവന്‍ മാര്‍ക്ക് വാങ്ങരുത് എന്നൊരുദ്ദേശ്യം ചോദ്യകര്‍ത്താക്കള്‍ക്കുള്ളതുപോലെയാണ് ചോദ്യങ്ങളുടെ പോക്ക്. പാഠപുസ്തത്തിലോ കൈപ്പുസ്തകത്തിലോ സൂചിപ്പിക്കാത്ത വ്യാകരണഭാഗങ്ങള്‍ അവ വ്യാകരണമല്ല എന്ന മട്ടില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഡിണ്ഡിമകല്പന്മാര്‍, കലാവിമര്‍ശനം, നിഷ്കണ്ടകം, നല്ലമ്മ ഈ വാക്കുകളൊക്കെ പാഠപുസ്തകത്തിലുള്ളതു തന്നെ. ഇതിലും 'പഷ്ട്' വാക്കുകള്‍ മുണ്ടശ്ശേരിമാഷിന്റെയും കുട്ടിക്കൃഷ്ണ മാരാരുടേയും ലേഖനത്തില്‍ കാണുകയും ചെയ്യും. പക്ഷേ ഭാഷയുടെ പ്രയോഗവശം മാത്രം പരിശീലിച്ച് ഒമ്പതാം തരം വരെ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ പത്താം തരത്തില്‍ കടന്നാല്‍ ഭാഷയുടെ വൈജ്ഞാനിക തലത്തില്‍ മഹാപാണ്ഡിത്യം നേടണം എന്ന് വാശിപിടിക്കേണ്ടതുണ്ടോ?
മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയാനായി ഒരു ഉത്തരക്കടലാസുകൂടി പോസ്റ്റുചെയ്യുകയാണ്. തലയോലപ്പറമ്പ് ഏ. ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ആതിര രാജുവാണ് ഈ ഉത്തരങ്ങള്‍ എഴുതിയത്. ഉത്തരങ്ങള്‍ വിദ്യാരംഗത്തിനായി അയച്ചുതന്നത് ഷംലടീച്ചറാണ്.